ജലീലിനെ കുരുക്കി പുതിയ വെളിപ്പെടുത്തലുമായി പി കെ ഫിറോസ്.

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെ കുരുക്കി പുതിയ വെളിപ്പെടുത്തലുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ ആയിരുന്നപ്പോള്‍ മന്ത്രി ബന്ധുവായ കെ ടി അദീബിന് പ്രതിമാസം 85,664 രൂപയായിരുന്നു പ്രതിമാസ ശമ്പളമെന്നും, മന്ത്രി ജലീല്‍ അവകാശപ്പെടുന്ന പോലെ 1.10 ലക്ഷം രൂപ അല്ലെന്നും പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അടിസ്ഥാന ശമ്പളം, ഡിഎ, അലവന്‍സ് ഉള്‍പ്പെടെ മൊത്തം 85,664 രൂപയാണെന്ന് വ്യക്തമാക്കുന്ന 2018 ജൂലൈയിലെ പേ സ്ലിപ്പും ഫിറോസ് പുറത്തുവിട്ടു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജോലിക്ക് കയറിയ തൊട്ടാഴ്ചതന്നെ 86,000 രൂപ ശമ്പളത്തിന് പുറമെ പ്രതിമാസം 100 ലിറ്റര്‍ ഇന്ധനം, വിനോദം, പത്രമാസിക, ഫര്‍ണിച്ചര്‍, സ്വന്തം വാഹനം നന്നാക്കല്‍ ഉള്‍പ്പെടെ എട്ടിനങ്ങളില്‍ പ്രത്യേക അലവന്‍സ് ആവശ്യപ്പെട്ട് കെ ടി അദീബ് കോര്‍പറേഷന് കത്തുനല്‍കിയിരുന്നു.
ബന്ധുവായ കെ ടി അദീബിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ സ്ഥിരം നിയമനം നടത്താനാണ് മന്ത്രി കെ ടി ജലീല്‍ ശ്രമിച്ചത്. സ്ഥിരനിയമനം മുന്നില്‍ക്കണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജിവച്ചാണ് അദീബ് ഇവിടെയെത്തിയത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ധനകാര്യ വകുപ്പില്‍ നിന്നും മാറ്റി സ്വന്തം ഓഫിസില്‍ മന്ത്രി പൂഴ്ത്തിവച്ചിരിക്കുകയാണ്. മന്ത്രിയുടെ ഓഫിസിലാണ് ഫയലുകള്‍ ഉള്ളതെന്ന് ഇ-ഫയലുകള്‍ സൂചിപ്പിക്കുന്നുണ്ട്. ബാക്കിയുള്ള മറ്റ് രേഖകള്‍ നശിപ്പിക്കപ്പെട്ടേക്കാം.
മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ബാങ്ക് അദീബ് രാജിവച്ച രേഖകള്‍ നല്‍കുന്നില്ല. ഒരുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ ആണെന്ന് മന്ത്രി പറയുമ്പോഴും എന്തുകൊണ്ട് അദീബ് രാജിവച്ചു ചുമതലയേറ്റെടുക്കാന്‍ വന്നു എന്നതില്‍ നിന്ന് ഇക്കാര്യത്തിലെ ഒളിച്ചുകളി വ്യക്തമാണ്. സത്യപ്രതിജ്ഞ ലംഘിച്ച മന്ത്രി ജലീലിന്റെ നടപടിയെ കുറിച്ച് മുഖ്യമന്ത്രി മൗനം വെടിയണം. നിയമസഭയില്‍ വിഷയം വരുന്നതോടെ ഇനിയും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. നിയമപരമായി മുന്നോട്ടു പോവുകയും താമസിയാതെ കോടതിയെ സമീപിക്കുകയും ചെയ്യുമെന്നും ഫിറോസ് വ്യക്തമാക്കി.
0 Comments