All for Joomla The Word of Web Design

ഈ സത്യം കാണാനും കേള്‍ക്കാനും പ്രവാസികള്‍ക്ക് ഒരത്താണിയുണ്ടാവണം.

ഹസ്സന്‍ തിക്കൊടി      

=======================================================================
പ്രവാസി, അരനൂറ്റാണ്ടിലേറെ കാലമായി നാം കേട്ടു തഴമ്പിച്ച ഒരു പദപ്രയോഗം. എന്നും ഒരു കോമാളിയുടെ പരിവേഷത്തോടെയാണ് കേരളീയ ജനതയില്‍ ബഹുഭൂരിപക്ഷവും എതിരേറ്റത്. സ്വന്തം വീടും നാടും വിട്ടു കുടുംബത്തെ പോറ്റാന്‍ പോയവന്റെ വൈവിധ്യമായ മുഖം നമ്മുടെ മുമ്പില്‍ മാഞ്ഞുമറയുമ്പോള്‍ അതില്‍ പ്രതീക്ഷയുടെ, പ്രയാസത്തിന്റെ, ആഹ്ലാദത്തിന്റെ, അസൂയ്യയുടെ,മോഹത്തിന്റെ, മോഹഭംഗങ്ങത്തിന്റെ, ദൈന്യതയുടെ, ജയത്തിന്റെ,പരാജയത്തിന്റെ, നഷ്ട്ടത്തിന്റെ, ഉത്തരവാദിത്തത്തിന്റെ ഒരുപാടു രൂപങ്ങള്‍ ദര്‍ശിക്കാവുന്നതാണ്. Macmillan നിഘണ്ടുവില്‍ രേഖപ്പെടുത്തിയ
വാക്യാര്‍ത്ഥത്തില്‍ പ്രവാസിയെ വിശേഷിപ്പിച്ചത് (an exptariate or emigrant; someone who lives away from their home or homeland). പക്ഷെ, ഇന്ന് ഈ പദപ്രയോഗം സുപരിചിതമല്ലാതായിട്ടുണ്ട്, പ്രത്യേകിച്ച് കേരളത്തില്‍.ഈയിടെ തൃശൂരിലെ മണ്ണൂത്തിയിലേക്കുള്ള യാത്രയില്‍ നഗരപരിധിക്കപ്പുറത്തുനിന്നു ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിചോദിക്കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ അവിടെ ആദ്യം കണ്ട രണ്ടുപേരോടു ചോദിച്ചു.
അവരുടെ മറുപടി ഹിന്ദിയില്‍ ആയിരുന്നു. അവര്‍ക്ക് എന്റെ മലയാളം മനസ്സിലായി. എനിക്കവരുടെ ഹിന്ദിയും. നമ്മുടെ നാട്ടിലെ സകല മേഖലയിലും ഇന്ന് അന്യനാട്ടുകാര്‍ വിലസുകയാണ്. കേരളത്തിന്റെ നാട്ടിന്‍പുറത്തുപോലും ഇന്ന് ബംഗാളികളും,ആസ്സാമികളും,ആന്ത്രക്കാരും നിരവധിയാണ്. അവരും കുടുംബത്തെ പോറ്റാനായി വീടും നാടും വിട്ടവരാണ്.അവരുടെ ലക്ഷ്യവും ഗള്‍ഫില്‍പോയ മലയാളിയുടെ
ലക്ഷ്യവും ഒന്നാണ്. കുടുംബത്തെ തീറ്റിപോറ്റണം.അവര്‍ സുഭിക്ഷമായി ആഹാരം കഴിക്കുന്നത് ദൂരെ ഇരുന്നു അവനു ആസ്വദിക്കണം. കുറച്ചു പറമ്പും ഒരു നല്ല വീടും ഉണ്ടാക്കണം. രണ്ടോമൂന്നോ വര്‍ഷത്തിലൊരിക്കല്‍ അവരെപോയി കാണണം. അങ്ങനെ കൊച്ചു കൊച്ചു മോഹങ്ങളുമായി
പ്രവാസത്തിന്റെ നോവും നൊമ്പരവും ഉള്‍കൊള്ളാന്‍ വിധിക്കപ്പെട്ട ഒരു
വൈവിധ്യമാര്‍ന്ന സമൂഹത്തിനു നല്‍കിയ ഓമനപേരാണ് പ്രവാസി. മറ്റു
രാജ്യങ്ങളില്‍ Exptariate, Foreigners എന്ന് പറയപ്പെടുന്ന ഈ പദപ്രയോഗം
ഇന്ത്യയില്‍ അഥവാ ഹിന്ദിയില്‍ പ്രവാസി (PRAVASI)യെ MIGRANT or EXPAT (noun) സര്‍വസാധാരണമായി ഉപയോഗിക്കുന്നു. പക്ഷെ നാം മലയാളിസമൂഹവും, മാധ്യമങ്ങളും, സിനിമാലോകവും പ്രവാസിയെ കോമാളി വേഷത്തില്‍ പരിഹാസ്യ കഥാപാത്രമായി വിവരിക്കപെടുമ്പോള്‍ അവരില്‍ അന്തര്‍ലീനമായ അന്തസ്സിന്റെയും ആഭിജത്യത്തിന്റെയും പൊരുള്‍ കാണാതെ പോവുന്നു.

പ്രവാസി ഭാരതീയ ദിവസ് —————————————————————————————–
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാറി വാജ്‌പേയി 2002 ജനുവരിയില്‍ പ്രഖ്യാപിച്ചതാണ് പ്രവാസികള്‍ക്കായി ഒരു കൂടിച്ചേരല്‍ ദിവസം. അദ്ദേഹം നടത്തിയ ഒരു വിദേശയാത്രയില്‍ കണ്ടുമുട്ടിയ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് അവരുടെ നിവേദനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു കമ്മിറ്റിയെ നിച്ചയിക്കുകയും അവരുടെ ശുപാര്‍ശപ്രകാരം വര്‍ഷത്തില്‍ ഒരു ദിവസം അവരെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി പ്രവസത്തിന്റെപ്രശ്‌നങ്ങളും പ്രയാസങ്ങളും അതോടൊപ്പം ഇന്ത്യയുടെ സമ്പത്ത്വവ്യവസ്ഥക്ക് പ്രവാസികളുടെ സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്തു ഇന്ത്യയുടെ സമ്പത് ഘടനയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പിക്കുകയുമായിരുന്നു ഈ പ്രവാസി ഭാരതീയ ദിവസ് കൊണ്ട് വാജ്‌പേയി ഉദ്ദേശിച്ചത്. എല്ലാവര്‍ഷവും
ജനവരി 7 മുതല്‍ 9 വരെ അതായതു മഹാത്മാഗാന്ധി തന്റെ പ്രവാസം
നിര്‍ത്തലാക്കി സൗത്ത് ആഫ്രിക്കയില്‍ നിന്നും 1915 ജനവരി 9നു ബോംബയില്‍ വന്നിറങ്ങിയതിന്റെ ഓര്‍മ്മപുതുക്കല്‍കൂടിയാണ് ഇന്നത്തെ പ്രവാസി ഭാരതീ ദിവസ്. മഹാത്മാഗാന്ധിയുടെ പ്രവാസം അവസാനിപ്പിച്ച ദിനം അന്വര്‍ത്ഥമാക്കുക കൂടിയാണ് വാജ്‌പേയി ഇതുകൊണ്ട് ഉദ്ധേശിച്ചത്.
2003ല്‍ ആരംഭിച്ച ഈ പ്രക്രിയ പക്ഷെ, സാധാരണക്കാരായ പരശതം പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവും ചൈതിട്ടില്ല. സാധാരണക്കാരായ പ്രവാസി ഇന്നും യാതനകളും, ക്ലേശങ്ങളുമായി കഴിയുമ്പോള്‍ വമ്പന്‍ കച്ചവടക്കാരുടെ ഒത്തുചേരല്‍ എന്നതിലുപരി മറ്റൊന്നും കാഴ്ചവെക്കാന്‍
ജനുവരിയുടെ നനുത്ത തണുപ്പില്‍ പഞ്ചനക്ഷത്ര കൂടിച്ചേരല്‍ പ്രയോജനപെട്ടിട്ടില്ല എന്ന യഥാര്‍ത്യം നാം മറക്കരുത്. പതിനാലാമത് പ്രവാസി ഭാരതീ ദിവസ് കൊണ്ടാടിയത് ഇക്കഴിഞ്ഞ ജനുവരി 7,9
തിയ്യതികളില്‍ ബംഗ്‌ളൂരില്‍ ആയിരുന്നു. അവിടെയും സ്ഥിതി മറ്റൊന്നായിരു ന്നില്ല. പതിവുപോലെ അവിടെയും ഒരു തീം ഉണ്ടായിരുന്നു. Redfining engagement with the Indian Diaspora എത്ര മനോഹരമായ തീമുകള്‍,കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളിലും ഇത്തരം അര്‍ത്ഥവത്തായ തീം പ്രഖ്യാപിച്ചിരുന്നു. പക്ഷെ, ഒന്നും നാളിതുവരെ നടപ്പാക്കപെട്ടില്ല. സര്‍ക്കാര്‍ ചെലവില്‍ കാട്ടിക്കൂട്ടിയ കുറെ മാമാങ്കം എന്നതിലുപരി സാധാരണക്കാരനായ പ്രവാസിയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല ഇത്തരം പ്രവാസ സംഗമങ്ങള്‍. സാധാരണക്കാരനായ പ്രവാസി തന്റെ സ്വപ്‌നങ്ങള്‍ വിറ്റ് കാശു ണ്ടാക്കുമ്പോള്‍ വിലക്കുവാങ്ങുന്ന അവാര്‍ഡുകളുമായി പണക്കാരന്‍ ആദരിക്കപെടുന്നു. വിലകുറഞ്ഞ പതിവ് രക്ഷ്ട്രീയ കച്ചവടം അവിടെയും നടക്കുന്നു എന്നര്‍ത്ഥം. പ്രവാസത്തിന്റെ നോവും നൊമ്പരവും അനുഭവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ പട്ടിണിപ്പാവങ്ങളായ പ്രവാസിയുടെ യാതൊരു പ്രശ്‌നങ്ങളും ഇവരാരും നാളിതുവരെ ചര്‍ച്ച ചെയ്യുകയോ പരിഹാരം തേടുകയോ ചെയ്തിട്ടില്ല. ഗള്‍ഫ് നാടുകളില്‍ തൊഴില്‍രഹിതരായ വരുടെയും ജോലി നഷ്ടപ്പെട്ടവരുടെയും എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തി നിടയില്‍ഏറ്റവും കൂടുതലയിരുക്കുന്നു എന്ന ഭീതിതമായ സത്യം മനസ്സിലാകാത്ത വരല്ലല്ലോ ഇത്തരം വേദികളില്‍ വന്നുപോവുന്നവര്‍.ഗള്‍ഫ് രാജ്യങ്ങളുടെ ചുറ്റുവട്ടത്തില്‍ നടക്കുന്ന അസ്ഥിരതയും, എണ്ണയുടെ വിലത്തകര്‍ച്ചയും,സ്വദേശിവല്‍കരണവും കാരണം ഗള്‍ഫ് മേഖലയിലധിവസിക്കുന്ന പ്രവാസികളില്‍ ആകുലതയും അങ്കലാപ്പും ഏറിവരികയാണ്. അങ്ങനെ തിരിചെത്തുന്നവരുടെ പുനരതിവസത്തെ കുറിച്ചുപോലും ഒരിക്കലും ഇവര്‍ ചര്‍ച്ച ചെയ്തിട്ടില്ല. സൗദിഅറേബ്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിതാക്കാത്ത് അതിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്നു.കഴിഞ്ഞ 10
വര്‍ഷത്തിന്നിടയിലുണ്ടായ ഗള്‍ഫിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ നാം ഇനിയും കണ്ടില്ലെന്നു നടിക്കരുത്. അഭൂതപൂര്‍വമായ ഒരു തിരിച്ചുവരവുണ്ടായാല്‍ അതിനെ നേരിടാന്‍ നമ്മുടെ സംസ്ഥാനം സജ്ജമല്ലെന്ന തിരിച്ചറിവ് പ്രവാസികളില്‍ ഉണ്ടാവണം. അഴിമതിയും, രാഷ്ട്രീയ ജീര്‍ണ്ണതയും
നടന്നുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്തില്‍നിന്നും പ്രവാസികള്‍ക്ക് പ്രതീക്ഷിക്കുന്നതില്‍ പരിമിതികള്‍ ഏറെയുണ്ട്. ഇത് പലതവണ പ്രവാസികള്‍ അനുഭവിച്ചതുമാണ്, കുവൈറ്റ് യുദ്ധാനന്തരം തിരിച്ചു വന്നവരോടുള്ള പുനരധിവാസ പ്രഖ്യാപനം അപഹാസ്യമായ ചരിത്രം
പ്രവാസികള്‍ മറന്നുകണില്ലല്ലോ. ഇന്ന് സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളുകളില്‍പോലും സ്വദേശീവല്‍കരണം നടപ്പാക്കി കൊണ്ടിരിക്കുയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് പ്രതീക്ഷിച്ചതാണ്, പക്ഷെ, നാമോ നമ്മുടെ സര്‍ക്കാരോ യാതൊരു മുന്നൊരുക്കങ്ങളും നടത്തുന്നില്ല. വരാനിരിക്കുന്ന
സാഹചര്യത്തെക്കുറിച്ചോ അതുണ്ടാക്കാന്‍ പോവുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രയാസങ്ങളെ കുറിച്ചോ ഒരാലോചനപോലും നടക്കുന്നില്ല. വരുന്നിടത്തുവെച്ചു കാണാം എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുന്നു.

എത്ര നിസ്സംഗതയോടെയാണ് ഭരണകൂടം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ വീക്ഷികുന്നത്. 85% ഗള്‍ഫ് പ്രവാസിയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പണിപ്പെടുന്നവനാണ്. കേവലം 10% സാമാന്യം ഭേദമില്ലാത്ത പരുവത്തില്‍ ജീവിക്കുന്നുണ്ട്. ബാക്കിവരുന്ന 5% സുഭിക്ഷമായി സര്‍ക്കാരിനെയും സമൂഹത്തെയും ഭരണത്തെയും വിലക്കുവാങ്ങാന്‍ പാകത്തിലുള്ളവരാണ്. വാസ്തവത്തില്‍ ഭരണകൂടത്തിനും രാഷ്ട്രീയക്കാര്‍ക്കും ഈ അഞ്ച് ശതമനക്കരോടാണ് താല്പര്യം. ഒരുനേരത്തെ വിഷപ്പടക്കാന്‍പോലും വകയില്ലാതെ മേല്‍പറഞ്ഞ കുറഞ്ഞ ശതമാനക്കാര്‍
വല്ലപ്പോഴും എറിഞ്ഞു കൊടുക്കുന്ന കാരുണ്യം കൊണ്ടാണ്.
ലേബര്‍ക്യാമ്പുകളിലും മറ്റും ജീവിക്കുന്ന പല പ്രവാസികളും കഴിഞ്ഞുകൂടുന്നത്. പക്ഷെ, എല്ലാവരും NRI എന്ന ഓമന പേരില്‍ അറിയപ്പെടുന്നു. അതുകൊണ്ടല്ലേ കേരളത്തിലെ മെഡിക്കല്‍ സീറ്റിനുപോലും NRI സംവരണം ഏര്‍പെടുത്തിയതും അത് 20 ലക്ഷമായി നിജപ്പെടുത്തിയതും.
അതിനാല്‍ തന്നെ ഒരു പാവപ്പെട്ട NRIക്കാരന്റെ മക്കള്‍ക്ക് ഇവിടെ മെഡിക്കല്‍ വിദ്യാഭ്യാസം മരീചികയായി തീരുന്നു.പണക്കാരായ NRI മക്കള്‍ പഠിച്ചാല്‍ മതിയെന്ന് സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍ കോളേജുകളും തീരുമാനിച്ചുകഴിഞ്ഞു. എന്നോടൊപ്പം ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സുഹൃത്തു ഈയിടെ എനിക്കെഴുതി ഇന്ന് ചില സ്‌ക്കൂള്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍ അടുത്ത മാര്‍ച്ചോടെ 40% കുട്ടികള്‍ നാട്ടിലേക്ക് തിരിച്ചു പോവുമെന്നാണ് സര്‍വ്വേയിലൂടെ മനസ്സിലായത. വരും വര്‍ഷങ്ങളിലും ഗണ്യമായ തിരിച്ചു പോക്കുണ്ടാവും.ഫ്‌ളാറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുന്നു . വാടക പറ്റെ കുറച്ചിട്ടും താമസക്കാരെ കിട്ടാതെ ബില്‍ഡിംഗ് ഓണര്‍മാര്‍ നിരാശയിലാണ്.മിക്ക ഫ്‌ളാറ്റുകള്‍ക്ക് മുമ്പിലും റൂം അവൈലബിള്‍ ബോര്‍ഡ്
തൂങ്ങിക്കിടക്കുന്നതു കാണാം.. ഇവിടുത്തെ പ്രധാന ഫ്‌ളാറ്റുകള്‍ കാലിയായാല്‍ എന്താവും അവസ്ഥ എന്ന അങ്കലാപ്പിലാണ് പല ബില്‍ഡിംഗ് മുതലാളിമാരും.തൊഴിലിടങ്ങളില്‍ ഉള്ളവരെ പറഞ്ഞു വിടുകയല്ലാതെ പുതിയ ആരെയും ആര്‍ക്കും വേണ്ട.നോ വേക്കന്‍സി, നോ ന്യൂ അപ്പോയ്ന്റ്‌മെന്റ് !ഈ പച്ചത്തുരുത്ത് അസ്തമിക്കുകയാണ്… കുടിയേറ്റ കാലം കഴിഞ്ഞ് കുടിയിറക്ക കാലമാണിനി വരാനിരിക്കുന്നത്.തിരിച്ചു പോകാനുള്ള മാനസിക തയ്യാറെടുപ്പുകള്‍ നടത്തുക. കുടുംബത്തെ
പറഞ്ഞ് ബോധ്യപ്പെടുത്തുക.അത്ര സുഖകരമായ ഭാവിയല്ല വരാനിരിക്കുന്നത്.
പരമാവധി ഇവര്‍ നമ്മെ പോറ്റിയിട്ടുണ്ട്.വിശപ്പ് മാറ്റിയിട്ടുണ്ട്.മക്കളെ കെട്ടിച്ചു തന്നിട്ടുണ്ട്.വീടുകള്‍,പള്ളികള്‍, അനാഥാലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍,നിരവധി അനവധി നിര്‍മ്മിച്ചു തന്നിട്ടുണ്ട്.മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട്. നമ്മുടെ മുഖവും നാടിന്റെ മുഖച്ഛായയും മാറ്റി തന്നിട്ടുണ്ട്. ഒപ്പം ആര്‍ഭാടവും ആഢംബരവും അഹങ്കാരവും നമ്മിലും ആശ്രിതരിലും ശീലിപ്പിച്ചിട്ടുണ്ട്.അത് കൊണ്ട് രണ്ടു കയ്യും നീട്ടി പെറ്റമ്മയെ പോലെ നമ്മെ പുണര്‍ന്ന നമ്മുടെ പോറ്റമ്മ ഇപ്പോള്‍ രണ്ടു കയ്യും അടര്‍ത്തിമാറ്റി പോകാന്‍ പറയുകയാണ്. അത് കൊണ്ട് നന്ദിയുള്ള മക്കളായി കിട്ടിയ അനുഗ്രഹങ്ങളില്‍ തൃപ്തരായി, നമുക്ക് പ്രതിസന്ധി വന്നപ്പോള്‍ നമ്മെ സഹായിച്ച പോറ്റമ്മയ്ക്ക്
പ്രതിസന്ധി വന്നപ്പോള്‍ തിരിച്ച് സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയായി കണ്ട്,നമ്മുടെ നാട് പഴയ അവസ്ഥയിലേക്ക് തിരിച്ചു പോവാതിരിക്കട്ടേ എന്ന പ്രാര്‍ഥനയോടെ.ഇന്നിന്റെ ഗള്‍ഫ് മുഖം വരച്ചു കാട്ടുന്ന വരികളാണ് സുഹൃത്ത് എഴുതിയത്. ഗള്‍ഫ് പ്രതിസന്ധി തുടരുകയാണ്. ജി.സി.സി
യിലെ സുഹൃത് രാജ്യമായ ഖത്തര്‍ ഒറ്റപെട്ടിട്ടു നാലഞ്ചു മാസമായി. അതുമൂലം അയല്‍രാജ്യങ്ങളിലെ കച്ചവടങ്ങള്‍ സാരമായി ബാധിച്ചിരിക്കുന്നു. അറബ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന 40 ലക്ഷത്തോളം വരുന്ന മലയാളിയുടെ ദുരിതപൂര്‍ണമായ ദിനങ്ങളാണ്
വരാനിരിക്കുന്നത്.


പ്രവാസിയുടെ രോഗങ്ങള്‍———————————————————————————————-

ഊഷരമായ മരുഭൂമിവാസത്തിന്നിടയില്‍ ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരാണ് മഹാഭൂരിപക്ഷം പ്രവാസികളും. പ്രഷര്‍,ഷുഗര്‍, കോലോസെസ്‌ട്രോള്‍ (PSE) പിടിപെട്ടവരായാണ് തിരിച്ചെത്തുന്നത്. തീഷ്ണമായ ജീവിതയോധനകാലത്ത് ആഹാരക്രമം ഇല്ലാത്തതിനാല്‍ വന്നുചേരുന്ന രോഗികളാണ് കൂടുതലും. അതിലുപരി മതിയായ ചികിത്സാലഭ്യതയും കിട്ടാതാവുമ്പോള്‍ രോഗം പാരമ്യത്തിലെത്തുന്നു. വിദേശികള്‍ക്ക് അവിടത്തെ സര്‍ക്കാര്‍ സൌജന്യ വൈദ്യചികിത്സനല്‍കാത്തതിനാല്‍ ചെലെവേറിയ സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ പലരും മടിക്കുന്നു. വിശപ്പും, രോഗവും സഹിച്ചാണ് പലരും അവിടങ്ങളില്‍ വര്‍ഷങ്ങള്‍ തള്ളിനീക്കുന്നത്. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്ക് സൗജന്യമായി ചികിത്സയെങ്കില്ലും കൊടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടുവരണം. ജീവിത ശൈലീരോഗങ്ങള്‍ മാത്രമല്ല പ്രവാസിയെ അലട്ടുന്നത്,അതിലുപരി മാരകമായ മറ്റസുഖങ്ങളും പ്രവാസിയുടെ സഹയാത്രികനാവുന്നു. പുറത്തു പറയാനാവാത്ത ചില മാനസിക രോഗങ്ങള്‍ തിരിച്ചെത്തിയ പ്രവാസിയുടെ കൂടപ്പിറപ്പാണ്. mental Depression ബാധിക്കുന്ന പ്രവിസികളുടെ എണ്ണം കൂടിവരുന്നതായി മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം തലവന്‍ അഭിപ്രായപെട്ടത് ഈ അടുത്താണ്. കേരളത്തിലെ മെഡിക്കല്‍കോളേജുകളില്‍ സൗജന്യമായി ചികിത്സ നല്‍കുവാനും പ്രവാസികളെ പരിപാലിക്കാനും എന്തുകൊണ്ട് സര്‍ക്കാര്‍ കരുണകാണിക്കുന്നില്ല.ധൂര്‍ത്തയൌവനത്തിന്റെ മധ്യാനത്തില്‍ മനുഷ്യസഹചമായ ലൈംഗികതൃഷ്ണപോലും വര്‍ഷങ്ങളായി അടക്കിപ്പിടിക്കുമ്പോള്‍ അവരില്‍ വന്നുചേരുന്ന മരവിപ്പ് മറ്റൊരു വിഷാദരോഗം കൂടി ഒപ്പം കൊണ്ടുനടക്കുന്നകാര്യം പ്രവാസികള്‍ നിര്‍ബന്ധപൂര്‍വ്വം മറക്കുന്നു. ഇങ്ങനെ മടങ്ങിയെത്തിയവരോട് സമൂഹവും സര്‍ക്കാരും സഹജീവിസ്‌നേഹം പോലും കാണിക്കുന്നില്ല. അവരെ ഒരുകൈ സഹായിക്കാന്‍ പോലും ഇവിടെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ല. ഉള്ളതാവട്ടെ ഇഴഞ്ഞുനീങ്ങുന്ന പതിവുസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രം.

പ്രവാസിയുടെ വിമാനയാത്രകള്‍ :————————————————————————————

കഴിഞ്ഞ നാല്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പ്രവാസിയുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ വിമാനയാത്രാകൂലിയാണ്. ഇക്കഴിഞ്ഞ പതിനാല് പ്രവാസി ഭാരതീ ദിവസ് കൊണ്ടാടിയപ്പോഴും അവിടെ ഒരു വാക്കുപോലും ഉരിയാടാന്‍ പങ്കെടുത്ത ക്ഷണിക്കപ്പെട്ട പ്രവാസികള്‍ക്ക് ആയിട്ടില്ല എന്നതു എത്ര ദു:ഖകരമാണ്. യാതൊരു പരിഹാരവും
കാണാന്‍ ഭരണാധികരികള്‍പോലും ശ്രമിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം പ്രവാസികള്‍ മനസ്സിലാക്കണം. ഭരണകൂടം മനസ്സുവെച്ചാല്‍ ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന വിമാനക്കൂലിപ്രശനം എന്തുകൊണ്ട് ഇത്തരം വേദികളില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നതിനുപുറകില്‍ ഒളിഞ്ഞിരിക്കുന്ന അജണ്ട കച്ചവടമോ, രക്ഷ്ട്രീയമോ ? അതോ തികഞ്ഞ അവഗണയോ?.ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്
യു.എ.ഇ.യും സൗദി അറേബ്യയുമാണ്. ഇതില്‍ യു.എ.ഇ.യുമായുള്ള വ്യോമയാന ഉപയകക്ഷി കരാര്‍ ദുബായ്ക്ക് സ്വന്തമായും മറ്റു ഇതര എമിറേറ്റ്‌സിന് വേറെയുമാണ്. ദുബായ് മാത്രം ആഴ്ചയില്‍ 65,000 സീറ്റുകള്‍ ഉപയോഗിക്കുന്നു. പക്ഷെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ദുബൈക്കാര്‍ക്ക് ഈ സീറ്റുകള്‍പോര അവര്‍ ആവശ്യപ്പെടുന്നത് 1,30,000 സീറ്റുകളാണ്.

അതുകൊടുക്കാന്‍ ഇന്ത്യ തയ്യാറില്ല. അവിടെയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ആവശ്യാനുസരണം ഉപയകക്ഷികരാറില്‍ സീറ്റുകള്‍ കൊടുത്താല്‍ വിമാനനിരക്ക് ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കും. എല്ലാ കച്ചവടത്തിന്റെയും കാതലായവശം supply & amp; demand ആണല്ലോ. സീറ്റുകള്‍ക്ക് കൂടുതല്‍ ആവശ്യം വരികയും അതിനു തക്ക സപ്ലൈ(ലഭ്യത) ഇല്ലാതാവുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉള്ള സീറ്റുകള്‍ വലിയ വിലയില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇങ്ങനെ വരുമ്പോള്‍ എല്ലാവരും പഴിചാരുന്നത് എയര്‍ ഇന്ത്യയെയും മറ്റു വിമാനകമ്പനികളേയുമാണ്. എല്ലാ സംഘടനകളും, രക്ഷ്ട്രീയക്കാരും കൊടിപിടിക്കാന്‍ എയര്‍ ഇന്ത്യയുടെ മുന്നില്‍ ഉണ്ടാവും. എന്തുകൊണ്ട് ആരും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടു ഇതെക്കുറിച്ച് ചര്‍ച്ചചെയ്യുന്നില്ല. പാര്‍ലിമെന്റില്‍ ഒരു ചോദ്യോത്തരവേളയില്‍ എം.പി മാര്‍ അവരുടെ ആക്രോശങ്ങളില്‍ ഒതുക്കുന്നു പ്രവാസികളുടെ വിമാനക്കൂലി പ്രശ്‌നം. അതിന്റെ സാങ്കേതിക വശങ്ങള്‍ നാളിതുവരെ
ഒരിടത്തും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. അവിടെയും രക്ഷ്ട്രീയ താല്പര്യങ്ങള്‍ക്ക് നമ്മുടെ എം.പി.മാരും മന്ത്രിമാരും കീഴടങ്ങി. എന്തുകൊണ്ട് ഓപ്പണ്‍ സ്‌കൈ പോളിസി ഇന്ത്യ നടപ്പാക്കുന്നില്ല. പേരിനുമാത്രം ഇന്ത്യയില്‍ ഓപണ്‍ സ്‌കൈ പോളിസിയുണ്ട്, അത് സാര്‍ക്ക് (SARK) രാജ്യങ്ങളുമായും, പിന്നെ 5000 കിലോമീറ്ററിന്നപ്പുറത്തെക്കുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വ്യോമയാന നയം ഈ വര്‍ഷം നിലവില്‍ വന്നപ്പോഴും പ്രവാസികളുടെ വിമാനനിരക്കിനെ കുറിച്ച് ഒന്നും അതില്‍ പ്രതിപാദിച്ചിരുന്നില്ല. 35-40 ലക്ഷം വരുന്ന മലയാളിയുടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ നമ്മുടെ മലയാളി എം.പി.മാര്‍ പോലും പാര്‍ലിമെന്റില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. പ്രവാസിയെ സംബന്ധിച്ചെടുത്തോളം വിമാനയാത്ര ഒരു സാധാരണക്കാരന്റെ യാത്രാ ഉപാധിയായി മാറിയത് മറ്റു യാത്രാ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ്. ഈ സര്‍കാരിന്റെ പുതിയ ആകാശനയം മറുനാട്ടില്‍ ചെന്ന് ജീവിതസന്ധാരണം തേടുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് യാതൊരുപ്രയോജനവും നല്‍കുന്നില്ല. പകരം യൂറോപ്യന്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് നമ്മുടെ ആകാശം തുറന്നിടുകയും അറബ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രത്യേക നിബന്ധനകള്‍ എഴുതിച്ചേര്‍ക്കുകയും
ചെയ്തതാണ് പുതുക്കിയ ആകാശനയം. ഈ വ്യവസ്ഥിതി മാറ്റുകയും മൊത്തമായി ഒരു ഓപ്പണ്‍ സ്‌കൈ പോളിസി നടപ്പില്‍ വരുത്തുവാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയും വേണം. യോറോപ്പിനും, യു.സ്.എക്കും ഓപ്പണ്‍ സ്‌കൈ പോളിസികൊണ്ട് യാതൊരുപ്രയോജനവും ഇല്ല. അവിടെനിന്നും യാത്രക്കാരും വിമാനവും താരതമ്യേന കുറവാണു. സാര്‍ക്ക് രാജ്യങ്ങളില്‍നിന്നും സ്ഥിതി വ്യതസ്തമല്ല. ഇവിടങ്ങളില്‍ ഓപ്പണ്‍ സ്‌കൈ പോളിസി നിലനില്‍ക്കുകയും 5000 കി.ലോ.മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഈ ചിറ്റമ്മ നയം മാറ്റുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ വിമാനനിരക്ക് പ്രശ്‌നത്തിനു വലിയ ആശ്വാസമായിമാറും എന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം കൂട്ടിവായിക്കേണ്ടുന്ന മറ്റൊരു ക്രൂരതയാണ് ഗള്‍ഫില്‍ നിന്നും മരിച്ചവരുടെ ശവശരീരം സ്വന്തം കുടുംബത്തില്‍ എത്തിക്കുക എന്നത്. ഏകദേശം 6000 പേര്‍ പലപല കാരങ്ങളാല്‍ പ്രതിവര്‍ഷം ഗള്‍ഫില്‍നിന്നും മരിക്കുന്നതായാണ് ഏകദേശകണക്കു. ഇതില്‍ പണക്കാരനും പട്ടിണിക്കാരനായ പാവപ്പെട്ടവനും ഉള്‍പെടുന്നു. ജീവിതം പാതിവഴിയില്‍ നിര്‍ത്തലാക്കാന്‍ വിധിക്കപെടുന്ന ഇത്തരം ഹതഭാഗ്യരോട് ഇത്തിരിയെങ്ങിലും കരുണ കാണിക്കാന്‍ ഒരു സര്‍ക്കാരും തയ്യാറാവുന്നില്ല. ഭീമമായ വിദേശനാണ്യം നേടികൊടുക്കുന്ന
പ്രവസിയോടുകാണിക്കുന്ന കൊടും ക്രൂതയുടെ മറ്റൊരു മുഖംകൂടിയാണിത്. പണ്ടുമുതലേ ആദ്യമായി വിദേശത്ത്‌പോവുന്നവരോട് ഈടാക്കിയ ഇമിഗ്രേഷന്‍ ഫീ ഇനത്തില്‍ ദശലക്ഷക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലുണ്ട് . അതോടൊപ്പം വിദേശത്തെ എംബസ്സികളില്‍
നിന്നും പിരിക്കുന്ന സെസ്സ് വേറെയും. ഇന്ത്യന്‍ കമ്യുണിറ്റി വെല്‍ഫയര്‍ ഫണ്ട് എന്ന പേരില്‍ ശേകരിക്കുന്ന ഈ വലിയതുകകള്‍ എന്തിനുവേണ്ടി ആര്‍ക്കുവേണ്ടി ഉപയോഗിക്കുന്നു എന്നതുപോലും സുതാര്യമല്ല.
സമൂഹത്തിലെ കുറെ ഭീമന്മാരെ വിളിച്ചുവരുത്തി അത്താഴം കൊടുക്കുന്ന പതിവൊഴിച്ചാല്‍ മറ്റെന്തിനാണ് ഇത്തരം തുകകള്‍ ചെലവഴിക്കുന്നത്.യാതൊരു പ്രയാസവുമില്ലാതെ അതതു എംബസികള്‍ക്ക് ആദരവോടെ പാവപ്പെട്ട ഗള്‍ഫ് ഇന്ത്യാക്കാരുടെ ശവശരീരങ്ങളെങ്ങിലും നാട്ടിലെ ബന്ധപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ പ്രവാസി ഭാരതീ ദിവസ് കൊണ്ടാടുമ്പോള്‍ പറഞ്ഞുകൂടെ. മൂന്നു ദിനരാത്രങ്ങള്‍ക്കായി ചെലവഴിക്കുന്ന ഭീമമായ സംഖ്യയുടെ ഒരംശമെങ്കിലും അന്തസ്സോടെ ഒരു അന്ത്യയാത്രക്ക് ചെലവഴിച്ചുകൂടെ.

പുനരധിവാസം:———————————————————————————————————-

പുനരധിവാസം കേവലം പ്രതീകമാണ്. ഗള്‍ഫ്‌മേഖല അസ്ഥിരമായും അസ്വസ്ഥതയും നിറഞ്ഞതായി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സ്വന്തം പൗരന്മാക്ക് ജോലിയും സുഖസമൃദമായ ജീവിതം നല്‍കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും പ്രാഥമിക കടമയാണ്. ജനാധിപത്യത്തില്‍
വോട്ടു ബാങ്കുകളെ സംരക്ഷിക്കുന്ന പോലെ രാജകീയ ഭരണത്തില്‍ രാജാക്കന്മാരുടെ നിലനില്‍പ്പ് ഭദ്രമായി തുടരുന്നതിനു സ്വന്തം പൗരന്മാരേ സന്തുഷ്ട്ടരാക്കണം.അതവര്‍ ചെയ്തു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് നിതാകത്തും തുടര്‍നടപടികളും. ശൗരം
ചെയ്യിക്കാന്‍ പോലും അന്യരാജ്യക്കാരെ ആശ്രയിക്കേണ്ടിവരാത്തവിധം ഗള്‍ഫ് നാടുകള്‍ സജ്ജമായികൊണ്ടിരിക്കുന്ന ഈ വര്‍ത്തമാനകാലത്ത് തിരിച്ചുവരാന്‍ നിര്‍ബന്ധിതരാവുന്നവരെ പുനരധിവസിപ്പിക്കാനുള്ള കര്‍മ പദ്ധതികളെക്കുറിച്ച് ആലോചിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സൗദിഅറേബ്യയില്‍ സ്ത്രീകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ ഉത്തരവ് വന്നതോടെ വീട്ടു ഡ്രൈവര്‍മാരായി വിദേശ വനിതകളെ കൊണ്ടുവരാനുള്ള തത്രപ്പാടിലാണ് അവിടുത്തുകാര്‍. തൈലാണ്ടും,ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യവനിതാ ഡ്രൈവര്‍മാര്‍ സൗദി അറേബ്യയില്‍ എത്തുന്ന നാളുകള്‍ വിദൂരമല്ല.
എന്നാല്‍ പലപേരുകളിലായി നമുക്കും ഒരുപാടു പ്രവാസ പദ്ധതികള്‍ ഉണ്ട്. ഒരു പ്രവാസി ക്ഷേമകാര്യ വകുപ്പും ഉണ്ട്. നോര്‍കയില്‍ വായ്പ എടുക്കാനായി പോയവരുടെ ഒരു പാട് കഷട്ടപ്പാടിന്റെ കഥകള്‍ നിത്യേനയെന്നോണം നാം കേള്‍ക്കുന്നു, ഇപ്പോഴിതാ പ്രവാസി
ക്ഷേമനിധിയും വരുന്നു. പക്ഷെ, ഈ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ പാവപ്പെട്ട തിരിച്ചുവരാന്‍ നിര്‍ബന്ധിതരായ പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല. പ്രവാസ വകുപ്പിലും നോര്‍ക്ക മുതലായ സ്ഥാപനങ്ങളിലും കാലികമായ പരിഷ്‌കാരങ്ങള്‍ വരുത്താത്തെ ജീര്‍ണിച്ച സംവിധാനങ്ങള്‍ മാറ്റാതെ
പ്രവാസികള്‍ക്ക് യാതൊന്നും ലഭിക്കില്ല. ഇന്നത്തെ ബ്യൂറോക്രസി സംമ്പ്രദായത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. അപകടകരമായ, ക്രൂരമായ, മനസാക്ഷിയില്ലാത്ത ഇടപെടലുകള്‍ നടത്തുന്നവരാണ് ഇന്നത്തെ ബ്യൂറോക്രസി. ഇച്ചാശക്തിയുള്ള ഒരു സര്‍ക്കാരിനു മാത്രമേ ഈ
വെള്ളാനകളായ ബ്യൂറോക്രസിയെ നിലക്കു നിര്‍ത്താനാവൂ. വെറും കൈയ്യോടെ തിരിച്ചെത്തുന്ന കഷ്ട്ടത അനുഭവിക്കുന്ന പ്രവാസിക്ക് എന്തെങ്ങിലും ചെയ്തുകൊടുക്കാനുള്ള സന്മനസ്സുള്ള ഒരു ഭരണകൂടമാണ് നമുക്കാവശ്യം.വിദേശ ഇന്ത്യക്കാര്‍ വോട്ടുബാങ്ക് ആവാത്തതിനാലാണ് അവരെ
അവഗണിക്കുന്നത് എന്നതാണ് സത്യം. നോര്‍ക്ക മുതലായ സ്ഥാപനങ്ങള്‍ പ്രവാസികളെ സംരക്ഷിക്കുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ലാത്ത സ്ഥിതിയാണ്. അവര്‍പോലും ഒന്നും ചെയ്യാതെ വെറും നോക്കുകുത്തികളാവുന്ന കാഴ്ച എത്ര വേദനാജനകമാണ്. കഴിഞ്ഞ മൂന്നു
വര്‍ഷം റിട്ടേണ്‍ സമര്‍പ്പിക്കാത്ത നോര്‍ക്ക, നോര്‍ക്ക റൂട്‌സ് എന്നീ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയതും അതിലെ വലിയ എന്‍.ആര്‍.ഐ ഡയറക്ടര്‍മാരേ അയോഗ്യരാക്കിയതും ഈ അടുത്താണല്ലോ.
ഇതില്‍നിന്നുതന്നെ മനസിലാക്കാം ഈ വെള്ളനാവേദി ആര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിച്ചിരുന്നതെന്ന്. ഇത്തരം സര്‍ക്കാര്‍ വേദികളില്‍ കയറികൂടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതും നേരത്തെ പറഞ്ഞ 5%  മാനക്കാര്‍ക്കു തന്നെ. അവിടെ അവര്‍ അവരുടെ സ്വകാര്യ കച്ചവട സാമ്രാജ്യങ്ങള്‍ കേട്ടിപോക്കുന്നു. സര്‍ക്കാര്‍ ഇടം വലം തിരിഞ്ഞു നോക്കാതെ
അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന കാഴ്ചകള്‍ എത്ര അപഹാസ്യത്തോടെയാണ് ജനം കാണുന്നത്. സത്യത്തില്‍ ബഹുമാനമര്‍പ്പിച്ചു ജീവിക്കുന്ന പ്രവാസിക്ക് ഇത്തരം സ്ഥാപനങ്ങള്‍ എന്നും അന്യമായിരുന്നു.
ലോകമെമ്പാടും പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണെന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം മറക്കുന്നവരാണ് എല്ലാ ഭരണാധികാരികളും. അവരുടെ നില നില്പ്പിന്നായുള്ള വെട്ടിപിടുത്തങ്ങളാണവരുടെ ലക്ഷ്യം. വിദേശ പണത്തിന്റെ വരവില്‍ കാര്യമായ കുറവാനുഭവപ്പെടുന്നതായി സര്‍ക്കാരും  ബാങ്കുകളും ഒരുപോലെ പറയുന്നു. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്കില്‍ 30 ശതമാനം കുറഞ്ഞതായി ബാങ്കുകള്‍ വെളിപ്പെടുത്തിയത് ഈയ്യടുത്താണ്.
ഇന്ത്യയിലെ നോട്ടു നിരോധനം ബാങ്കുകളുടെ മറ്റും കര്‍ശനമായ നിബന്ധനകള്‍ കാരണം വിദേശ ഇന്ത്യക്കാര്‍ പണം അയക്കാന്‍ മടിക്കുന്നു. ഇപ്പോള്‍ ഗള്‍ഫ് ജോലി ഭ്രമം പഴയപോലെ ഇല്ലാതായിട്ടുണ്ട്. ഗള്‍ഫില്‍ എണ്ണയുടെ വിലക്കുറവ് ഒരു ഭാഗത്ത്, യൂറോപ്പില്‍ ബ്രക്‌സിത്, അമേരിക്കയില്‍ ട്രമ്പ് ഭരണകൂടം എച് 1 വിസക്ക് എര്‌പെടുത്തിയ വിലക്ക്. പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് ഗള്‍ഫ് മലയാളി മുങ്ങി നനയുകയാണ്. അവനെ കരക്കുകയറ്റി മേലാസകലം തുടച്ചുകൊടുക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം. പ്രവാസി ക്ഷേമനിധിയുടെ വിതരണത്തിലും സേവനത്തിലും സുതാര്യത ഉറപ്പുവരുത്തുകയും അര്‍ഹതപ്പെട്ടവര്‍ക്ക് അത് നല്‍കുവാനുള്ള സംവിധാനങ്ങള്‍ അടിയന്തിരമായും നടപ്പില്‍വരുത്തുകയും വേണം.

മറക്കപെടുന്ന ഇന്ത്യയുടെ ആത്മാവ്:——————————————————————————-

കൈകുഞ്ഞുങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള സ്ത്രീകളുടെ ഭിക്ഷാടനം ഇന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും സര്‍വസാധാരണമായിട്ടുണ്ട്. കൊയിലാണ്ടിയില്‍ ഇയ്യടുത്ത ദിവസം കൈകുഞ്ഞുങ്ങളെ കാട്ടി യാചിക്കുന്ന ചില സ്ത്രീകളെ പോലീസില്‍ എത്തിച്ച വാര്‍ത്ത ചില
പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ ആന്ധ്രാപ്രദേശ്, ചണ്ഡിഘട് എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. ഒരര്‍ത്ഥത്തില്‍ ഇവരും പ്രവാസികളാണ്. വിശപ്പടക്കാന്‍ വഴിയില്ലാതെ സ്വന്തം നാടും വീടും വിട്ടിറങ്ങിയവരാണവര്‍. അതല്ലെങ്ങില്‍ ഏതോ ഒരു വലിയ
ഭിക്ഷാടന മാഫിയകളുടെ വലയില്‍ പെട്ടവരുമാവാം. രണ്ടായാലും ഈ പ്രവാസികളെ തിരിച്ചയക്കാന്‍ അവര്‍ക്ക് ഒരു സ്ഥലമുണ്ട്. പക്ഷെ, ഗതിയില്ലാതെ ഗള്‍ഫില്‍ നിന്നും പുറത്താക്കപെടുമ്പോള്‍ അവര്‍ തിരിച്ചു വരേണ്ടത് സ്വന്തം ഭൂമികയിലെക്കല്ലാതെ മറ്റെവിടെ പോവാന്‍.മുമ്പൊരിക്കല്‍, ഏറെക്കാലം ഗള്‍ഫില്‍ കഴിഞ്ഞ കുട്ടികളുമായി ഡല്‍ഹി കാണാന്‍ ഞാന്‍ വന്നിരുന്നു. അതിമാനോഹരമായ ഇന്ത്യന്‍ തലസ്ഥാനനഗരി പഴമയുടെ ഗാംഭീര്യം വിളിച്ചോതുന്നതായിരുന്നു. കുത്തബ് മിനാറും, ഇന്ത്യ ഗേറ്റും,റെഡ് ഫോര്‍ട്ടും,ജന്ദര്‍ മന്തിരും, എല്ലാറ്റിനെക്കാളും സുന്ദരമായ ഇന്ത്യന്‍ പാര്‍ലിമെന്റ് മന്ദിരവും കണ്ടു മടങ്ങവേ ഞങ്ങളുടെ കാര്‍
ഡല്‍ഹിയിലെ തിരക്കുള്ള ചില ട്രാഫിക് സിഗ്‌നലില്‍ ഒരല്‍പം നിര്‍ത്തുംമ്പോഴേക്കും കാറിന്നടുത്തെക്ക് ഓടിവരുന്ന മുഷിഞ്ഞവസ്ത്രം ധരിച്ച കൊച്ചുകുട്ടികള്‍ ചില്ല് ഗ്ലാസില്‍ തട്ടി യചിക്കുന്ന രംഗം സര്‍വസാധാരണമാണ്. എന്റെ കുട്ടികള്‍ക്ക് ഇതോരു ആദ്യ കാഴ്ചയായിരുന്നു. അവര്‍ പൈസക്കുവേണ്ടി യാചിക്കുന്നു, ചിലര്‍ ചില്ല് താഴ്ത്തി നാണയങ്ങള്‍ അവരുടെ കൈകള്‍ സ്പര്‍ശിക്കാതെ കൊടുക്കുന്നു. മറ്റുചില കുട്ടികള്‍ കളിക്കോപ്പുകളും, കാര്‍ക്ലീനറും വില്‍ക്കുന്നു. പുറകിലെ സീറ്റില്‍ നിന്നും അതിശത്തോടെ മകള്‍ ചോദിച്ചു: ഇവര്‍ എന്തുകൊണ്ടാണ് സ്‌കൂളില്‍ പോവാത്തത് മകളുടെ മുഖത്തുള്ള വ്യാകുലത എനിക്ക് മനസ്സിലായി. ജീവിതത്തില്‍ ആദ്യമായി അവള്‍ കാണുന്ന കാഴ്ചയാണത്. ഞാന്‍ അല്‍പം സ്വരം താഴ്ത്തി പറഞ്ഞു: അവര്‍
പാവങ്ങളായ കുട്ടികളാണ്…അവര്‍ക്ക് സ്‌കൂളില്‍ പോയി പഠിക്കാന്‍ പറ്റില്ല….അവരുടെ അമ്മമാരും അച്ചന്മാരും കുറച്ചകലെ മക്കള്‍ യാചിക്കുന്ന കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു. അവരും നിസ്സഹായരായ മനുഷ്യരാണ്. അവര്‍ അന്തിയുറങ്ങുന്നത് ഈ തെരുവിലാണ്, ഏതെങ്കിലും
കടത്തിണ്ണയില്‍, വലിയ പാലത്തിന്റെ ചുവട്ടില്‍. ദുസ്സഹമായ ആ കാഴ്ച്ചയുടെ രംഗങ്ങള്‍ പലപ്പോഴായി എന്റെ മനസ്സില്‍ പ്രതിഫലിക്കാറുണ്ട്. എന്റെ മകളുടെ ചിന്തയില്‍ മിന്നിമറിയുന്ന ഇന്ത്യയുടെ ചിത്രം മറ്റൊന്നായിരുന്നു. ചോവ്വയിലെക്കും, ആകാശത്തിന്റെ ശൂനയതയിലേക്കും ഉപഗ്രഹങ്ങള്‍ അയക്കുന്ന ഇന്ത്യ, വിദേശ ബാങ്കുകളില്‍ വന്‍നിക്ഷേപമുള്ള ഇന്ത്യക്കാരുള്ള ഇന്ത്യ. ജി.എസ്.ടി യും ഡിജിറ്റല്‍ ഇടപാടുകളും നടക്കുന്ന ഇന്ത്യ. പക്ഷെ സ്വന്തം പൗരനും അവരുടെ
കൊച്ചു കുട്ടികള്‍ക്കും ശുദ്ധവെള്ളം കൊടുക്കുവാനോ, നിരന്തരമായി വെളിച്ചം കൊടുക്കുവാനോ കഴിയാത്ത ഇന്ത്യ. (അവിടത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാവാതെ മരിച്ച കുട്ടികളുടെ എണ്ണം ഗുജറാത്ത് കലാപത്തില്‍ മരിച്ച മനുഷ്യരെക്കാള്‍ കൂടുതലായിരുന്നു,
) ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്താനാവാതെ നട്ടം തിരിയുന്ന ഭാരണാധിപന്മാരുള്ള ഇന്ത്യ. ദൈന്യമായ മുഖവുമായി നാളെയും ഈ കൊച്ചുകുട്ടികള്‍ ട്രാഫിക് സിഗ്‌നലില്‍ ഒരു നാണയത്തിനായി കൈ നീട്ടും. യൂറോപ്പിലും അമേരിക്കയിലും ഞാന്‍ ദരിദ്രരായ യാചകരെ കണ്ടിട്ടുണ്ട്, പക്ഷെ അത് കൊച്ചുകുട്ടികളല്ല, കുട്ടികളുടെ യാചന അവിടങ്ങളില്‍ കര്‍ശന നിയമം മൂലം വിലക്കിയിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്നവരുടെ യാചന ഒരു ക്ലാസ്സിക്കല്‍ രൂപത്തിലാണ്, അവര്‍ ഒരു പ്ലേകാര്‍ഡ് ഉയര്‍ത്തിപിടിക്കും അതില്‍ ഒരു വാചകം എഴുതിയിട്ടുണ്ടാവും ഞാന്‍ ദരിദ്രനാണ്, എന്നെ സഹാ യിക്കൂ. മറ്റുചിലരാവട്ടെ ഗിത്താറിന്റെ സംഗീതം നിങ്ങളെ കേള്‍പ്പിക്കും, പാട്ടുപാടും
.അവിടെയും കാണും ഒരു പ്ലേകാര്‍ഡ് ‘എന്നെ സഹായിക്കൂ’. ഒന്നാംകിട രാജ്യങ്ങളിലെ ചില നല്ല നടപ്പുകള്‍ നാം അനുകരിക്കാതിരിക്കുമ്പോള്‍ അവിടത്തെ എല്ലാ ചീത്തകാര്യങ്ങളും നമ്മള്‍ സ്വായത്തമാക്കാന്‍ തിടുക്കം കൂട്ടും. ഗള്‍ഫ് രാജ്യങ്ങളില്‍ ജനിച്ചുവളര്‍ന്ന മലയാളി കുട്ടികള്‍ ഇന്ത്യയെ കണ്ടു മടങ്ങുബോള്‍ അവരുടെ മനസ്സില്‍ വരക്കാന്‍ ചില ചിത്രങ്ങള്‍ ഉണ്ടാവും. അടുത്ത അവധിക്കാലത്ത് അവര്‍ പറയും ഡാഡി വൈ കാണ്ട് വീ ഗോ സം അദര്‍ പ്ലൈസസ്….ലൈക് യൂറോപ്പ്, യു.എസ് ഓര്‍ ഈവന്‍ ഫാര്‍ഈസ്റ്റ് കണ്ട്രീസ്….. ഇന്ത്യ മാറണം അഥവാ ഇന്ത്യയെ
മാറ്റണം . പ്രവാസി കുട്ടികളുടെ മനസ്സില്‍ മാത്രമല്ല ഈ ധാരണ, ഇന്ത്യയില്‍ അധിവസിക്കുന്ന ഓരോ പൗരനിലും അവനറിയാതെ ഒരു മാറ്റത്തിന്റെ മുറവിളി രേഖപ്പെടുത്തുന്നു. ഇന്ത്യയുടെ മുഖം മാറണം, അതോടൊപ്പം പ്രവാസിയുടെ മുഖവും.

പ്രവാസിയുടെ ഭാവിയും ഗള്‍ഫ് പ്രതിസന്ധിയും.————————————————————–

അത്യന്തം ഭയാനകമായ ഒരു കാലത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ മനുഷ്യരുടെയും മനസ്സില്‍ ഭീതിയാണ്. ഇന്നിന്റെ അവസാനം എന്റെതുകൂടി ആയിപ്പോവുമോ എന്ന പേടിയോടെയാണ് ഗള്‍ഫില്‍ പ്രവാസിയുടെ ജീവിതം. ജനവരി ഒന്നുമുതല്‍ സൌദിഅറേബ്യയും യു.എ.ഇ.യും വാറ്റ് നടപ്പാക്കിയതോടെ മായാളികള്‍ അടക്കമുള്ള പ്രവാസികള്‍ അങ്കലാപ്പിലാണ്. യാതൊരു ടാക്‌സും നാളിതുവരെ കൊടുത്തിട്ടില്ലാത്ത,യാതൊരു നികുതിപ്പിരിവുകളും നടപ്പിലില്ലാത്ത രണ്ടു രാജ്യങ്ങള്‍ ഇതാ പുതുവത്സര സമ്മാനമായി നികുതികള്‍ നടപ്പാക്കുന്നു. സാധാരണക്കാരന്റെ ജീവിതചെലവുകള്‍ കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം സൗദിഅറേബ്യ നടപ്പില്‍ വരുത്തികൊണ്ടിരിക്കുന്ന സ്വദേശിവല്‍കരണം എല്ലാ മേഘലകളെയും ഗ്രസിച്ചു കഴിഞ്ഞു. അനതിവിദൂരമല്ലാത്ത ഭാവിയില്‍ ഒരു വലിയ ഒഴിഞ്ഞുപോക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

വര്‍ഷങ്ങള്‍ക്കുമുമ്പ് മിഡില്‍ഈസ്റ്റില്‍ ഉടലെടുത്ത മുല്ലപ്പൂ വിപ്ലവത്തിനുശേഷം അവിടങ്ങളിലെ സാഹചര്യങ്ങളില്‍ ഒരു പാട് മാറ്റങ്ങള്‍ വന്നുചേര്‍ന്നു. അതിനുമുമ്പുണ്ടായ ഒന്‍പതു വര്‍ഷം നീണ്ടുനിന്ന ഇറാന്‍ഇറാഖ് യുദ്ധവും, 1992ലെ ഗള്‍ഫ് യുദ്ധവും ഗള്‍ഫ് ഭരണാധികാരികളില്‍ മറ്റൊരു ചിന്തക്ക് വിത്തുകള്‍ പാകി. അവ മുളച്ചു വലുതാവുന്നതോടെ സ്ഥിതിഗതികള്‍ മാറിവരികയാണ്. തദ്ദെശീയരെ കൂടുതല്‍ സംരക്ഷിക്കാനും തങ്ങളുടെ രാജ്യത്തിന്റെറ സുരക്ഷിതത്വം  ഉറപ്പുവരുത്തുവാനും ഭരണാധികാരികള്‍ നിര്‍ബന്ധിതിതരവുകയാണ്.
ഓരോ ദിവസവും ഭീധിതമായ വാര്‍ത്തകളാണ് മിഡില്‍ഈസ്റ്റില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നതു. കൊടിയപീഡനത്തിനിരയായ സിറിയക്കരുടെയും അവിടങ്ങളില്‍നിന്നും പാലായനം ചെയ്യുന്ന മനുഷ്യരുടെയും കഥകള്‍ ഇന്നും അവസാനിച്ചിട്ടില്ല.ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ
ആരൊക്കെയോ എറിഞ്ഞുകൊടുക്കുന്ന ഉച്ചിഷട്ടങ്ങളും, ചത്ത പക്ഷികളുടെയും, മൃഗങ്ങളുടെയും മാംസങ്ങളും, പോകന്ന വഴിയില്‍ കാണുന്ന ഇലകളും മറ്റും കഴിച്ചു ജീവന്‍ നിലനിര്‍ത്താന്‍ പെടാപാട്‌പെടുന്ന അഭയാര്‍ത്ഥികള്‍ കടല്‍ വഴി കിട്ടുന്ന ബോട്ടിലും തോണിയിലും കയറി ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന വാര്‍ത്തകള്‍ ഇന്ന് പുതുമയല്ലാതെ മാറിയിരിക്കുന്നു. ഒരു തുടര്‍ക്കഥപോലെ മീഡിയ അവ പുറത്തു വിട്ടുകൊണ്ടിരിക്കുന്നു. അതിന്നിടയില്‍ ഇന്നിന്റെ വാര്‍ത്താമാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത് രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദയനീയ ചിത്രങ്ങളാണ്.
മനുഷ്യത്വരഹിതമായി പെരുമാറാന്‍ ബര്‍മ്മയിലെ ഭരണാധികാരിക്ക് ആവുന്നതെങ്ങനെ എന്ന് ലോകം മൂക്കില്‍ വിരല്‍വെച്ചു ചോദിക്കുമ്പോള്‍ ഇവിടെ പ്രസക്തമാവുന്ന ചോദ്യം മറ്റൊന്നാണ്. തദ്ദെശീയരല്ലാത്തവരെ നാടുകടത്താന്‍ സൂചി കാണിക്കുന്ന ഈ തിടുക്കം പോലെ നാളെ സ്വയം
പര്യാപ്തതയില്‍ എത്തിച്ചേരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും അന്യദേശക്കാരായ പ്രവാസികളോട് സൗമ്യമായഭാഷയില്‍ (മ്യാന്മാറിലെ ക്രൂരമായ ഭരണഭാഷ ഒരിക്കലും ഉണ്ടാവില്ലന്നു നമുക്ക് പ്രതീക്ഷിക്കാം) അവര്‍ പറയുമായിരിക്കും വന്നിടത്തേക്കുതന്നെ തിരിച്ചു പോവാന്‍.
ബലപ്രയോഗമോ, ക്രൂരമായ പെരുമാറ്റമോ ഇല്ലാതെതന്നെ ഈ പ്രക്രിയ ഓരോ ഗള്‍ഫ് രാജ്യങ്ങളിലും നിശബ്ദമായി ആരംമ്പിച്ചിരിക്കുന്നു എന്ന യാഥാര്‍ത്യം പ്രവാസികള്‍ അറിഞ്ഞില്ലന്ന് നടിക്കരുത്. കരുതലോടെയാവണം ഇനിയുള്ള ഓരോ നാളുകളും തള്ളിനീക്കേണ്ടത്. സ്വപ്നങ്ങളോട്
മത്സരിക്കാന്‍ മിനക്കെടാതെ ആവതുള്ളകാലത്ത് അവര്‍നല്‍കുന്ന ഔധാര്യത്തിന്റെ കാലയളവില്‍ ശരിയായ മാര്‍ഗത്തില്‍ നാല്കാശുണ്ടാക്കി ജന്മം തന്ന നാട്ടില്‍ കൂടണയാന്‍ പ്രവാസികള്‍ തിടുക്കം കൂട്ടുന്നതായിരിക്കും നല്ല ബുദ്ധി. കാരണം വെറും കൈയോടെതിരിച്ചെത്തിയാല്‍ നമ്മുടെ സര്‍ക്കാര്‍ നിങ്ങളെ സഹായിക്കില്ല എന്ന തിരിച്ചറിവുകൂടി പ്രവാസികളില്‍ ഉണ്ടാവണം. ഓരോ പ്രവാസിയും ഗള്‍ഫിലേക്ക് വിമാനം കയറുമ്പോള്‍ അവന്റെ മനസ്സില്‍ സ്വപ്നങ്ങളുടെ ഒരായിരം  റകുകളായിരുന്നു,പക്ഷെ അവിടത്തെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുമ്പോള്‍ സ്വപനങ്ങളുടെ ഓരോ ചിറകും ഓരോന്നായി നഷ്ട്ടപെടുന്നു. ഒടുവില്‍ ചിറകില്ലാത്ത പ്രവാസിയായി നാട്ടില്‍ തിരിച്ചെത്താന്‍ അവന്‍ തിടുക്കപെടുന്നു. ഈ സത്യം കാണാനും കേള്‍ക്കാനും പ്രവാസികള്‍ക്ക് ഒരത്താണിയുണ്ടാവണം.

ഹസ്സന്‍ തിക്കൊടി
9747883300
കോഴിക്കോട്

3 Comments

 • Dr Ibrahim Reply

  January 12, 2018 at 7:13 pm

  Dear Hassan,This is an excellent article on the plight of pravasis in the middle east and on the hippocrisy of poltitians who diregard the core issues.

 • Rajeev KT Reply

  January 13, 2018 at 3:55 pm

  Indeed an excellent article on pravasis and the difficulties fased by them which is not known to the family over here👍Shame on the politicians who do not see to these severe issues of the pravasis

 • Athiya KP Reply

  January 27, 2018 at 12:58 pm

  വളരെ നന്നായിരിക്കുന്നു.
  പ്രവാസി എന്നു വിളിക്കുന്ന ഒരു കോമളിയുടെ യഥാർത്ഥ ദുഃഖങ്ങൾ വരച്ചുകാട്ടുന്ന നേർചിത്രം.

  പ്രവാസി ദിവസ് എന്നെ പേരിട്ടു നടത്തുന്ന കോപ്രായങ്ങൾ നാമെല്ലാം കാണുന്നതാണ്.

  കോടികോടീശ്വരന്മാരെ അവാർഡ് നൽകി ആദരിക്കൽ അല്ലാതെ പാവപെട്ട പ്രവാസിക്ക് ഒരു ഉപകരവും നാളിന്നുവരെ ഉണ്ടായിട്ടില്ല.

  കാത്തിരിക്കുക കുടിയൊഴിലിന്റെ നാളുകൾ.
  ഇനി അധികം ഇല്ല……

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar