All for Joomla The Word of Web Design

കോഴിക്കോട്ടെ സാഹിത്യ മാമാങ്കം ആര്‍ക്കുവേണ്ടി

കോഴിക്കോട് കടപ്പുറത്തു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ് തിരശ്ശീല വീഴുമ്പോള്‍ സാഹിത്യ പുസ്തക പ്രസാധനരംഗത്തുള്ളവരില്‍ നിന്നും ചില എഴുത്തുകാരില്‍ നിന്നും ഉയരുന്നത് പ്രതിഷേധ വാക്കുകള്‍. കേന്ദ്ര സര്‍ക്കാറിന്റെ ഇരുപത് ലക്ഷവും കേരള സര്‍ക്കാറിന്റെ ഇരുപത്തി അഞ്ചു ലക്ഷവും പുറമെ പ്രമുഖ സ്ഥാപനങ്ങളുടെ സ്‌പോണ്ടസര്‍ ഷിപ്പിലും നടന്ന അക്ഷരോത്സവ നടത്തിപ്പിനെകുറിച്ചാണ് കേരളത്തിലെ പ്രമുഖ പ്രസാധകരായ നിരവധി പേര്‍ നീരസം പ്രകടിപ്പിക്കുന്നത്.കോട്ടയത്തെ ഡി.സി ബുക്‌സാണ് പരിപാടിയുടെ സംഘാടകര്‍. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു നടത്തുന്ന ഒരു പ്രോഗ്രാം സ്വകാര്യ പ്രസാധകരുടെ കുത്തകയാക്കി വെക്കുന്നതാണ് പ്രതിഷേധത്തിന് മഖ്യ കാരണം. ഇത്തവണ കോഴിക്കോട്ടെ പ്രസാധനാലയത്തിന്റെ പുസ്തകം പ്രകാശിപ്പിക്കാന്‍ വേദി നല്‍കിയിരുന്നു.മലയാളം സര്‍വ്വകലാശാലാ വൈസ് ചാന്‍സിലറായിരുന്ന കെ.ജയകുമാരിന്റെ പുസ്തകമാണ് സദസ്യരില്ലാത്ത വേദിയില്‍ വെച്ച് പ്രകാശിപ്പിക്കേണ്ടി വന്നത്. മറ്റൊന്ന് പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെയുടെ 102 ാം പതിപ്പിന്റെ പ്രകാശനവും. മറ്റെല്ലാം സംഘാടകരുടെ നേതൃത്വത്തിലുള്ളവയായിരുന്നു.
ഫെസ്റ്റിലെ ഏക പുസ്തക ശാല ഡി.സിയുടേതായിരുന്നു.കഴിഞ്ഞ തവണ വരെ അവരുടെ പുസ്തകങ്ങള്‍ മാത്രമാണ് പുസ്തക ശാലയില്‍ വെചച്ചത്. ഇത്തവണ പരിപാടിയില്‍ അതിഥികളായി വരുന്ന പ്രമുഖ സാഹിത്യകാരന്മാരുടെ മറ്റുള്ളവര്‍ ഇറക്കിയ പുസ്തകവും ചില പ്രസാധകരോട് വാങ്ങിവെച്ചിരുന്നു.ഇങ്ങനെ വലിയൊരു മേളയെ ഒറ്റക്കാക്കി വെടക്കാക്കി തനിക്കാക്കുകയാണ് ചില സാഹിത്യകാരന്മാരുടെ ഒത്താശയോടെ. പരിപാടികള്‍ നടക്കുന്ന പ്രധാനമായും അഞ്ചോളം വേദികളിലാണ്. എല്ലാ വേദികളും നിര്‍മ്മിച്ചതാവട്ടെ പത്തു മീറ്റര്‍ പോലും അകതമില്ലാതെയുമാണ്. ഇതുകൊണ്ട് തന്നെ ഒരേ സമയം പരിപാടികള്‍ നടക്കുമ്പോള്‍ പരസ്പരം ശബ്ദങ്ങള്‍ കൂട്ടിമുട്ടി ഒന്നും ശ്രവിക്കാന്‍ കഴിയാതെ വരുന്നു. ചില വലിയ വേദികളില്‍ സൗണ്ട്‌സിസ്റ്റം ശബ്ദം കൂട്ടിയാല്‍ മറ്റുള്ളിടത്ത് ഒന്നും കേള്‍ക്കാന്‍ കഴിയാതെയും വരുന്നു. വൈകുന്നേരം ആറുമണി വരെ ശക്തമായ വെയിലാണ് കടപ്പുറത്ത് അതുകൊണ്ട് തന്നെ പരിപാടി കേളക്കാന്‍ വരുന്നവര്‍ക്ക് ഇരിപ്പിടം കിട്ടിയില്ലെങ്കില്‍ വലിയ ദുരിതങ്ങള്‍ പേറേണ്ടി വരും. അതുകൊണ്ടു തന്നെ അടച്ചുറപ്പുള്ള വേദികളിലേക്ക് പരിപാടി മാറ്റണം എന്ന ആവശ്യം പ്രസക്തമാണ്. ഒരോ വേദിയും തമ്മില്‍ ആവശ്യമായ അകലവും പാലിക്കപ്പെടണം.


കോഴിക്കോട് പോലുള്ള സ്ഥലത്ത് നടക്കുന്ന സാഹിത്യ സംബന്ധിയായ പരിപാടിക്ക് വന്‍ ജനപങ്കാളിത്തം ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ, ഇതര സംസ്ഥാനത്തു നിന്നു വരുന്ന സാഹിത്യ സാസ്‌കാരിക രാഷ്ട്രീയ സെലിബ്രിറ്റികള്‍ ഇംഗ്ലീഷ്, ഹിന്ദി, പിന്നെ അവരുടെ പ്രാദേശിക ഭാഷകളിലുമാണ് സംസാരിക്കുക. അതുകൊണ്ട് തന്നെ മൊഴിമാറ്റം നിര്‍ബന്ധമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മാത്രവുമല്ല, ഇത്തരം ആളുകളുമായി സംവ്വദിക്കുന്നവരില്‍ പലരും ഗൃഹപാഠം നടത്താതെ കയറി ഇരുന്ന് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. എല്ലാ എഴുത്തുകാരേയും ഉള്‍കൊള്ളിച്ച് അവര്‍ക്കെല്ലാം അലവന്‍സ് കൊടുത്ത് പിന്തുണ ഉറപ്പുവരുത്തുന്ന നടപടിപോലെയാണ് ഓരോ പരിപാടിയും കണ്ടപ്പോള്‍ പലര്‍ക്കും തോന്നിയത്.
മേളയുടെ ഡയരക്ടറായ സച്ചിദാനന്ദന്റെയും പ്രസിദ്ധീകരണാലയത്തിന്റെയും ഇഷ്ടക്കാര്‍ക്കുമാത്രമാണ് പല വേദികളിലും ഇടം കിട്ടിയതെന്ന ആരോപണം ശരിയാണ്. ബാല സാഹിത്യ ചര്‍ച്ചയില്‍ കേരളത്തിലെ കുട്ടി എഴുത്തുകാരും ബാലസാഹിത്യ രചയിതാക്കളും തഴയപ്പെട്ടു. സംസ്ഥാന സ്‌കൂള്‍ മേളയില്‍ രചനാ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ ഭാവി പ്രതിഭകളെ വിളിച്ച് ആദരിക്കാനെങ്കിലും ശ്രമിക്കാമായിരുന്നു. അതും ഉണ്ടായില്ല.രാഷ്ട്രീയ നേതാക്കളെ വിളിക്കാനും അവരെ പരിപാടികളില്‍ പങ്കെടുപ്പിക്കാനും കാണിച്ച ആവേശം മറ്റു രംഗത്തള്ളവരെ അവഗണിക്കുകയായിരുന്നു.


സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യ പ്രേമികള്‍ക്കും ഈ മേളകൊണ്ട് എന്തു നേടാന്‍ കഴിഞ്ഞു എന്ന ചോദ്യത്തിനു ശൂന്യതയാണ് ഉത്തരം.ഫാസിസത്തിനും ജാതി ചിന്തകള്‍ക്കുമെതിരെ എന്ന മുദ്രാവാക്യത്തില്‍ നടന്ന പരിപാടിയെ മാധ്യമങ്ങള്‍ ജില്ലാപേജില്‍ ഒതുക്കി അവഗണിച്ചത് സ്വകാര്യ പ്രസാധകന്റെ സ്വന്തം പരിപാടി എന്ന ഇമേജ് കാരണമാണ്. ഇന്ത്യയിലെ പ്രമുഖ ആക്ടിവിസ്റ്റുകള്‍ ശ്രദ്ധേയ പ്രഭാഷണങ്ങള്‍ നടത്തിയെങ്കിലും അവ സ്വസ്തമായി കേള്‍ക്കാനുള്ള സാഹചര്യം കടപ്പുറത്തു ഇല്ലാ എന്നതാണ് ശെരി. സ്വകാര്യ പങ്കാളിത്വവും സര്‍ക്കാര്‍ ഫണ്ടിംഗും വഴി കോടികള്‍ ചെലവഴിച്ച മേള എന്ത് നേട്ടംഉണ്ടാക്കി സമൂഹത്തില്‍,സാഹിത്യ വിദ്യാര്‍ത്ഥികളില്‍ എന്നത് പണം മുടക്കിയ സര്‍ക്കാര്‍ ഏജന്‍സികളും വിലയിരുത്തേണ്ടതാണ്. ഇത്തരം അക്ഷരോത്സവങ്ങള്‍ അതിന്റെ കാമ്പില്‍ അവതരിപ്പിക്കാന്‍ അറിയുന്നവരെ കൂടി സംഘാടക സമിതിയിലേക്ക് ചേര്‍ത്ത് വിപുലമാക്കി ഏകാധിപത്യ പ്രവണത അവസാനിപ്പിക്കണമെന്നാണ് അക്ഷര സ്‌നേഹികള്‍ ആവശ്യപ്പെടുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar