All for Joomla The Word of Web Design

മുജാഹിദ് പ്രസ്ഥാനം വീണ്ടും പിളര്‍പ്പിലേക്കോ.?

അമ്മാര്‍ കിഴുപറമ്പ്‌:——————————————–

കെ.എന്‍ എമ്മും ഐ എസ് എമ്മും വേര്‍പ്പിരിഞ്ഞ് രണ്ടു വഴിക്ക് പോയപ്പോള്‍ ഒന്നിപ്പിക്കുക എന്നത് സംഘടനയിലെ നിസ്പക്ഷമതികളുടെ വലിയ ആഗ്രഹമായിരുന്നു. ഹുസൈന്‍ മടവൂര്‍ തന്നെ മുന്‍കൈ എടുത്ത് യോജിപ്പിന്റെ വഴിയിലേക്ക് സംഘടനയെ നയിച്ചെങ്കിലും ആ യോജിപ്പ് കടലാസില്‍ മാത്രമൊതുങ്ങി എന്നാണ് പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാസം കൂരിയാട് നടന്ന സംസ്ഥാന സമ്മേളനത്തോടെ അസ്വാരസ്യങ്ങള്‍ മറ നീക്കി പുറത്തു വന്നു എന്നതാണ് സത്യം. കെ എന്‍ എമ്മിലെ പരമ്പാരഗത വൃദ്ധ നേതൃത്വം സംഘടനയുടെ ചാലക ശക്തിയായ യുവത്വത്തെ അംഗീകരിക്കുകയും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യം നല്‍കുന്നുമില്ല എന്നതാണ് പതിറ്റാണ്ടുകളായി പ്രസ്ഥാനത്തിനുള്ളില്‍ മുഴങ്ങി കേള്‍ക്കുന്ന വലിയ പ്രശ്‌നം. ആ പ്രശ്‌നം തന്നെയാണ് ആടു മുജാഹിദായും ജിന്നു മുജാഹിദായും വേര്‍തിരിഞ്ഞു പോവാന്‍ യുവത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സംഘടനക്കകത്തുള്ള ബഹുഭൂരിപക്ഷത്തിന്റെയും വിലയിരുത്തല്‍. യോജിപ്പിന്റെ പാതയിലെത്താന്‍ വേണ്ടി ഹുസൈന്‍ മടവൂര്‍ വലിയ വിലയാണ് നല്‍കിയത്. യാതൊരു സ്ഥാനങ്ങളും വേണ്ടെന്നും സമുദായം വലിയ ഭീഷണി നേരിടുന്ന കാലത്ത് വിയോജിപ്പുകള്‍ ശത്രുക്കള്‍ക്ക് വലിയ സാധ്യത തുറക്കുമെന്നും തിരിച്ചറിഞ്ഞതിനാലണ് കെ എന്‍ എമ്മിന്റെ എല്ലാ ഡിമാന്റുകളും അംഗീകരിച്ചുകൊണ്ട് മടവൂര്‍ മാതൃ സംഘടനയുടെ ചട്ടക്കൂടിനുള്ളിലേക്ക തിരിച്ചു പോയത്. പൂര്‍ണ്ണ അടിയറവു പരഞ്ഞു കൊണ്ടുള്ള ഈ തിരിചിചുപോക്കില്‍ അസംതൃപ്തരായ ഒട്ടേറെ അണികള്‍ അന്നും പ്രവര്‍ത്തന വീഥിയില്‍ നിന്നും മാറിനിന്നിരുന്നു. എന്നാല്‍ കാലഘട്ടത്തിന്റെ സാഹചര്യം പറഞ്ഞു മനസ്സിലാക്കി ക്കൊടുത്ത് പലരേയും തിരികെ കൊണ്ടുവരാന്‍ മടവൂര്‍ വിഭാഗത്തിന്ന് കഴിഞ്ഞു. എന്നാല്‍ സംസ്ഥാന സമ്മേളനത്തോടെയാണ് അകന്നു കഴിഞ്ഞവര്‍ക്ക് യോജിപ്പിന് ശേഷം അടുത്ത് ഇടപഴകാന്‍ അവസരം കിട്ടിയത്.. സഹോദര്യവും സൗഹാര്‍ദ്ദവും സ്‌നേഹവും എന്ന മുദ്രാവാക്യം മുഴക്കി നടത്തിയ സമ്മേളനത്തിലെ അണികള്‍ക്കിടയില്‍ ഇവ ഇല്ലെന്നാണ് ഐ എസ് എം വിഭാഗത്തിന് ബോധ്യപ്പെട്ടതത്രെ. മൊഴി ചൊല്ലിയ പെണ്ണിനെ തിരിച്ചെടുത്തപോലെ കടുത്ത അവഗണനയാണത്രെ എല്ലാ രംഗത്തും നിന്നും നേരിട്ടതെന്നാണ് മുതിര്‍ന്ന നേതാവ് തന്നെ പ്രവാസ ലോകത്തോട് പറഞ്ഞത്.


എല്ലായിടത്തും ഈ വിവേചനം പ്രകടമായെങ്കിലും സമ്മേളന പ്രസംഗ വേദികളില്‍ വിഴുപ്പലക്കല്‍ തുടര്‍ന്നതോടെയാണ് അവഗണനയോടെ ഇങ്ങനെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു
അണികള്‍ നേതൃത്വത്തോട് സൂചിപ്പിച്ചത്. മുതിര്‍ന്ന പല നേതാക്കളേയും സദസ്സിലിരുത്തി രണ്ടാംകിടക്കാരെ പ്രസംഗിക്കാന്‍ ക്ഷണിച്ചതടക്കം പരാതികളുടെയും അതൃപ്തിയുടേയും വലിയ നിരതന്നെയാണ് പലരും പറയുന്നത്. ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ കോഴിക്കോട് മെഡിക്കല്‍കോളേജിലടക്കം മഹിത മാതൃക കാണിക്കുന്ന മെഡിക്കല്‍ സംഘത്തിനു സമ്മേളന നഗരിയില്‍ സ്റ്റാള്‍ അനുവദിച്ചില്ല എന്നതും ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിന്നു വേണ്ടി സമ്മേളന നഗരിയിയില്‍ പിരിവു നടത്തിയ മെഡിക്കല്‍ വിഭാഗത്തെ തടഞ്ഞു ചോദ്യം ചെയ്തതും വലിയ വേദനയോടെയാണ് ചിലര്‍ പങ്കു വെച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മാതൃക വ്യക്തമാക്കുന്ന പ്രദര്‍ശന സ്റ്റാള്‍ അനുവദിക്കത്തവര്‍ സംഭാവന പിരിക്കുന്നത് തടയുകയും ചെയ്തത് ശരിയായില്ലെന്നും പ്രവര്‍ത്തകര്‍ വിലയിരുത്തി.
പല വേദികളിലും കെ.എന്‍എമ്മിലെ വന്‍ മരങ്ങള്‍ ഉറഞ്ഞു തുള്ളി പ്രസംഗിച്ചത് അണികളില്‍ അതൃപ്തി നിറച്ചു. മുന വെച്ച പ്രസംഗങ്ങള്‍ ആരുടെ നേര്‍ക്കാണ് ഉതിര്‍ക്കുന്നതെന്ന് ഐ എസ് എം വിഭാഗത്തിന് നന്നായി മനസ്സിലായെങ്കിലും പുറമെ ചിരിച്ചും കെട്ടിപ്പിടിച്ചും അവര്‍ സമ്മേളന നഗരിയില്‍ അടങ്ങി നിന്നു. മറ്റൊരു മുറിവിനു തങ്ങള്‍ കാരണമാകരുതെന്ന് പറഞ്ഞുകൊണ്ട്.
സമ്മേളനത്തോടെ രൂക്ഷമായ വിയോജിപ്പുകളാണ് മറ്റൊരു പിളര്‍പ്പിലേക്ക് വാതില്‍ തുറന്നു കൊണ്ട് നടക്കാന്‍പോവുന്നത്. നവോത്ഥാനം തീവ്രവാദമല്ല എന്ന പേരില്‍ ഐ.എസ്.എം നടത്തുന്ന കാമ്പയിന്‍ മാതൃ സംഘടനയുടെ അറിവോടെയല്ല. ഈ പരിപാടിയുടെ പേരില്‍ ഐ.എസ്.എമ്മിനെതിരെ നടപടി എടുക്കാതിരിക്കാന്‍ കെ എന്‍ എമ്മിന് കഴിയില്ല. എന്ത് നടപടി എടുത്താലും അത് പിളര്‍പ്പിലേക്കുള്ള നീക്കമാവുമെന്നതില്‍ തര്‍ക്കമില്ല.കോഴിക്കോട്ടും മലപ്പുറത്തുമാണ് നവോത്ഥാനം തീവ്രവാദമല്ല എന്ന പേരില്‍ സമ്മേളനം 14,21 തിയ്യതികളില്‍ നടക്കുന്നത്. ഹുസൈന്‍ മടവൂര്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ പരിപാടിയില്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അണികളോ, പണ്ട് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരോ ആണ്
പരിപാടി നടത്തുന്നത് എന്ന നിലക്ക് പൂര്‍ണ്ണമായും അദ്ദേഹത്തിന്‌ കുറ്റ വിമുക്തനാക്കാനാവില്ല എന്നാണ് കെ എന്‍ എം വിഭാഗം പറയുന്നത്. പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കുന്ന കെ എന്‍ എം നിലപാടിനെതിരെ യുവാക്കളുടെ താക്കീതാണ് ഈ പരിപാടി എന്ന് വിലയിരുത്തുന്നവരും ഉണ്ട്. അതല്ല, മുജാഹിദ് സമ്മേളനത്തിന് ശേഷം സമസ്തയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഘടനക്കെതിരേയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ പരിപാടി എന്നും വിശദീകരണമുണ്ട്.
സലഫിസം തീവ്രവാദം പരത്തുന്നു എന്ന ആരോപണം ഉണ്ടായപ്പോഴും സിറിയയിലേക്ക് മലയാളികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു അതില്‍ തീവ്ര സലഫിസത്തിനു പങ്കുണ്ടെന്നു വാര്‍ത്ത വന്നപ്പോഴും പ്രബോധന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്ത നിരപരാധികളെ മര്‍ദ്ദിച്ച് കള്ളക്കേസില്‍ കുടുക്കിയപ്പോഴും ഐ.എസ്.എം ശക്തമായി പ്രതിഷേധിക്കണമെന്ന് മാതൃ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എം എം അക്ബര്‍ അടക്കമുള്ളവരെ കേസില്‍പ്പെടുത്തി പീസ് സ്‌കൂള്‍ അടച്ചു പൂട്ടിയതടക്കമുള്ള നടപടി ഉണ്ടായി സംഘടനയെ സമൂഹത്തിനു മുന്നില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടപ്പോഴും നേതൃത്വം മൗനത്തില്‍ തന്നെ ഉറച്ചു നിന്നതും, യുവത്വത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സംഘടനക്കു നേരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അവ തെറ്റാണെന്നു വിശദീകരിക്കാന്‍പോലും മാതൃ സംഘടന ഭയപ്പെടുന്നു എന്ന തിരിച്ചറിവാണ് സംഘടനക്കുള്ളിലെ പ്രവര്‍ത്തന സജ്ജരായ യുവത്വത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഞങ്ങള്‍ക്കു പ്രവര്‍ത്തിക്കണം അതിന് പദ്ധതികള്‍ തരൂ എന്നാണ് യുവത്വം നേതൃത്വത്തോട് ആവശ്യപ്പെടുന്നത്. എന്നാല്‍ പരമ്പരാഗത ജീര്‍ണ്ണതകളെ മാത്രം തലോടി മുന്നോട്ടുപോവുന്ന മാതൃ സംഘടന യുവാക്കളെ പൂര്‍ണ്ണമായും അവഗണിച്ചാണത്രെ
പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. മാത്രമല്ല, പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പോലും വിലക്കുന്ന ഒരു വിഭാഗം സംഘടനക്കുള്ളില്‍ ശക്തി
പ്രാപിച്ചു വരുന്നുണ്ടെന്നതും, അവരാണ് പ്രവര്‍ത്തനങ്ങളെ ആധുനിക വല്‍ക്കരിക്കാന്‍ അനുവദിക്കാത്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീകള്‍ക്കു വേണ്ടി പള്ളി വാതില്‍ തുറന്നു വിപ്‌ളവം സൃഷ്ടിച്ച പ്രസ്ഥാനം ഇത്തരം നിലപാടെടുക്കുന്നതും സംഘടനയില്‍ പ്രതിശേധമാകുന്നുണ്ട്.
മാതൃ സംഘടനയില്‍ ലയനത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കാത്തതില്‍ വലിയൊരു വിഭാഗത്തിന്ന് അതൃപ്തിയുണ്ട്. ചില സലഫിമാര്‍ സംഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യം പോലും അനുവദിക്കാതെ ഏകാധിപത്യ തീരുമാനങ്ങള്‍ കൈകൊള്ളുകയാണെന്നാണ് പലരുടേയും അഭിപ്രായം. സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഐ.എസ്.എം വിഭാഗം ആധിപത്യം പുലര്‍ത്തുമെന്ന ഭയവും നിലവിലെ നേതൃത്വത്തിനുണ്ടത്രെ. അതുകൊണ്ടാണ് സംഘടന പുനസംഘടിപ്പിക്കാത്തതെന്നാണ് പല നേതാക്കളും സൂചിപ്പിക്കുന്നത്. ഇരുവിഭാഗവും ലയിച്ച് ഒന്നായെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പൊന്നും ഒരുമിച്ചായിരുന്നില്ല.അവ ആക്കാതിരുന്നത് നന്നായെന്നാണ് ചിലരുടെ പ്രതികരണം. മതത്തിന്റെയും ദൈവീക ഗ്രന്ഥത്തിന്റെയും വെളിച്ചത്തില്‍ ജീവിക്കണമെന്ന് പറയുന്ന നേതാക്കള്‍ തന്നെ കുതന്ത്രവും പാരവെപ്പും അവഹേളനവും നടത്തുന്നതിന്റെ പേരില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നവര്‍ നിരവധിയുണ്ട്. സമ്മേളനത്തില്‍ മുതിര്‍ന്ന ഒരു നേതാവ് നടത്തിയ പ്രസംഗം സത്യത്തില്‍ വലിയൊരു വിഭാഗത്തെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിലപാട് തന്നെയാണ് മുമ്പ് സംഘടന പിളര്‍ത്താന്‍ കാരണമായതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.ആ നേതാവിന്റെ ഏകാധിപത്യമാണ് മുജാഹിദ് പ്രസ്ഥാനത്തെ കൂടുതല്‍ ആപത്തിലേക്കു തള്ളി വിടുന്നതെന്ന് അവര്‍ നിരവധി തെളിവുകളോടെ ചൂണ്ടിക്കാട്ടുന്നു. അധികാര മോഹവും സ്ഥാനത്തോടുള്ള ആര്‍ത്തിയും കൊണ്ട് ഇസ്ലാമിക മൂല്യങ്ങളില്‍ നിന്നും ബഹുദൂരം പിറകോട്ടുപോയ ആ നേതാക്കളുടെ ദാര്‍ഷ്ട്യം നിറഞ്ഞ സമ്മേളന നഗരിയിയിലെ പ്രസംഗം ഒരു മത നേതാവിനും പ്രവര്‍ത്തകനും പ്രബോധകനും ചേര്‍ന്നതല്ലെന്നാണ് ഭൂരിപക്ഷവും ചൂണ്ടിക്കാട്ടുന്നത്.
ഐ.എസ്.എം നടത്തുന്ന നവോത്ഥാനം തീവ്രവാദമല്ല എന്ന കാമ്പയിനെതിരെ നടപടി എടുക്കാതിരിക്കാന്‍ മാതൃ സംഘടനക്ക് ആവില്ല. എടുത്താലോ അത് എല്ലാ വിയോജിപ്പുകളും മറനീക്കി പുറത്തുകൊണ്ടുവരികയും മറ്റൊരു പിളര്‍പ്പിലേക്ക് നയിക്കുകും ചെയ്യുംമെന്നാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.കേരള മുസ്ലിം ജനത ഒരിക്കലും അഭിമൂഖീകരിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. പ്രകോപനകരമല്ലാത്ത പ്രബോധന സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ പോലും തടയപ്പെടുകയും പ്രബോധകരെ മര്‍ദ്ദിക്കുകയും ചെയ്യുന്ന നേരത്ത് പരസ്പരം പഴിചാരി കൂട്ടം തെറ്റി ചിതറുകയാണ് സമുദായം.മുസ്ലിം സമുദായത്തെ പൊതുമദ്ധ്യത്തില്‍ താറടിച്ചുകാണിക്കാന്‍ സമുദായ നേതൃത്വം തന്നെ മത്സരിക്കുന്ന കാഴ്ച്ചയിലേക്കാണ് മുജാഹിദ് പ്രസ്ഥാനത്തിലെ പുതിയ അസ്വസ്ഥകള്‍ വിരല്‍ ചൂണ്ടുന്നത്. ഇസ്ലാമിക മൂല്യങ്ങളൊന്നും മത നേതൃത്വത്തിന്റെ പ്രവൃത്തിയിലും ജീവിതത്തിലും ഇല്ലാ എന്ന വസ്തുത ചോദ്യം ചെയ്യപ്പെടുന്നു ഇത്തരം സംഘടനാ വിവാദങ്ങളിലൂടെ. പൗര പ്രമുഖനും മുജാഹിദ് നേതൃ സ്ഥാനത്തുള്ള വ്യക്തിയുമായ പി.കെ അഹമ്മദ് സാഹിബിനെപ്പോലെയുള്ള മുജാഹിദ് പ്രസ്ഥാന സ്‌നേഹികളുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളും മധ്യസ്ഥവും ഫലം കണ്ടില്ലെങ്കില്‍ നാളത്തെ പരിപാടിയോടെ വലിയ പൊട്ടിത്തെറിക്കു സംഘടന വേദിയാകും

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar