അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായ മൂന്ന് വയസുകാരന് മരണത്തിനു കീഴടങ്ങി.

കൊച്ചി: അവസാനം ആ പിഞ്ചുബാലന് വിധിക്കു കീഴടങ്ങി. ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായ മൂന്ന് വയസുകാരനാണ് മരണത്തിനു കീഴടങ്ങിയത്. തലച്ചോറിനേറ്റ പരുക്കാണ് മരണത്തിന് കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.അനുസരണക്കേട് കാട്ടിയതിനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയെ മര്‍ദിച്ച ബംഗാളിയായ അമ്മയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തില്‍ ഏഴ് വയസുകാരന് മരിച്ച് ഒരുമാസം തികയുന്നതിന് മുന്പെയാണ് സമാന സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയ്ക്ക് ഇന്നലെ ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനായില്ല. ഇന്നലെ വൈകിട്ട് കുട്ടിയെ സന്ദര്‍ശിച്ച മെഡിക്കല്‍ ബോര്‍ഡും പ്രതീക്ഷയൊന്നും നല്‍കിയില്ല. ബുധനാഴ്ച രാത്രിയിലാണ് തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ടെറസില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്നായിരുന്നു മാതാപിതാക്കള്‍ ഡോക്റ്റര്‍മാരോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ ഡോക്റ്റര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ അമ്മ ഹെന (28)യെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ ദേഹമാസകലം ചതവ് കണ്ടെത്തിയതിന് പുറമേ പിന്‍ഭാഗത്ത് പൊള്ളലേറ്റ പാടുകൂടി കണ്ടതോടെ ഡോക്റ്റര്‍മാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
കുട്ടി വീണതിനെക്കുറിച്ച് അമ്മ പറഞ്ഞ അറിവേ അച്ഛനുള്ളു. കുട്ടിയെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഇയാള്‍ ചെയ്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ ഇതില്‍ ഉറച്ചുനിന്നതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. ഇരുവരെയും കൊണ്ട് സംഭവംനടന്ന വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ഏലൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബം. കുട്ടിയുടെ അച്ഛന് ഷാജിത് ഖാന്(35) മെട്രോയാര്‍ഡിലെ കമ്പനിയില്‍ ഡ്രൈവറാണ്. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് അമ്മയോടൊപ്പം കുട്ടി ഏലൂരിലെത്തിയത്.
0 Comments