ലുലു ദുബൈ മാളിലും

ദുബായ്: ദുബായ് മാളില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച കരാറില്‍ ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ എന്നിവയുടെ ഉടമസ്ഥരായ ഇഅ്മാര്‍ പ്രോപര്‍ടീസും ലുലു ഗ്രൂപ്പും ഒപ്പുവെച്ചു.
ഇഅ്മാര്‍ പ്രോപര്‍ടീസ് ചെയര്മാന് ജമാല്‍ ബിന്‍ ഥാനിയയും ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലിയുമാണ് കരാറില്‍ ഒപ്പു വെച്ചത്. ഇഅ്മാര്‍ സിഇഒ അമിത് ജയിന്, ലുലു ഗ്രൂപ് എക്സി.ഡയറക്ടര്‍ എം.എ അഷ്റഫ് അലി, ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം, ഇഅ്മാര്‍ മാള്‍സ് സിഇഒ വസീം അല്‍ അറബി എന്നിവരും സന്നിഹിതരായിരുന്നു.
അടുത്ത വര്‍ഷം ഏപ്രിലോടു കൂടി ലുലു ദുബായ് മാളില്‍ പ്രവര്‍ത്തനമാരംഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് മാളില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ ഇഅ്മാര്‍ ഗ്രൂപ്പുമായി സഹകരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. ഡൗണ്‍ ടൗണിലും സമീപ പ്രദേശങ്ങളിലുമായുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുമുള്ള ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ ആയിരത്തിലധികം റീടെയില്‍ ബ്രാന്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഉയരത്തില്‍ ലോകചപ്രശസ്ത കെട്ടിടമായ ബുര്‍ജ് ഖലീഫയോട് ചേര്‍ന്ന് അഞ്ച് ലക്ഷത്തില്‍ പരം സ്ക്വയര്‍ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് മാളില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ആരംഭിക്കുമ്പോള്‍ നവീനമായ ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
ദുബായ് മാള്‍ പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ ഷോപ്പിംഗിനും സന്ദര്‍ശനത്തിനുമായി വന്നു പോകുന്ന ഇടമെന്ന ഖ്യാതിയും ദുബായ് മാളിനുണ്ട്. ലോകത്തിലെ തന്നെ പ്രമുഖമായ ബ്രാന്‍ഡുകളും മികച്ച സേവനങ്ങളും ഒന്നിച്ചു ചേരുന്ന ദുബായ് മാള്‍ സഞ്ചാരികളുടെയും താമസക്കാരുടെയും പ്രമുഖമായ ഷോപ്പിംഗ് കേന്ദ്രമാണ്.
ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 240ലധികം ഹൈപര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.
0 Comments