വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു.
ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. ബുധനാഴ്ച രാവിലെ കേംബ്രിഡ്ജിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്.മരണത്തിൽ ആഴമായി ദുഖിക്കുന്നെങ്കിലും അദേഹത്തിന്‍റെ ജീവിതവും പാരമ്പര്യവും ഇനിയും ദീർഘകാലം നില നിൽക്കുമെന്നും മക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ഒഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണഫലമായി കണ്ടെത്തിയതാണ് .
1942 ജനുവരി 8ന് ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.
17-ാം വയസ്സില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്.ആല്‍ബര്‍ട്ട് ഐസ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഭൗതികശാസ്ത്രജ്ഞനാണ് അദേഹം.
0 Comments