All for Joomla The Word of Web Design

കമലിന്റെ ആമിയില്‍ തൊപ്പിക്കാരന്‍ ചരിത്രം തിരുത്തുമ്പോള്‍

: അമ്മാര്‍ കിഴുപറമ്പ് :

കമല്‍ സംവ്വിധാനം ചെയ്ത ആമി വിവാദങ്ങളുടെ പെരുമഴയിലേക്ക് പെയ്തിറങ്ങുന്നു. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ മാധവിക്കുട്ടിയുടെ പ്രധാന കൃതിയായ എന്റെ കഥയുടെ ചലച്ചിത്ര ഭാഷ്യമാണ്. കല്‍ക്കത്തയിലും പുന്നയൂര്‍കുളത്തും ബോംബെയിലും അവര്‍ ജീവിച്ചകാലത്തെ അനുഭവങ്ങളും എഴുത്ത് ജീവിതവും ദാമ്പത്യജീവിതവും നിറഞ്ഞ ചലച്ചിത്രം വസ്തുതകളോട് നീതി പുലര്‍ത്തുന്നു. എന്നാല്‍ രണ്ടാം പാതിയില്‍ മലയാളത്തിന്റെ മഹാപ്രതിഭയോടും അവരുടെ ജീവിതത്തോടും സമൂഹം പുലര്‍ത്തിയ ധാരണകളെ അപ്പാടെ മാറ്റിമറിക്കുകയാണ് അക്ബര്‍ അലി എന്ന കഥാപാത്രം. സിനിമയെ മാത്രമല്ല, മഹാപ്രതിഭയുടെ ജീവിതത്തെ തന്നെ അവഹേളിക്കുന്ന തരത്തിലാണ് അനൂപ് മേനോന്റെ അക്ബര്‍ അലി എന്ന കഥാപാത്രം അഭിനയിച്ചു തീര്‍ക്കുന്നത്. വേഷ വിധാനത്തിലും സംസാരത്തിലും മാത്രമല്ല, കമലാ സുരയ്യയുടെ വിവരണത്തിലൂടെ തന്നെ അനൂപ് മേനോന്‍ ചെയ്ത അക്ബര്‍ അലി എന്ന കഥാപാത്രം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവാണെന്നു ആര്‍ക്കും ബോധ്യമാകും. മാധവിക്കുട്ടിയുടെ മതം മാറ്റത്തിനു പിന്നില്‍ ഈ നേതാവിന്റെ പ്രണയവും അവരെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യവുമാണെന്ന വാര്‍ത്ത പലപ്പോഴും മാധവിക്കുട്ടിയുടെ മതം മാറ്റ വേളയില്‍ തന്നെ പലരും അടക്കം പറഞ്ഞിരുന്നതാണ്. ചില ഹൈന്ദവ തീവ്രവാദ പ്രസ്ഥാനങ്ങള്‍ അത്തരത്തിലുള്ള പ്രചാരണം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വാസ്തവ വിരുദ്ധമോ അസത്യമോ ആയ കാര്യത്തെ വസ്തുതയായി അവതരിപ്പിക്കുകയാണ് ആമിയില്‍ കമല്‍ ചെയ്യുന്നത്. കമല്‍ ആമി എന്ന ചിത്രം എന്തിനു വേണ്ടിയാണ്, ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് നിര്‍മ്മിച്ചത് എന്ന് സംശയം പ്രേക്ഷകനില്‍ ഉടലെടുക്കുന്നത് ഈ വേളയിലാണ്. മാധവിക്കുട്ടി എന്ന മലയാളത്തിന്റെ മാത്രമല്ല സാഹിത്യലോകത്തിന്റെ വരദാനമായ പ്രതിഭയുടെ ജീവിതം അഭ്രപാളിയില്‍ വരച്ചിടുമ്പോള്‍ ഒന്നുകില്‍ വരും തലമുറക്ക് അവരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം ഉണ്ടാവണം. അല്ലെങ്കില്‍ സംഭവ ബഹുലമായ ഒരു ജീവിതത്തെ കാണികള്‍ക്ക് മുന്നില്‍ ഒരു സിനിമ എന്ന നിലയില്‍ അവതരിപ്പിക്കുക എന്നതാവണം. പക്ഷെ കമലിന് രണ്ടിലും പിഴച്ചു എന്നു തന്നെയാണ് ചിത്രം സമര്‍ത്ഥിക്കുന്നത്.
അക്ബര്‍ അലി എന്ന പേര് മാറ്റിയതു കൊണ്ട് കമല്‍ ഉദ്ദേശിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവര്‍ പറഞ്ഞു നടന്ന കഥയിലെ ആള്‍ അയാള്‍ അല്ലാതാവുന്നില്ല. ഉറുദുവില്‍ വാചാലനായ,സൗകുമാര്യ ശബ്ദത്തിന്റെ ഉടമയായ, രണ്ടു പെണ്ണു കെട്ടിയ, ഗസല്‍ പ്രേമിയായ, ഡല്‍ഹിയില്‍ നിറഞ്ഞു നില്‍ക്കുന്ന, പ്രസംഗത്തില്‍ ബൈബിളും, ഭഗവത്ഗീതയും, ഖുര്‍ആനും കാവ്യ ശകലങ്ങളാക്കി പേമാരി പെയ്യിക്കുന്ന ആള്‍ എന്നു പറഞ്ഞാല്‍ മലയാളിക്കു ആളെ ഏത് അന്ധകാരത്തിലും തിരിച്ചറിയാന്‍ കഴിയും. പിന്നെന്തിന് ആ കഥാപാത്രത്തിന്റെ പേര് മാത്രം മാറ്റി എന്നത് സംവ്വിധായകനില്‍ സംശയം നിറയ്ക്കുന്നു. വര്‍ഷങ്ങള്‍ എടുത്ത് ചെയ്ത തിരക്കഥയില്‍ ഇത്തരമൊരു ക്ലൈമാക്‌സ് കഥാപാത്രത്തെ സന്നിവേഷിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും കമല്‍ മാധവിക്കുട്ടിയുടെ മക്കളോടും ബന്ധുക്കളോടും ചര്‍ച്ചചെയ്തിരിക്കും. അടുത്തകാലത്ത് നമ്മില്‍ നിന്നും വിടപറഞ്ഞ മാധവിക്കുട്ടിയുടെ ജീവിത കാലത്ത് അവരുടെ വാക്കുകള്‍ കണ്ടും കേട്ടും ജീവിച്ചവരാണ് സിനിമ കാണുന്ന മിക്കവരും.അതുകൊണഅടു തന്നെ ഈ വിഷയത്തില്‍ ആധികാരികമായി തെളിവുകളും അനുഭവങ്ങളും കമലിനും മലയാളികള്‍ക്കും നല്‍കാന്‍ അവരുടെ മക്കളും അടുത്തവരും ജീവിച്ചിരിപ്പുണ്ട്.ആരെയാണോ കമല്‍ പ്രതി നായക സ്ഥാനത്ത് പ്രതിഷ്ടിച്ചത് അയാള്‍ തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കട്ടെ.


അമ്പലത്തില്‍ തൊഴാന്‍പോയപ്പോള്‍ വിധവയായ താന്‍ അപശകുനമാണെന്ന മറ്റുള്ളവരുടെ കുത്തുവാക്കില്‍ നിന്നാണ് സത്യത്തില്‍ അവര്‍ മതങ്ങളെ കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചത് എന്നു ചിത്രത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം അക്ബറിനോട് തന്നെ അവര്‍ ചോദിക്കുന്നുമുണ്ട്. വിധവയെക്കുറിച്ച് ഇസ്ലാം എന്ത് പറയുന്നു എന്ന്. അവര്‍ക്ക് പുനര്‍ വിവാഹം വരെ ഇസ്ലാം അനുവദിക്കുന്നു എന്ന് അക്ബര്‍ മറുപടിയും നല്‍കുന്നു. എന്നാല്‍ അക്ബറിനെ കണ്ട മുതല്‍ അയാളില്‍ പ്രണയവതിയാവുകയായിരുന്നു മാധവിക്കുട്ടി. അയാളഉടെ സ്‌നേഹമസൃണമായ പെരുമാറ്റവും അറിവും വാക്‌ധോരണിയും എല്ലാം അവളില്‍ അനുരാഗം ജനിപ്പിച്ചു. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തിന്റെ സകല ഐശ്വര്യങ്ങളും പ്രതാപവും വറ്റിപ്പോയ മാധവിക്കുട്ടിയില്‍ പ്രതാപത്തിന്റെ കുളിര്‍തെന്നലാവുകയായിരുന്നു അവര്‍. അക്ബര്‍ അലിയുടെ സ്‌നേഹ നിര്‍ബന്ധത്തിനു മുന്നില്‍ അയാളുടെ അതിഥിയായി മാധവിക്കുട്ടി രണ്ടു ദിവസത്തേക്ക് അക്ബറിന്റെ വീട്ടിലെത്തുന്നു. ഈ സന്ദര്‍ശന ദിവസത്തെ രാത്രിയില്‍ അക്ബറിന്റെ വീട്ടില്‍ ഭാര്യ ഇല്ലാത്ത സാഹചര്യം കമല്‍ ഒരുക്കുന്നുണ്ട്. ഭാര്യയുടെ അനുജത്തിയുടെ വിവാഹത്തിനു വസ്ത്രമെടുക്കാന്‍ പോവുകയാണ് ഗൃഹനാഥ. നിലാവു പെയ്യുന്ന രാത്രിയില്‍ പ്രണയ പരവശരായ രണ്ടുപേര്‍ തനിച്ചാവുമ്പോള്‍ എന്ത് സംഭവിക്കുമോ അവ കൃത്യമായ സൂചനകളിലൂടെ സംവ്വിധായകന്‍ കാണികള്‍ക്കു നല്‍കുന്നു. പാതിരാത്രിയില്‍ നിലാവു നോക്കി കൊണ്ട് വീടിന്റെ മുകളിലിരുന്ന് അക്ബര്‍ അലി പറയുന്നുണ്ട്. ഈ രാത്രിയില്‍ സംഭവിച്ചുപോയ തെറ്റിനു(തെറ്റാണെന്നു തോന്നുന്നുണ്ടെങ്കില്‍ )ഞാനെന്ത് പ്രായശ്ചിത്തമാണ് വേണ്ടതെന്ന് പറയൂ എന്ന്. മതം മാറി മുസ്ലിമായാല്‍ മുസ്ലിം വിധവക്ക് പുനര്‍ വിവാഹവും സാധ്യമാണല്ലോ എന്ന മാധവിക്കുട്ടിയുടെ സംസാരത്തില്‍ കമല്‍ പറയാനുള്ളതെല്ലാം പറഞ്ഞു വെക്കുന്നുണ്ട് ഒരു ചരിത്രത്തിന്റെയും പിന്‍ബലമില്ലാതെ. അങ്ങകലെ കാണുന്ന പ്രഭാത നക്ഷത്രത്തെ കാണിച്ച് ഇതാണ് സുരയ്യ എന്ന് കൂടി അക്ബര്‍ പറയുകയും ആ പേര് പിന്നീട് മാധവിക്കുട്ടി സ്വീകരിക്കുകയും ചെയ്യുമ്പോള്‍ പ്രണയത്തിന്റെ പാരമ്യത പ്രേക്ഷകനില്‍ നിറയുന്നു.പിന്നീട് നാം കാണുന്നത് ഇസ്ലാം മതം ആശ്ലേഷിച്ച മാധവിക്കുട്ടി എന്ന കമലാ സുരയ്യയേയാണ്. കേരളത്തിലും അവരുടെ കുടുംബങ്ങളിലും അക്കാലത്ത് നടന്ന സര്‍വ്വ കാര്യങ്ങളും കമല്‍ പുനരവതരിപ്പിക്കുന്നു. മുസ്ലിം സംഘടനകളുടെ സംരക്ഷണവും ഹൈന്ദവ തീവ്ര സംഘടനകളുടെ പ്രതിഷേധവും എല്ലാം കമലാ സുരയ്യയെ സംഘര്‍ഷത്തില്‍ പെടുത്തുമ്പോള്‍ അവര്‍ അക്ബര്‍ അലിയെ കാണാന്‍ ഒരുരാത്രിയില്‍ ഒഴിഞ്ഞ ഒരു റോഡരികില്‍ എത്തുന്നുണ്ട്. വിവാഹം എന്നത് നടക്കില്ലെന്നും എന്റെ ഭാവിയെ അത് ബാധിക്കുമെന്നും അതുകൊണ്ട് ഞാന്‍ ഡല്‍ഹിയിലേക്കു മടങ്ങുകയാണെന്നുമാണ് അക്ബര്‍ നിലപാട് വ്യക്തമാക്കുന്നത്. കമല പറയുന്നതാവട്ടെ ഞാന്‍ മുസ്ലിം ആണല്ലോ അതു കൊണ്ട് നിങ്ങളെ ശപിക്കാന്‍ പറ്റില്ലല്ലോ എന്നാണ്. കാമുകന്റെ ചതിയില്‍ മനം നൊന്ത് മാധവിക്കുട്ടി ഡ്രൈവറോട് വണ്ടി വിടാന്‍ ആവശ്യപ്പെടുന്നു.താരതമ്യ പഠനത്തിലൂടെ മതത്തെ മനസ്സിലാക്കി വിശ്വാസത്തിലേക്ക് വന്ന പ്രഗത്ഭ വ്യക്തിത്വം എന്ന നിലക്കാണ് മാധവിക്കുട്ടിയുടെ മതം മാറ്റത്തെ മലയാളി കണ്ടത്. പക്ഷെ, ആ ചരിത്രത്തെ പ്രേമത്തിലും പുരുഷനില്‍ കാമംതീരാത്ത മതിഭ്രമം ബാധിച്ച ഒരെഴുത്തുകാരിയുടെ കല്ല്യാണ ഭ്രാന്തായും ചിത്രീകരിക്കാന്‍ കമലിനെ പ്രേരിപ്പിച്ചതെന്താണ് എന്നാണ് പ്രേക്ഷകര്‍ സംശയിക്കുന്നത്. കേട്ടുകേള്‍വിയെ ചരിത്രവും സത്യവുമായി അവതരിപ്പിക്കുക വഴി കമല്‍ ആരെയാണ് തൃപ്തിപ്പെടുത്തുന്നത് എന്നതും അജ്ഞാതമാണ്.


പിന്നീട് കോലാഹളങ്ങള്‍ ശക്തി പ്രാപിക്കുമ്പോഴാണ് കമലാ സുരയ്യ നീര്‍മ്മാതളവും കാവും തേടി പുന്നയൂര്‍കുളം സന്ദര്‍ശിക്കാന്‍ എത്തുന്നത്.പര്‍ദ്ദ ധരിച്ചുകൊണ്ട് കാവില്‍ വിളക്കു വെക്കുമെന്ന തീരുമാനത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ എതിര്‍പ്പുമായി എത്തുന്നു. മരിച്ചാലും വേണ്ടില്ല ഞാന്‍ പിച്ചവെച്ചു നടന്ന, എന്റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഈ മണ്ണില്‍ കാലുകുത്തി വിളക്കുവെക്കുമെന്ന ദൃഢനിശ്ചയത്തിനു മുന്നില്‍ പ്രതിഷേധം അലിഞ്ഞു പോവുന്നു. പ്രതിഷേധക്കാര്‍ തിരിച്ചു പോവുമ്പോള്‍ അവിടെ തനിച്ചിരിക്കണമെന്ന മാധവിക്കുട്ടിയുടെ മോഹം സഫലമാക്കുന്നു. നീര്‍മാതളത്തിന്നു ചുവട്ടില്‍ പൊയ്‌പ്പോയ വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ക്കു ചുവട്ടില്‍ മാധവിക്കുട്ടി ഇരിക്കുമ്പോള്‍ പഴയ വീട്ടുവേലക്കാരി കാവില്‍ വിളക്കു കത്തിക്കുന്നു. ഈ സമയത്താണ് മാധവിക്കുട്ടിയുടെ സാക്ഷാല്‍ കൃഷ്ണന്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും വരാത്തതിലും കാണാത്തതിലും കൃഷ്ണനോട് പരിഭവം പറഞ്ഞ മാധവിക്കുട്ടിയോട് കൃഷ്ണന്‍ പറയുന്നത് പര്‍ദ്ദയിലും നീ സുന്ദരിയാണെന്നാണ്. കൃഷ്ണനെ ഞാന്‍ ഇവിടെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു അവര്‍ ആലിംഗന ബദ്ധരാവുന്നു രണ്ടു പേരും. സാന്ത്വനത്തിന്റെ പുതിയ ക്രകാശം മാധവിക്കുട്ടിയില്‍ നിറയുന്നു. ഒരു പക്ഷെ, പഴയ ജീവിതത്തിലേക്കുള്ള ലയനം. പിന്നീട് രോഗക്കിടക്കയിലുള്ള ആമിയെയാണ് കാണിക്കുന്നത്. മരണത്തിന്റെ വിവരണവും. കേരളത്തിലെ പാളയം പള്ളിയില്‍ മുസ്ലിം മതാചാര പ്രകാരം ഭൗതിക ദേഹം മറവു ചെയ്തു എന്ന ചരിത്ര സത്യം കൂടി കമല്‍ വിഴുങ്ങുന്നതോടെ ചിത്രം അവസാനിക്കുന്നു. ഇങ്ങനെ ആമി അവസാനിക്കുമ്പോള്‍ പ്രോക്ഷകരുടെ മനസ്സില്‍ നിറയുന്ന തെറ്റിദ്ധാരണകള്‍ കൊണ്ടു കമല്‍ എന്തു നേടി എന്നതാണ് മലയാളി ചോദിക്കുന്ന സംശയം.
ജാതിമതിലുകള്‍ ഉയരുന്ന,മതപരിവര്‍ത്തനം വിവാദമാകുന്ന കേരളത്തിന്റെ സമകാലികതയിലേക്ക് കമലിന്റെ ആമി എന്ത് സന്ദേശമാണ് നല്‍കുന്നത്. കമല്‍ ആരെയാണ് തൃപ്തിപ്പെടുത്തുന്നത്. മതേതര പ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായ കമല്‍ ആരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്.


വിവാദങ്ങളിലൂടെ ചിത്രം ചര്‍ച്ചചെയ്യപ്പെടുകയും മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയുമാണ് ലക്ഷ്യമെങ്കില്‍ അത് വിജയിച്ചിരിക്കുന്നു. പക്ഷെ, മലയാളിയുടെ മുഖത്തു നോക്കി അസത്യത്തെ സത്യമാക്കി അത് ചരിത്രമാക്കാന്‍ കാണിച്ച വ്യഗ്രത കമല്‍ എന്ന സംവ്വിധായകന്റെ മതേതരമുഖമാണ് നഷ്ടപ്പെടുത്തിയത് എന്നതില്‍ സംശയമില്ല. മാധവിക്കുട്ടിയുടെ ജീവിതത്തെ അസത്യത്തിലൂടെ മാറ്റിയെഴുതിയ കമല്‍ തന്റെ നിലപാടുകളില്‍ നിന്നു ബഹുദൂരം പിറകോട്ടുപോയിരിക്കുന്നു.അക്ബര്‍ അലി ആരാണെന്നു ചിത്രം കണ്ടിറങ്ങുന്ന എല്ലാവര്‍ക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ അറിയാന്‍ കേരള ജനതക്കു ആഗ്രഹമുണ്ടാവുക സ്വാഭാവികം മാത്രം.

4 Comments

 • യൂസഫ്‌ Reply

  February 9, 2018 at 10:59 pm

  മാറിയ കാലത്തിന്റെ നിലപാട്‌ മാറ്റമായി ഈ സിനിമയെ ചരിത്രം രേഖപ്പെടുത്തും. കാരണം മാധവികുട്ടിയെ പോലുള്ള വലിയ പ്രതിഭയുടെ ജീവിതാവിഷ്കാരം സത്യസന്ധമായി അവതരിപ്പിക്കാൻ കമലിന്‌ ഇന്ന് ബുദ്ധിമുട്ടാകുന്നത്‌, ചെയ്യുന്ന ജോലിയിൽ ഒത്തു തീർപ്പ്‌ കാണിക്കേണ്ടി വരുന്നതാണ്‌. മലയാള സിനിമയും, ബുദ്ധിജിവികളും ഇന്ന് പക്ഷംചേരാൻ നിർബന്ധിക്കപ്പെടുകയാണ്‌.അത്‌ കൊണ്ടാണ്‌ ആമു അവമതിക്കപ്പെടുന്നത്‌.

 • Moiden Reply

  February 10, 2018 at 4:00 pm

  The above observation conforms the comments of prominent actress of Bollywood ‘ Mrs. Vidya Balan’ in which she clearly indicated ‘Kamal diverted the story to other level i.e. exaggeration and untrue’ which forced her to withdraw from his film. I believe the induction of masala connecting Madhavi Kutty and prominent politician and orator in the film is an effort to commercialize the film thereby financial gain. But doing so, Kamal violated all the norms and standard and conforming what Sangprivar alleged about her acceptance of Islam. No doubt his work is absolutely absurd and funny.

 • സഫറുള്ള പാലപ്പെട്ടി Reply

  February 10, 2018 at 10:57 pm

  മാധവിക്കുട്ടിയുടെ വ്യക്തി ജീവിതവുമായി നൂറുശതമാനം നിതി പുലർത്താൻ കമലിന് കഴിഞ്ഞിട്ടുണ്ട്.
  കമൽ പറയാതെ പറഞ്ഞ ബഹുഭാഷാ പണ്ഡിതനാൽ മാധവിക്കുട്ടി ചതിക്കപ്പെട്ട വിവരം ലീലാ മേനോൻ , സുകുമാർ അഴീക്കോട് തുടങ്ങിയ തന്റെ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കുകയും മഹിളാ ചന്ദ്രിക പ്രസിദ്ധികരിച്ച കമല സുരയ്യയുടെ ഒരു കഥയിലൂടെ വ്യക്തമാക്കുകയും ചെയ്താണ്.

 • സഹർ അഹമ്മദ് Reply

  February 10, 2018 at 11:20 pm

  അവർ അവരുടെ പ്രണയത്തെയും മതമാറ്റത്തെയും അതിനുശേഷം എഴുതിയ യാ.. അല്ലാഹ്, ഈ ജീവിതം കൊണ്ട് ഇത്രമാത്രം.. എന്നീ കൃതികളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. അവിടെ എവിടെയും അവർ പരാമർശിക്കാതെ പോയ ഒരു വ്യക്തിയുടെ രൂപവും… മറ്റു പല അസൂയാലുകളുടെ വാക്കുകൾ മാത്രം സിനിമയുടെ തിരക്കഥയായി രൂപപ്പെടുത്തുമ്പോൾ സംവിധായകനു ആമിയെന്ന് വിളിക്കപ്പെടുന്ന കമല സുരയ്യയോട് നീതി പുലർത്തുമെന്ന യാതൊരു പ്രതീക്ഷയുമില്ല…

Leave a Reply to യൂസഫ്‌ Cancel reply

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar