All for Joomla The Word of Web Design

ബജറ്റ് പ്രവാസി മലയാളികള്‍ക്ക് നിരാശ മാത്രം ബാക്കി

: അമ്മാര്‍ കിഴുപറമ്പ്:

സംസ്ഥാന ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയത് കടലോര മേഖലക്കും അവിടുത്തെ തൊഴില്‍ മേഖലക്കുമാണ്. 5,072 കോടി രൂപ.ആ കണക്കു വിശദമായി നമുക്കിങ്ങനെ തരം തിരിക്കാം. തീരദേശ മേഖലയ്ക്ക് 2000 കോടി, മത്സ്യമേഖലയ്ക്ക് 600 കോടി,തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ,തുറമുഖ വികസനത്തിന് 584 കോടി,കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം തീരദേശത്ത് വേറെ,ഭക്ഷ്യ സബ്‌സിഡിക്ക് 954 കോടി,ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് 34 കോടി രൂപ.ഇങ്ങനെ മൊത്തം 5,072 കോടി രൂപ തീരദേശ മേഖലക്ക് കോരിച്ചൊരിയുമ്പോള്‍ കേരളത്തിന്റെ ചലന വേഗവും താളവും നിയന്ത്രിക്കുന്ന പ്രവാസലോകത്തിന് 79 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ആ തുകയെ നമുക്ക് ഇങ്ങനെ തരം തിരിച്ചെടുക്കാം.തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനുംവേണ്ടി 17 കോടി രൂപ, അടുത്ത കേരള സഭയ്ക്കും ഗ്ലോബല്‍ ഫെസ്റ്റിവല്‍ സംഘാടനത്തിനും 19 കോടി,ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്രവാസികള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിന് സാന്ത്വനം പദ്ധതി ആവിഷ്‌കരിക്കും. പ്രവാസികളുടെ ചികിത്സാ ചെലവ്, മൃതദേഹം കൊണ്ടുവരല്‍, നിയമസഹായം എന്നീ ചെലവുകള്‍ക്കായി 16 കോടി നല്‍കും.
നോര്‍ക്ക റൂട്‌സിന് ജോബ് പോര്‍ട്ടല്‍ രൂപീകരിക്കും. വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 8 കോടി നല്‍കും. നോര്‍ക്ക വെല്‍ഫയര്‍ ഫണ്ടിന് 9 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കേരള അറബ് സാംസ്‌കാരിക പഠനകേന്ദ്രം കോഴിക്കോട് സ്ഥാപിക്കുന്നതിനതിനായി ടോക്കണ്‍ പ്രൊവിഷനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുള്‍പ്പെടെ പ്രവാസി മേഖലയ്ക്കായി 79 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. സത്യത്തില്‍ 16 കോടി രൂപയാണ് പ്രവാസി മലയാളിക്കുള്ളത്. ബാക്കിയൊക്കെ സര്‍ക്കാര്‍ അവരുടെ പേരില്‍ കേളത്തില്‍ ചെലവഴിക്കുന്ന തുകയാണ്.
എന്നാല്‍ ഒരോ വര്‍ഷവും കേരളത്തിലേക്ക് പ്രവാസി മലയാളി അയക്കുന്ന തുഖ കേരള ബജറ്റിന്റെ ആകത്തുകയേക്കാള്‍ പതിന്മടങ്ങാണ്. ഗള്‍ഫ് നാടുകളില്‍ കടുത്ത പ്രതിസന്ധി രൂപപ്പെട്ടു വരുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമാശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന പ്രതീക്ഷ പ്രവാസി മലയാളികള്‍ക്കുണ്ടായിരുന്നു. പക്ഷെ,അതുണ്ടായില്ല. വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം കൊണ്ടുവരാനും നിയമസഹായത്തിനും 16 കോടി നല്‍കും എന്ന പ്രഖ്യാപനം ചെറിയ ആശ്വാസമാണെങ്കിലും തുക ഒന്നിനും തികയില്ല എന്നത് പ്രതീക്ഷ കെടുത്തിക്കളയുന്നു. ലോക കേരള സഭയുടെ പശ്ത്താലത്തില്‍ വിദേശ മലയാളിയുടെ പ്രശ്‌നങ്ങളെല്ലാം തിരുവനന്തപുരത്തു വിളിച്ചു വരുത്തി ചോദിച്ചറിഞ്ഞതാണ്. ആ ഒരു പ്രതീക്ഷയില്‍ കേരള ബജറ്റിനെ കാത്തിരുന്ന പ്രവാസി മലയാളിക്ക് കടുത്ത നിരാശയാണ് സംസ്ഥാന ബജര്രു നല്‍കുന്നത്.
പ്രവാസി പുനരധിവാസ പദ്ധതികള്‍ ഒന്നും തന്നെ ബജറ്റില്‍ രേഖപ്പെടുത്തിയില്ല എന്നത് പ്രതീക്ഷ കെടുത്തി. സൗദി അറേബ്യ, ഖത്തര്‍,യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും ദിവസവും ആയിരക്കണക്കിനു മലയാളികളാണ് ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നത്. ഇവര്‍ക്ക് അര്‍ഹമായ തൊഴില്‍ പുനരധിവാസം ഗൗരവ ശ്രദ്ധ പതിയേണ്ട വിഷയമാണ്. സൗദിയില്‍ നിന്നാകട്ടെ തിരിച്ചെത്തുന്നത് കുടുംബ സമേതമാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്.
തീരദേശ മേഖലക്കു പണം വാരിക്കോരിക്കൊടുത്തത് ഓഖി ദുരന്തത്തിലെ കുറ്റബോധം മറച്ചുപിടിക്കാനാണെന്നത് വെറും പ്രതിപക്ഷ മനോഭാവം മാത്രമല്ല. സത്യം അതാണ്. എന്നാല്‍ തോമസ് ഐസക്ക് മനസ്സിലാക്കാതെ പോയ വലിയ സത്യം ഗള്‍ഫ് തൊഴില്‍ വിപണിയില്‍ ഓഖിയേക്കാള്‍ വലിയ കാറ്റും പേമാരിയുമാണ് അടിച്ചു വീശുന്നത് എന്നതാണ്. അല്‍പ്പം ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങള്‍ പഠിച്ചു വിലയിരുത്തിയില്ലെങ്കില്‍ കേരള തീരത്ത് കാണാതായ നിസ്സഹായരായ മനുഷ്യരേതിനേക്കാള്‍ പതിനായിരങ്ങള്‍ തിരിച്ചുവരാതെ ഗള്‍ഫില്‍ ജീവന്‍ ഹോമിക്കപ്പെടേണ്ടി വരും. അത്രയേറെ സാമ്പത്തിക പരാധീനതയിലാണ് ഓരോ മലയാളിയും ഗള്‍ഫില്‍ പിടിച്ചു നില്‍ക്കുന്നത്.
ഒരോ ഗള്‍ഫു നാടും പ്രാദേശികമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനാള്‍ ഏതു നിമിശവും അവിടെ നിന്ന് കൂട്ട പലായനം നാം പ്രതീക്ഷിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു തിരിച്ചുവരവ് കേരള സമൂഹത്തിലും സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തും എന്തെല്ലാം പ്രത്യഘാതങ്ങള്‍ സൃഷ്ടികികുമെന്ന മുന്നൊരുക്കും ദീഘദൃഷ്ടിയുള്ള ഭരണകൂടത്തില്‍ നിന്നും ഉണ്ടാവേണ്ടതായിരുന്നു.
ലോക കേരള സഭയെന്ന പേരില്‍ വരേണ്യ പ്രവാസി സമൂഹത്തിനു കോവളത്തു നീരാടാന്‍ പത്തൊമ്പതു കോടി വകയിരുത്തുമ്പോള്‍ തോമസ് ഐസക്
പ്രവാസികളുടെ ചികിത്സാ ചെലവ്, മൃതദേഹം കൊണ്ടുവരല്‍, നിയമസഹായം എന്നീ ചെലവുകള്‍ക്കായി 16 കോടി രൂപയാണ് നീക്കിവെച്ചത്. പത്തൊമ്പത് കോടി കേരളത്തില്‍ ചെലവാക്കേണ്ടതാണ്. എന്നാല്‍ പതിനാറ് കോടിയാവട്ടെ യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫിലും. ഈ തുക എത്രപേരുടെ ദുരിതം കുറക്കാന്‍ ഉണ്ടാവുമെന്ന് ഓര്‍ക്കുക.
നാടിന്റെ ഓരോ ചലനത്തിലും പ്രവാസ ലോകത്തെ മലയാളിയുടെ വിയര്‍പ്പിന്റെ ഉപ്പുരസം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പടുത്തുയര്‍ത്തപ്പെട്ട അംബര ചുംബികളായ കെട്ടിടങ്ങളിലും വിദ്യാഭ്യാസ,വ്യവസായ,ആതുരാലയ സൗകര്യങ്ങളിലും മാത്രമല്ല സാംസ്‌കാരിക സാമൂഹ്യ വളര്‍ച്ചയില്‍പോലും ആ അദ്ധ്വാനത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍ ഉണ്ട്. കേരളീയ സമൂഹത്തിനു ആറു പതിറ്റാണ്ടുകൊണ്ടുണ്ടായ സര്‍വ്വ വികസനങ്ങളുടേയും കാതലും കരുത്തും വിദേശ മലയാളി നാട്ടിലേക്കയച്ച പണത്തിന്റെ പങ്കു തന്നെയാണ്. ആ പണത്തെ തന്നെയാണ് സര്‍ക്കാറും കിഫ്ബിയിലൂടെയും ലോക കേരള സഭയിലൂടെയും ലക്ഷ്യമിടുന്നതും. എന്നിട്ടും പ്രവാസി മലയാളിയെന്ന കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.


പ്രവാസി സമ്പത്തിന്റെ പിന്‍ബലത്തില്‍ വിവിധ പദ്ധതികള്‍ കേരള സര്‍ക്കാറിനു ഇനിയും ആസൂത്രണം ചെയ്യാവുന്നതാണ്. ആ പണത്തിനു സര്‍ക്കാര്‍ സുരക്ഷിതത്വമാണ് ലഭിക്കേണ്ടത് എന്നു മാത്രം. പ്രവാസി മലയാളി തിരിച്ചെത്തുമ്പോള്‍ ആഗ്രഹിക്കുന്നത് ഐശ്വര്യ പൂര്‍ണ്ണമായ ജീവിതമാണ്. ആ ജീവിതത്തിനു വേണ്ടിയുള്ള നീക്കിവെപ്പാണ് അവന്റെ സമ്പാദ്യം. ആ പിച്ച ചട്ടിയില്‍ കിഫ്ബി കണ്ണുമായി എത്തി നോക്കുന്നതിനു പകരം അവരില്‍ നിന്നു വായപ്പെടുക്കാനുള്ള സംവ്വിധാനം രൂപപ്പെടേണ്ടതുണ്ട്. സര്‍ക്കാറാണ് അതിനു ജാമ്യം നില്‍ക്കേണ്ടത്. സുരക്ഷിത വിശ്വാസം പ്രവാസി മലയാളിക്കു നല്‍കാന്‍ ആര്‍ജ്ജവമുള്ള ഭരണ കൂടം ഉണ്ടെങ്കില്‍ വിദേശ രാജ്യങ്ങളുടെ ഖജനാവും കാത്തിരിക്കേണ്ടി വരില്ല കേരളത്തെ പുനര്‍ സൃഷ്ടിക്കാന്‍.
ഇത്തരത്തിലുള്ള നടപടികള്‍ക്കു ചെവികൊടുക്കാതെ കടലില്‍ കോടികള്‍ തള്ളി ആര്‍ത്തലച്ചുവരുന്ന തിരമാലക്കു മൂക്കു കയറിടുന്നത് ആര്‍ക്കുവേണ്ടിയാണ്. കേരത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ദേശങ്ങളിലേക്ക് ഉപജീവനം തേടി പോയ മലയാളി ഒരു സമൂഹമാണ്. ആദിവാസികളെപോലെ,തീരദേശ വാസികളെപ്പോലെ, കര്‍ഷകരെപ്പോലെ ഒരു പ്രത്യേക വിഭാഗം. അവരുടെ ഉന്നമനത്തിനും അവരുടെ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യവും കരുതലും നല്‍ക്കേണ്ടതുണ്ട്. കേരളത്തിലെ ഏതൊരു തൊഴില്‍ വിഭാഗത്തിനും (മത്സ്യ ബന്ധനം,കാര്‍ഷിക മേഘല,പൊതുമേഖല സ്ഥാപനങ്ങള്‍) കിട്ടുന്ന വാര്‍ഷിക വരുമാനത്തിന്റെയും ആദായത്തിന്റെയും കണക്കെടുത്താല്‍ പ്രവാസി വരുമാനം നൂറു മടങ്ങു മുന്നിലായിരിക്കും. എന്നിട്ടും സര്‍ക്കാറുകള്‍ ഈ ജന വിഭാഗത്തെ പരിഗണിക്കുന്നില്ല അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല എന്നതൊക്കെ വലിയ വിലകൊടുക്കേണ്ടി വരുന്ന അവഗണനയാണ്. ആ അവഗണനയാണ് 79 കോടിയില്‍ ഒതുക്കാന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചത് എങ്കില്‍ കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ താങ്കളുടെ അറിവുകള്‍ ശുഷ്‌കമെന്നു കാലം വിലയിരുത്തും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar