ബോളിവുഡ് നടി സോനം കപൂർ വിവാഹിതയായി
താരസമ്പന്നമായ ചടങ്ങിൽ ബോളിവുഡിലെ താരപുത്രി സോനം കപൂർ വിവാഹിതയായി. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന ബിസിനസുകാരൻ ആനന്ദ് അഹൂജയാണ് സോനത്തിന്‍റെ വരൻ. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് ഇന്നലെ രാത്രിതന്നെ തുടക്കം കുറിച്ചിരുന്നു. മെഹന്ദി അണിയലും സംഗീതവും നൃത്തവുമൊക്കെയായി ആഘോഷരാവായിരുന്നു.ഇന്ന് രാവിലെ പതിനൊന്നുമണിക്കായിരുന്നു വിവാഹചടങ്ങുകൾ. സോനത്തിന്‍റെ ബന്ധു കവിത സിങ്ങിന്‍റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽവച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്തു. സിനിമാമേഖലയിൽ നിന്ന് അമിതാഭ് ബച്ചൻ, ആമിർ ഖാൻ, സെയ്‌ഫ് അലി ഖാൻ, കരീന കപൂർ, റാണി മുഖർജി, ജാക്വലിൻ ഫെർണാണ്ടസ്, കരിഷ്‌മ കപൂർ, നിര്‍മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്‍ജുന്‍, സംവിധായകന്‍ കരണ്‍ജോഹര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
അനുരാധ വാകിൽ ഡിസൈൻ ചെയ്‌ത ചുവന്ന ലെഹങ്കയാണ് സോനം ധരിച്ചിരുന്നത്. സ്വർണനിറത്തിലുള്ള ഷെർവാണിയിലാണ് ആനന്ദ് എത്തിയത്. ബോളിവുഡ് സിനിമ പോലെ തന്നെയായിരുന്നു സോനം കപൂറിന്‍റെ വിവാഹവും. ആട്ടവും പാട്ടുമൊക്കെയായി സിനിമാലോകത്ത് നിന്നുള്ളവർ നേരത്തെ തന്നെ കല്യാണ വീട്ടിലേക്കെത്തിയിരുന്നു. വീടും വീടിന്‍റെ ലോണുമെല്ലാം പരമ്പരാഗത സിക്ക് വിവാഹവേദികൾ പോലെ അണിയിച്ചൊരുക്കിയിരുന്നു. സോനത്തിന്‍റെ സഹോദരി വീടിന്‍റെ ചിത്രങ്ങളൊക്കെയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. റാണി പിങ്ക് എന്ന ഇന്‍റീരിയർ ഡിസൈനറാണ് വീട് സുന്ദരമാക്കിയത്.
കഴിഞ്ഞ ഒന്നിനാണ് വിവാഹതീയതി ഔദ്യോഗികമായി സോനത്തിന്‍റെയും ആനന്ദിന്‍റെയും കുടുംബം പ്രഖ്യാപിച്ചത്. അന്ന് മുതൽ സോനം തന്നെയായിരുന്നു വാർത്തകളിൽ നിറഞ്ഞുനിന്നത്. വിവാഹകാർഡുകളും വൈറലായിരുന്നു. മൂന്നു തരത്തിലുള്ള വ്യത്യസ്ത വെഡിങ് കാർഡുകളാണ് ഒരുക്കിയിരുന്നത്. മെഹന്ദിയ്ക്കും വിവാഹത്തിനും റിസപ്ഷനുമായി മൂന്നു കാർഡുകളാണ് തയാറാക്കിയത്. അതൊക്കെയും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്തു. സുന്ദരമായി ഡിസൈൻ ചെയ്‌ത കാർഡിൽ നിങ്ങളുടെ സാമിപ്യമാണ് ഞങ്ങൾ ആഗ്രഹിക്കുന്ന സമ്മാനമെന്നൊക്കെ കുറിച്ചിരുന്നു.മൂന്നു ചടങ്ങിനും ഡ്രസ് കോഡുമുണ്ടായിരുന്നു. ഇന്ത്യൻ പരമ്പരാഗതരീതിയിലുള്ള വസ്‌ത്രം ധരിച്ചാണ് വിവാഹത്തിന് ഒട്ടുമിക്ക പേരും എത്തിയത്. ഇന്ന് വൈകിട്ട് മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലായ ലീലയിൽ നടക്കുന്ന റിസപ്‌ഷനോടു കൂടി ആത്യാഢംബര മാംഗല്യത്തിന് അവസാനമാകും. റിസപ്ഷനിൽ പങ്കെടുക്കുന്നവർ ഇന്ത്യനോ വേസ്റ്റേൺ ശൈലിയിലുള്ള വസ്ത്രങ്ങളോ ആകും ധരിക്കുക. വിവാഹം കഴിച്ചാലും സോനം സിനിമാത്തിരക്കുകളിൽ തന്നെയുണ്ടാകും. കരീന കപൂറും സ്വര ഭാസ്‌ക്കറുമൊക്കെയുള്ള വീരേ ഡി വെഡിങ്ങ് ആണ് സോനത്തിന്‍റെ അടുത്ത ചിത്രം. എന്നാൽ ഈ ആഴ്ച അവസാനത്തോടെ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സോനം പോകും. ലോറിയലിനെ പ്രതിനിധീകരിച്ചാകും സോനം കാനിൽ പങ്കെടുക്കുക.
0 Comments