All for Joomla The Word of Web Design

കേരള വികസന നിധി  രൂപീകരിച്ചു.

ഖത്തര്‍: ലോക കേരള സഭയുടെ തുടര്‍ നടപടികളെന്ന നിലയില്‍ കേരള വികസന നിധി  രൂപീകരിച്ചു. പ്രവാസികള്‍ക്ക് നിക്ഷേപ അവസരം സൃഷ്ടിക്കാനും, അത്തരം പദ്ധതികളില്‍ യോഗ്യതയ്ക്കനുസരിച്ച ജോലി നല്‍കാനും പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നു  മുഖ്യമന്ത്രി പ്രഖ്യാപിച്ചതായി ഖത്തറില്‍ നിന്നുള്ള ലോക കേരളസഭാ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോക കേരളസഭ ഗള്‍ഫിലെ സാധാരണ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കിയ പരിപാടിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഭാരതീയ പ്രവാസി ദിവസ് പോലുള്ള ചടങ്ങുകള്‍ ഉപരിവര്‍ഗത്തിന് മാത്രം എത്തിച്ചേരാനാവുന്ന വിധത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ഇന്ത്യയിലെ അപൂര്‍വവും വ്യത്യസ്തവുമായ പരിപാടിയായി ഇതിനെ കാണണമെന്നും സാധാരണ പ്രവാസികളുടെ പ്രയാസങ്ങള്‍ കേള്‍ക്കാനെങ്കിലും സന്മനസു കാണിച്ചത് വലിയ കാര്യമാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഈയ്യിടെ അവതരിപ്പിച്ച കേരളാ ബജറ്റില്‍ പ്രവാസികള്‍ക്കായി 19 കോടി നീക്കിവച്ചിട്ടുണ്ട്.
നോര്‍ക്കയുടെ സാറ്റലൈറ്റ് ഓഫിസ് ഉടന്‍ ദോഹയില്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കെഎസ്എഫ്ഇക്ക് കീഴില്‍ വരുന്ന പ്രവാസി ചിട്ടിയും ഏതാനും മാസങ്ങള്‍ക്കകം നിലവില്‍ വരും. റോഡ്, പാലങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണ രംഗത്തും അല്ലാതെയും 600 കോടിയുടെ പദ്ധതികള്‍ ഇന്‍കെല്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്.

നാല് വര്‍ഷമായി ഡിവിഡന്റ് നല്‍കി വരുന്ന സ്ഥാപനമാണ് ഇന്‍കെല്‍. ലോകകേരള സഭയില്‍ ഖത്തറില്‍നിന്ന് ഏഴ് അംഗങ്ങളാണ് പങ്കെടുത്തത്. ഒരു അംഗം സിപിഐയുടെ നോമിനിയാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

സാമൂഹിക രംഗത്ത് അറിയപ്പെടാതിരുന്ന ഒരാള്‍ പട്ടികയില്‍ കയറിക്കൂടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെ ഇദ്ദേഹം പട്ടികയിലെത്തിയത് തങ്ങള്‍ പോലും മനസിലാക്കിയത് വൈകിയാണെന്നും പിന്നീടാണ് സിപിഐ നോമിനിയാണെന്ന് തിരിച്ചറിഞ്ഞതെന്നും സംസ്‌കൃതി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മുന്നോട്ടുവച്ച ക്രിയാത്മമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരും സര്‍ക്കാര്‍ പ്രതിനിധികളും ഗൗരവത്തോടെയാണ് കണ്ടത്.  പക്ഷെ, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളെ തിരിച്ചറിയുന്ന കാര്‍ഡ് പോലുമില്ലെന്ന പരിമിതിയുണ്ട്.

ഇക്കാര്യം ലോക കേരളസഭയില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ലോക കേരള സഭയിലെ അംഗമാണെന്ന് തിരിച്ചറിയാനുള്ള ഔദ്യോഗിക കാര്‍ഡ് പോലും നിലവിലില്ല.

അതിനുള്ള ആലോചന നടത്തുമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചത്. ലോക കേരള സഭയില്‍ ഖത്തറില്‍ നിന്നും പങ്കെടുത്ത നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ അഡ്വ. സി കെ മേനോന്‍, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി വി റപ്പായി, കേരളാ പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയരക്ടര്‍ കെ കെ ശങ്കരന്‍, ഐ സി ബി എഫ് ഉപാധ്യക്ഷന്‍ പി എന്‍ ബാബുരാജന്‍, ഖത്തര്‍ കെ എം സി സി സംസ്ഥാന അധ്യക്ഷന്‍ എസ് എ എം ബഷീര്‍, ഇന്‍കാസ് പ്രസിഡന്റ് ജോണ്‍ ഗില്‍ബര്‍ട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar