All for Joomla The Word of Web Design

ദയവായി കണ്ണടയുടെ പേരില്‍ സ്പീക്കറെ ക്രൂശിക്കരുത്

ദയവായി കണ്ണടയുടെ പേരില്‍ സ്പീക്കറെ ക്രൂശിക്കരുത്, ഒന്നുകില്‍ അബദ്ധം അതല്ലങ്കില്‍ മറ്റുള്ളവരുടെ പിശക് മാത്രമാണ് ഈ വിഷയത്തില്‍ സംഭവിച്ചത്.
അദ്ദേഹം വൈസ് ചെയര്‍മാനും ഞാന്‍ മെമ്പര്‍ സെക്രട്ടറിയുമായി നാലര വര്‍ഷം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.സാമ്പത്തിക അച്ചടക്കത്തില്‍ എന്നെ വിസ്മയിപ്പിച്ച ഒരു യുവ നേതാവായിരുന്നു അദ്ദേഹം.അദ്ദേഹത്തിന് അര്‍ഹമായ യാത്രാപ്പടിയില്‍ ഒരു പൈസ കൂട്ടി എഴുതുവാന്‍ അദ്ദേഹം തന്റെ പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചിരുന്നില്ല. വ്യക്തമായ കാരണം ഉള്ളതുകൊണ്ടാണ് ഇക്കാര്യം ഇവിടെ എഴുതുന്നത്.മറ്റു പല വമ്പന്‍ ബോര്‍ഡ് മെമ്പര്‍മാരുടെയും( കുട്ടിനേതാക്കന്മാര്‍ തന്നെ) ബില്ലുകള്‍ അവരുടെ മുന്‍പില്‍ വച്ച് കീറി ചവറ്റുകൊട്ടയില്‍ ഇടുവാന്‍ തന്റേടം കാണിച്ച വ്യക്തി എന്ന നിലയില്‍ തന്നെയാണിത് പറയുന്നത്.
കിറു കൃത്യമായി യാത്രാബില്ലുകള്‍ സമര്‍പ്പിച്ചാല്‍ മുതലാകില്ലെന്നു ചെയര്‍മാനോട് എനിക്കെതിരെ പല വമ്പന്‍മ്മാരും പരാതി പറഞ്ഞപ്പോള്‍ ഞാന്‍ ഇതില്‍ ഇടപെടില്ലെന്നും തീരുമാനിക്കേണ്ടത് സെക്രട്ടറിയാണെന്നും പറഞ്ഞു എനിക്ക് പിന്തുണ നല്‍കിയതും അദ്ദേഹമായിരുന്നു.
ഒരു തിരുവനന്തപുരത്തുകാരന്‍ ചോട്ടാ നേതാവ് അന്ന് തന്നെ എന്നെ തിരിച്ചു ജര്‍മനിയില്‍ പറഞ്ഞുവിടാന്‍ മന്ത്രിയോട് ശുപാര്‍ശനടത്തിയതും ഇന്നും എന്നെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നതിനും കാരണം ഇതുപോലൊരു യാത്രാപ്പടി തടഞ്ഞതുതന്നെയായിരുന്നു..
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യാതിരുന്ന ഏക അംഗവും അദ്ദേഹമായിരുന്നു. അന്നത്തെ പെട്രോള്‍ ബില്ലുകള്‍ പരിശോധിച്ചാല്‍ അവയെല്ലാം മനസിലാകും.അതുപോലെ ബോര്‍ഡ് മീറ്റിങ്ങുകള്‍ ഉത്സവം ആക്കിമാറ്റുന്ന രീതിയായിരുന്നു അതുവരെ ഉണ്ടായിരുന്നത്.അത് ഏറ്റവും ലാളിത്യത്തോടെ നടത്തുവാന്‍ തീരുമാനിച്ചതും അദ്ദേഹം അധ്യക്ഷന്‍ ആയകാലത്തായിരുന്നു.
24 മണിക്കൂറും കണ്ണടവേണ്ട, അത് ഊരിമാറ്റിയാല്‍ ഏതാണ്ട് അന്ധനായ അദ്ദേഹത്തിന് ഒന്നിലധികം ഫ്രയിമുകള്‍ വേണമെന്നുകരുതി അന്ന് അവധിക്കു ജര്‍മനിയില്‍ പോയി മടങ്ങുന്നേരം ഞാന്‍ കൊള്ളാവുന്ന ഒരു ഫ്രേം കൊണ്ടുകൊടുത്തിരുന്നു. നിരസിക്കാനാകാത്തതുകൊണ്ടു സ്വീകരിച്ചശേഷം സെക്രട്ടറി ഇനി ഇതുപോലൊന്നും എനിക്കായി വാങ്ങരുത. എന്ന് എന്നെ നിരുത്സാഹപ്പെടുത്തിയ ചെറുപ്പകാരനെക്കുറിച്ചു എന്റെ അടുത്ത പത്രപ്രവര്‍ത്തക സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞപ്പോള്‍ അവരില്‍ചിലരും അദ്ദേഹത്തിന്റെ സ്വഭാവ നൈര്‍മല്യത്തെകുറിച്ച് പ്രശംസിച്ചിരുന്നു. അവരില്‍ചിലര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തെ ക്രൂശിക്കുന്നതിന് മുന്നില്‍ എന്നതാണ് ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം.
രാഷ്ട്രീയ മായ ഒരുതാല്‍പ്പര്യവും വെച്ചുകൊണ്ടല്ല ഞാന്‍ ഇത് കുറിക്കുന്നത്. നാലര വര്‍ഷത്തെ നേരറിവ് പങ്കുവച്ചു എന്ന് മാത്രം. എന്നും എനിക്ക് വിസ്മയമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍.വലിയ രാഷ്ട്രീയക്കാരന്‍ ആയിട്ടുകൂടി നയപരമായ തീരുമാനങ്ങളില്‍ അതൊന്നും അദ്ദേഹം പരിഗണിച്ചിരുന്നില്ല. മറ്റു നേതാക്കള്‍ക്കിടയില്‍ വേറിട്ട പ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.അത്തരത്തില്‍ ഒരാളെ മാനസികമായും ശാരീരികമായും അവഹേളിക്കുന്ന നിരവധി വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ അദ്ദേഹത്തെകുറിച്ചുള്ള നന്മകള്‍ അറിയാതെ പോവരുത്.
ഡോ.മുഹമ്മദ് അഷ്‌റഫ്. ജര്‍മ്മനി

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar