All for Joomla The Word of Web Design

വി.എം സതീഷിന്റെ മൃതദേഹം വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.

കോട്ടയം : അകാലത്തില്‍ വിടവാങ്ങിയ പ്രമുഖ ഗള്‍ഫ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ വിഎം സതീഷിന് നാടിന്റെ വിട. ദുബൈയില്‍ ബുധനാഴ്ച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഇത്തിത്താനം വഴിയില്‍ പറമ്പില്‍ വി.എം സതീഷിന്റെ മൃതദേഹം വലിയ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു.


രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ജന്മനാടായ ഇത്തിത്താനത്തേക്ക് കൊണ്ടുപോയി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള ഒട്ടേറെ മാധ്യമ സുഹൃത്തുക്കള്‍ മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കോട്ടയം പ്രസ്‌ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വെച്ചു. മാധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും, അടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, സിപിഐ നേതാക്കളായ സി.കെ ശശീധരന്‍, വിബി ബിനു, എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയത്തെ മാധ്യമ സമൂഹത്തിന് വേണ്ടി പ്രസ്‌ക്ലബ് പ്രസിഡന്റ് സാനുജോര്‍ജ് തോമസ് സെക്രട്ടറി എസ്. സനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി സരിത കൃഷ്ണന്‍, കെ.യു.ഡബ്യു.ജെ സംസ്ഥാന സമിതിക്ക് വേണ്ടി സെക്രട്ടറി ഷാലു മാത്യു, ടിപി പ്രശാന്ത് എന്നിവരും അന്ത്യാജ്ഞലി നേര്‍ന്നു.
സതീഷ് ബിരുദാന്തര ബിരുദത്തിന് പഠിച്ച എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ അധ്യാപകരും വിദ്യാര്‍ഥികളും യാത്രാമൊഴിയേകാനെത്തി.തുടര്‍ന്ന് വസതിയിലെത്തിച്ച മൃതദേഹം വൈകുന്നേരം നാലുമണിയോടെ സംസ്‌കരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വസതിയിലെത്തി അനുശോചനം അറിയിച്ചു. കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫും വസതിയിലെത്തി സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. യുഎഇ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയെ പ്രതിനിധീകരിച്ച് എല്‍വിസ് ചുമ്മാര്‍, യുഎഇ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ മുന്‍ ഭാരവാഹികളായ ഫൈസല്‍ ബിന്‍ അഹമ്മദ്,ഫിറോസ് ഖാന്‍, ബിജു അബേല്‍ ജേക്കബ്, ലിയോ രാധാകൃഷ്ണ്‍, ഷംസീര്‍ഷാ, എന്നിവരും മൃതദേഹത്തൊടൊപ്പം നാട്ടിലെത്തി അന്ത്യയാത്രയില്‍ ഉടനീളം സംബന്ധിച്ചു. ദുബായ് ജേണലിസ്റ്റ് കമ്യൂണിറ്റിയുടെ കുടുംബസഹായ നിധിയുടെ ആദ്യ ഗഡു ഇന്നലെ ഭാരവാഹികള്‍ സതീഷിന്റെ കുടുംബത്തിന് കൈമാറി.പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരിയാണ് സതീഷിന്റെ ഭൗതിക ദേഹത്തോടൊപ്പം ഗള്‍ഫില്‍ നിന്നും അനുഗമിച്ചത്.


ദുബൈ കെ. എം. എം. സി. സി ഓഫീസില്‍ വി. എം സതീശന്‍ അനുസ്മരണ യോഗം ചേര്‍ന്നു. ഗള്‍ഫിലെ സംഘടനാ രംഗത്തുള്ളവരും മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും സതീശന്റെ ഓര്‍മ്മകള്‍ അനുസ്മരിച്ചു സംസാരിച്ചു.
പി.ശശീന്ദ്രന്‍, കെ. എം അബ്ബാസ്, ഇബ്രാഹിം എളേറ്റില്‍, അന്‍വര്‍ നഹ, എം. സി.എ.നാസര്‍, ജോയ്‌മോന്‍, റഷീദ് ബിന്‍ അസ്‌ലം, സുബ്ഹാന്‍ ബിന്‍ ഷംസുദ്ധീന്‍, നിസ്സാര്‍ സെയ്ദ് തുടങ്ങിയവര്‍ക്കൊപ്പം വിവിധ സംഘടനാ പ്രതിനിധികളും എഴുത്തുകാരും പങ്കെടുത്തു.

ജിദ്ദ: ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വി എം സതീശിന്റെ നിര്യാണത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനം രേഖപ്പെടുത്തി. സമൂഹത്തോട് പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകരില്‍ മുന്‍നിരയിലായിരുന്നു സതീശിന്റെ സ്ഥാനം. നിരാലംബരും ഹതാശരുമായ നൂറുകണക്കിന് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ഉതകുംവിധം കാരുണ്യത്തിന്റെ തൂലിക ചലിപ്പിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്ന് ഫോറം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു സതീശിന്റെ എഴുത്തും ജീവിതവും. പ്രലോഭനങ്ങളില്‍ വശംവദനാവാതെ മൂര്‍ച്ചയുള്ള വാക്കുകളും ആര്‍ദ്രതയും നന്മയും നിറഞ്ഞ വാര്‍ത്തകളുമായി അദ്ദേഹം തന്റെ മാധ്യമജോലി സക്രിയമാക്കി. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടപ്പോഴും അചഞ്ചലമായി നിലകൊണ്ടു. ‘അപകടകരമായ സത്യസന്ധത’യെ കുറിച്ച് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അന്ത്യനിമിഷം വരെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭൂമികയില്‍ ചുവടുറപ്പിച്ച് മുന്നേറി. സതീശിന്റെ വേര്‍പാട് മാധ്യമ ലോകത്തിനും ഗള്‍ഫ് മലയാളികള്‍ക്കും തീരാനഷ്ടമാണെന്നും സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മീഡിയ ഫോറം അറിയിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar