കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി.

കോഴിക്കോട്: നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി. പൊതുപരിപാടികൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഉന്നതതല യോഗത്തിന് ശേഷം ജില്ല കലക്റ്റർ യു.വി. ജോസാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറത്തും കോഴിക്കോടും ജനങ്ങൾ ജാഗ്രത പാലിക്കണം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. കാര്യങ്ങൾ വിലയിരുത്താൻ മറ്റന്നാൾ തിരുവനന്തപുരത്ത് സർവ കക്ഷിയോഗം ചേരുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. നിപ്പ വൈറസ് പ്രതിരോധിക്കാൻ സാധിക്കുമെന്ന് കരുതുന്ന മരുന്ന് ഓസ്ട്രേലിയയിൽ നിന്നെത്തി. രാവിലെ നെടുമ്പാശേരിയിലാണ് മരുന്ന് എത്തിയത്. മരുന്ന് വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആർക്കൊക്കെ നൽകണമെന്നതും മറ്റന്നാൾ ചേരുന്ന യോഗത്തിൽ ആരോഗ്യവിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി രാജീവ് സദാനന്ദൻ അറിയിച്ചു.
0 Comments