All for Joomla The Word of Web Design

യാത്രകള്‍

അഷറഫ് മുഴപ്പിലങ്ങാട്  :  ………………………………………………………..

കത്തിപ്പടരുന്ന ഒരു ഉച്ചയുടെ
നെരിപ്പോടിലൂടെ
കിതച്ചുപായുന്ന തീവണ്ടി.
പല്ലിറുമ്മിയലറുന്ന
ഇരുമ്പുചക്രങ്ങളുടെ വെറുപ്പു വേവുന്ന
വണ്ടിയിലേക്ക് ഓടിക്കയറുന്ന
വരണ്ടചൂടുകാറ്റ്.
സീറ്റുകളുടെ നിദ്രമേല്‍
യാത്രികരുടെ മൗനങ്ങള്‍,
അടവെക്കുന്നു.
അടച്ചുവെച്ച ചെവിക്കുളളിലാകെയും
സംഗീതത്തിന്റെ അഗ്‌നിപാതം.
പിന്നോക്കംപായുന്ന ഉണങ്ങിനുരുമ്പിയ
ഓര്‍മ്മക്കാടുകള്‍,
വീട്ടുമുറ്റത്ത് ഒറ്റയായ വെളുത്തപെണ്‍കുട്ടി,
മോഹങ്ങള്‍ വഴിയിലേക്കിട്ട്
പണിതീരാത്ത നരച്ച വീട്,
വിശപ്പ് പുകയുന്ന ചായപ്പീടിക,
ചെരിഞ്ഞവീഴാറായ വൈദ്യുതിക്കാലില്‍
ദേശീയ കോണ്‍ഗ്രസ്സിന്റെ
അഴുക്കുപുരണ്ട പതാക,
റെയില്‍പാതയിലേക്ക് ചുണ്ടുകള്‍ചേര്‍ത്തുവെച്ച്
റോഡിനിരുവശവും ഊഴവുംകാത്ത് തൊണ്ടവരണ്ട വാഹനങ്ങള്‍…
രക്തപതാകക്കു പിന്നില്‍ ഒറ്റവരിയില്‍
തിളച്ചുമറിയുന്ന യുവത്വം..
ചുവരിലൊട്ടിച്ച സൂപ്പര്‍സ്റ്റാറിനെ
വലിച്ചുകീറിത്തിന്നുന്ന കറുത്തപശു,
പളളിമിനാരക്കഴുത്തില്‍ കുരുക്കിട്ട കോളാമ്പിയിലൂടെ പുറത്തേക്കുവരുന്ന
തൊണ്ടയടഞ്ഞ ബാങ്കുവിളി.

തീവണ്ടിക്കു സമാന്തരമായി
ഓടിത്തളരുന്ന ആമ്പുലന്‍സിന്റെ
മരണവിളികള്‍…
ഒച്ചയും അനക്കവുമില്ലാതെ
സ്റ്റെക്ച്ചറില്‍ മലര്‍ന്നുകിടന്ന്,ഞാന്‍ . സമാന്തരമായി കിതച്ചുപായുന്ന
തീവണ്ടിയിലെ തിങ്ങിനിറഞ്ഞ യാത്രികര്‍.
ജനാലക്കരികിലിരിക്കുന്ന വെളുത്തുമെലിഞ്ഞ പെണ്‍കുട്ടി,
ഞാന്‍ കിടക്കുന്ന മരണവണ്ടിയിലേക്ക്
കണ്ണുകളെറിയുന്നു..
വാതില്‍ക്കല്‍ ഒടിഞ്ഞുതൂങ്ങിയ ഇടത്തേക്കയ്യില്‍ ഊന്നുവടിയുമായി ഒരു യാചകന്‍ മോണകാട്ടിച്ചിരിക്കുന്നു.
എനിക്കുചുറ്റും മരുന്നിന്റെ മണം…
വിരിപ്പില്‍ ,ചുടുരക്തത്തിന്റെ നനവ്…
തീവണ്ടിയുടെ അലര്‍ച്ചകള്‍,ആമ്പുലന്‍സിന്റെ കരച്ചിലുകള്‍..
കേള്‍വിയും കാഴ്ചയും അടിപ്പാതയുടെ
ഇരുളുമൂടിയ ചുഴിയിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു…
മരണത്തിന്റെ ചൂളംവിളിയില്‍
തീവണ്ടി, രക്തം തുപ്പുന്നു…

 

 

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password