All for Joomla The Word of Web Design

റോഹിന്‍ഗ്യര്‍ക്കായി മ്യാന്‍മര്‍ സര്‍ക്കാര്‍ താല്‍ക്കാലിക ക്യാംപ് ഒരുക്കുന്നു.

യങ്കൂണ്‍: സൈന്യത്തിന്റെയും തീവ്ര ബുദ്ധമതക്കാരുടെയും വംശീയാക്രമണത്തെ തുടര്‍ന്ന് അഭയാര്‍ഥികളായ റോഹിന്‍ഗ്യര്‍ക്കായി മ്യാന്‍മര്‍ സര്‍ക്കാര്‍ താല്‍ക്കാലിക ക്യാംപ് ഒരുക്കുന്നു. 30,000 റോഹിന്‍ഗ്യര്‍ക്കായാണ് ക്യാംപ് ഒരുക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ബംഗ്ലാദേശ്മ്യാന്‍മര്‍ സര്‍ക്കാരുകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
വംശീയാക്രമണത്തെ തുടര്‍ന്ന് ഏതാണ്ട് 6,50,000 റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തിരുന്നു. ഇവരുടെ പുനരധിവാസത്തിനായി നടപടി കൈക്കൊള്ളാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ മ്യാന്‍മറിനോട് ആവശ്യെപ്പട്ടിരുന്നു. റോഹിന്‍ഗ്യരുടെ പുനരധിവാസത്തിനായി ഇക്കഴിഞ്ഞ നവംബര്‍ 23ന് ഇരുസര്‍ക്കാരുകളും കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ നടപ്പാക്കുന്നതിനായി ഇന്നലെ ഇരുസര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ചയും നടത്തിയിരുന്നു.
യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും വിഷയത്തില്‍ മ്യാന്‍മര്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് വടക്കന്‍ റഖൈനില്‍ ക്യാംപ് ഒരുക്കാനുള്ള നടപടികള്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 124 ഏക്കറില്‍ 625 വസതികളിലായി ഏതാണ്ട് 30,000 അഭയാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന തരത്തിലായിരിക്കും ക്യാംപ്.
ഇതില്‍ നൂറോളം വസതികളുടെ നിര്‍മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാവുമെന്നു മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചു. ക്യാംപിലേക്ക് മാറ്റുന്നതിനു മുമ്പ് അഭയാര്‍ഥികളെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തിരിച്ചെത്തുന്നവരുടെ പൂര്‍വികര്‍ മ്യാന്‍മറില്‍ സ്ഥിരതാമസക്കാരായിരുന്നുവെന്നതിന്റെ രേഖകള്‍ ഹാജരാക്കുന്നവര്‍ക്കാണ് പൗരത്വം നല്‍കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ആക്രമണത്തിനിടയ്ക്കു സര്‍വ രേഖകളും നഷ്ടപ്പെട്ടവരാണ് മിക്ക അഭയാര്‍ഥികളും. ഇവര്‍ക്ക് പൗരത്വം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar