പവന്‍ കപൂര്‍ ഇന്ത്യയുടെ യു എ ഇ സ്ഥാനപതിയായി ചുമതലയേറ്റു.

അബുദാബി : പവന്‍ കപൂര്‍ ഇന്ത്യയുടെ യു എ ഇ സ്ഥാനപതിയായി ചുമതലയേറ്റു. അബുദാബി സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ലളിതമായ ചടങ്ങിലാണ് പതിനഞ്ചാമത് സ്ഥാനപതിയായി ചുമതലയേറ്റത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയ സ്ഥാനപതി കാര്യാലയത്തിലെ ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി. 1990 കേഡറിലെ ഐ എഫ് എസ് ഉദ്യോഗസ്ഥനായ പവന്‍ കപൂര്‍ കഴിഞ്ഞ മൂന്ന് വര്‍ഷം ഇസ്രയേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു. റഷ്യ, ലണ്ടന്‍, ജനീവ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രവര്‍ത്തിച്ചു.
2010 ജൂലായ് മുതല്‍ 2013 ഡിസംബര്‍ വരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയന്റ് സെക്രട്ടറിയായിരുന്നു. ആദ്യം സാര്‍ക്ക് ഡിവിഷന്റെയും തുടര്‍ന്ന് ഐക്യരാഷ്ട്ര രാഷ്ട്രീയ വിഭാഗത്തിന്റെയും തലവനായിരുന്നു. 2014 ജനുവരി മുതല്‍ 2016 ഫെബ്രുവരി വരെ മൊസാംബിക്ക്,സ്വാസിലാന്‍ഡ് രാജ്യങ്ങളിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് എം ബി എ യും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ (എല്‍ എസ് ഇ) നിന്ന് ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ ഇക്കണോമിയില്‍ ബിരുദാനന്തര ബിരുദവും നേടി. റഷ്യന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളും കൈകാര്യം ചെയ്യും. ആരാധന ശര്‍മ്മയാണ് ഭാര്യ. ഇസ്രായേലില്‍ നിന്നാണ് കപൂര്‍ യു എ ഇ യിലെ സ്ഥാനപതിയായി എത്തിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar