All for Joomla The Word of Web Design

മുഖ്യമന്ത്രിയുടെ യു.എ.ഇ പ്രഖ്യാപനങ്ങള്‍ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമോ?

 

ഇ.കെ.ദിനേശന്‍:        ——————————————————

രണ്ടായിരത്തി പതിനാറില്‍ യു.എ.ഇ.യില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികള്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുമോ? അത്തരമൊരു വാഗ്ദാനങ്ങളിലേക്ക് നയിച്ച ഘടകങ്ങള്‍ ഏറെ പ്രധാനപ്പെട്ടതും വസ്തുതാപരവുമായിരുന്നു. അത് പരിശോധിച്ച് കൊണ്ടായിരിക്കണം മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെ പരിശോധിക്കല്‍.
കേരള പിറവിയുടെ അറുപത് പിന്നിടുമ്പോഴാണ് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചക്ക് കാരണമായ ഗള്‍ഫ് കുടിയേറ്റം പുതിയ രീതിയിലുള്ള തൊഴില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത്. ഇത് കാലങ്ങളായി ഗള്‍ഫില്‍ നിന്നും കേള്‍ക്കാറുള്ള സ്ഥിരം പല്ലവിയായി തള്ളാന്‍ പറ്റുന്നതല്ല.കാരണം പ്രതിസന്ധികളെ വ്യഖ്യാനിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചാര്യങ്ങള്‍ നമുക്ക് മുമ്പില്‍ നിവര്‍ന്നു നില്‍ക്കുന്നുണ്ട്. അതുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വെറും തൊഴില്‍ നഷ്ട്ടം മാത്രമായിരിക്കില്ല. മറിച്ച് കഴിഞ്ഞ ബജറ്റ് അവതരണ സമയത്ത് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞതുപൊലെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ശക്തമായി ബാധിക്കുന്നതായിരിക്കും.ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ ഇരുപത്തിനാല് ലക്ഷത്തോളം (കണക്ക് വ്യക്തയില്ലാത്തതാണ് ) വരുന്ന ഗള്‍ഫ് തൊഴില്‍ സമൂഹം രാജ്യത്ത് എത്തിക്കുന്ന സമ്പത്തിന്റെ കണക്ക് ഇതിനകം ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. ഇവര്‍ കൂട്ടത്തോടെ തിരിച്ചു വരും എന്നതല്ല ഇതിന്റെ അര്‍ത്ഥം. മറിച്ച് ഗള്‍ഫില്‍ ശക്തമായി കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഇരകളാകുന്നവര്‍ നാട്ടില്‍ എത്തിയാല്‍ ഉണ്ടാക്കുന്ന ജീവിത പ്രശ്‌നങ്ങള്‍ ചെറുതല്ല. ഇത്തരമൊരു ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ പ്രഖ്യാപനത്തിന്റെ പ്രധാന്യം ചര്‍ച്ച ചെയ്യപ്പെട്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിന് മുമ്പും ഇന്ത്യയിലേയും കേരളത്തിലെയും ഭരണാധികാരികള്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി യു.എ.ഇ യില്‍ എത്തിയപ്പോഴും പ്രവാസികള്‍ ആവേശത്തിലായിരുന്നു. കഴിഞ്ഞ മന്ത്രിസഭാ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടിട്ടുണ്ട്. കേന്ദ്രത്തില്‍ വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായ കാലത്ത് അദ്ദേഹത്തിന് യു.എ ഇ യില്‍ നിന്ന് നല്‍കിയ നിവേദനം ചവറ്റുകൊട്ടയില്‍ നിന്ന് കിട്ടിയ സംഭവം വിവാദമായതാണ്. ഇതൊക്കെ നിലനില്‍ക്കെ ഇന്ന് പ്രവാസികളോടുള്ള സമീപനത്തില്‍ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. 2016 ല്‍ സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ട രീതിയും ഇതിനോടപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇത്തരമൊരു ചുറ്റുവട്ടത്ത് നിന്നു വേണം 2016 ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ പ്രഖ്യാപനങ്ങളെ വിലയിരുത്തേണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ദുബൈ ഗള്‍ഫ് മോഡേണ്‍ സ്‌കൂളില്‍ വെച്ച് നടന്ന ഇന്ത്യോഅറബ് കള്‍ച്ചറല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് കൊണ്ട് അന്ന് പിണറായി നടത്തിയ രണ്ട് മണിക്കൂറോളം വരുന്ന പ്രസംഗത്തില്‍ പ്രവാസികളോടുള്ള പാര്‍ട്ടിയുടെ സമീപനം വ്യക്തമാക്കിയിരുന്നു.അന്നത്തെ പ്രസംഗത്തില്‍ അരനുറ്റാണ്ട് പിന്നിട്ട കേരളിയ ഗള്‍ഫ് കുടിയേറ്റത്തിന്റെ വിവിധ തരത്തിലുള്ള സ്വാധീനങ്ങളെ പറ്റി പറഞ്ഞ് കൊണ്ടായിരുന്ന പ്രവാസികളുടെ വര്‍ത്തമാനകാല പ്രതിസന്ധികള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ പിണറായി മുന്നോട് വെച്ചത്.അതാകട്ടെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ പ്രവാസി നിലപാടുകള്‍ തുറന്ന് പറയുന്നതായിരുന്നു.
എന്നാല്‍ 2016 ഡിസംബര്‍ 23ന്റെ യു എ ഇ പ്രഖ്യാപനം സര്‍ക്കാറിന്റെ തീരുമാനങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. അത്തരമൊരു നിലപാടില്‍ നിന്നു വേണം ഈ പ്രഖ്യാപനങ്ങളെ പരിശോധിക്കാന്‍.


മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ക്ക് ജനം ഒരുതരി വില പോലും കല്‍പ്പിക്കാത്ത കാലമാണിത്. ജനങ്ങളുടെ മുമ്പില്‍ നിന്നും ആവേശത്തോടെ പ്രഖ്യാപിക്കുന്നതൊന്നും നടപ്പില്‍ വരാറില്ല. കാരണം വിളിച്ചു പറയുന്ന വാഗ്ദനങ്ങളുടെ പ്രായോഗീക വശങ്ങളെ കുറിച്ച് ഇവര്‍ നേരത്തെ പഠിക്കുന്നില്ല. അല്ലെങ്കില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് അതാത് വകുപ്പിലെ വിദഗ്ധരുമായി കൂടിയിരുന്ന ചര്‍ച്ച ചെയ്യാന്‍ പലരും തയ്യാറാല്ല. അതിന്റെ കാരണം ഒറ്റവാക്കില്‍ പറഞ്ഞാല്‍ പറയുന്ന കാര്യങ്ങളോടുള്ള ആത്മാര്‍ത്ഥതയാണ്.അ.ത് കൊണ്ട് തന്നെ കൈയ്യടിക്ക് അപ്പുറം വാഗ്ദനങ്ങള്‍ക്ക് ഭാവിയില്ലാതാകുന്നു.ഇത് കേട്ടും കണ്ടും പരിചയിച്ച പ്രവാസി സമൂഹത്തിന്റെ മുമ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നേകാല്‍ മണിക്കൂറോളം പുതിയതും പഴയതുമായ ആവശ്യങ്ങളെ സവിസ്താരം അവതരിപ്പിച്ചത്. കൈയ്യടി നേടിയ ഈ പ്രഖ്യാപനങ്ങളുടെ പ്രായോഗീക വശങ്ങളെ കുറിച്ചും ചില വിഷയങ്ങളുടെ അടിയന്തിര പ്രധ്യന്യത്തെ കുറിച്ചും അന്ന് തന്നെ പ്രവാസി പൊതു സമൂഹം ചില സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ഒന്നാമതായി ഗള്‍ഫിലെ പ്രവാസികളുടെ ജീവിതാവസ്ഥകളെ പരിഗണിച്ച് കൊണ്ട് തന്നെയാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം.പ്രവാസത്തിന്റെ ത്രീ തല ഘടന. ന്യൂനപക്ഷമായ സമ്പന്ന പ്രവാസം ഒരു കാലത്തും പ്രവാസത്തിന്റെ അവസ്ഥാ ഭേദങ്ങളെ ഭയപ്പെടുന്നില്ല. അവര്‍ക്ക് ലോകം മുഴുവന്‍ പടര്‍ന്ന പന്തലിച്ച കോര്‍പ്പറേറ്റ് വ്യാപാര വാണിജ്യ ബന്ധങ്ങളുണ്ട്. അതിന്റെ തണലില്‍ രാഷ്ട്രീയാധികാര ബന്ധങ്ങളോടുള്ള അടുപ്പം യു.എ.ഇ.യിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശന സമയതും നാം കണ്ടു. രണ്ടാമത്തെ മധ്യവര്‍ഗ്ഗ പ്രവാസികള്‍ക്ക് നാട്ടിലെ രാഷ്ട്രീയ വിഭാഗങ്ങളോട് നിരന്തരം സമരസപ്പെട്ട് കൊണ്ടു മാത്രമേ മുന്നോട് പോകാന്‍ പറ്റൂ.കാരണം ഇത്തരക്കാരെയാണ് വിപണിയിലെ വ്യാപര ചലനങ്ങള്‍ ആദ്യം പിടികൂടുക. അത് കൊണ്ട് തന്നെ പല രീതിയിലുള്ള കൊടുക്കല്‍ വാങ്ങല്‍ ഈ വിഭാഗക്കാരെ സംന്ധിച്ച് ആവശ്യമാണ്.ഇവര്‍ക്ക് വേണ്ടത് സര്‍ക്കാറിന്റെ നക്കാപിച്ച സഹായമല്ല. മറിച്ച് നാട്ടില്‍ വന്‍കിട പദ്ധതികള്‍ക്കുള്ള ചില വിട്ടുവീഴ്ചകളും കണ്ണടക്കലുമാണ്. മേല്‍പ്പറഞ്ഞ രണ്ട് വിഭാഗങ്ങളേയും മാറ്റി നിര്‍ത്തിയാല്‍ മുന്നാമത്തെ വിഭാഗമാണ് അടിസ്ഥാന പ്രവാസി വര്‍ഗ്ഗം. സത്യത്തില്‍ എണ്‍പത് ശതമാനത്തോളം വരുന്ന ഈ വിഭാഗത്തിന്റെ മുഖത്ത് നോക്കി കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. ഇതിലൊരു രാഷ്ട്രീയമുണ്ട്. അത് ഇടതുപക്ഷത്തിന്റെ ജനപക്ഷ വീക്ഷണത്തിന്റെ ഭാഗമാണ്.
പ്രവാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ സാമ്പത്തിക വിനിമയ രീതികള്‍ക്ക് അച്ചടക്കം കുറവാണ്. അത് കൊണ്ട് തന്നെയാണ് നിരന്തരമായ നിക്ഷേപ വഞ്ചനയില്‍ വീണുപോകുന്നത്. അതിന്റെ പരിഹാരമായി തീരാന്‍ ഏറെ സാധ്യതയുള്ളതാണ് പ്രവാസി മലയാളി നിക്ഷേപ സെല്‍. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് കടം വാങ്ങുന്ന ഏജന്‍സികളെ ഒഴുവാക്കി പ്രവാസികളുടെ നിക്ഷേപത്തെ ഉപയോഗിക്കാവുന്നതാണ്.ഇതിനുള്ള നടപടിക്രമങ്ങള്‍ എത്രയും പെട്ടന്ന് തുടങ്ങിയാല്‍ രക്ഷപ്പെടുന്നത് വലിയ വിഭാഗം പ്രവാസികള്‍ ആയിരിക്കും. ഫ്‌ലാറ്റ് തട്ടിപ്പിലും ചിട്ടി തട്ടിപ്പിലും ഇനിയും പ്രവാസികള്‍ വീഴാതിരിക്കാന്‍ ഈ തീരുമാനം പരിഹാരമായി തീരും. അതുപോലെ തന്നെ ഏറെ പരിഗണനയും പ്രധാന്യവുമുള്ള തീരുമാനമാണ് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള ഭൗതീക സാഹചര്യങ്ങള്‍ നല്‍ക്കല്‍.ഗള്‍ഫിലെ വിവിധ തൊഴില്‍ രംഗത്ത് ദീര്‍ഘകാലത്തെ പരിചയമുള്ളവര്‍ക്ക് അതേ തൊഴില്‍ സ്ഥാപനം നാട്ടില്‍ തുടങ്ങാനുള്ള സാമ്പത്തിക സഹായം ഈ തീരുമാനം വഴി ഉണ്ടായി തീരുന്നു.ഇത്തരം പറച്ചലും തീരുമാനങ്ങളും ഇതിന് മുമ്പും ഉണ്ടായതാണ്.അത് കേട്ട് അധികാരസ്ഥാപനങ്ങളില്‍ ചെന്നപ്പോള്‍ ഇതുവരെ ഉണ്ടായ അവസ്ഥകള്‍ പരിതാപകരമാണ്. അതേ സമയം പിടിപ്പാടുള്ളവര്‍ കാര്യം സാധിപ്പിച്ചെടുത്തിട്ടുമുണ്ട്.എന്നാല്‍ നാട്ടിലെ രാഷ്ട്രിയക്കാരുമായും ഉദ്യോഗസ്ഥ വര്‍ഗ്ഗമായും നിരന്തര ബന്ധമില്ലാത്ത പ്രവാസികള്‍ക്ക് ഇത്തരം തൊഴില്‍ സംരംഭങ്ങള്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിയമിക്കുക എന്നതാണ്. അത്തരക്കാര്‍ക്ക് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും കഴിയും.മുഖ്യമന്ത്രിയുടെ മറ്റൊരു പ്രധാന പ്രഖ്യാപനം തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ് .വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണിത്.ഇന്നും സ്ത്രീ തൊഴിലാളികള്‍ വഞ്ചിക്കപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഏറ്റവും ഫലപ്രഥമായ വഴി സര്‍ക്കാര്‍ ഇടപെടല്‍ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഇപ്പോഴും പ്രവര്‍ത്തിന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് അത്തരം സ്ഥാപനങ്ങളെ അടച്ചു പൂട്ടുകയാണ്. ഒപ്പം തൊഴിലിനായി വരുന്നവര്‍ക്കുള്ള ബോധവല്‍ക്കരണം ഏറെ ഗുണം ചെയ്യുന്നതാണ്. ഇത് വലിയ ശതമാനം തൊഴില്‍ വഞ്ചനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന തീരുമാനമാണ്.മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ മേഘലയെ സ്പര്‍ശിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഏറെ ആശാവഹമാണ്.ഗള്‍ഫില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പബ്ലിക്ക് സ്‌കൂള്‍ പ്രയോഗത്തില്‍ വന്നാല്‍ അത് താഴെ തട്ടിലെ പ്രവാസികളുടെ ജീവിതാവസ്ഥകളെ മാറ്റിമറിക്കുന്നതായിരിക്കും. മൂന്ന് മക്കള്‍ക്ക് ഇന്നുള്ള സ്‌കൂള്‍ ചിലവ് ഒരു സാധാരണ കുടുംബത്തിന്റെ വരുമാനത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരും. പബ്ലിക്ക് സ്‌കൂള്‍ സംവിധാനം നിലവില്‍ വന്നാല്‍ ഇടത്തരം പ്രവാസി കുടുംബങ്ങളില്‍ ഉണ്ടാകുന്ന മാറ്റം അതിശയിപ്പിക്കുന്നതായിരിക്കും.ഇത്തരമൊരു ‘ ശ്രമത്തെ വിജയിപ്പിച്ചെടുക്കാന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.അതേ സമയം നിലവിലെ സാഹചര്യത്തില്‍ പഠനം മുടങ്ങുന്നവര്‍ക്ക് കേരളത്തിലെ സ്‌കൂളുകളില്‍ പ്രവേശന സൗകര്യം ഉറപ്പാക്കിയത് തൊഴില്‍ നഷ്ട്ടം കാരണം നാട്ടില്‍ തിരിച്ചു പോകേണ്ടി വരുന്നവര്‍ക്ക് ആശ്വാസം നല്‍ക്കുന്ന തീരുമാനമാണ്.
വിദ്യാഭ്യാസത്തെ പോലെ തന്നെ സാധാരണ പ്രവാസി കുടുംബങ്ങളെ ബാധിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് പാര്‍പ്പിട രംഗവും..ഈ രംഗത്തെ പരാമര്‍ശിച്ച് കൊണ്ട് മുഖ്യമന്ത്രി മുന്നോട് വെച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ഗള്‍ഫ് ഭരണാധികാരികള്‍ സ്ഥലം നല്‍കിയാല്‍ അത് നടപ്പില്‍ വരുത്തേണ്ടത് മലയാളികള്‍ ആയിരിക്കും. അത്തരമൊരിടത്ത് ലാഭത്തിന് അതീതമായി പാര്‍പ്പിട സൗകര്യത്തെ കാണുന്ന ഒരു സംവിധാനത്തെ സര്‍ക്കാര്‍ കണ്ടെത്തണം.നിലവില്‍ നോര്‍ക്കയുടെ അംഗീകൃത പ്രതിനിധികള്‍ ഗള്‍ഫില്‍ ഉണ്ടായിരിക്കെ ഈ സാധ്യത മുന്നോട് കൊണ്ടുപോകാന്‍ പ്രവാസി സമൂഹം തന്നെയാണ് താല്‍പ്പര്യമെടുക്കേണ്ടത്.ഇതിനെല്ലാമുപരി പ്രധാന്യമുള്ളതും നടപ്പില്‍ വരേണ്ടതുവായ കാര്യമാണ് അഷറഫ് താമരശ്ശേരി നിരന്തരം മുന്നോട്ട് വെയ്ക്കുന്ന മൃതദേഹങ്ങളുടെ സൗജന്യ യാത്ര. സാധാരണ പ്രവാസി മരണപ്പെടല്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ നിലവില്‍ ലക്ഷത്തിലധികം രൂപ ചിലവ് വരുന്നുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ആ ചിലവ് സര്‍ക്കാര്‍ നല്‍കുക തന്നെ വേണം. ഇതിനായുള്ള സമ്മര്‍ദ്ദം പ്രവാസി സമൂഹം തുടരേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ അവ്യക്ത നില നില്‍ക്കുന്ന ഒന്നാണ് ജോലി നഷ്ട്ടപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായം.ഇതിന്റെ മാനദണ്ഡം വ്യക്തമല്ല.ഗള്‍ഫില്‍ ആയിരം ദിര്‍ഹം മുതല്‍ അമ്പതിനായിരത്തിന് മുകില്‍ ദിര്‍ഹം വരെ ശബളം പറ്റുന്നവര്‍ ഉണ്ട്.ഇത്തരക്കാര്‍ക്ക് ആറ് മാസത്തെ ശമ്പളം നല്‍ക്കുക പ്രായോഗീകമാകുമോ?ഇതില്‍ സാധാരണ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടാനന്തരം മാസത്തില്‍ നിശ്ചിത തുക സര്‍ക്കാര്‍ നല്‍കുക തന്നെ വേണം. അത് കൊണ്ട് തന്നെയാണ് ക്ഷേമനിധി പെന്‍ഷന്‍ ആയിരത്തില്‍ നിന്നും അയ്യായിരമായി ഉയര്‍ത്താന്‍ നിരന്തരം പ്രവാസികള്‍ ആവശ്യപ്പെടുന്നത്. അതല്ലാതെ ആറു മാസത്തെ ശബളം നല്‍ക്കുക എന്ന ചിന്ത പ്പോലും നിലവിലെ അവസ്ഥയില്‍ അപ്രായോഗികമാണ്.എന്നാല്‍ തന്റെ പ്രസംഗത്തിലും മുഖാമുഖത്തിലും ക്ഷേമ നിധിയെ കുറിച്ച് മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍ക്കിയില്ല. അതിനുള്ള പാര്‍ട്ടിക്കാരുടെ മറുപടി പിണറായി വിജയന്‍ ചെയ്യുന്നതെ പറയു പറയുന്നതെ ചെയൂ എന്നാണ്. അത് നല്ലത് തന്നെ.എന്നാല്‍ മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം സാധാരണ പ്രാസികള്‍ക്ക് വേണ്ടിയാണ് എന്ന് വരും നാളുകളിലെ സര്‍ക്കാര്‍ ഇടപെടലും തീരുമാനങ്ങളും തെളിയ്കും. അല്ലാത്തപക്ഷം നാം മുഖ്യമന്ത്രിയോടപ്പം കണ്ട കോട്ട് ധാരികകളായ സവര്‍ണ്ണ പ്രവാസികളെ മുന്‍നിര്‍ത്തി അവര്‍ണ്ണ പ്രവാസികളോട് കാലങ്ങളായി തുടരുന്ന വഞ്ചനയുടെ ഭാഗമാണ് യു.ഇ എ.യിലെ പ്രഖ്യാപനങ്ങള്‍ എന്ന് ചരിത്രം രേഖപ്പെടുതും.

ഒരു വര്‍ഷത്തിനിടയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചില ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ക്ഷേമനിധിയുടെ കാര്യത്തിലും ഷാര്‍ജ ഭരണാധികാരിയുമായുള്ള നയതന്ത്ര ബന്ധത്തിലും അത് പ്രകടമാണ്. എന്നാല്‍ ലോക കേരള സഭയില്‍ മുഖ്യമന്ത്രിയുടെ യു.എ.ഇ. പ്രഖ്യാപനങ്ങള്‍ ചര്‍ച്ചക്ക് വരുമോ?ഇനി അതിനെ സഭയില്‍ ക്രിയാത്മികമായി അവതരിപ്പിക്കാന്‍ യു.എ.ഇ.യില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് കഴിയുമോ എന്നാണ് യു.എ.ഇ.യിലെ ഒന്‍പത് ലക്ഷത്തോളം മലയാളികള്‍ ഉറ്റുനോക്കുന്നത്.

ekdinesan@yahoo.com

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar