All for Joomla The Word of Web Design

അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു.

റിയാദ്: അഴിമതിയാരോപണത്തില്‍ അറസ്റ്റിലായിരുന്ന അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. രണ്ടു മാസത്തിലേറെ തടങ്കലില്‍ കഴിഞ്ഞ അദ്ദേഹം റിയാദിലെ വസതിയില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കുറ്റമുക്തനായതായും ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ തീരുമെന്നും തലാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ അമീര്‍ അല്‍വലീദ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് പ്രത്യേക അഭിമുഖം നല്‍കിയിരുന്നു. കസ്റ്റഡിയില്‍ താന്‍ മോശം പെരുമാറ്റങ്ങള്‍ക്ക് വിധേയനാകുന്നുണ്ട് എന്ന നിലക്ക് പ്രചരിച്ച കിംവദന്തികള്‍ അദ്ദേഹം നിഷേധിച്ചു. ഏറ്റവും നന്നായാണ് അധികൃതര്‍ തന്നോട് പെരുമാറുന്നതെന്ന് അമീര്‍ അല്‍വലീദ് പറഞ്ഞു.
ഹോട്ടലില്‍ താന്‍ കഴിയുന്ന സ്വീറ്റില്‍ എല്ലാവിധ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായും ഓഫീസ് ജീവനക്കാരുമായും ആശയ വിനിമയം നടത്തുകയും ബിസിനസുകള്‍ നോക്കി നടത്തുകയും ചെയ്യുന്നുണ്ട്. നിരപരാധിത്വം തെളിയിക്കുന്നതിന് നിര്‍ബന്ധം കാണിക്കുന്നതിനാലാണ് തന്റെ കേസ് അവസാനിക്കുന്നതിന് കൂടുതല്‍ കാലമെടുക്കുന്നത്. കസ്റ്റഡിയില്‍ വിന്ന് വിട്ടയക്കപ്പെട്ട ശേഷവും സഊദി അറേബ്യയില്‍ തന്നെ തങ്ങി ജീവിതം തുടരും. കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയുടെ നിയന്ത്രണം ഭാവിയിലും തനിക്ക് തന്നെയാകുമെന്നും കമ്പനിയുടെ ഓഹരികള്‍ ഗവണ്‍മെന്റിന് കൈമാറേണ്ടി വരില്ലെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അമീര്‍ അല്‍വലീദ് ബിന്‍ ത്വലാല്‍ പറഞ്ഞു. ഭരണകൂടവുമായി നടത്തിയ ചര്‍ച്ചയിലാണ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായത്. ദിവസങ്ങള്‍ക്കകം എല്ലാ വിഷയത്തിലും തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നവംബര്‍ ആദ്യത്തില്‍ തലാലിന് പുറമെ നിരവധി രാജകുടുംബാംഗങ്ങളും മന്ത്രിമാരും അറസ്റ്റിലായിരുന്നു. സഊദിയിലെ ഏറ്റവും ധനാഢ്യനായ രാജകുമാരനാണ് തലാല്‍. ലോകത്തെ വന്‍കിട ബിസിനസുകാരില്‍ ഒരാളായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അറസ്റ്റ് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകനാണ് അദ്ദേഹം. ലോകത്തെ മുന്‍നിര കമ്പനികളിലൊക്കെ വന്‍ തോതില്‍ തലാലിന് നിക്ഷേപമുണ്ട്.
കാലിഫോര്‍ണിയയില്‍ നിന്ന് ബിരുദം നേടിയ ശേഷം മുപ്പതാം വയസിലാണ് വ്യവസായ രംഗത്തിറങ്ങിയത്. തലാലിന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനിക്ക് നിക്ഷേപമില്ലാത്ത വന്‍കിട സംരഭങ്ങള്‍ ലോകത്ത് ചുരുക്കമാണ്.
ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം ജിദ്ദയില്‍ നിര്‍മിച്ചു നല്‍കാമെന്ന് അദ്ദേഹം അന്നത്തെ ഭരണാധികാരി അബ്ദുല്ല രാജാവിന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി തലാല്‍ നല്ല ബന്ധത്തിലല്ല. ബിസിനസ് പ്രശ്‌നങ്ങള്‍ തന്നെയാണ് അതിന് കാരണം. ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തെ പത്തൊമ്പതാമത്തെ സമ്പന്നനാണ് അദ്ദേഹം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തലാല്‍ സജീവമാണ്. ഫലസ്തീനില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാനും സുനാമി ദുരിതാശ്വാസത്തിനും വന്‍തുക സംഭാവന നല്‍കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar