All for Joomla The Word of Web Design

ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന പുസ്തകം

വായനാനുഭവം

സഹര്‍ അഹമ്മദ്

ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വെച്ചാണ് അസിയെ ആദ്യമായി കാണുന്നത്. അന്ന് അസി പുസ്തകം പരിചയപ്പെടുത്തിയെങ്കിലും എന്തു കൊണ്ടോ വാങ്ങിക്കുവാന്‍ തോന്നിയില്ല എന്നതാണ് സത്യം. പിന്നീട് വായനാക്കാര്‍ക്കിടയില്‍ ഉണ്ടായ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുസ്തകം വായിക്കുവാന്‍ എന്നെ എന്നോ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഷാര്‍ജയിലെ കൈരളി ബുക്‌സില്‍ വെച്ചാണ് പുസ്തകം വാങ്ങിക്കുന്നത്.

വളരെ മടിയനായ ഒരു വായനാകാരനാണ് ഞാന്‍, അപൂര്‍വ്വമായി മാത്രമേ പുസ്തകങ്ങള്‍ പെട്ടെന്ന് വായിച്ചു തീര്‍ക്കാറുള്ളൂ.. പലപ്പോഴും വായിക്കുവാനായി മാസങ്ങള്‍ എടുക്കുകയോ, അല്ലെങ്കില്‍ പകുതിയില്‍ വെച്ചു വായന നിര്‍ത്തുകയോ ആണ് പതിവ്. ആ പതിവിനു വിപരീതമായി ഒരു ദിവസം കൊണ്ട് തന്നെ അസിയുടെ ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍ വായിക്കുവാനായി. അതിന്റെ ലളിതമായ ഭാഷയും, ആരെയും ബോറടിപ്പിക്കാതെ ഒഴുക്കുള്ള അവതരണ രീതിയും ആ പുസ്തകം പെട്ടെന്ന് വായിപ്പിച്ചു എന്നു പറയുന്നതാവും ശരി.
അസി ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ തന്നെ പറയുന്നുണ്ട് നമ്മള്‍ പലരും ശ്രദ്ധിക്കാതെ പോവുന്ന പത്രങ്ങളില്‍ ചെറിയ തലക്കെട്ടില്‍ പ്രത്യക്ഷപ്പെടുന്ന വലിയ സത്യങ്ങളാണ് ഈ പുസ്തകം എഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന്. ഈ പുസ്തകത്തിനായി അദ്ദേഹം സമര്‍പ്പിച്ച എട്ടു വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ സമര്‍പ്പണ മനോഭാവത്തെയും അന്വേഷണം ത്വരയെയും നമ്മോട് വിളിച്ചോതുന്നുണ്ട്.
ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത് ഇറാഖിലെ അമേരിക്കന്‍ അധിനിവേശം മുതല്‍ സദ്ദാം ഹുസൈനിനെ തൂക്കിലേറ്റുന്നത് വരെയുള്ള വളരെയധികം സംഭവ ബഹുലമായ മൂന്ന് വര്‍ഷത്തെയാണ്. വളരെ പരത്തി പറയാമായിരുന്ന ഈ വിഷയത്തെ കൈയൊതുക്കത്തോടയാണ് അസി ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.
കഥ വികസിക്കുന്നത് ഭാഗ്യം തേടി ക്യാമ്പ് ക്രോപ്പറില്‍ എത്തുന്ന ബിജു, സലിം, ദാസന്‍ എന്നി മൂന്നു മലയാളി കഥാപാത്രങ്ങളിലൂടെയാണ്.

ഈ പുസ്തകം ഒത്തിരി ചരിത്ര സത്യങ്ങള്‍ അടങ്ങിയതും ചരിത്രത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. വളരെ നിഷ്പക്ഷത ഈ പുസ്തകം പുലര്‍ത്തുന്നുവെങ്കിലും വായനക്കാരന് ഏറെകുറെ ഇറാഖിന്റെയും സദ്ദാമിന്റെയും പക്ഷം ചേരുവാനാണ് കഴിയുന്നത്.
ഒരിക്കല്‍ പോലും ഇറാഖ് സന്ദര്‍ശിക്കാത്ത നോവലിസ്റ്റ് വായനക്കാരനെ ക്യാമ്പ് ക്രോപ്പറിലും ഇറാഖിന്റെ യുദ്ധഭൂമിയിലും എത്തിക്കുന്നതിലും , അവയെ ഒരു സിനിമയില്‍ എന്നത് പോല്‍ വായനക്കാരന് മുന്‍പില്‍ ദൃശ്യവത്കരിക്കുന്നതിലും വിജയിട്ടുണ്ട്.
സദ്ദാമിനു എതിരായി ഉയര്‍ന്ന രണ്ടു കേസുകളില്‍ ഒന്ന് സദ്ദാം കുര്‍ദ് വംശജരെ കൂട്ടക്കൊല ചെയ്തു എന്നതായിരുന്നു… എങ്കിലും സദ്ദാമിന്റെ വിശ്വസ്തനായ തയ്യല്‍ക്കാരന്‍ കുര്‍ദ് വംശജനായിരുന്നു എന്നത് വായനക്കാരന് ലഭിക്കുന്ന പുതിയ അറിവായിരിക്കും.
സദ്ദാമിന്റെ വിചാരണ വേളകളില്‍ അദ്ദേഹം ധരിച്ചിരുന്ന സ്യൂട്ടില്‍ ആ തയ്യല്‍ സ്ഥാപനത്തിന്റെ പേരുണ്ടായിരുന്നു… അതിലൂടെ ആ തയ്യല്‍ക്കാരന്റെ വാണിജ്യം അഭിവൃദ്ധിപ്പെട്ടു .
ഈ പുസ്തകം വായിക്കാതെ മാറ്റിവെച്ച നാളുകള്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്റെ നഷ്ടമായി ഞാന്‍ കരുതുന്നു…
അസി എന്ന എഴുത്തുകാരനെ കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും… അദേഹത്തെ തേടിയെത്തുന്ന വായനക്കാരുടെ ഒരു വലിയ ലോകം അദേഹത്തിനായി കാത്തിരിക്കുന്നു.
അദേഹത്തില്‍ നിന്നും ഇനിയും മഹത്തായ രചനകള്‍ ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു… എഴുത്തുകാരനു എല്ലാവിധ ഭാവുകങ്ങളും…

ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍.
അസി
പ്രസാധകര്‍: കൈരളി ബുക്ക്‌സ്, കണ്ണൂര്‍
വില: 170 Rs

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar