യു.എസ് ഹാക്കർ സെയ്ദ് ഷുജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നൽകി.

ഡൽഹി: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രം ഹാക്ക് ചെയ്തു തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയ യു.എസ് ഹാക്കർ സെയ്ദ് ഷുജക്കെതിരെ പരാതി നൽകി. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുക്കാൻ ഡൽഹി പൊലീസിനു പരാതി നൽകിയത്.
ഷുജയുടെ വെളിപ്പെടുത്തലുകൾ പരിശോധിച്ച ശേഷം എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്തു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ കത്ത് നൽകുകയായിരുന്നു. ഹാക്കത്തോൺ നടന്ന സാഹചര്യം എങ്ങനെയാണെന്നും ഹാക്കറുടെ മൊഴികളും പരിശോധിക്കണമെന്നാണ് ആവശ്യം. എന്നാൽ ഹാക്കർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് സർക്കാർ ഏജൻസികളൊന്നും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
അതേസമയം, വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്ന അമേരിക്കൻ സൈബർ വിദഗ്‌ധന്‍റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഹാക്കറുടെ വെളിപ്പെടുത്തലുണ്ടായ ലണ്ടനിലെ വാർത്താ സമ്മേളനത്തിൽ മുതിർന്ന പാർട്ടി നേതാവ് കപിൽ സിബൽ പങ്കെടുത്തത് വിവാദമാകുകയാണ്. ലണ്ടനിലെ ഹാക്കത്തോണിൽ കപിൽ സിബൽ പങ്കെടുത്തത് വ്യക്തിപരമായാണ് എന്നാണ് കോൺഗ്രസിന്‍റെ വിശദീകരണം.
0 Comments