All for Joomla The Word of Web Design

ഘടികാരസൂചിയില്‍ തൂങ്ങിയാടുമ്പോള്‍

……….മസ്ഹര്‍ ദുബായ്‌………………………………………

കേരളത്തിലെ ഓരോ നഗരത്തിനും ഹൃദയംപോലൊരു ലോഡ്ജുണ്ട്. ഗ്രാമ്യ വഴികളില്‍നിന്ന് പ്രണയംമൂത്ത് ഒളിച്ചോടി വരുന്ന ശാലീനകളും പാതിവ്രതകളുമായ പെണ്‍കുട്ടികളും അവരുടെ കാമുകന്മാരും ഇവിടെയാകും ഏറിയ കൂറും ഒളിച്ചുതാമസിക്കുക. അതെങ്ങനെയാണ്. ദിനപത്രത്തിലെ ചരമത്താളിലെ ആത്മഹത്യാമുനമ്പില്‍ ഈ ലോഡ്ജുകളുടെ പേരുകള്‍ ആവര്‍ത്തിതങ്ങളായിരിക്കും. കുറച്ചു ദിവസങ്ങളുടെ മധുരം നുകര്ഡന്ന് തീരും നേരം ജീവിതം അസ്തമയാര്‍ക്കനെപോലെ ചുവന്ന് തുടുത്ത് കടലിന്റെ മുകള്‍പരപ്പില്‍ മുട്ടുമെന്ന് തീര്‍ച്ചപ്പെടമ്പോള്‍ കീടനാശിനി ബോട്ടില്‍ തുറന്ന് വായിലേക്കൊഴിച്ചോ ചോറുരുളയില്‍ കുഴച്ചോ കഴിച്ച് പരസ്പരം കെട്ടിപ്പുണര്‍ന്ന് പ്രണയത്തിന്റെ ഓരോ അടരും അടര്‍ന്നുവീഴുന്നത് തീവ്രമായാസ്വദിച്ച് കടലിന്റെ അഗാധതയിലേക്കങ്ങനെ അങ്ങനെ….മകരത്തിലെ പുലര്‍കാലശൈത്യം അസ്ഥി തുളക്കുന്ന നേരം. കോഴിക്കോട് റെയില്‍വേസ്റ്റേഷനടുത്തുള്ള മഹാറാണി ലോഡ്ജിലെ 112-ാം മുറിയില്‍ അമ്മിണിക്കുട്ടിയും അബ്ദുല്‍ ഖാദറും പ്രണയപരവശരായി വിയര്‍ത്തു. ഇന്ദുമുഖിയായ അമ്മിണിക്കുട്ടിയുടെ മുഖത്ത് ഇന്ദ്രചാപം വിടര്‍ന്നു. അന്നേരം പുലര്‍കാലത്ത് നാദാപുരത്ത് നിന്ന് വടകരയിലേക്കുള്ള വഴിദൂരത്തിലൂടെ ജയന്തി ബസ് കുലുങ്ങി കുലുങ്ങി പോയി. ബസിന്റെ മേല്‍ കമ്പിയിലൂടെ ഇഴഞ്ഞുനീങ്ങിയ ഖാദറിന്റെ കൈവിരലുകള്‍ അമ്മിണിയെ തൊട്ടുതൊട്ടില്ല. അപ്പോള്‍ അവന്റെ ശരീരത്തിലേക്ക് ഒരുതരം തരിപ്പ് അരിച്ചിറങ്ങി. പെട്ടെന്നാണ് ബസ് ബ്രേക്കിട്ടത്. അപ്പാടെ ഖാദര്‍ അമ്മിണിയുടെ മേല്‍ കമിഴ്ന്ന് വീണതും മിന്നല്‍പ്പിണരേറ്റപോല്‍ ശരീരം പിടിച്ചുലച്ച് വൈദ്യുതി പ്രവഹിച്ചതും ഒരുമിച്ചായിരുന്നു.
പ്രണയം എപ്പോള്‍, എങ്ങനെയാടാ എന്നൊക്കെയുള്ള കുശുമ്പു ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നിങ്ങനെ ഒന്നങ്ങനെ എന്നൊരു ഒഴുക്കന്‍ ഉത്തരമേ അവന് നല്‍കാനായുള്ളൂ. തൊട്ടു തൊട്ടങ്ങനെ ബസ് യാത്ര കൂറെ ദൂരം പിന്നിട്ടപ്പോഴാണ് അമ്മിണി നമ്പൂരിക്കുട്ടിയാണല്ലോ ഹിന്ദുവാണല്ലോ എന്ന് ഖാദര്‍ സ്വയം ചോദിക്കുന്നത്. അവളുടെ കാര്‍കൂന്തലിഴകള്‍ക്കിടയിലെ തുളസിയിലയും ചെമ്പകപ്പൂവും നെറ്റിയിലെ ഭസ്മലേപനവും ഖാദര്‍ ആദ്യമേ കണ്ടില്ലെന്ന് പറയുന്നത് ജയന്ചി ബസിലെ പുലര്‍കാസ യാത്രക്കാര്‍ സമ്മതിച്ചെന്ന് വരില്ല. പ്രത്യേകിച്ച് ഇക്കാലത്തോ എന്നവര്‍ അമര്‍ത്തി മൂളുകയും ചെയ്യും. ദേവീക്ഷേത്രത്തിലെ പ്രഭാതപൂജ കഴിഞ്ഞ് കളഭം ചാര്‍ത്തി പാവാട അല്‍പ്പം ഉയര്‍ത്തി കാല്‍വണ്ണ കാട്ടി അവള്‍ ജയന്തിയുടെ ഇരട്ടപ്പടികള്‍ കയറുമ്പോള്‍ കൗസല്യ സുപ്രജാ രാമപൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ’ എന്നിങ്ങനെ ഗംഗാ തീര്‍ത്ഥം പോല്‍ ലളിതസുഭഗമായി ക്ഷേത്രഗാനം ബസിനുള്ളിലേക്ക് ഒഴുകി വരും. പുലര്‍കാല തണുപ്പിന്റെ കുളിരില്‍ അമ്മിണി-ഖാദര്‍ പ്രണയലീലകള്‍ സാകൂതം വീക്ഷിച്ചിരുന്ന വടകര താലൂക്കാപ്പീസിലെ ഹെഡ് ക്ലര്‍ക്കും ഖാദറിന്റെ അയല്‍ക്കാരിയുമായ ഭാനുമതിയമ്മ ഇടയ്ക്കിടെ നല്‍കിയ അപായസൂചനകള്‍ ഇരുവരും പ്രണയമൂര്‍ച്ഛയില്‍ അശേഷം ശ്രദ്ധിച്ചിരുന്നില്ല. ‘ഇക്കളി വേണ്ട. കാലം നന്നല്ല മക്കളേ’ എന്ന് മൂടിപ്പുതച്ച സാരിക്കുള്ളിലൂടെ കൈവിരല്‍ മുദ്ര കാണിച്ച് അവര്‍ പലപ്പോഴും താക്കീത് നല്‍കിയതാണ്. അപ്പോഴേക്കും ബസിന് പുറത്ത് കാലം നല്ലോണം മാറിയിരുന്നു. ടാര്‍പോളിനാല്‍ പുറംകാഴ്ച മറച്ച ബസില്‍ പുലര്‍കാല കുളിരും കൊണ്ട് യാത്ര ചെയ്തവര്‍ പുറത്തെ ആസുരകാലത്തെ കുറിച്ച് വേവലാതിപ്പെടാത്തവരായിരുന്നു. ഗാന്ധിജിയുടെ അരയില്‍ തൂങ്ങിയാടുന്ന ഘടികാരം പോല്‍ ബസ്സിലെ നിഷ്‌കാമകര്‍മ്മികളുടെ യാത്രസംഘത്തിന് അമ്മിണിക്കുട്ടിയും അബ്ദുള്‍ഖാദറും അവരുടെ കിന്നാരങ്ങളും കൊഞ്ചലുകളും ചില സത്യാന്വേഷണ പരീക്ഷണങ്ങള്‍ മാത്രമായിരുന്നു. ആയിടയ്ക്ക് അപരിചിതരായ ചിലര്‍ ജയന്തി ബസ്സിന്റെ പുലര്‍കാല ട്രിപ്പില്‍ കക്കട്ടിസ്‌നിന്ന് കയറി. വടകര എത്തുന്നതിന് മുമ്പേ ഇറങ്ങിപോയി. ബസ്സിന് പുറത്ത് കാലം മാറിയതും ബസ്സില്‍ അപരിചിതരുടെ ഉടല്‍രൂപത്തില്‍ അപായ സൂചനകള്‍ നീണ്ടുവന്നതും അമ്മിണിയും ഖാദറും അറിഞ്ഞില്ല. ഇവനാരാ രമണനോ എന്നും ഇവളാരാ ചന്ദ്രികയോ എന്നും ആ ആയുഷ്‌കാല പ്രണയ വിരോധികളുടെ ശബ്ദത്തിലുമായിരുന്നില്ല. നാദാപുരത്ത്‌നിന്ന് കയറിയ മറ്റൊരു അപരിചിതസംഘം ഉന്നയിച്ച ചോദ്യത്തില്‍ ഇവളേതാ ലൈലയോ ഇവനേതാ ഖൈസോ എന്ന ഭാഷാന്തരം മാത്രമേ വരുത്തിയുള്ളൂ. ചേഷ്ടകളും ആംഗ്യങ്ങളും ഹുങ്കാരങ്ങളും ഇരുസംഘത്തിന്റെയും ഒരുപോലെയായിരുന്നു.
പെട്ടെന്ന് മഹാറാണിയിലെ 112-ാം മുറിയില്‍ ജയന്തി ബ്രേക്കിട്ടുനിന്നു. ണിം ണിം. ഇരട്ടമണിയടിച്ചപ്പോള്‍ അമ്മിണിയുടെ കണ്ണിമകള്‍ വിലോലമാടുകയും ആശ്ലേഷത്തില്‍ നിന്ന് ഇരുവരും കുതറിമാറുകയും ചെയ്തു. അമ്മിണിയുടെ കണ്ണീര്‍ വീണ് ഖാദറിന്റെ മാറിടം കുതിര്‍ന്നിരുന്നു. ഏങ്ങലടിച്ചുകൊണ്ടിരുന്ന അവളുടെ മൃദുലമുഖം കൈക്കുമ്പിളിലെടുത്ത് അവന്‍ പറഞ്ഞു.
കരയല്ലമ്മു, കരയല്ലെ
ഈശ്വരാ! അമ്മ, അമ്മ തളര്‍ന്ന് കിടക്കയാവും.
ഇല്ല, അമ്മയ്‌ക്കൊന്നുമില്ല.
പക്ഷേ നമ്മുടെ ജയന്തിബസ് ഇന്നലെ കക്കട്ടില്‍വെച്ച് ഒരൂട്ടം ആള്‍ക്കാര്‍ കത്തിച്ചുചാമ്പലാക്കി.
ഈശ്വരാ! അമ്മിണിക്കുട്ടി നെടുവീര്‍പ്പിട്ടു.
നാദാപുരം അങ്ങാടിയില്‍ വടിവാളും ബോംബുമായി ഒരു ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തതായി ഇന്നത്തെ ദിനപത്രത്തിലുണ്ട്.
പിന്നെ,പിന്നെ ഒരൂട്ടംകൂടി പറയാനുണ്ട് അമ്മൂ…..ഖാദറിന്റെ ശബ്ദം ഇടറാന്‍ തുടങ്ങി. ഇടര്‍ച്ച വിതുമ്പലായി. വിതുമ്പല്‍ എങ്ങലായി. ഏങ്ങല്‍ രോദനമായി.
അലര്‍ച്ചക്കൊടുവില്‍ അവന്‍ ഇത്രമാത്രം പറഞ്ഞൊപ്പിച്ചു.
നിന്നെ തട്ടിക്കൊണ്ടുപോയീന്നും പറഞ്ഞ് ഇന്നലെ അവരന്റെ റഹ്മാന്‍ക്കാരന്റെ കൈ വെട്ടിമാറ്റി. ചോരയില്‍ കുളിച്ച് കുളിച്ച്……………
ഇത് കേട്ട പാടെ ഈശ്വരാ!
ഈശ്വരാ! നിലവിളികളാല്‍ അമ്മിണിക്കുട്ടി മോഹാലസ്യപ്പെട്ടു.
മുറിയിലെ പുരാതനഘടികാരസൂചി നിശ്ചലമായി.
അമ്മിണിക്കുട്ടി കിതപ്പാറ്റി. തറയില്‍ പുല്‍പായ വിരിച്ചു. ഖാദര്‍ പിഞ്ഞാണത്തില്‍ കുത്തിരച്ചോറ് വിളമ്പി. പിന്നെ നിര്‍ന്നിമേഷനായി കീടനാശിനി ബോട്ടില്‍ തുറന്നൊഴിച്ച് ചോറ് കുഴച്ചു. രണ്ടുപേരും ചോറുരുട്ടി.
കണ്ണീര്‍ വീണ് ചോറിന് ഉപ്പ് കൂടിയുണ്ടാവും. സാരല്ല്യ. നമ്മള് കാരണം നാട്ടുകാരും ബന്ധുക്കളും വെട്ടി മരിക്കേണ്ട, അല്ലേ?
ഖാദര്‍ പറഞ്ഞ് നിര്‍ത്തിയിടത്തുനിന്ന് അമ്മിണി തുടങ്ങി. നമുക്ക് ചേര്‍ന്നതല്ല ഈ കാലം കാലം നല്ലോണം മാറിയിരിക്കുന്നല്ലേ, ഖാദറേ. ഒരു ചോറുരുള ഉരുട്ടി ഖാദര്‍ അമ്മിണിയുടെ വായില്‍ മുന്നിലെത്തിച്ചു. പറഞ്ഞു.
ഇത് നിനക്ക് ഈശ്വരമാംശം കലര്‍ത്തി ചോറുരുള, ഇതിലെല്ലാമുണ്ട്. ഉയിര്, പ്രണയം, ആത്മഹത്യയല്ലായിരുന്നുവെങ്കില്‍ നിന്നോടൊപ്പം വാര്‍ദ്ധക്യംവരെ ജീവിച്ചുതീര്‍ക്കേണ്ട ബാക്കി ജീവിതം. നമുക്ക് പിറക്കാനിരിക്കേണ്ടിയിരുന്ന പളുങ്ക് കുഞ്ഞുങ്ങള്‍. എല്ലാം എല്ലാം ഈ ചോറുരുളയിലുണ്ടമ്മൂ,
അമ്മിണി ചോറുരുട്ടി അതിലേയ്ക്ക് മുതല്‍ ചുരത്തി, ഖാദറെ നീ പറഞ്ഞ നമ്മുടെ പളുങ്ക് കുഞ്ഞുങ്ങള്‍. അവര്‍ക്ക് വേണ്ടി കരുതിവെച്ചതുംകൂടി നിനക്കിതാ ഞാന്‍ തരുന്നൂ. ബാക്കിയെല്ലാം നിനക്ക് തന്നിരുന്നല്ലോ, ആവോളം.
എന്റെ പ്രണയം, ദേഹം, ജീവിതം. ഈ ചോറുരുളയിലെ ഓരോ വറ്റും എന്റെ ആത്മാവിന്റെ ഓരോഅടരുകളാണ്.
ചോറുരുള ഇരുവരും പരസ്പരം ചുണ്ടോടടുപ്പിച്ചു. വാ തുറന്നു. വെച്ചുവെച്ചില്ല. നിമിഷാര്‍ദ്ധത്തിന്റെ സ്‌നിഗ്ദ്ധതയില്‍ പെട്ടെന്ന് 111-ാം മുറിയില്‍നിന്ന് ഇടച്ചുമര്‍ ഭേദിച്ച് നിലവിളികള്‍ അലയായൊഴുകി. തേങ്ങലുകള്‍ക്കിടയില്‍ മുറിഞ്ഞ് മുറിഞ്ഞ് വാക്കുകള്‍.
മുംതാസ് ബീഗം! നമുക്കിനി ഒരു തിരിച്ചു പോക്കില്ല, അല്ലേ?
ശരിയാ സൂര്യനാരായണാ! ഇനിയൊരു ശ്രീരാഗം ബസ്സും നമ്മുടെ ജീവിതത്തിലൂടെ ഓടില്ല. മുംതാസ് നെടുവീര്‍പ്പിട്ടു.
ചിരിച്ചും ചൊല്ലിയുമുള്ള നമ്മുടെ ബസ് യാത്രകള്‍ ഇനി തൃത്താലയില്‍നിന്ന് കയറുന്നതുവരെ അലോസരപ്പെടുകയുമില്ല.
എടപ്പാളിനും പട്ടാമ്പിക്കുമിടയിലുള്ള നമ്മുടെ ഹരിതരാജ്യവും ഇനി ഓര്‍മ്മ. അതും പിശാചുകള്‍ എടുത്തോട്ടെ അല്ലേ, സൂര്യാ.
അവള്‍ തേങ്ങി.
വേണ്ട. മരണത്തെ വിരുന്നൂട്ടുന്ന ഈ പാവന നേരത്ത് നീ ആരെയും ശപിക്കേണ്ട മുംതാസ്.
ഇല്ല ശപിച്ചതല്ല. അറിയാതെ തികട്ടി വന്നതാണ്. സൂര്യാ! ഞാനും ഒരു പെണ്മല്ലെ. അവര്‍ക്കിടയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരെന്ന് നമ്മെ ബോധ്യപ്പെടുത്തിയതിന് നമുക്കിപ്പോള്‍ തൃത്താലക്കാരോട് നന്ദി പറയാം.
സൂര്യാ! അവസാനം നീ
എന്നോട് പൊറുത്തെന്ന് പറയണം. എന്നെ സ്‌നേഹിക്ക കാരണം അമ്മയുടെ കണ്‍മുന്നിലിട്ട് നിന്റെ അച്ഛനെ അവര്‍ വെട്ടിക്കൊന്നപ്പോള്‍ നിനക്കെന്നോട് വെറുപ്പ് തോന്നിയോ, ആദ്യമായെങ്കിലും ഇല്ല മുംതാസ്. ഇല്ല പക്ഷേ പിടഞ്ഞു തേങ്ങിയ അച്ഛനും പിന്നീട് സര്‍വംസഹയായി മിണ്ടാട്ടം നിര്‍ത്തിയ അമ്മയും എന്നെ വെറുത്തുവോ, ആവോ സൂര്യനാരായണന്‍ അതുവരെ കടിച്ചമര്‍ത്തിയതെല്ലാം വിതുമ്പലായി പൊട്ടിയൊഴുകി.
111-ാം മുറിയില്‍ സംസാരമില്ലാതെ കരച്ചില്‍ മാത്രമായി. നിമിഷങ്ങള്‍ നീങ്ങി. കരച്ചിലും നിലച്ചപ്പോള്‍ അബ്ദുള്‍ ഖാദര്‍ അമ്മിണികുട്ടിയുടെ കൈപിടിത്ത് 111-ാം മുറിയില്‍ പ്രവേശിച്ചു. രണ്ടുപേരുടെയും കയ്യില്‍ കീടനാശിനി കുഴച്ച ചോറുരുളയുണ്ടായിരുന്നു. അന്നേരം മുംതാസ് സൂര്യനാരായണന് ചോറുരുട്ടുകയായിരുന്നു. അയാള്‍ പൊട്ടുന്നനെ മുംതാസിന്റെ ചോറുരുള തട്ടിമാറ്റി. പെട്ടെന്ന് അമ്മിണിയുടെ വലതുകൈ പിടിച്ച് സൂര്യനാരായണന്റെ വലതുകൈ മേല്‍ വെച്ച് അബ്ദുല്‍ഖാദര്‍ വിറച്ചു. അമ്മിണി വാവിട്ടു കരഞ്ഞു. മുംതാസിനെ നോക്കി മിഴിച്ചു നിന്ന സൂര്യനാരായണനും പൊടുന്നനെ അവളുടെ കൈ പിടിച്ച് ഖാദറിനെയേല്‍പ്പിച്ചു. മുംതാസ് നിലവിളിക്കാന്‍ തുടങ്ങുംമുമ്പെ തെക്കോട്ടേക്ക് സൂര്യനാരായണന്‍ അമ്മിണിയെ ചേര്‍ത്തുപിടിച്ചു നടന്നു. വടക്കോട്ടേക്കുള്ള ബസ്സില്‍ ഖാദഫും മുംതാസിനെ ചാരത്തിരുത്തി യാത്രയായി.
വിലാപങ്ങളുടെ വേര്‍പെടല്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password