കാർത്തികപ്പള്ളി തോട് ‘പൂമീൻപുഴ “യായി അന്താരാഷ്ട്ര വേദിയിലേക്ക്

ഷാർജ : കാർത്തികപ്പള്ളി തോട് പുനർജീവിപ്പിക്കാൻ പരിസ്ഥിതി പ്രവർത്തകർ നടത്തിയ പരിശ്രമം പ്രമേയമായി ബാല സാഹിത്യ കൃതി. പൂമീൻ പുഴയുടെ കഥ എന്ന പേരിൽ ഷാർജ അന്തർദേശീയ പുസ്തകമേളയിൽ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു.
കാർത്തികപ്പള്ളി ഗവ.യു.പി.സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന സുഷമയുടെ നേതൃത്വത്തിൽ തോടിന്റെ ശോച്യാവസ്ഥയ്ക്ക് എതിരെയും ജല സംരക്ഷണത്തിന്റെ ആവശ്യകതയെ മുൻനിർത്തിയും നിരന്തരം പ്രക്ഷോഭണങ്ങളും ജനാവബോധ ക്ലാസുകളും നടത്തിയിരുന്നു. വനമിത്ര അവാർഡ് ജേതാവ് രാധാകൃഷ്ണൻ , സമന്വയ വേദി ചെയർമാൻ ബി.രാജശേഖരൻ , വിക്രമൻ നമ്പൂതിരി, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. അത് പ്രമേയമാക്കി കാർത്തികപ്പള്ളി സ്വദേശിയും കഥാകൃത്തുമായ സജീദ് ഖാൻ പനവേലിൽ ആണ് കൃതി രചിച്ചത്. അനാദിയായപുഴ തന്റെ രക്ഷകയായി എത്തിയ സുഷമ ടീച്ചർക്ക് എഴുതിയ ഭാവനാത്മക കത്തിന്റെ രൂപത്തിലാണ് രചന. തന്നെ നശിപ്പിച്ചാൽ മരിക്കുന്നത് മാനവരാശിയായിരിക്കും എന്നുള്ള മുന്നറിയിപ്പാണ് ഉള്ളടക്കം. വെള്ളവും മീനും പക്ഷികളും പൂമ്പാറ്റകളും , മണൽത്തരിയും പച്ചക്കുതിരയും മറ്റുമാണ് കഥാപാത്രങ്ങൾ. കാസർഗോഡ് മടിക്കേരി ഗവ.ഹൈസ്ക്കൂൾ അധ്യാപകനായ പി.ബന്നിയാണ് ചിത്രങ്ങൾ രചിച്ചത്.
പ്രകാശന വേദി യു.എ.ഇ.യിലെ ഓണാട്ടുകര പ്രദേശത്തുകാരുടെ സംഗമ വേദി കൂടിയായി. എം എൽ എ മാരായ രമേശ് ചെന്നിത്തല , കെ.ടി.ജലീൽ , ഡോ. സി.പി. ബാവ ഹാജി, ഡോ.എ.വി അനൂപ്,റീജൻസി ഗ്രൂപ്പ് ജനറൽ മാനേജർ ഷമീം യൂസുഫ് കളരിക്കൽ, ഷാർജ ഇന്ത്യൻ പ്രസിഡന്റ് വൈ എ റഹീം, പി.കെ. അൻവർ നഹ തുടങ്ങിയവർ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോട് ലിപി പബ്ളിക്കേഷൻസ് ആണ് പ്രസാധകർ. പുസ്തകം തിരുവനതപുരത്ത് നടന്നു വരുന്ന നിയമസഭാ പുസ്തകോൽസവത്തിലും ലഭ്യമാണ്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar