ദുബായ് റൈഡ് നാളെ

ദുബായ് റൈഡ് നാളെ; സൈക്കിളുകള്‍ സൗജന്യം, എങ്ങനെ ലഭിക്കും? അറിയേണ്ട കാര്യങ്ങൾ
നവംബര്‍ ആറിന് ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് തന്നെ ദുബായ് റൈഡ് റൂട്ടുകള്‍ തുറക്കും. എല്ലാ സൈക്കിളോട്ടക്കാരും രാവിലെ 6.30 ന് യാത്ര ആരംഭിച്ച് 7.30 ന് അവസാനിപ്പിക്കുന്ന രീതിയിലാണ് ദുബായ് റൈഡ് ആസൂത്രണം ചെയ്തിരിക്കുന്നത്
ദുബായ്: ദുബായ് ഫിറ്റ്‌നെസ് ചാലഞ്ചിന്റെ ഭാഗമായി നവംബര്‍ ആറിന് നടക്കുന്ന ദുബായ് റണ്ണില്‍ പങ്കെടുക്കാന്‍ സൈക്കിള്‍ ആവശ്യമുള്ളവര്‍ക്ക് അവ സൗജന്യമായി വാടകയ്ക്ക് ലഭ്യമാക്കാനുള്ള ക്രമീകരണവുമായി ദുബായ് അധികൃതര്‍. ദുബായ് റൈഡില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) കരീം ബൈക്കുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
പരിപാടി നടക്കുന്ന ദിവസം എന്‍ട്രന്‍സ് എ (ട്രേഡ് സെന്റര്‍ സ്ട്രീറ്റ്), എന്‍ട്രന്‍സ് ഇ (ലോവര്‍ എഫ്‌സിഎസ്- റൗദ അല്‍ മുറൂജ് ബില്‍ഡിംഗ് എയ്ക്ക് അടുത്തുള്ള ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്) എന്നിവിടങ്ങളിലാണ് ബെസിക്കിളുകള്‍ സൗജന്യമായി വാടകയ്ക്ക് ലഭിക്കുക. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥനത്തിലായിരിക്കും വിതരണമെന്ന് ആര്‍ടിഎ അറിയിച്ചു. ഇതിനു പുറമെ, ദുബായിലെ കരീം ബൈക്കിന്റെ 175 സ്റ്റേഷനുകളില്‍ നിന്നും ബൈക്കുകള്‍ വാടകയ്ക്കെടുക്കാന്‍ സാധിക്കും. പങ്കെടുക്കുന്നവര്‍ക്ക് മുകളില്‍ സൂചിപ്പിച്ച സ്റ്റേഷനുകളില്‍ ഒരു പ്രത്യേക കോഡ് നമ്പര്‍ ലഭിക്കും. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ സ്വന്തം ഐഡി കാര്‍ഡ് വിശദാംശങ്ങള്‍ ഇവിടെ നല്‍കണം. എന്നാല്‍ സൈക്കിളുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് വാടക നിരക്ക് ഈടാക്കില്ല. പങ്കെടുക്കുന്ന എല്ലാവരും സൈക്കിളുകള്‍ ഉപയോഗിക്കുന്നതിന് സ്വന്തം ഹെല്‍മറ്റ് കൊണ്ടുവരണം. നിശ്ചിത സമയത്തേക്കാണ് സൈക്കിള്‍ വാടകയ്ക്ക് നല്‍കുകയെങ്കിലും ദുബായ് റൈഡ് നീളുന്ന സമയത്തിന് അനുസരിച്ച് ഓവര്‍ടൈം അനുവദിക്കും. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
നവംബര്‍ ആറിന് ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് തന്നെ ദുബായ് റൈഡ് റൂട്ടുകള്‍ തുറക്കും. എല്ലാ സൈക്കിളോട്ടക്കാരും രാവിലെ 6.30 ന് യാത്ര ആരംഭിച്ച് 7.30 ന് അവസാനിപ്പിക്കുന്ന രീതിയിലാണ് ദുബായ് റൈഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ സംരംഭത്തിലൂടെ, വിനോദ സഞ്ചാരികള്‍ക്കിടയില്‍ ദുബായ് നഗരത്തെ സൈക്കിള്‍ സൗഹൃദ നഗരമായി ഉയര്‍ത്തിക്കാട്ടാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ സുസ്ഥിരമായ ഗതാഗത മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ താമസക്കാരെ പ്രോത്സാഹിപ്പിക്കാനുമാണ് ആര്‍ടിഎയുടെ ശ്രമം. നഗരത്തില്‍ ലഭ്യമായ ബദല്‍ ഗതാഗത സേവനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.ദുബായ് റൈഡില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു മാസത്തേക്ക് വാടകയിനത്തില്‍ 35 ശതമാനം കിഴിവോടെ സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ സഹായിക്കുന്ന പ്രൊമോഷന്‍ പ്രയോജനപ്പെടുത്താമെന്ന് കരീം ബൈക്കിലെ മൊബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ ബാസല്‍ അല്‍ നഹ്ലുയി പറഞ്ഞു. ‘ദുബായ് റൈഡില്‍ പങ്കെടുക്കുന്നവര്‍ക്ക് തടസ്സമില്ലാത്തതും ആസ്വാദ്യകരവുമായ അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള ആര്‍ടിഎയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ദുബായ് റൈഡില്‍ പങ്കെടുക്കുന്നവര്‍ക്ക് ദുബായിലുടനീളമുള്ള 175 കരീം ബൈക്ക് സ്റ്റേഷനുകളില്‍ നിന്ന് ബൈക്കുകള്‍ വാടകയ്ക്കെടുക്കാം. തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ സൗജന്യ ബൈക്കുകള്‍ ലഭിക്കും. കൂടാതെ മറ്റ് സ്റ്റേഷനുകളില്‍ നിന്ന് ബൈക്കുകള്‍ വാടകയ്ക്കെടുക്കുന്നവര്‍ക്കുള്ള ഓവര്‍ടൈം ഫീസ് ദുബായ് റൈഡില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമായി ഒഴിവാക്കും’- അദ്ദേഹം പറഞ്ഞു.
ദുബായ് റണ്‍ രാവിലെ 6.30 മുതല്‍ 7.30 വരെ
0 Comments