All for Joomla The Word of Web Design

അവസാനിപ്പിക്കണം പ്രവാസി മൃതദേഹത്തോടുള്ള ചൂഷണം

ലോക മലയാളി  പ്രവാസി സഭയുടെ തിരക്കിലാണ് കേരള സര്‍ക്കാറും ജനപ്രതിനിധികളും ഗള്‍ഫിലെ സര്‍ക്കാര്‍ അനുകൂല ഏജന്‍സികളും. കേരളത്തിന്റെ ഓട്ടം തുള്ളലും കഥകളിയും തിരുവാതിരയും ഒപ്പനയും എങ്ങിനെ ഗള്‍ഫില്‍ വിറ്റഴിക്കാമെന്നും ടൂറിസം എത്ര കണ്ട് പ്രചരിപ്പിക്കാമെന്നുമൊക്കെയാണ് അന്വേഷണം. ഇതിനെല്ലാം പുറമെ ഗള്‍ഫുകാരന്റെ പോക്കറ്റില്‍ തിരിച്ചുവരവിന്റെ കാലത്ത് അവശേഷിച്ച ചില്ലറ നാണയത്തുട്ടുകള്‍ കൂടി ഉണ്ട്. അതെങ്ങനെ കിഫ്ബിയില്‍ ആക്കാമെന്ന ആലോചനയില്‍ നിന്നാണ് ലോക മലയാളി സഭ രൂപം കൊണ്ടത്. പത്രക്കാരെയും സംഘടനകളേയും വിശിഷ്ട വ്യക്തികളേയും കണ്ട് ആവശ്യങ്ങള്‍ ഫയലിലാക്കുന്ന സര്‍ക്കാറിനോട് എല്ലാ വിദേശ മലയാളിക്കും പറയാന്‍ ഒന്നേ ഉള്ളു. വിദേശത്ത് മരിച്ചാല്‍ ആ ശരീരം സര്‍ക്കാര്‍ ചെലവില്‍ പൂര്‍ണ്ണ ബഹുമതികളോടെ ബന്ധുക്കള്‍ക്ക് എത്തിക്കുക. രണ്ടോ മൂന്നോ ലക്ഷം രൂപ വരുന്ന ഈ സേവനത്തിന്ന് പുറമെ മരണപ്പെട്ടവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും ആശ്രിതര്‍ക്ക് തൊഴിലും നല്‍കുക. അല്ലാതെ ഇന്ത്യന്‍ വിമാനക്കമ്പനിക്ക് കൊള്ളയടിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ അവസരം ഒരുക്കിക്കൊടുക്കുന്ന ഇപ്പോഴത്തെ നിലപാട് മാറണം. ആ തീരുമാനമെടുക്കാന്‍ ആര്‍ജ്ജവമുണ്ടോ സംസ്ഥാന സര്‍ക്കാറിന്.അല്ലാതെ മസ്‌ക്കറ്റ് ഹോട്ടലിലും തിരുവനന്തപുരത്തും പ്രവാസി നേതാക്കന്മാരെയും ഗള്‍ഫ് വ്യവസായികളേയും വിളിച്ചു വരുത്തി സെല്‍ഫിയെടുത്ത് കിഫ്ബി പിരിക്കാനാണ് പരിപാടി എങ്കില്‍ ഓര്‍ക്കുക ലോക മലയാളി സഭ വെറും പ്രഹസനം മാത്രമാവും.

 ……………………………………  അമ്മാര്‍ കിഴുപറമ്പ്  ……………………………………………………………………..

ജന്മനാട്ടില്‍ മാന്യമായ തൊഴില്‍ ലഭ്യമാവാതിരുന്നപ്പോഴാണ് ഓരോ മനുഷ്യനും ഉപജീവനമാര്‍ഗ്ഗംതേടി കടല്‍കടന്നത്. ജീവിതത്തെ മരണത്തിനു പണയംവെച്ച് ആഴക്കടല്‍ നീന്തികടന്നവരുടെ മുന്നില്‍ പ്രചോദനവും ആവേശവുമായി നിന്നത് കൂടപ്പിറപ്പുകളുടെ വിശപ്പിന്റെ നിലവിളികളും അവരുടെ ധൈന്യതയാര്‍ന്ന മുഖങ്ങളുമായിരുന്നു. പ്രവാസത്തിന്റെ നോവുകള്‍ നിറഞ്ഞ യാത്രക്കിടയില്‍ ജീവന്‍ കൈവിട്ടുപോയവരുടെ നേര്‍ക്കുള്ള ക്രൂരത വലിയ മനുഷ്യാവകാശ ധ്വംസനമായി ഇന്നും തുടരുന്നു. വിദേശ തൊഴില്‍ വിപണിയിലെ ഇന്ത്യന്‍ അംബാസിഡര്‍മാരാണ് ഓരോ പ്രവാസി ഭാരതീയനും എന്നാണ് ആലംങ്കാരികമാ യി ഉപയോഗിക്കാറ്. ഇതര രാജ്യങ്ങള്‍ അവരുടെ പൗരന്മാരുടെ അവകാശ സംരംക്ഷണത്തിനു വേണ്ടി ഉയ ര്‍ന്ന പരിഗണന നല്‍കുമ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളും എംബസികളും പാടെ അവഗണിക്കുന്നു എന്നു മാത്രമല്ല,ഭൗതിക ദേഹത്തോട്‌പോലും പലപ്പോഴും അനാദരവാണ് കാണിക്കുന്നത്. ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ ഭൗതികദേഹം ഉറ്റവര്‍ക്ക് ഒരു നോക്ക് കാണാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് വിശ്വാസ,ആചാരപ്രകാരം പൊക്കിള്‍കൊടി അലിഞ്ഞുചേര്‍ന്ന മണ്ണില്‍ കബറടക്കാനുമുള്ള ആഗ്രഹം ഏതൊരാള്‍ക്കും ഉണ്ടാവും. എന്നാല്‍ പല അറബ് രാജ്യത്തേയും ഇന്ത്യന്‍ എംബസികളുടെ പിടിപ്പുകേട് കാരണം ഈ കാര്യങ്ങള്‍ സമയബന്ധിതമായി നടത്താന്‍ കഴിയാറില്ല. മൃതദേഹം ഇന്ത്യയില്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന്ന് രണ്ട് ദിവസം മുമ്പ് രേഖകള്‍ ആ വിമാനത്താവളത്തില്‍ എത്തിച്ച് സാക്ഷ്യപ്പെടുത്തണമെന്ന വിചിത്ര നിര്‍ദ്ദേശം ഈ അടുത്തകാലത്ത് വലിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരിന്നു. അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി അഷ്‌ക്കര്‍ തയ്യില്‍ എന്ന യുവാവിന്റെ മൃതശരീരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 48 മണിക്കൂര്‍ മുന്നേ അനുമതി വാങ്ങണമെന്ന നിയമ കുരുക്കില്‍ കുടുങ്ങി നാട്ടിലേക്ക് അയക്കാന്‍ കാല താമസം നേരിട്ടത് ഈ അടുത്തണ്.

അബുദാബിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ അഷ്‌ക്കറിന്റെ മൃതശരീരം നാട്ടില്‍ എത്തിക്കാനുള്ള ശാസ്ത്രീയ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കാര്‍ഗോ നടപടികള്‍ക്കായി ചെന്നപ്പോഴാണ് കരിപ്പൂരില്‍ 48 മണിക്കൂര്‍ മുന്‍കൂറായി അനുമതി വേണമെന്ന നിയമം ചൂണ്ടിക്കാട്ടി യാത്ര തടസ്സപ്പെടുത്തിയത്. ഈ നിയമം വലിയ പ്രതിഷേധത്തിനു കാരണമായപ്പോള്‍ ദുബൈ കെ.എം.സി.സിയുടെ അന്‍വര്‍ നഹയും ഗള്‍ഫിലെ സാമൂഹ്യപ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരിയും കോഴിക്കോട് വിമാനത്താവളത്തിലെത്തി ഗള്‍ഫിന്റെ പ്രതിഷേധം അറിയിച്ചപ്പോള്‍ നിയമം നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കിയ ഉദ്യാഗസ്ഥന്‍ തന്നെയാണ് ഇടക്കിടെ നിയമം പൊടിതട്ടിയെടുത്ത് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകരെ ഉപദ്രവിക്കുന്നത്.
ഈ ഒരു നിര്‍ദ്ദേശം മാത്രമല്ല, വിദേശത്ത് മരിച്ചവരുടെ ഭൗതിക ദേഹത്തോട് ഇന്ത്യാ രാജ്യം കടുത്ത അവഗണനയും നിന്ദ്യതയുമാണ് വെച്ച് പുലര്‍ത്തുന്നത്. ജന്മനാടിന്റെ യാതൊരു ആനുകൂല്യവും സഹായവുമില്ലാതെയാണ് ഓരോ ഭാരതീയനും അന്നംതേടി കടല്‍ കടക്കുന്നത്.             വിമാനകമ്പനികളുടെയും സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെയും കടുത്ത സാമ്പത്തിക ചൂഷണത്തിന് വിധേയരായി ലക്ഷങ്ങളാണ് ഒരു വിസക്ക് വേണ്ടി ഓരോരുത്തരും കൊടുക്കുന്നത്. ഇങ്ങിനെ യാത്രപോവുന്നവരെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും പക്കല്‍ ഇന്നും വ്യക്തമായ കണക്കുകള്‍ ഇല്ലെന്നതാണ് സത്യം. ചോദിക്കാനും പറയാനും ഒരു രാജ്യവും അവിടുത്തെ ഭരണാധിപന്മാരും ഇല്ലെന്നതിനാല്‍ തന്നെ വിദേശ തൊഴില്‍ വിപണിയില്‍ തൊണ്ണൂറ് ശതമാനം ഇന്ത്യക്കാരും കടുത്ത തൊഴില്‍ ചൂഷണത്തിന്നാണ് വിധേയരാകുന്നത്.
ഇന്ത്യയല്ലാത്ത ഏത് രാജ്യത്ത് നിന്നും വരുന്ന തൊഴിലാളികളെക്കുറിച്ച് വ്യക്തമായ രേഖ അതാത് രാജ്യത്തെ എംബസികളില്‍ ഉണ്ട്. ഈ രംഗത്ത് ഫിലിപ്പൈന്‍ കാണിക്കുന്ന കണിശതയും സൂക്ഷ്മതയും വളരെ വലുതാണ്. ഇന്ത്യന്‍ എംബസികളില്‍ ഇന്നും തങ്ങളുടെ പൗരന്മാരെകുറിച്ച് ഒരറിവുമില്ലെന്നതിന് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ ഉണ്ട്. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇന്ത്യന്‍ എംബസി സ്വീകരിക്കുന്ന അലസത നിറഞ്ഞ സമീപനം തന്നെ ഏറെ കാലമായി വിമര്‍ശന വിധേയമാണ്. അന്യ ദേശത്ത് ജീവന്‍ പണയംവെച്ച് തൊഴിലെടുക്കുന്ന പൗരന്മാരെ കുറ്റവാളികളായിട്ടാണ് അതാത് പ്രദേശത്തെ ഇന്ത്യന്‍ എംബസികള്‍ കാണുന്നത് എന്ന് പറഞ്ഞാല്‍ അതിശയോക്തി നിറഞ്ഞതല്ല അത്. ഗള്‍ഫില്‍ ഏറ്റവും കുറഞ്ഞ തൊഴില്‍ വേതനവും ആനുകൂല്യവും നേടി കൂടുതല്‍ ചൂഷണവും അനുഭവിക്കുന്നത് ഇന്ത്യന്‍ തൊഴിലാളികളാണ്. ഇവരെ ചൂഷണം ചെയ്യുന്നതാവട്ടെ ഇന്ത്യന്‍ പങ്കാളിത്തമുള്ള കമ്പനികളുമാണ് എന്നതാണ് ഏറെ വിചിത്രം. ഇത്തരം ചൂഷണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഗള്‍ഫില്‍ മരണമടയുന്ന ഇന്ത്യക്കാരെ സര്‍ക്കാര്‍ ഏജന്‍സികള്‍ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നത്.


കോടിക്കണക്കിന് രൂപ വിദേശ നാണ്യം നേടിത്തരുന്ന, ഇന്ത്യന്‍ ഗ്രാമങ്ങളുടെ സര്‍വ്വതോന്മുഖ വികസനത്തിന് തുടക്കം കുറിച്ച, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍നിന്ന് അന്തസ്സാര്‍ന്ന ജീവിതത്തിന്റെ വിശാലതയിലേക്ക് കൂടപ്പിറപ്പുകളെ കൈപിടിച്ചുയര്‍ത്തിയ പ്രവാസി ഇന്ത്യക്കാരെ വിശിഷ്യാ മലയാളികളെ മരണശേഷവും കൊള്ളയടിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടവും ദേശീയ വിമാനക്കന്ബനിയും.
ഇന്ത്യക്ക് ചുറ്റുമുള്ള എല്ലാ ഏഷ്യന്‍ രാജ്യങ്ങളും തീര്‍ത്തും സൗജന്യമായാണ് വിദേശത്ത് മരണപ്പെടുന്ന അവരുടെ പൗരന്മാരുടെ ഭൗതികദേഹം നാട്ടിലെത്തിക്കുന്നത്. നിസ്സഹായരായ മാതാപിതാക്കള്‍ ക്കും ബന്ധുമിത്രാദികകള്‍ക്കും അന്ത്യദര്‍ശനത്തിന് അവസരം ഒരുക്കിക്കൊടുക്കുക എന്നത് തങ്ങളുടെ രാജ്യത്തിന്റെ കടമയായാണ് അവരെല്ലാം കാണുന്നത്. പൊക്കിള്‍ക്കൊടി അലിഞ്ഞു ചേര്‍ന്ന മണ്ണോട് ഭൗതിക ദേഹത്തെ ചേര്‍ത്തുവെക്കുക എന്ന കാരുണ്യമാണ് ഈ നടപടി സാധ്യമാക്കുന്നത്. പാകിസ്ഥാന്‍, ശ്രീലങ്ക, ചൈന, റഷ്യ, ബംഗ്ലാദേശ് തുടങ്ങി പല രാജ്യങ്ങളും സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമ്പോള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ സാധാരണ ടിക്കറ്റിന്റെ രണ്ടും മൂന്നും ഇരട്ടി ഇൗടാക്കിയാണ് യാത്ര ഒരുക്കുന്നത.് ഇറച്ചിക്ക് കിലോവിന് മുന്നൂറും നാനൂറും രൂപയാണ് ഇന്ത്യന്‍ വിമാന കമ്പനി ഈടാക്കുന്നത്. നാലായിരത്തോളം മൃതദേഹങ്ങള്‍ ലോകത്തിന്റെ വിവിധ ദേശങ്ങളിലേക്ക് കയറ്റി അയച്ച പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് അഷ്‌റഫ് താമരശ്ശേരി കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ പല മന്ത്രിമാരേയും നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിച്ചതാണ്. ആരും ചെവിക്കൊണ്ടില്ല എന്നുമാത്രമല്ല,അവഗണിക്കുകയുമാണ് ചെയ്തത്.

വിദേശ തൊഴില്‍ വിപണിയിലെ ജവാന്മാരാണ് ഓരോ പ്രവാസി ഭാരതീയനും. സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനാവാതെ പാതിവഴിയില്‍ എല്ലാം ഉപേക്ഷിക്കേണ്ടി വരുന്ന ഹതഭാഗ്യര്‍ക്ക് ഗള്‍ഫിലെ സാമൂഹ്യപ്രവര്‍ത്തകരുടെ കനിവുകൂടി ഇല്ലെങ്കില്‍ കടുത്ത അവഗണനയാണ് നേരിടേണ്ടി വരിക. അറബ് രാജ്യത്തെ ഇന്ത്യ ന്‍ എംബസികളുടെ ഈ വിഷയത്തിലുള്ള സമീപനം നേരിട്ട് അനുഭവിക്കാന്‍ പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥന്മാരുടെ സമീപനത്തെ പൈശാചികം എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തിയാല്‍പോലും അധികമാവില്ല. ബന്ധുമിത്രാദികളില്ലാത്തവരാണ് മരണപ്പെടുന്നതെങ്കില്‍ അവരുടെ ഭൗതിക ദേഹം നാട്ടിലെത്തിക്കാനാവശ്യമായ ലക്ഷക്കണക്കിന് രൂപ സുമനസ്സുകളുടെ കൃപയാല്‍ ശേഖരിക്കേണ്ട ബാധ്യതയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ ബാധ്യതയാണ്.
ഗള്‍ഫില്‍ മരണപ്പെടുന്നവരുടെ രേഖകള്‍ ശരിപ്പെടുത്തുക എന്നത് വലിയ ദൗത്യമാണ്. മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള നിരാ ക്ഷേപ സര്‍ട്ടിഫിക്കറ്റ്, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ കോപ്പി, നാട്ടില്‍നിന്നും അടുത്ത ബന്ധുക്കള്‍ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാണെന്ന് നോട്ടറി പബ്ലിക്കിനെകൊണ്ട് സാക്ഷ്യപ്പെടുത്തിയ രേഖ, ഗള്‍ഫില്‍ നടപടികള്‍ നടത്താന്‍ സാക്ഷ്യപ്പെടുത്തിയ പവര്‍ ഓഫ് അറ്റോണി, വിമാന ടിക്കറ്റ്, പോലീസ് നിയമ നടപടികളുമായി ബന്ധപ്പെട്ട കേസുകളുടെ രേഖകള്‍ എന്നിങ്ങനെ ഏകദേശം ഒമ്പതോളം ഓഫീസുകളുടെ കടലാസ് പണികളാണ് ഈ വിഷയത്തില്‍ ആവശ്യമുള്ളത്. ഇക്കാര്യങ്ങള്‍ എളുപ്പത്തിലും സുതാര്യമായും ചെയ്ത് തീര്‍ക്കാന്‍ ഓരോ വിദേശരാജ്യത്തും ഇന്ത്യന്‍ എംബസിയും ജീവനക്കാരുമുണ്ട്, ഇവരുടെ മേശപ്പുറത്ത് രേഖകള്‍ എത്തിച്ചാല്‍പോലും യഥാസമയം വേണ്ട പരിഗണന ലഭിക്കാറില്ല എന്നതാണ് സത്യം. നിലവിലെ ഈ സാഹചര്യങ്ങളെ ഒന്നുകൂടി കടുപ്പിക്കാന്‍ മാത്രമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ഡെപ്യൂട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിമാനകമ്പനികള്‍ വഴി അയച്ച വിവാദ സര്‍ക്കുലര്‍ ഇടയാക്കിയത്. 2005 ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യന്‍ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അതനുസരിച്ചുള്ള ഈ സര്‍ക്കുലര്‍ രണ്ടു വര്‍ഷത്തിനുശേഷം കരിപ്പൂരിലെ ഈ ഉദ്യോഗസ്ഥന്‍ എന്തിന് പൊടിതട്ടി എടുത്ത് അറബ് രാജ്യത്തേക്ക് അയച്ചു എന്നത് ഏറെ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. നടപടികള്‍ എളുപ്പമാക്കാന്‍ ശ്രമിക്കേണ്ടവര്‍ ഇത്തരത്തില്‍ കൂടുതല്‍ ശിക്ഷിക്കുന്നതിന്റെ കാരണം അജ്ഞാതമാണ്.

ഗള്‍ഫില്‍ ഓരോ മൃതദേഹത്തിന്റെയും യാത്രാ നടപടികള്‍ ക്രമപ്പെടുത്താന്‍ മൂന്നുംനാലും ദിവസം സാമൂഹ്യപ്രവര്‍ത്തകര്‍ രാപകല്‍ പ്രയത്‌നിക്കേണ്ടതുണ്ട്. യു.എ.ഇ.യില്‍നിന്ന് മാത്രം ദിവസവും പത്തില്‍ കുറയാത്ത മൃതദേഹങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നുണ്ടെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരി പറയുന്നത്. രേഖകള്‍ മുന്‍കൂട്ടി വിമാനത്താവളങ്ങളില്‍ എത്തിച്ച് ആരോഗ്യവകുപ്പിന്റെ അനുമതി കൂടി വാങ്ങണമെന്ന നിര്‍ദേശം കടുത്ത ഗുണ്ടായിസമാണെന്നതില്‍ തര്‍ക്കമില്ല. എംബാം ചെയ്ത ശേഷം മാത്രമാണ് ഈ രേഖ കിട്ടുക. ഈ രേഖ നാട്ടില്‍ 48 മണിക്കൂര്‍ മുമ്പേ ലഭിക്കണം എന്നു പറയുമ്പോള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം രണ്ടുദിവസം കൂടി സൂക്ഷിക്കണം എന്നാണ്. എംബാം ചെയ്ത ദേഹം കേടുവരാതെ നില്‍ക്കുക നാല്‍പത്തി എട്ട് മണിക്കൂറാണ്. ഇത്തരത്തില്‍ തലതിരിഞ്ഞ നിയമങ്ങള്‍ നടപ്പാക്കി മൃതദേഹത്തോട്‌പോലും അനാദരവ് കാണിക്കുന്ന ഉദ്യോഗസ്ഥ സമീപനം ഉടന്‍ തിരുത്തപ്പെടേണ്ടതാണ്. ഈ നിയമം തിരുത്തുന്നില്ല എന്നുമാത്രമല്ല, ഇടക്കിടെ പ്രയോഗിക്കുന്നു എന്നതും വലിയ ചതിയാണ്. അറബ് ദേശത്തെ പോലീസ്,ആശുപത്രി അധികൃതര്‍, ഇതര നീതിന്യായ കാര്യാലയങ്ങള്‍ എന്നിവ ഈ വിഷയത്തില്‍ കാണിക്കുന്ന താല്‍പര്യംപോലും ഇന്ത്യന്‍ ഉദ്യോഗസ്ഥരും അനുബന്ധസ്ഥാപനങ്ങളും കാണിക്കുന്നില്ല.
കേരളത്തില്‍ റോഡപകടങ്ങളിലും ഇതര പ്രകൃതി ദുരന്തങ്ങളിലും അകപ്പെട്ടു ജീവന്‍പൊലിയുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും പ്രഖ്യാപിക്കാറുണ്ട് ഇതുപോലെ ഗള്‍ഫില്‍ മരണമടയുന്ന പ്രവാസി ഭാരതീയരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുക, ഇന്ത്യാഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും സംയുക്തമായി നഷ്ടപരിഹാരം നല്‍കുക, ആശ്രിതര്‍ക്ക് അര്‍ഹമായ സര്‍ക്കാര്‍ തൊഴില്‍ നല്‍കുക എന്നിവ ഉടന്‍ നടപ്പിലാക്കേണ്ടേതാണ്. ഓരോ പ്രവാസിയുടെയും മരണത്തോടെ അനാഥമാകുന്ന കുടുംബങ്ങള്‍ സമൂഹത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വലുതാണ്. പ്രവാസികള്‍ അടച്ച തുകയില്‍നിന്നുള്ള പെന്‍ഷന്‍പോലും തുച്ചമാണ്.
തുച്ചമായ വേതനത്തിന് തൊഴില്‍ ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷം പ്രവാസി ഇന്ത്യക്കാരും. അത്തരക്കാര്‍ പൊടുന്നനെ ജീവിതത്തില്‍നിന്നും വിടപറയുമ്പോള്‍ അനാഥമാകുന്ന കുടുംബങ്ങള്‍ ശരിക്കും ദുരിതത്തിന്റെ നടുക്കടലിലാണ് അകപ്പെടുന്നത്. നാട്ടില്‍ അപകട മരണങ്ങളില്‍പെടുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ചും പത്തും ലക്ഷം ആശ്വാസ ധനം പ്രഖ്യാപിക്കാറുണ്ട്. ചിലര്‍ക്ക് സര്‍ക്കാര്‍ തൊഴിലും നല്‍കാറുണ്ട്. വിദേശ തൊഴില്‍ വിപണിയിലെ ഇന്ത്യയുടെ ജവാന്മാരാണ് ഓരോ പ്രവാസിയും. അവര്‍ക്ക് പട്ടാളക്കാരുടെ സര്‍വ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ജീവിച്ചിരിക്കുന്ന പ്രവാസി ഭാരതീയരോട് കാണിക്കുന്ന അവഗണനയും വിവേചനവും മൃതദേഹത്തോടെങ്കിലും കാണിക്കാതിരിക്കുക. കടുത്ത മാനസിക സംഘര്‍ഷങ്ങളനുഭവിക്കുന്ന പ്രവാസികളിലധികവും ഹൃദയാഘാതം മൂലമാണ് മരിക്കുന്നത്. അതും നാല്‍പ്പതില്‍ താഴെയുള്ള പ്രായത്തിന്നിടയില്‍. ജീവിതം കരപറ്റിക്കും മുമ്പേ തളര്‍ന്ന് വീഴുന്നവര്‍ക്ക് ഭരണകൂടവും ഉദ്യോഗസ്ഥരും കൈത്താങ്ങാവുക. പറക്കമുറ്റാത്ത കുഞ്ഞുങ്ങളേയുമായി ജീവിതത്തിന്റെ പെരുവഴിയിലേക്ക് വന്നു നില്‍ ക്കേണ്ടിവരുന്ന വിധവകളുടെ കണ്ണുനീര്‍ അഭിമാനം കൊണ്ട് പുറത്തറിയില്ല. പക്ഷെ, പല കുടുംബങ്ങളുടേ യും അനാഥമാക്കപ്പെടുന്ന ജീവിതം കൈപിടിച്ചുയര്‍ത്താന്‍ ഭരണകൂടങ്ങള്‍ നിയമങ്ങള്‍ ലഘൂകരിക്കുക. ചേതനയറ്റ ശരീരം ജന്മനാട്ടില്‍ ഉറ്റവരുടെ കണ്‍മുന്നിലെത്തിക്കാനുള്ള നടപടികളെങ്കിലും സുതാര്യമാക്കുക. മൃതദേഹം സൗജന്യമനായി നാട്ടിലെത്തിക്കുക എന്നത് ഏതൊരുരാജ്യവും ആ രാജ്യത്തെ പൗരനോട് ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്വമാണ്. അതുപോലും ചെയ്യാതെ സാമൂഹ്യ പ്രവര്‍ത്തകര്‍ പിരിവിട്ടെടു ത്ത് മൃതദേഹം നാട്ടിലെത്തിക്കേണ്ടി വരുന്ന ദുരവസ്ഥ മാതൃ രാജ്യത്തിന്റെ അന്തസ്സിനേയാണ് ബാധിക്കുന്നത്.

അമ്മാര്‍ കിഴുപറമ്പ്.
9447741931

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar