All for Joomla The Word of Web Design

പത്മാവത്, രജപുത്തുകളെ പുകഴ്ത്തുന്ന ഒരു സിനിമ

: നജാദ് ബീരാന്‍ :
സഞ്ജയ ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ 2018ല്‍ ഇറങ്ങിയ പീരിയഡ് ഡ്രാമയില്‍ റണ്‍വീര്‍ സിംഗ്, ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.സംവിധായകന്‍ തന്നെയാണ് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് എന്ന കവിതയെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ പറഞ്ഞിരിക്കുന്നത്.
സിംഗാള്‍ രാജകുമാരിയെ ചിറ്റോര്‍ ഭരിക്കുന്ന മെവാര്‍ രാജാവ് വിവാഹം കഴിക്കുന്നു.തങ്ങളുടെ മുറിയിലേക്ക് ഒളിഞ്ഞു നോക്കാന്‍ ശ്രമിച്ച രാജഗുരുവെ മെവാര്‍ രാജാവ് ശിക്ഷക്ക് വിധേയമാക്കുന്നു.തന്റെ പത്‌നിയുടെ നിര്‍ദ്ദേശാനുസരണം രാജഗുരുവിനെ തടങ്കലില്‍ വെക്കാതെ നാടു കടത്തുന്നു.. നാടുകടത്തപ്പെടുന്ന രാജഗുരു ഒരു പ്രതിജ്ഞ ചെയ്യുന്നു.ചിറ്റോറിലെ സാമ്രാജ്യം തരിപ്പണമാക്കും.തന്റെ പ്രതിജ്ഞ നിറവേറ്റാന്‍ രാജഗുരുവിനു സാധിക്കുമോ ?? ഇനി അങ്ങനെയൊരു നീക്കമുണ്ടായാല്‍ അതിനെ എതിരിടാന്‍ മെവര്‍ രാജാവിനാവുുമോ?
സിംഗാള്‍ രാജകുമാരി പത്മാവതിയായി എത്തുന്നത് ദീപിക പദുകോണാണ്.. സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ തന്റെ സൗന്ദര്യം കൊണ്ട് നിഞ്ഞു നിന്ന ദീപികക്ക് സിനിമ അവസാനത്തോടടുക്കുമ്പോള്‍ അഭിനയിക്കാനുള്ള വക ലഭിക്കുന്നു.ക്ലൈമാക്‌സ് സീനുകള്‍ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ ദിപികക്ക് സാധിച്ചു.ഗുമര്‍ എന്ന ഗാനത്തിലെ നൃത്തച്ചുവടുകളും പ്രശംസനീയമാണ്.മെവര്‍ രാജാവ് രതന്‍ സിംഗിനെ അവതരിപ്പിക്കുന്നത് ഷാഹിദ് കപൂര്‍.. ഒരു രാജാവ് എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമായാണ് രാണ പ്രതാപിനെ ചിത്രീകരിച്ചിരിക്കുന്നത്. രജ്പുതിന്റെ വീര്യവും ശൗര്യവും ഷാഹിദ് കപൂറില്‍ പ്രകടമായിരുന്നു.. എന്നാല്‍ ഷാഹിദിന്റെ ഈ പ്രകടനം വേണ്ട പോലെ പ്രശംസ അര്‍ഹിക്കാതെ പോവും എന്നതില്‍ സംശയമില്ല.. കാരണം പ്രതിനായകന്റെ നിഴലില്‍ നില്ക്കുന്ന ഒരു നായകനെയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്.. ഈ ഒരു കാരണം കൊണ്ടു തന്നെയാവും ഷാറൂഖ് ഖാന്‍ രതന്‍ സിംഗ് എന്ന വേഷം നിരസിച്ചത്..
സിനിമയുടെ പേര് പത്മാവതിക്കാകാണെങ്കിലും സിനിമയിലെ താരം പ്രതിനായകനായ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിച്ച രണ്‍വീര്‍ സിംഗാണ്.. അത്രക്ക് ആഴത്തിലുള്ള കഥാപാത്രമാണ് അലാവുദ്ദീന്‍. കാമം, ലോഭം, ക്രോധം, മോഹം എന്നിവ നിയന്ത്രിക്കുന്നവനാണ് ഉത്തമ മനുഷ്യന്‍.. എന്നാല്‍ ഇവയില്‍ ജീവിതം കാണുന്നവനാണ് അലാവുദ്ദീന്‍.. രണ്‍വീര്‍ സിംഗ് വരുന്ന ഓരോ ഫ്രേമിലും തന്റെ ചുറ്റുമുള്ളവരെ നിഷ്പ്രഭമാക്കുന്ന അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.. ഖല്‍ബലി എന്ന ഗാനത്തില്‍ രണ്‍വീറിന്റെ അപാര എനര്‍ജി ലെവല്‍ പ്രകടമാണ്.. തന്റെ ആഗ്രഹം സഫലമാകാന്‍ പോവുന്നു എന്ന സന്തോഷത്തില്‍ ഒരു ഭ്രാന്തനെ പോലെ നൃത്തം ചെയ്യുന്ന രംഗം ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമാണ്.. ഒരു കാമഭ്രാന്തനായ അധികാരമോഹിയായ യുദ്ധക്കൊതിയനായ അലാവുദീനെ രണ്‍വീര്‍ ജീവിച്ചു കാണിക്കുന്നു.
കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് പിന്തുണയായെത്തുന്ന രാജഗുരുവിനെ അവതരിപ്പിച്ച വ്യക്തി (പേര് അറിയില്ല), അലാവുദ്ദീന്റെ പത്‌നി മെഹറുന്നിസയെ അവതരിപ്പിച്ച അദിതി രാവോ ഹൈദരി, അലാവുദ്ദീന്റെ അടിമ മാലിക് ആയെത്തുന്ന ജിം സര്‍ഭ് തുടങ്ങിയവരും നല്ല പ്രകടനം കാഴ്ചവെക്കുന്നു.. സിനിമയില്‍ മോഷം അഭിനയമായി തോന്നിയത് രതന്‍ സിംഗിന്റെ ആദ്യ ഭാര്യയായ നാഗമതിയെ അവതരിപ്പിച്ച അനുപ്രിയയുടെ പ്രകടനമാണ്..
സിനിമയുടെ ഗാനങ്ങള്‍ക്ക് സംവിധായകന്‍ തന്നെ സംഗീതം നല്കിയത് ഒരു പോരായ്മയായി തോന്നി.ഗാനങ്ങളെല്ലാം ശരാശരിയും അതിനു താഴെയുമായിട്ടാണ് അനുഭവപ്പെട്ടത്.എന്നാല്‍ പശ്ചാത്തല സംഗീതം ഒരുക്കിയ സന്ചിത് ബല്‍ഹാര പ്രശംസ അര്‍ഹിക്കുന്നു.ക്ലൈമാക്‌സിലെത്തുമ്പോള്‍ നല്ലൊരു ഫീല്‍ നല്കാന്‍ സംവിധായകനു സാധിക്കുന്നു.
പത്മാവതിയും രാജഗുരുവും തമ്മിലുള്ള ചോദ്യോത്തരങ്ങള്‍ നേരറിയാന്‍ സി. ബി. ഐ. എന്ന സിനിമയില്‍ മമ്മൂട്ടിതിലകന്‍ സംഭാഷണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നായി തോന്നി.. മാലിക് ആണ് സിനിമക്ക് വേണ്ട ഹാസ്യം കൊണ്ടു വരുന്ന കഥാപാത്രം.വരുന്ന സീനുകളിലെല്ലാം പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള എന്തെങ്കിലും വക മാലിക് ഉണ്ടാക്കും.മാലിക് മറ്റവനാണോ എന്ന സംശയവും ഇല്ലാതില്ല.
രജ്പുത് സ്ത്രീകളെ ആവേശം കൊള്ളി്ക്കാനുള്ള സന്ദര്‍ഭങ്ങളും സിനിമയില്‍ കാണാം.രജ്പുതിന്റെ കൊലുസ് വാളിനോളം മൂര്‍ച്ചയുള്ളതാണെന്ന് പത്മാവതി പറയുന്നതും രജ്പുത്തുകള്‍ എങ്ങനെ ധീരന്മാരായെന്ന് പത്മാവതി നല്കുന്ന വിശദീകരണവും ഇതില്‍ ചിലത് മാത്രം..
പത്മാവതിയുടെ ആമുഖസീനില്‍ ഒരു മാനിനെ വേട്ടയാടുന്നതായിട്ടാണ് കാണിക്കുന്നത്.വിഎഫ് എക്‌സിന്റെ പോരായ്മ നിഴലിക്കുന്നത് കൊണ്ടു തന്നെ ഏറ്റവും മോഷം സീനായാണ് തോന്നിയത്.അത് പോലെ സിനിമയില്‍ ഉടനീളം അര കാണിച്ചു നടക്കുന്ന പത്മാവതിയെ ഗുമര്‍ ഗാനത്തില്‍ മാത്രം സംസ്‌കാരമുള്ളവരാക്കിക്കൊണ്ട് സംവിധായകന്‍ എന്തായിരിക്കും ഉദ്ദേശിച്ചതെന്നും മനസ്സിലായില്ല.
രതന്‍ സിംഗിന്റെ ഭാര്യ നാഗമതിയുടെ ആവശ്യപ്രകാരമാണ് സിംഗാളിലേക്ക് പോവുന്നത്.. അവിടെ വെച്ച് പത്മാവതിയെ വിവാഹം ചെയ്തു തിരിച്ചു വരുന്ന രതന്‍ സിംഗ് തന്റെ ആദ്യ ഭാര്യയെ ചതിക്കുകയല്ലേ ചെയ്യുന്നത്.എന്തിനും ഏതിനും തത്വം പറയുന്ന രതന്‍ സിംഗ് നാഗമതിയുടെ വിഷമം കാണാതെ പോവുന്നത് ശരിയല്ല.
അലാവുദ്ധീന്‍ ഒരുപാട് ചരിത്ര രേഖകള്‍ നശിപ്പിക്കുന്നതായി സിനിമയില്‍ കാണിക്കുന്നുണ്ട്.താന്‍ പറയുന്ന ചരിത്രം മാത്രം ആളുകള്‍ അറിഞ്ഞാല്‍ മതി എന്നതാണ് അലാവുദ്ധീന്റെ പക്ഷം.ഖില്‍ജി എന്ന മുസ്ലിം രാജവംശത്തെ പ്രാകൃതരും മര്യാദയില്ലാത്തവരുമായി ചിത്രീകരിച്ച് മറുവശത്ത് രജ്പുത് എന്നത് ഏറ്റവും കുലീനമായതും തത്വങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നവരും ആയി ചിത്രീകരിച്ച് കൊണ്ട് സംവിധായകന്‍ എന്തായിരിക്കും ഉദ്ദേശിച്ചത്.. ഇതിനായി ചരിത്രത്തെ വളച്ചൊടിച്ച് സാങ്കല്പിക കഥാപാത്രമായ പത്മാവതിയെ പുകഴ്ത്താന്‍ വേണ്ടി അലാവുദ്ധീന്‍ എന്ന രാജാവിനെ താറടിച്ചു കാണിച്ച് തനിക്കിംഗിതമായിട്ടുള്ളത് കൂട്ടി ചേര്‍ക്കുന്ന സംവിധായകനല്ലേ ശരിക്കും സിനിമയിലെ അലാവുദ്ധീന്‍.
ഇങ്ങനെ പ്രത്യക്ഷമായിത്തന്നെ രജപുത്തുകളെ പുകഴ്ത്തുന്ന ഒരു സിനിമക്ക് പ്രതിശേധവുമായി വന്നത് രജ്പുത്തുകളാണ് എന്നുള്ളതാണ് വിരോധാഭാസം.. കാടsച്ച് വെടി വെക്കുന്ന ഇത്തരക്കാരുടെ പ്രയത്‌നം കൊണ്ട് പണം ചിലവില്ലാതെ നല്ല പബ്ലിസിറ്റി കിട്ടി എന്നുള്ളതാണ് ഏക ഗുണം.. ഇനി ചിലപ്പോള്‍ ഈ കണ്ട നാടകങ്ങളെല്ലാം പബ്ലിസിറ്റിക്ക് വേണ്ടി തട്ടിക്കൂട്ടിയതാവുമോ എന്ന് സംശയിച്ചാലും തെറ്റു പറയാന്‍ പറ്റില്ല.. പത്മാവതിയില്‍ നിന്ന് പത്മാവത് എന്ന് സിനിമയുടെ പേര് മാറ്റിയതു കൊണ്ട് എന്തു കാര്യമാണുണ്ടായത്.. സിനിമയിലുടനീളം പത്മാവതി എന്നു തന്നെ പറയുന്നുണ്ടുതാനും.
ചരിത്രത്തെ വികലമായി അവതരിപ്പിച്ചു എന്നു്ള്ളത് മാറ്റി നിര്‍ത്തി ഒരു ഫിക്ഷണ്‍ കാണുന്ന ലാഘവത്തില്‍ (അങ്ങനെ തന്നെയാണ് ഡിസ്‌ക്ലയ്മര്‍ വെച്ചിട്ടുള്ളത്) സിനിമ സമീപിക്കുകയാണൈങ്കില്‍ ആസ്വാദനത്തിലുള്ള വക ചിത്രം നല്കുന്നുണ്ട്.
നല്ലൊരു സിനിമാ അനുഭവം !!

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar