All for Joomla The Word of Web Design

ഇന്ന് നാദിയായെ കേള്‍ക്കാം

ആഷിഫ് അസീസ്‌-      ————————————————————————

ഗോപാല്‍ ലോഹ്യ ആശുപത്രിയില്‍ നിന്നാണ് കോടതിയിലേക്ക് വന്നത്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കേസ് ആകുമ്പോള്‍ അങ്ങനെ വേണ്ടിവരും . വിചാരണക്കോടതി ജഡ്ജിയായി മാസങ്ങള്‍ തമ്മില്‍ കണ്ട പരിചയം മാത്രമുള്ള സീത മുഖര്‍ജി മകളുടെ വിവാഹ സല്‍ക്കാരത്തിന് ക്ഷണിച്ചപ്പോള്‍ പോകാന്‍ തോന്നിയത് പ്രേത്യേകിച്ച് ഒരു കാരണവുമുണ്ടായിട്ടല്ല. അവിടുന്ന് തനിക്ക് നെഞ്ചുവേദന വന്നുവെത്രെ. മഞ്ഞവെളിച്ചം മാത്രമുള്ള ആ ഹോസ്പിറ്റലില്‍ ഇസിജി എടുത്തുവെന്നോ, ഹൃദയാഘാതം സ്ഥിരീകരിച്ചുവെന്നോ.


എന്തായാലൂം ഇന്ന് നാദിയായെ കേള്‍ക്കാം എന്ന് പറഞ്ഞതല്ലേ ..വന്നേ പറ്റൂ. ഇന്ത്യയിലെ ഏത് കോടതിക്കും ബ്രിട്ടീഷുകാരുടെ ഓടിന്റെയും ചുവരിന്റെയും മണമുണ്ടാകും എന്നത് ദേശായിയുടെ കണ്ടുപിടുത്തമാണ്, ദേശായിയെ എതിര്‍ക്കുക എന്നത് ദിനചര്യയായ പട്ടേല്‍ പറയുന്നത് അത് ഭാരത പുത്രന്മാര്‍ക്ക് അടിമത്വം സമ്മാനിച്ച വിയര്‍പ്പിന്റെ മണമാണ് എന്നാണ്. മധുരം കുറഞ്ഞ ചായ ആസ്വദിക്കാന്‍ മാത്രം സമയം കിട്ടുന്നിതിനിടക്ക് ഇങ്ങെനെ തര്‍ക്കിക്കുന്നത് പണ്ടേ കണ്ടു കൂടാ. തര്‍ക്കവും ദേഷ്യപ്പെട്ടുള്ള സംസാരവും ആരോഗ്യത്തിന് ഹാനികരമായതുകൊണ്ട് ഭാര്യക്ക് ഭയങ്കര സ്‌നേഹമാണ്. ഇന്നലെ 11 മണിക്ക് കൂടെ അധികം വൈകേണ്ട..എന്ന താക്കീതിന്റെ സ്വരസംക്രമത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല.
കറുത്ത് മെലിഞ്ഞ നാദിയക്ക് ഫോട്ടോകളില്‍ കാണുന്ന വലിപ്പമൊന്നുമില്ല. രാജ്യം മുഴുവന്‍ ഫലത്തില്‍ രണ്ട് തട്ടില്‍ നില്‍ക്കുന്നത് ഈ 52 കിലോയുള്ള പെണ്ണിന്റെ പേരിലാണല്ലോ എന്നോര്‍ക്കുമ്പോള്‍ ശരിക്കും അത്ഭുതമാണ് തോന്നേണ്ടത്.
ഫ്‌ളാഷുകളുടെ വെളിച്ചം അവളില്‍ കണ്ണുകള്‍ ഇടക്കിടക്ക് ഇറുക്കി അടക്കുന്ന ശീലമുണ്ടാക്കി എന്ന് തോന്നുന്നു. കോടതിയിലേക്ക് ആ മെലിഞ്ഞ കാലുകള്‍ കയറുമ്പോള്‍ ഭര്‍ത്താവ് എന്ന് കോടതി അംഗീകരിക്കാത്ത ഷാജഹാനെ ഒന്നേ നോക്കിയുള്ളൂ അവള്‍. വര്‍ഷങ്ങളായി ഒന്നിച്ചു ജീവിച്ച ഒരു ഭാര്യയുടെ പ്രണയമില്ലാത്ത നോട്ടമവള്‍ക്കെങ്ങെനെ ഈ പ്രായത്തില്‍ കിട്ടി. ഒരു വര്‍ഷം മുന്‍പ് വിവാഹക്കരാറില്‍ ഒപ്പുവെച്ച ആ മെലിഞ്ഞ കൈകള്‍ ഷാളില്‍ മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.
വെറുതെ ആരെയെങ്കിലും കുറെ നേരം നോക്കി ഇരുന്നാല്‍ അയാള്‍ Abnormal ആണെന്ന് തോന്നും . നാദിയയുടെ അമ്മയുടെ മാത്രം തോന്നലാണോ.അതോ വിപ്ലവ പാര്‍ട്ടിയില്‍ പണ്ട് പ്രതീക്ഷ ഉണ്ടായിരുന്ന അച്ഛനോ. ഇവരെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തിക്കൊണ്ടിരിക്കുന്ന തുലാസ്സിന്റെ ഒരു തട്ടിലുള്ളവരുടെ തോന്നലോ.ഭാരതത്തിന്റെ ഹൃദയമാണല്ലോ ഇപ്പൊ കീറിമുറിക്കാന്‍ തന്റെ മുന്നില്‍ കിട്ടിയിരിക്കുന്നത്, ഒരാള്‍ക്കും നോവാത്ത രീതിയില്‍ ഓപ്പറേഷന്‍ നടത്തണം. ഭൂമിയിലെ വിധി കര്‍ത്താവാവണം . ചരിത്രമാകാന്‍ പോകുന്ന വിധിയുടെ കൂടെ തന്റെ പേര് കൊത്തി വെക്കപ്പെടും .ആദ്യമായി കറുത്ത കോട്ടണിയുമ്പോളുള്ള ചൂടിനെ മാറ്റുന്ന തണുത്ത പ്രതീക്ഷ.
പ്രായപൂര്‍ത്തി ഇവളുടെ മനസ്സിനുണ്ടോ. തീവ്രവാദം കൊണ്ട് കഷണ്ടി കയറിയ ഷാജഹാന്‍ ഇവളെ യമനിലേക്ക് ആട് മേക്കാന്‍ കൊണ്ട് പോകുമോ. അതോ സിറിയയില്‍ പൊട്ടിത്തെറിക്കാന്‍ വിടുമോ.കുരുക്ഷേത്ര രണഭൂവില്‍ പോലും കാണാത്ത മല്ലയുദ്ധം നടക്കുന്നു. അതിനിടെ വിപ്ലവ പാര്‍ട്ടിയുടെ വക്കീല്‍ കൈലാസ് ഇടിയന്‍ പോലീസ് നായരുടെ കണ്ടെത്തല്‍ പരിഗണിക്കണം എന്ന് പറഞ്ഞത് എല്ലാവരെയും അതുഭുതപ്പെടുത്തി. അല്ല പഹയാ..ഇജ്ജ് ആരുടെ വക്കീലാ…. എന്ന് ഹരിയാനക്കാരന്‍ ദേശായി പ്രാദേശിക ഭാഷയില്‍ ചോദിച്ചു പോയി. ആദ്യമായി പട്ടേല്‍ ദേശായിയെ എതിര്‍ക്കാതെ കൈലാസിന്റെ മുഖത്തേക്ക് നോക്കി വാരിയെല്ല് ചൊറിഞ്ഞു…
നായക ആരാധന വാക്കിലും നോട്ടത്തിലും പ്രവര്‍ത്തിയിലും ചിന്തകളിലും കൊണ്ട് നടക്കുന്ന, പെണ്ണുങ്ങളുടെ വക്കീല്‍ പണിക്കര്‍ ആണുങ്ങളെ പോലെ മുണ്ടു മടക്കി കുത്തി മുന്നിലേക്ക് വന്നു.

”ഒരു സ്ത്രീ ഇവിടെ ഒന്നര മണിക്കൂറായി ഈ നില്‍പ്പിലാണ്’…’ ഈ സ്ത്രീ ഒരു ഡോക്ടറാണ്. അവര്‍ക്ക് ഇംഗ്ലീഷ് മനസ്സിലാകും. എന്നിട്ട് വിവാഹത്തിന് സമ്മതം നല്‍കാന്‍ അവള്‍ക്ക് പ്രാപ്തിയുണ്ടോ എന്ന് ചര്‍ച്ച ചെയ്യുകയാണ്?ഈ കോടതി… ഈ സ്ത്രീയെ കോടതിയില്‍ നിര്‍ത്തി ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണിത്….സമ്മതം നല്‍കാന്‍ പ്രാപ്തിയില്ലാത്ത സ്ത്രീയെന്ന് പറഞ്ഞ് ഈ കോടതിയില്‍ നിന്ന് അവര്‍ പുറത്തിറങ്ങുന്ന നിമിഷം മുഴുവന്‍ മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്യാന്‍ തുടങ്ങും.കോടതി അവര്‍ക്കുള്ള ആദരവ് നല്‍കേണ്ടതുണ്ട്.”…

കറുത്ത കണ്ടന്‍ പൂച്ചകളുടെ മുരളലുകള്‍ കോടതിയാകെ അസ്വസ്ഥത പരത്തി, മറ്റൊരു ശബ്ദവും കേള്‍ക്കാനില്ല.. വരും തലമുറക്ക് ഉരുവിട്ട് പഠിക്കാനാകുന്ന വിധിയാണ് പറയേണ്ടത്. എന്ത് പറയും… തീവ്ര വാദവും തീവ്ര വാദ മന്ത്രവും നേതാക്കളില്‍ നിന്ന് പോലും തെളിഞ്ഞ് മറയില്ലാതെ പുറത്തു വരുന്ന സര്‍വാധി കാര്യക്കാരുടെ ഇടയില്‍ തന്റെ കുടുംബത്തിനും ജീവിക്കാനുള്ളതാണ്. പക്ഷെ, എന്നും മനസ്സിനാല്‍ കുറ്റപ്പെട്ട് ഉറക്കമില്ലാതെ മുഖം ചുളിച്ച് ജീവിക്കുന്നതിനേക്കാള്‍ ഭേദം സത്യം പറഞ്ഞ് ഒറ്റക്ക് മരിക്കുന്നതാണ്. ഇപ്പൊ ആളുകളുടെ മുരളലുകളാണ് കേള്‍ക്കുന്നത് . നാദിയയുടെ കണ്ണുകള്‍ അല്പം വിടര്‍ന്ന് മുകളിലേക്ക് നോക്കുന്നത് പോലെ തോന്നി. എന്റെ ചുണ്ടുകള്‍ അറിയാതെ അനങ്ങി തുടങ്ങി
‘കുഞ്ഞേ….ആളുകള്‍ ഇന്നൊരു ശാസ്ത്രമായി അംഗീകരിക്കാത്ത ഹോമിയോപ്പതി നീ എന്തിന് തിരഞ്ഞെടുത്തു.
‘പ്രതിരോധമാണ് ഏറ്റവും നല്ല മരുന്ന് എന്നെനിക്ക് തോന്നിയത് കൊണ്ട്.’
‘മോളെ നിന്റെ സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളില്ലായിരുന്നോ മറ്റൊരു സംസ്ഥാനത്ത് പോയി പഠിക്കാന്‍ ‘
‘സ്വാതന്ത്ര്യത്തെ കൂടുതലിഷ്ടപ്പെടുന്നു ഞാന്‍ ‘
‘ പെറ്റു പോറ്റിയ മാതാ പിതാക്കളോട് നിനക്ക് സ്‌നേഹമില്ലേ ?
‘ഒരു മകളുടെ സ്‌നേഹം എനിക്കുണ്ട്. അച്ഛനോട് കൂടുതല്‍ ഇഷ്ടവും’
‘ സ്വന്തമായി ഉപജീവിനമാര്‍ഗം ഉണ്ടാകുന്ന രീതിയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ നിനക്കാഗ്രഹമില്ലേ.
‘ സ്വാതന്ത്ര്യത്തെ തീയിട്ടു കൊല്ലുന്നവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തുന്നു. അതാണോ ഉപജീവിനമാര്‍ഗം. എനിക്ക് എന്റെ വിശ്വാസമനുസരിച്ച് ജീവിക്കണം.’
‘അതിന് ആരും തടസ്സം നില്‍ക്കില്ല. ഒപ്പം നല്ല ഡോക്ടറുമാകാം ‘
‘ പഠനം പൂര്‍ത്തിയാക്കണമെന്നുണ്ടായിരുന്നു. പക്ഷെ, എനിക്കറിയാം എന്റെ മാതാപിതാക്കളെ. അവര്‍ക്ക് ഞാന്‍ തെരഞ്ഞെടുത്ത വഴി ഇഷ്ടമാകില്ല. അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മാറിത്താമസിക്കാന്‍ തീരുമാനിച്ചത്. അവര്‍ സമ്മര്‍ദ്ദം ചെലുത്തി എന്നെ മാറ്റാനാണ് ശ്രമിക്കുന്നത്. ‘
‘സര്‍ക്കാര്‍ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാന്‍ താല്‍പര്യമുണ്ടോ..
‘ ഭര്‍ത്താ രക്ഷതി യൗവനേ….എന്റെ പഠന ചിലവുകള്‍ ഭര്‍ത്താവ് നോക്കിക്കോളും. എനിക്ക് ആരും രക്ഷിതാവായി വേണ്ട. അതിന് എന്റെ ഭര്‍ത്താവുണ്ട്. എനിക്ക് ഭര്‍ത്താവിനെ കാണണം.’
‘മകളെ ….ഈ പ്രണയത്തിന്റെ ചൂടൊക്കെ ഒരു കാലത്തു വിയര്‍ത്തു ചൊറിയുന്ന അസ്വസ്ഥതയാകും ‘
‘ എന്റെ വിശ്വാസത്തില്‍ കൂടെ നില്‍ക്കാനാണ് എനിക്ക് ഭര്‍ത്താവ് ..അല്ലാതെ ഭര്‍ത്താവിന്റെ കൂടെ നില്‍ക്കാനല്ല എനിക്ക് വിശ്വാസം ‘
ആ മെലിഞ്ഞ മുഖത്ത് നിന്ന് പിന്നെയും വാക്കുകള്‍ വന്നു കൊണ്ടിരുന്നു.
‘ ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അന്യായമായ തടവിലാണ് കഴിയുന്നത്, നിങ്ങളേര്‍പ്പെടുത്തിയ ഹോസ്റ്റല്‍ തടവ്. കഴിഞ്ഞ ആറ് മാസമായി വീട്ടുകാരുടെ തടവിലും. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളാണ് നേരിടേണ്ടി വന്നത്. തിരിച്ച് മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. തിരിച്ച് പോയാല്‍ മര്‍ദ്ദനങ്ങള്‍ തുടരുമെന്ന് ഭയപ്പെടുന്നു. എനിക്കെന്റെ ഭര്‍ത്താവിന്റെ കൂടേ പോകണം. എന്റെ സുഹൃത്തുക്കളെ കാണണം .’
വാക്കുകള്‍ തീരുന്ന പോലെ..ശ്വാസം തിങ്ങി….വിക്കി വിക്കി പറയേണ്ടി വന്നു
‘….. ഭ…..ഭാ…….ഭാരത പുത്രീ….നീ പോയി പഠിക്കൂ ‘
ഓടിന്റെയും ചുവരിന്റെയും രൂക്ഷ ഗന്ധം, അതോ ആംബുലന്‍സിന്റെ തുരുമ്പ് പിടിച്ച തണുത്ത മണമോ. ഒറ്റക്കായോ കോടതിയില്‍. മെലിഞ്ഞ പെണ്‍കുട്ടിയെവിടെ. പൂച്ചകളുടെ നേരിയ ശബ്ദം പോലും കേള്‍ക്കാനില്ല .
കണ്ണുകള്‍ കെട്ടിയ ശരീരമില്ലാത്ത ഒരു ദുര്‍ബല ശബ്ദം മാത്രം പഴയ പുസ്തകത്തിന്റെ മണത്തിന്റെ അകമ്പടിയോടെ കേള്‍ക്കുന്നു.’എനിക്ക് ഒരു മനുഷ്യനെന്ന പരിഗണന നല്‍കണം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar