All for Joomla The Word of Web Design

വി.എം.സതീഷ് സത്യത്തെ സത്യമായി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍: എം.എ.യൂസുഫലി

ഗള്‍ഫിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന വി.എം.സതീഷിനെ സഹപ്രവര്‍ത്തകരും ഗള്‍ഫിലെ സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖരും അനുസ്മരിക്കുന്നു………….

വി.എം.സതീഷ് സത്യത്തെ സത്യമായി എഴുതിയ മാധ്യമപ്രവര്‍ത്തകന്‍: എം.എ.യൂസുഫലി

ദുബായ്: സത്യത്തെ സത്യമായും ശരിയെ ശരിയായും അസത്യത്തെ അസത്യമായും തെറ്റിനെ തെറ്റായും സത്യസന്ധമായി എഴുതിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു വി.എം.സതീഷ് എന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസുഫലി അനുസ്മരിച്ചു. വി.എം.സതീഷിന്റെ വേര്‍പാട് ഗള്‍ഫിലെ മാധ്യമലോകത്തിനും ഗള്‍ഫ് മലയാളികള്‍ക്കും ബുദ്ധിജീവികള്‍ക്കും സാധാരക്കാര്‍ക്കുമെല്ലാം തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

വി.എം.സതീഷ് എന്ന മാധ്യമപ്രവര്‍ത്തകനോളം തന്നെ സതീഷ് എന്ന വ്യക്തിയെയും കൂടുതല്‍ അടുത്തറിയാനായിട്ടുണ്ട്. പല സന്ദഭങ്ങളിലും മുഖം നോക്കാതെ വി.എം.സതീഷ് എഴുതി. അതിനൊരുപാടു പഴികള്‍ അദ്ദേഹം ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്. എന്നാല്‍ അതിലൊന്നും ചൂളാതെ, അതിലൊന്നും വിഷമിക്കാതെ നിര്‍ഭയനായി എഴുത്തിനേയും വാര്‍ത്തയേയും കൊണ്ടുപോകുകയാണ് വി.എം.സതീഷ് ചെയ്തതെന്നും യൂസുഫലി സ്മരിച്ചു.
വി.എം. സതീഷിനു നിത്യശാന്തി ലഭിക്കട്ടെയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകര്‍ക്കും വേര്‍പാടിനെ താങ്ങാനുള്ള കരുത്തുണ്ടാകട്ടെയെന്നും യൂസുഫലി പ്രത്യേക അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

———————————————————————————————————————————–
സതീഷിന്റെ മരണം എന്നെ ഏറെ ദുഖിപ്പിക്കുന്നു.

: പി.കെ.അന്‍വര്‍ നഹ :


മാധ്യമ പ്രവര്‍ത്തനത്തില്‍ മാതൃകയായിരുന്നു ആ സുഹൃത്ത്.ആശയവും ധീരതയും ഉത്തമമായി സമ്മേളിപ്പിച്ച് നടത്തിയ പല രചനകളും ലക്ഷ്യത്തിലെത്തി.
ഞങ്ങള്‍ ഒരു വേദികളില്‍ പല പ്രാവശ്യം ഒത്തുചേര്‍ന്നിരുന്നു.
വ്യക്തിപരമായി എന്നതിനേക്കാള്‍ ആ വേര്‍പാട് സമൂഹത്തിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്നു എന്ന് പറയാതെ വയ്യ.
പ്രതിബദ്ധതയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറയുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വഴങ്ങാതെ തൂലിക ചലിപ്പിച്ച പ്രിയ സതീഷിനെ വേദനയോടെ സ്മരിക്കുന്നു.
മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി ഒരു വാര്‍ത്താ ചാനലുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ജനസഭ’ എന്ന പരിപാടിയില്‍ മാധ്യമ മേഖലയെ പ്രതിനിധീകരിച്ച് ക്ഷണിച്ചതും അദ്ദേഹം വന്ന് ധീരമായും വസ്തുനിഷ്ഠമായും ഫാസിസ ഭീഷണിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് വാചാലനായതും ഇപ്പോള്‍ തിളക്കമുള്ള ഓര്‍മ്മ.
ദര്‍ശനാ ചാനലില്‍ നടത്തിയിരുന്ന സതീഷ് ഷോ എന്ന പരിപാടിയുടെ ചര്‍ച്ചകളും ഷൂട്ടിംഗുമൊക്കെയായി ബന്ധപ്പെട്ട ഓര്‍മകളും മറക്കാനാവാത്തതാണ്.

———————————————————————————————————————–

സതീഷ് എന്നും നല്ലൊരു വഴികാട്ടി

: അഷ്‌റഫ് താമരശ്ശേരി :

എല്ലാ മരണ വാര്‍ത്തകളും എന്നിലൂടെ കടന്നുപോകുമ്പോള്‍ ഇന്നും ഉള്ളം പിടക്കും. വി.എം ആശുപത്രിയിലാണെന്ന് ആരോ വിളിച്ചു പറഞ്ഞപ്പോള്‍ അതിത്രവേഗം മരണത്തിലേക്കുള്ള യാത്ര ആണെന്ന് ഓര്‍ത്തില്ല. പലപ്പോഴും ഇംഗ്ലീഷ് പത്രങ്ങളിലേക്ക് എന്റെ വാര്‍ത്തകള്‍ എത്തിച്ചത് സതീഷ് ആയിരുന്നു. എന്നെ തേടി നല്ല വാര്‍ത്തകള്‍ വുരമ്പോള്‍ മാത്രമല്ല, ഗള്‍ഫിലെ ഏത് മരണവാര്‍ത്ത ഉണ്ടാവുമ്പോഴും സതീഷിന്റെ ഫോണ്‍ ആണ് ആദ്യം എത്താറ്. അജ്മാനില്‍ താമസിച്ച സതീഷ് എന്നും നല്ലൊരു വഴികാട്ടിയും സുഹൃത്തുമായിരുന്നു. ഒരുപാട് വേദികളില്‍ എനിക്കൊപ്പം സതീഷുമുണ്ടായിരുന്നു. ഇന്ന് ആ മൃതദേഹം പരിചരിക്കേണ്ടി വന്നപ്പോള്‍ എന്തെന്നില്ലാത്ത ആദി മനസ്സിലൂടെ കടന്നു പോവുന്നു. സതീഷിന് ദൈവം അനുഗ്രഹങ്ങള്‍ ചൊരിയട്ടെ.കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.

——————————————————————————————————————————–

അഗാധ വേദന
: പി.അഹമ്മദ് ശരീഫ് :
നമ്മുടെ സ്വന്തം ജര്‍ണലിസ്റ്റ് വി എം സതീശിന്റെ വേര്‍പാടില്‍ അഗാധ വേദന രേഖപ്പെടുത്തിക്കൊള്ളട്ടെ.

—————————————————————————————————————————————

ആദരാഞ്ജലികള്‍
: രശ്മി രഞ്ചന്‍ :
മൂര്‍ച്ചയുള്ള നന്മ സ്വരങ്ങള്‍ ഓരോന്നായി ഇല്ലാതാകും കാലം .
ആദരാഞ്ജലികള്‍

————————————————————————————————————————————–

ഇവന്‍ പോരാളി…
: കെ.കെ.മൊയ്തീന്‍കോയ :
അവന്‍ ഒമാന്‍ ഒബ്‌സര്‍വറില്‍ പ്രവര്‍ത്തിക്കേ, 2000 ല്‍ അബുദാബിയില്‍ നിന്ന് മുഹമ്മദ് ഫായിസാണ് എന്നെ ഫോണില്‍ പരിചയപ്പെടുത്തിയത്. കേരള മോണിറ്റര്‍ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സാരഥിയെന്ന നിലയില്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുന്ന ഒരു പത്രപ്രവര്‍ത്തകനെന്ന ആമുഖത്തോടെ. ഞാന്‍ തുടങ്ങിവെച്ച ഏഷ്യാനെറ്റ് റേഡിയോക്ക് ഒമാനില്‍ നിന്ന് ഒരു പാര്‍ട്ട് ടൈം റിപ്പോര്‍ട്ടറെ തപ്പുന്ന ഘട്ടത്തിലായിരുന്നു അത്. സതീഷിനേക്കാള്‍ നല്ലൊരു ചോയ്‌സ് വേറെയില്ലായിരുന്നു. അങ്ങിനെ ഏഷ്യാനെറ്റ് റേഡിയോക്കും പിന്നീട് ടെലിവിഷനും വേണ്ടി അവന്‍ ശക്തമായ റിപ്പോര്‍ട്ടുകള്‍ തന്നുകൊണ്ടിരുന്നു. ഇടയ്ക്കുണ്ടായ വിവാദമായ ഒരു വാര്‍ത്ത, ഉന്നതബന്ധങ്ങളുള്ള ഒരു പെണ്‍വാണിഭസംഘത്തെക്കുറിച്ച് സതീഷ് പുറത്തുകൊണ്ടുവന്നതോടെ അവനെതിരെ പല കുത്സിതനീക്കങ്ങളുമുണ്ടായി. ഇതേത്തുടര്‍ന്നാണ് ദുബായിലേക്കുള്ള സതീഷിന്റെ ചേക്കേറ്റം. ഇവിടെയും എവിടെയും അവന്‍ അവനായിത്തന്നെ നിന്നു. എഴുത്തില്‍ ആര്‍ക്ക് അരുചിയുണ്ടായാലും അവന്റെ സത്യങ്ങള്‍ മാത്രം ആവിഷ്‌കരിച്ചു. എത്രയോ ദീനരുടെ കൈത്താങ്ങായി അവന്റെ റിപ്പോര്‍ട്ടിങ്. ഇരുട്ടില്‍ അവന്‍ വെളിച്ചം പരതിത്തന്നെ നടന്നു.
ഞങ്ങളുടെ ഓര്‍മ്മകളില്‍ ഇവന് മരണമില്ല.
ഇല്ലായ്മകളോടും വല്ലായ്മകളോടും പൊരുതിയ ബാല്യങ്ങളുടെ സമാനതകള്‍ കൊണ്ടാകാം ഞങ്ങള്‍ തമ്മില്‍ സംവേദനം പലപ്പോഴും എളുപ്പമായി. പിണക്കങ്ങളെക്കാള്‍ ഇണക്കങ്ങളുമുണ്ടായി. ഇന്നലെ അജ്മാനിലെ ആശുപത്രിയില്‍ അവന്റെ ഹൃദയത്തിന്റെ അവസാന മിടിപ്പിലും സഹജമായ ആ നിസ്സംഗച്ചിരിയായിരിക്കാം. ഒരു യാത്രയില്‍ പെട്ടതുകൊണ്ട് മണ്ണിലടങ്ങും മുമ്പ് അവനെ നേരിലൊന്നു കാണാനായില്ലല്ലോ എന്നതും സങ്കടം. അകാലത്തിലെ ഈ വിയോഗം അവന്‍ പണിപ്പെട്ടുയര്‍ത്തിയ കുടുംബത്തിന് വലിയ ആഘാതമാവും. അവിടെയുണ്ടാവണം നമ്മുടെ പിന്‍ബലം.
പ്രിയപ്പെട്ട സതീഷ്, നിനക്ക് ധീര സലാം!

——————————————————————————————————————————

അനന്തമായ പ്രവാസത്തിലേക്ക്
: ഇ.എം അഷ്‌റഫ്  :
വി എം സതീഷ് വിടപറഞ്ഞു…തന്റെ അന്ത്യനിമിഷം വരെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭൂമികയില്‍ ജീവിച്ചു കൊണ്ട് തന്നെ…ചിരിച്ചും കലമ്പിയും പിന്നെയും ചിരിച്ചും….അതായിരുന്നു ഞങ്ങളുടെ സൗഹൃദം …
പ്രവാസം തന്നെ ഒരു വിട പറയലാണ്… സുഹൃത്തേ താങ്കള്‍ ഒരിക്കലും തിരിച്ചു വരാത്ത എന്നേക്കുമായുള്ള അനന്തമായ പ്രവാസത്തില്‍ പോയിരിക്കുന്നു
ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധത്തില്‍ …!!!
മരണം..അതെത്ര പെട്ടെന്ന് വന്നു പോകുന്നു !!!,,, ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ സുഹൃത്തേ നിങ്ങള്‍ പോയെന്നു ..,

————————————————————————————————————————————-
അല്ലാഹു ആ നല്ല മനുഷ്യനെ ചേര്‍ത്ത് പിടിക്കും
: ഹിഷാം അബ്ദുസ്സലാം :
ജനുവരിയിലെ ലോകകേരളസഭ വേദിയിലാണ് വിഎം സതീഷിനെ വീണ്ടും കാണുന്നത് ഒമാനിലെ വ്യവസായി. ഗള്‍ഫാര്‍ മുഹമ്മദലിയെ കണ്ടപ്പോള്‍ വി.എം സതീഷ് ഇങ്ങനെ പരിചയപ്പെടുത്തി. എന്നെ ഓര്‍മ്മയുണ്ടോ എന്നറിയില്ല താങ്കളെ വിമര്‍ശിച്ചു നിരവധി റിപ്പോര്‍ട്ടുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്.ഗള്‍ഫാര്‍ മുഹമ്മദലി അകല്‍ച്ചയില്ലാതെ പറഞ്ഞു എനിക്കറിയാം പരിഭവമില്ല.
ഈ സംഭാഷണത്തില്‍ വിഎം സതീഷ് എന്ന മാധ്യമപ്രവര്‍ത്തകനുണ്ട് .ആദര്‍ശധീരതയില്‍നിന്നും പ്രലോഭനങ്ങളുടെ മെരുക്കപ്പെടലിലേക്കു ഭൂരിപക്ഷം മാധ്യമങ്ങളും പ്രവത്തകരും തല താഴ്ത്തുന്ന ഇക്കാലത്തു തല ഉയര്‍ത്തി ധൈര്യത്തോടെ നിന്ന സതീഷ് മരണത്തിന്റെ മുന്നിലല്ലേ തോറ്റിട്ടുളൂ .ശരീര ഭാഷയില്‍ പരുക്കനെന്നു തോന്നാമെങ്കിലുംമനസ്സ് നിറയെ സ്‌നേഹമായിരുന്നു.സാധാരണ പ്രവാസിയുടെ പതിതാവസ്ഥകള്‍ പ്രതിപാദിച്ചും ചൂഷണം ചെയ്യുന്ന ഇരുപത്തി നാലു കാരറ്റ് വമ്പന്മാരോട് പൊരുതിയും അതിന്റെ പേരില്‍ പൊറുതിമുട്ടിച്ചു ജയിലില്‍ കിടത്തിയിട്ടുമെല്ലാം തളരാതെ സതീഷ് മാധ്യമപ്രവര്‍ത്തനം നടത്തി ..
..അപകടകരമായ സത്യസന്ധത..അതേക്കുറിച്ചു മറ്റുള്ളവര്‍ക്ക് വേവലാതികളുണ്ടായിരുന്നു. സതീഷിനൊഴികെ .
ആശയറ്റവരോട് ഹൃദയപരമായ ബന്ധമുണ്ടാക്കിയും, വിശക്കുന്നവനു ഭക്ഷണം നല്‍കിയും ,അവന്റെ വിവരങ്ങള്‍ പുറത്തറിയിച്ചു സഹായിച്ചും, വിഷു ദിനങ്ങളില്‍ അടുപ്പമുള്ളവര്‍ക്കു ഷര്‍ട്ടുകള്‍ സമ്മാനിച്ചും, അപ്രിയ സത്യങ്ങള്‍ വെട്ടിത്തുറന്നെഴുതിയും, പറഞ്ഞുമെല്ലാം ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ നിത്യ നിദ്രയിലേക്ക് പോകുമ്പോള്‍ വല്ലാത്ത ശൂന്യത
.തിരുവന്തപുരത്തെ കാണലിനുശേഷം
കെട്ടിപ്പിടിച്ചു പറഞ്ഞു.
അടുത്ത മാസം വരുന്നുണ്ട് അവിടെ നേരിട്ടുകാണാം..ചേതനയറ്റ ആ ദേഹം
കാണുവാന്‍ വയ്യ..സതീഷിനെ കേട്ട പ്രിയ സുഹൃത്തു രാവിലെ പറഞ്ഞതാണാശ്വാസമേകുന്നത്.
അല്ലാഹു ആ നല്ല മനുഷ്യനെ ചേര്‍ത്ത് പിടിക്കും .

——————————————————————————————————————————–

തുറന്ന് പറയാന്‍ ആര്‍ജവം കാണിച്ച വ്യക്തി.
: ഇ.കെ ദിനേശന്‍ :

വീണ്ടും ഒരു മരണം പിടിച്ചുലയ്ക്കുകയാണ്. പ്രവാസ ലോകത്ത് നിവര്‍ന്നു നിന്ന് നിര്‍ഭയമായി ഉറക്കെ ചോദ്യങ്ങള്‍ ചോദിച്ച പത്രപ്രവര്‍ത്തകനായിരുന്നു വി.എം.സതീഷ്. എവിടെയും തന്റെ നിലപാട് തുറന്ന് പറയാന്‍ കാണിച്ച ആര്‍ജവം…അതാണ് താങ്കളെ കുറിച്ചുള്ള ഓര്‍മ്മകളെ മുന്നോട്ട് വലിച്ച് നീട്ടുന്നത്. എന്നാല്‍ ജീവിതവും മരണവും ഇതൊന്നുമല്ല എന്ന സത്യത്തിന് മുമ്പില്‍ ഒരു നിമിഷം സ്തംഭിച്ചു പോയ്…പ്രവാസ ലോകത്ത് ജീവിച്ച്, അവിടെ ഏറെ സൗഹൃദങ്ങള്‍ ഉണ്ടാക്കി, തന്റെ വ്യക്തിത്വത്തെ അവിടെ തുറന്ന് വെച്ച് നാട്ടിലേക്ക് തിരിച്ച നിങ്ങള്‍ വീണ്ടും പ്രവാസത്തില്‍ എത്തിയത് ഈ മരണത്തെ ഒപ്പിട്ടു വാങ്ങാനായിരുന്നോ? പ്രണാമം പ്രിയപ്പെട്ട സതീഷ് ഏട്ട…. നമ്മള്‍ ഒന്നിച്ചുള്ള വേദിയില്‍ നിങ്ങള്‍ മുഴക്കിയ വാക്കുകള്‍ ഓരോന്നായി എന്നിലേക്ക് തിരിച്ചു വരികയാണ്.അതാണ് താങ്കളുടെ വ്യക്തിത്വത്തെ സാക്ഷ്യപ്പെടുത്തുന്നത്. അതു തന്നെയാണ് താങ്കളുടെ ജീവിതത്തെയും ഉയര്‍ത്തി പിടിക്കുന്നത്. ഓര്‍മ്മകള്‍ എപ്പോഴും വേദനയെ പൂരിപ്പിക്കുമ്പോള്‍; ഓര്‍മ്മളെ ധീരമായ് പണിതു വെയ്ക്കാന്‍ അധികമാര്‍ക്കും കഴിയാറില്ല.താങ്കള്‍ക്ക് അതിന് കഴിഞ്ഞിരിക്കുന്നു.
വിട…..

——————————————————————————————————————————-

എനിക്കീ കാഴ്ച്ച കാണാന്‍ കഴിയില്ല.
: കെ.പി.കെ വെങ്ങര :
കണ്ണൂര് വന്ന് കാണണമെന്നു വിചാരിച്ചതാ…ഞാന്‍ വരുന്നുണ്ട് ദുബായില്‍… അവിടുന്ന് കാണണം എന്ന് പറഞ്ഞിട്ട്..എനിക്കീ കാഴ്ചയാണൊരുക്കിയതല്ലേ സതീഷ്..നിന്റെ മരണമില്ലാത്ത ഉറക്കം, ഉറക്കം കെടുത്തുന്നല്ലോ സുഹൃത്തേ…

——————————————————————————————————————-

പൊരുതി ജീവിച്ച മാധ്യമജീവിതം
: മസ്ഹര്‍ മുഹമ്മദ് :
സതീഷ്, മോര്‍ച്ചറിയില്‍ നിര്‍ഭയനായി നീ കിടക്കുമ്പോള്‍ നിന്റെ കവിളില്‍ കൈവിരല്‍ തൊട്ടു ഞാന്‍ യാത്രാമൊഴി ചൊല്ലിയപ്പോള്‍ വിതുമ്പലടക്കാന്‍ പാടുപെട്ടു. നിന്നെ കേട്ടറിഞ്ഞും കണ്ടറിഞ്ഞും തൊട്ടറിഞ്ഞും എന്റ മനസ്സില്‍ രൂപപ്പെട്ട പേരാളിയുടെ ചിത്രം തന്നെയായിരുന്നു നിനക്കപ്പൊഴും. രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന് ഞാന്‍ പഠിച്ച എല്ലാ പാഠവാക്യങ്ങളും വെച്ച് പറയട്ടെ, നീ പൊരുതി ജീവിച്ച മാധ്യമജീവിതം സാക്ഷി, ശാന്തനായി മടങ്ങുമ്പോഴും നിന്റെ രക്തസക്ഷിത്വത്തിന് സമാനതകളില്ല.

————————————————————————————————————————-

പ്രാര്‍ത്ഥിക്കുന്നു ആത്മശാന്തിക്കായി.
: വനിത വത്സ :
ഇപ്പോള്‍, അജ്മാന്‍ ഖലീഫ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ കണ്ട സതീഷേട്ടന്റെ മുഖം തന്നെ മനസ്സില്‍.
യുഎ ഇയില്‍ എത്തിയശേഷം ഞാന്‍ ആദ്യമറിഞ്ഞ മാധ്യമപ്രവര്‍ത്തകനായിരുന്നു,സുഹൃത്തായിരുന്നു,ഒരദ്ധ്യാപകനും, വാക്കുകളില്ല സതീഷേട്ടാ. അന്ന് ഒരു വിളിയില്‍ ഓടിയെത്തിയതു മുതല്‍ പറയാന്‍ ഓര്‍ത്തു ചിരിക്കാന്‍ ഒത്തിരിയുണ്ട്. ഇന്ന് ഒന്നും മിണ്ടാതങ്ങു പോയി. വേദനയ്ക്ക് മേലേ വേദനയിങ്ങനെ കോരിചൊരിയുന്നല്ലോ. പ്രിയപ്പെട്ടവരുടെ വേര്‍പാട് കണ്ടും കേട്ടും മരണത്തേയും സ്‌നേഹിക്കാന്‍ പഠിച്ചുതുടങ്ങി.
പ്രാര്‍ത്ഥിക്കുന്നു ആത്മശാന്തിക്കായി.

————————————————————————————————————————-
ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍..
: ഹാരിസ് അരിക്കുളം :
പ്രിയ സതീഷേട്ടാ,
ഈ യാത്രയില്‍ നിന്ന് വിടവാങ്ങിയല്ലേ..
ദുബൈ കാലത്തെ ഓര്‍മകള്‍ തികട്ടുന്നു..
ഒരുമിച്ച് ചെയ്ത യാത്രകള്‍..വാര്‍ത്തകള്‍..
പ്രായവും അറിവും നോക്കാതെ നിങ്ങള്‍ തന്ന പരിഗണന,സ്‌നേഹം..
അങ്ങനെയങ്ങനെ..ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍..
വേദനയോടെ പ്രാര്‍ഥനകള്‍..

——————————————————————————————————————————

അടുത്ത്‌ നിന്ന് തൊടാന്‍ കഴിയുന്ന വിശുദധന്‍
: ബഷീര്‍ തിക്കോടി :
നട്ടെല്ല് ഒരനാവിശ്യമാണന്ന് ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ അയാള്‍ തുരുമ്പെടുക്കാത്ത നട്ടെല്ലുമായ് മുതുക് വളക്കാതെ നടന്നു. നാണയത്തുട്ടുകളുടെ കിലുക്കങ്ങളില്‍ ചെന്നടിഞില്ല. തീ പെയ്യിക്കാന്‍ നോമ്പ് നോറ്റ് തൊറ്റ് പൊയവന്‍. മരിച്ചവര്‍ ഭാഗ്യവാന്മാര്‍. ഒരുമിച്ച് എത്രൊയൊ വേദികളില്‍ ഞങ്ങള്‍. ഒരിക്കല്‍ ചൊദിച്ചതൊര്‍മ്മയുണ്ട്. ഇങ്ങനെ തിരസ്‌കരിച്ചിട്ടും എങ്ങനെ എഴുന്നെറ്റ് നില്‍ക്കുന്നു എന്ന്. അവാര്‍ഡുകള്‍ക്ക് വേണ്ടി തലകുനിക്കാത്തത് കൊണ്ടെന്ന് ഞാന്‍. അടുത്ത്‌ നിന്ന് തൊടാന്‍ കഴിയുന്ന വിശുദധനായിരുന്നു സതീഷ്. പോകുമ്പൊള്‍ പറഞ്ഞില്ല ഒരു വാക്ക്.

——————————————————————————————————————————
എന്റെ പ്രിയ സുഹൃത്ത് വി.എം സതീഷന് പ്രണാമം
: പുന്നക്കന്‍ മുഹമ്മദലി :

——————————————————————————————————————————

സതീഷ് എന്ന ഒറ്റയാന്‍ .
: റോജിന്‍ പൈനുംമൂട്
രാജാവ് നഗ്‌നനായിരുന്നു.അങ്ങനെ വിളിച്ചു പറയുവാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ ദുബായിലെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍.
അതായിരുന്നു വി.എം. സതീഷ് എന്ന ഒറ്റയാന്‍ .
പലരും ചോദിക്കണം എന്ന് മനസില്‍ കരുതുന്ന ചോദ്യങ്ങള്‍ യാതൊരു ഭയവും ഇല്ലാതെ ചോദിക്കുക എന്നതായിരുന്നു സതീഷ് ലൈന്‍. ഇനി അങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍ താങ്കള്‍ ഇല്ലല്ലോ .
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ പഠിച്ചു എം.ജി സര്‍വകലാശാലയുടെ എം.എ ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങിയ സതീഷ് പലര്‍ക്കും ഒരു പാഠപുസ്തകം ആയിരുന്നു.
ചീകിയൊതുക്കാത്ത മുടിയുമായി ചില മാസങ്ങള്‍ക്കു മുന്‍പ് സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് കണ്ടപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇങ്ങനെ നീട്ടി വിളിച്ചു പൈനുംമൂടാ…
ഇനിയും ആ വിളി കേള്‍ക്കാന്‍ പറ്റില്ലല്ലോ.വിട പ്രിയ സുഹൃത്തേ .
ആദരാഞ്ജലികളോടെ.

————————————————————————————————————————-
സത്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ പച്ചമനുഷ്യന്‍
: സലീം അയ്യനത്ത് :
സരസമായി തര്‍ക്കിക്കാനും മുഖം നോക്കാതെ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയാനും ഇനി സതീഷേട്ടനില്ല…!
പ്രാര്‍ത്ഥനയോടെ,ആദരാഞ്ജലി…

——————————————————————————————————————————
അന്തസ്സുള്ള മനുഷ്യസ്‌നേഹി…

: ലിയോ രാധാകൃഷ്ണന്‍ :
ദുരനുഭവങ്ങള്‍ ഉണ്ടായിട്ടും സത്യം പറയുകയും എഴുതുകയും ചെയ്ത അന്തസ്സുള്ള മനുഷ്യസ്‌നേഹി…പ്രവാസലോകത്തെ പച്ചയായ സത്യങ്ങളും പാവപ്പെട്ടവന്റെ ജീവിതങ്ങളും ലോകത്തോട് പറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍…പത്രസമ്മേളനങ്ങളെ സജീവമാക്കിയ ശബ്ദം…നേതാക്കളെ അസ്വസ്ഥരാക്കിയ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍…ചെറുപ്പം മുതല്‍ പ്രതികൂല സാഹചര്യങ്ങളോട് പൊരുതിനേടിയ ജയങ്ങള്‍…ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് സതീഷേട്ടന്‍ യാത്രയായത്…നഷ്ടമായത് നിഷ്‌കളങ്കനായ പോരാളിയെ…

————————————————————————————————————————————

ഇന്ന് നീ,നാളെ ഞാന്‍…
: വെള്ളിയോടന്‍ സി.പി :
കൂട്ടത്തില്‍ ഓരോരുത്തരായി പോകുന്നു….ഇന്ന് നീ,നാളെ ഞാന്‍…പറയൂ സതീശേട്ടാ…അവള്‍ നീല വസ്ത്രമണിഞ്ഞാണോ വന്നിരുന്നത്….പ്രണയാര്‍ദ്രമായിരുന്നോ മരണത്തിന്റെ സ്പര്‍ശനം….മരണത്തിന്റെ മുഖത്ത് നോക്കി എന്ത് ചോദ്യങ്ങളാണ് താങ്കള്‍ ചോദിച്ചത്….ഈ ചാക്രികവ്യവസ്ഥിതിയില്‍ നിന്നും എപ്പോഴാണോ ഞാന്‍ അടര്‍ന്ന് വീഴുന്നത്, അപ്പോള്‍ നമുക്ക് വീണ്ടും കാണാം….

———————————————————————————————————————————

മരണമെത്തുന്ന നേരത്ത്….
: ഹാറൂന്‍ കക്കാട് :
കഴിഞ്ഞ ബുധനാഴ്ച ഷാര്‍ജയില്‍ അന്തരിച്ച പ്രമുഖ പണ്ഡിതന്‍ എ. അബ്ദുസ്സലാം സുല്ലമിയെ കുറിച്ച് ഒരു ഫീച്ചര്‍ എഴുതിക്കൊണ്ടിരിക്കെയാണ് മാധ്യമ രംഗത്തെ സവിശേഷ ശബ്ദമായിരുന്ന വി.എം. സതീഷേട്ടന്റെ മരണവാര്‍ത്ത തൊട്ടടുത്ത ബുധനാഴ്ചയിലെ പാതിരാത്രിയില്‍ അജ്മാനില്‍നിന്ന് വന്നുവീണത്.
രണ്ടു മരണങ്ങളും തമ്മില്‍ ഒരാഴ്ചയുടെ വ്യത്യാസം മാത്രം. ഷാര്‍ജയും അജ്മാനും തമ്മിലുള്ള ദൂരം പോലെ… രണ്ടു പേരുടെയും വേര്‍പാടുകളും അപ്രതീക്ഷിതവും!
ഓണ്‍ലൈനിലായിരുന്നു സതീഷേട്ടനുമായി ആദ്യം കൂട്ട് തുടങ്ങിയത്. പിന്നീട് പലപ്പോഴും പലതും പങ്കുവെച്ചു. 2016 ഏപ്രില്‍ 15 ന് സമന്വയം സാംസ്‌കാരിക വേദി ഷാര്‍ജയില്‍ സംഘടിപ്പിച്ച ‘സാമൂഹിക സുരക്ഷയ്ക്ക് സൗഹൃദ ജീവിതം’ എന്ന സെമിനാറില്‍ സതീഷേട്ടനോടൊന്നിച്ച് പങ്കെടുക്കാനും സാധിച്ചു. ഷാജഹാന്‍ മാടമ്പാട്ട്, എം.സി.എ. നാസര്‍, റോയ് റാഫേല്‍, മുജീബ് എടവണ്ണ തുടങ്ങിയവരും സെമിനാര്‍ വേദിയെ ധന്യമാക്കി. സെമിനാറില്‍ വിഷയവുമായി ബന്ധപ്പെട്ട ചില ശ്രദ്ധേയമായ നിലപാടുകളും നിരീക്ഷണങ്ങളും സതീഷേട്ടന്‍ വിളിച്ചു പറയുമ്പോള്‍ സദസും വേദിയും ഒന്നടങ്കം കൈയ്യടിക്കുകയായിരുന്നു. നര്‍മത്തില്‍ പൊതിഞ്ഞ് സത്യം ഉറക്കെ വിളിച്ചു പറയുന്ന ആ ശൈലി ഏറെ വശ്യമായിരുന്നു.
നീതിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഈര്‍ച്ചവാളിന്റെ മൂര്‍ച്ചയുള്ള ആ ധീരന്റെ ചോദ്യങ്ങള്‍ ചിലരുടെയെങ്കിലും ഉറക്കം കെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനം എന്തിന് വേണ്ടിയാവണം, അതെങ്ങനെ നിര്‍വഹിക്കണം എന്നതിനുള്ള കൃത്യമായി അളന്നുമുറിച്ച ഉത്തരമായിരുന്നു സതീഷേട്ടന്റെ ജീവിതം.
ആ നിസ്വാര്‍ത്ഥ ജീവിതം ഇനിയില്ല. യു.എ.ഇയിലെ മാധ്യമ മേഖലയിലും പ്രഭാഷണ വേദികളിലും തലനിറയെ ചുരുളന്‍ മുടിയും ഇടതൂര്‍ന്ന താടി മുഖവുമായി സൗമ്യ സാന്നിധ്യമറിയിച്ച ആ പച്ചമനുഷ്യന്‍ ഇനി ഓര്‍മകളില്‍…അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.
ആദരാഞ്ജലികള്‍….

———————————————————————————————————————————
ആദരാഞ്ജലി
: വലിയറ രമേഷ് പെരുമ്പിലാവ്.:
മരണമെന്ന രംഗബോധമില്ലാത്ത അരസികന്‍ വീണ്ടും.
സതീഷേട്ടനും അരങ്ങത്ത് വീണുടഞ്ഞു…

————————————————————————————————————————————

 പ്രവാസ ലോകത്തെ ശക്തനായ മാധ്യമ പ്രവര്‍ത്തകന്‍

: സുബൈര്‍ വെള്ളിയോട് :
ദുബായിലെ സാംസ്‌കാരിക വേദിയിലെ സ്ഥിര സാന്നിധ്യമായിരുന്ന, എപ്പോഴും തന്റെ നിലപാട് ആരുടെ മുമ്പിലും മടി കൂടാതെ തുറന്നു പറഞ്ഞിരുന്ന, പ്രവാസ ലോകത്തെ ശക്തനായ മാധ്യമ പ്രവര്‍ത്തകന്‍
വി എം സതീഷ് ഇനി ഓര്‍മ്മകളില്‍.

——————————————————————————————————————————-

വിട്ടുവീഴ്ചയില്ലാത്ത പോരാളി
:സഫറുല്ല പാലപ്പെട്ടി :
മരണം നമുക്കൊപ്പം നടക്കുകയും നമ്മെ നടുക്കുകയും ചെയ്യുന്ന സത്യമാണ്,
പണവും അധികാരങ്ങളും എല്ലാം മരണത്തിനു മുന്നില്‍ തോല്‍കുന്നു.
പ്രിയപെട്ടവരുടെ മരണം എന്നും നോവുകള്‍ ആണ് അത് എന്നും മനസിനെ പൊള്ളിച്ചുകൊണ്ടിരിക്കും………
ആ പൊള്ളലില്‍ പിടയുകയാണിപ്പോള്‍….
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. എം.സതീശനെ എന്നാണു ആദ്യമായി പരിചയപ്പെട്ടതെന്നോര്‍മ്മയില്ല.
മീറ്റിംഗുകളില്‍, പത്രസമ്മേളനങ്ങളില്‍, സെമിനാറുകളില്‍, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവമേളകളില്‍, പുസ്തക പരിചയ വേദികളിന്‍, മാധ്യമ ചര്‍ച്ചകളില്‍ ..പക്ഷെ, നേരില്‍ പരിചയപ്പെട്ട കാലം മുതല്‍ എന്നും സഹോദരതുല്യമുള്ള സുഹൃത്ത് തന്നെയായിരുന്നു.
അവസരോചിതമായ സന്ദര്‍ഭങ്ങളില്‍ ഏറെ ചങ്കൂറ്റത്തോടെ അപ്രിയ സത്യങ്ങളായാലും തുറന്നു പറയാന്‍ മനസ്സുണ്ടായിരുന്ന ആര്‍ജ്ജവമുള്ള ഒരു പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
കിട്ടിയ അവസരങ്ങളൊട് എങ്ങിനെ സത്യസന്ധമായി പ്രതികരിക്കാം എന്നു സ്വജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിക്കുകയായിരുന്നു..
മാധ്യമപ്രവര്‍ത്തനരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായി തുടരുമ്പോഴും സൗഹൃദങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സതീഷ് ശ്രമിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തനമെന്നാല്‍ എന്തായിരിക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ എങ്ങിനെയായിരിക്കണമെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ അപൂര്‍വ്വം പ്രവാസ മാധ്യമപ്രവര്‍ത്തകരില്‍ പ്രഥമഗണനീയനാണ് അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരെന്നാല്‍ കൊമ്പുള്ളവരാണെന്നും അവര്‍ പൊതു സമൂഹത്തില്‍ നിന്നും അകന്നു മാറി കൊമ്പത്ത് കയറി ഇരിക്കേണ്ടവരാണെന്നും ധരിച്ചുവെച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ തികച്ചും ഒരു അപവാദം തന്നെയായിരുന്നു വി. എം. സതീഷ്.
നിരവധി ഞെട്ടിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത താങ്കളില്‍ നിന്ന് ലഭിച്ച ഈ വാര്‍ത്ത അവയെക്കാളും ഞെട്ടലുളവാക്കുന്നവയാണ്……….. പ്രിയ സഖാവേ, ഈ ഞെട്ടലില്‍ നിന്ന് ഞങ്ങള്‍ക്കെന്നാണൊരു മോചനം!

——————————————————————————————————————————–

കലര്‍പ്പില്ലാത്ത ഇടപെടല്‍
: രാജ് പണിക്കര്‍ :
ഈ വാര്‍ത്ത ഇതൊരു ഷോക്കാണ്..വല്ലാത്തൊരു അസ്വസ്ഥത ഇന്നത്തെ ഓഫീസ് ജോലികള്‍ ചെയ്യാനാവിനില്ല.ഒരു മാഗസിന്‍ തുടങ്ങുന്ന കാര്യവും അതിലേക്കു ‘ അറേബ്യന്‍ എക്‌സ്പീരിയന്‍സ് ‘ എന്ന വിഷയത്തില്‍ ആര്‍ട്ടിക്കിള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സതീഷ് അവസാനമായി ബന്ധപ്പെട്ടത്. പിന്നീട് ഒരു അവധിക്കാലത്തിന് ശേഷം രോഗത്തിന്റെ പിടിയിലായത് കൊണ്ടാകാം ബന്ധപ്പെടാന്‍ പറ്റിയില്ല.
പ്രവാസ ലോകത്തെ വാണിജ്യ പത്രപ്രവര്‍ത്തന ശൈലിയില്‍ നിന്നും വേറിട്ട പത്രപ്രവര്‍ത്തനവുമായി ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതം അന്വേഷിച്ചിറങ്ങിയ പത്രപ്രവര്‍ത്തകനായിരുന്നു സതീഷ്. മൂച്ചയുള്ള നിലപാടുകളും കലര്‍പ്പില്ലാത്ത ഇടപെടലുകളുമാണ് അദ്ദേഹത്തെ പത്രപ്രവര്‍ത്തനരംഗത്തെ ഒറ്റയാനാക്കിയത്.പാതി വഴിയില്‍ എഴുത്തുകളും സ്വപ്നങ്ങളും ബാക്കി വച്ച് ഉള്ളില്‍ ഒളിപ്പിച്ചു വച്ച ചിരി സമ്മാനിച്ച് സതീഷ് യാത്ര പറയാതെ മറഞ്ഞു പോകുമ്പോള്‍ എന്തോ ഒരു ശൂന്യതയുടെ തണുപ്പ് അനുഭവപ്പെടുന്നു. സുഹൃത്തും നാട്ടുകാരനുമായിരുന്ന സതീശന് പ്രണാമം….!

—————————————————————————————————————————

ഊക്കുള്ള നാക്കും കരുത്തുള്ള എഴുത്തും
: വി.കെ.അബ്ദുള്‍ റഷീദ് :
പലത് കൊണ്ടും പ്രിയം തോന്നിയ ഊക്കുള്ള നാക്കിനും കരുത്തുള്ള എഴുത്തിനുമുടമയായിരുന്നു ശ്രീ വി എം സതീഷ്.
പരിചയപ്പെട്ടേടം മുതല്‍ പലവട്ടം ഫോണിലും ദിനേന വാട്ട്‌സാപ്പിലും മിണ്ടിയും പറഞ്ഞും പല വാര്‍ത്തകളുടെയും ലിങ്കയച്ചും കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തുകയായിരുന്നു അദ്ധേഹമെന്നെ.
ചില ദേഹാസ്വസ്ഥതതകളാല്‍ ഇയ്യിടെയായി വാട്ട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും കൂടുതല്‍ കൂടുതല്‍ നേരം ചിലവിടാതെ ആയി ഞാന്‍.
സതീഷ്ജിയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെ കേട്ട പാടെ അദ്ധേഹത്തിന്റെ വാട്ട്‌സാപ്പില്‍ പരതി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അവസാനമായി ഒണ്‍ലൈനില്‍ വന്നതായി കാണുന്നത്.
കാണാതെ, കേള്‍ക്കാതെ കെട്ടിക്കിടക്കുന്ന മെസേജു കൂമ്പാരങ്ങള്‍ പോലെ ഇനി വി എം സതീഷ് എന്ന നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകന്റെ നാട്യങ്ങളില്ലാത്ത ഓര്‍മകളും മരിക്കാതെ ബാക്കിയാവുമിനിയെന്നും….!കണ്ണീര്‍പ്പൂക്കള്‍,വിട.

——————————————————————————————————————————–
യാഥാര്‍ത്ഥ്യം വോദനിപ്പിക്കുന്നു
: ഷാക്കിം ചേക്കുപ്പ :
മരണത്തെക്കുറിച്ച് പറയുമ്പോഴൊക്കെ,മരണം ആനന്ദം തേടിയുള്ള ആത്മാവിന്റെ പലായനമാണെന്നാണ് പറയാറ്. പക്ഷെ അകാലത്തില്‍ അടുത്ത സുഹൃത്തിന്റെ മരണം വന്നപ്പോള്‍,മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് തോന്നി. യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ഓരോ ശരീരവും മരണം രുചിച്ചു നോക്കും എന്ന ദൈവവചനം അനിവാര്യമാകുന്നു.

—————————————————————————————————————————–

ആദരാശ്രുക്കള്‍!
: അനസ് മാള :

ഇന്ന് പുലര്‍ച്ചെ നടുക്കിയ വാര്‍ത്ത! ദുബൈയിലെ മാധ്യമപ്രവര്‍ത്തകന്‍ വി.എം.സതീഷിന്റെ വിയോഗം അടുത്ത ഒരു കുടുംബാഗം നഷ്ടപ്പെട്ടതിന്റെ വേദനയാണ് തന്നത്… എമിറേറ്റ്‌സ് 24-7ല്‍ വായിച്ചാണ് അദ്ദേഹവുമായുള്ള പരിചയം. മാധ്യമത്തിനുവേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹായം തേടാറുണ്ടായിരുന്നു..ഒട്ടും വൈമനസ്യം ഇല്ലാതെയാണ് അദ്ദേഹം അതിനോടൊക്കെ സഹകരിച്ചത്.തന്റെതായ ശൈലിയിലൂടെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും ആര്‍ജ്ജമുണ്ടായിരുന്നു അദ്ദേഹത്തിന്… മരണത്തിലേക്കും ആ ആര്‍ജ്ജവത്തോടെ അദ്ദേഹം ഇറങ്ങിപ്പോയി…. ആദരാശ്രുക്കള്‍!

——————————————————————————————————————————

ഇനിയും വിശ്വസിക്കാന്‍ ആവുന്നില്ല.

: സലീം നൂര്‍ ഒരുമനയൂര്‍ :
ഹൃദയാഘാതത്തെ തുടര്‍ന്ന് അജ്മാന്‍ ഖലീഫ ആശുപതിയില്‍ കഴിയുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ വി.എം സതീഷിനെ പരിചരിക്കാന്‍ നാസര്‍ ഊരകം ഏല്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ രാത്രി ഏഴുമണിക്ക് നാലാം നമ്പര്‍ മുറിയില്‍ എത്തിയതായിരുന്നു ഞങ്ങള്‍. കടുത്ത നെഞ്ച് വേദനയുണ്ടെന്ന് സതീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അടുത്ത് കണ്ട നഴ്‌സ് സ്റ്റേഷനില്‍ വിവരം ധരിപ്പിച്ചു. ആഞ്ചിയോ പ്ലാസ്റ്റ് കഴിഞ്ഞതിന്റെ വേദനയാണെന്നും അധേഹം വിശ്രമിക്കട്ടെയെന്നും സന്ദര്‍ശ്ശകരെ അനുവദിക്കില്ലെന്നും പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു.
വീട്ടിലെത്തി അല്‍പ്പം കഴിയുമ്പോഴേക്കും പിറകെ ദുഖ വാര്‍ത്തയുമായി എം.സി.എ യുടെ വിളി വന്നു. ആരുടേയും മുന്നില്‍ അടിയറവ് പറയാത്ത ധീരനായ മാധ്യമ പ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ ഇനിയും വിശ്വസിക്കാന്‍ ആവുന്നില്ല.

—————————————————————————————————————————–
ആദരാഞ്ജലികള്‍ …….
: ഉണ്ണി കുലുക്കല്ലൂര്‍ :
വാക്കുകള്‍ കിട്ടുന്നില്ല സതീഷേട്ടാ…

————————————————————————————————————————————

ഇനി വിളിക്കാനും കഴിയില്ല..
: രശ്മി രവീന്ദ്രന്‍ :
സതീഷേട്ടാ…
നിങ്ങള്‍ എന്നന്നേക്കുമായി ഉറങ്ങി.
ഞങ്ങളുടെ ഉറക്കം നിലച്ച പോലെ സതീഷേട്ടാ…
മാധ്യമ സുഹൃത് വലയത്തിലെ മനോഹരമായ ഒരു കണ്ണി അറ്റുപോയിരിക്കിന്നു എന്നന്നേക്കുമായി.
അല്ലെങ്കിലും സതീഷ് ഭായ് എപ്പോഴും അങ്ങനെയാണ് ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോ പെട്ടെന്ന് കടന്ന് വരും..ചിലപ്പോള്‍ ഒന്നും പറയാതെ പെട്ടെന്ന് യാത്ര പോലും പറയാതെ പോകും….
ഏഷ്യാവിഷന്‍ മാഗസിനില്‍ മാര്‍ക്കോ റോത്തുമായുള്ള ഇന്റര്‍വ്യൂ ഏറ്റവും മികച്ച രീതിയില്‍ കൊടുക്കാന്‍ ഒമാനിലെ മാധ്യമ പ്രവര്‍ത്തകന്‍ റെജിമോന്‍ കുട്ടപ്പന്റെ നമ്പര്‍ തന്നു…അന്നൊക്കെ എത്രയോ സംസാരിച്ചു……
ആര്‍ട്ടിക്കിള്‍ അച്ചടിച്ചു വന്നപ്പോ നന്നായി എന്ന് ഒന്നല്ല ഒരുപാട് തവണ ആവര്‍ത്തിച്ചു അഭിനന്ദന വാക്കുകള്‍ കൊണ്ടു എന്നെ പുകഴ്ത്തിയപ്പോള്‍ നമ്മളൊക്കെ എന്ത് നിങ്ങള്‍ അല്ലേ പുപ്പുലി എന്ന് പറഞ്ഞത് എല്ലാം ഇന്നലെ പോലെ.ഒരു മാഗസിന്‍ ആശയം ആയിരുന്നു ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്…നീ എന്നേ സ്വാതന്ത്ര്യത്തോടെ വിളിക്കാറുള്ളു…
ഒട്ടും വൈകാതെ നമുക്ക് പെട്ടെന്ന് കാണണം…ഡീ നീ ഈ ഐഡിയ ഒന്നും വേറെ ആരോടും ഷെയര്‍ ചെയ്‌തേക്കല്ലേ എന്നു പറഞ്ഞപ്പോള്‍ ഊതല്ലേ മനുഷ്യാ എന്ന് പറഞ്ഞ എന്നോട്..അല്ലെന്ന് നീ വേഗം സമയം കണ്ടെത്തി വാ ദുബായില്‍ എത്തീട്ട് വിളിക്ക് ഓക്കെ ബൈ..
വിളിച്ചില്ല ഞാന്‍ പിന്നെ.
ഇനി വിളിക്കാനും കഴിയില്ല..
ഇപ്പോ ഒന്ന് കാണണം എന്നുമുണ്ട്…
ഇനി കാണാനും കഴിയില്ലല്ലോ സതീഷേട്ടാ..
കുഞ്ഞിയുടെ താടി മാമന്‍….
ഒട്ടകത്തിന്റെ മാമന്‍…….
കുഞ്ഞിയോട് എന്ത് പറയും .


എഴുത്തിലെ അഗ്നിയെ കുറിച്ചാണ് എല്ലാവര്ക്കും സംസാരിക്കാനുള്ളത്.

: അസി ദുബായ്‌ :

പ്രിയ വി എം സതീഷ്.താങ്കളുടെ വാക്കുകളിലെ ,എഴുത്തിലെ അഗ്നിയെ കുറിച്ചാണ് എല്ലാവര്ക്കും സംസാരിക്കാനുള്ളത്. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും കീഴ്പ്പെടാതെ സ്വയം വെന്തുരുകി വെളിച്ചം പകരാൻ ശ്രമിച്ചതുകൊണ്ടാകണം ഇപ്പോഴും ഒരു വിസിറ്റ് വിസയിൽ വന്നു ജോലി അന്വേഷിക്കുവാനും ഒന്നിനും സമരസപ്പെടാനാകാതെ ,താങ്കൾ മരണത്തിന്റെ കൈ പിടിച്ചു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കടന്നു പോയതും …നിരവധി ഞെട്ടിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത താങ്കളിൽ നിന്ന് ലഭിച്ച ഈ വാർത്ത ഹൃദയം തകർക്കുന്നു …വിട ..ആദരാഞ്ജലികൾ


: ഷാജി ഹനീഫ് :
പ്രിയ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സതീശേട്ടന് ആദരാഞ്ജലി!


മരണം കാത്തു നില്‍ക്കുന്നിടം

: റഫീഖ് മേമുണ്ട :
എം .സി .എ .നാസര്‍ക്കയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സതീഷ് ഭായിയെ പരിചയപ്പെടുത്തിയത്.ചില അവസരങ്ങളിലൊക്കെ അപ്രായോഗികം എന്ന് തോന്നാവുന്ന ചില ‘ഭ്രാന്തന്‍ ചിന്തകള്‍ ‘ സതീഷ് ഭായിയുമായി പങ്കുവെച്ചിരുന്നു. ഇന്നലെ കെ പി കെ വേങ്ങര, നാസര്‍ ബേപ്പൂര്‍, അഷര്‍ ഗാന്ധി, സവാദ് ,മസ്ഹര്‍, സമീര്‍ ,ജോബി എന്നിവരുടെ കൂടെ വൈകിയ വേളയിലാണ് മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടത്….
രാത്രിയിലെ അവസാനത്തെ മൂന്ന് മണിക്കാണ് റൂമില്‍ തിരിച്ചെത്തിയത് .പിന്നീടിങ്ങോട്ട് ഉറക്കം വന്നിട്ടില്ല.ഭാവന കൊണ്ടോ ബുദ്ധികൊണ്ടോ അല്ല ഹൃദയം കൊണ്ട് ചിലത് കുറിച്ചു: …
പരേതന് നിത്യശാന്തിയുണ്ടാവട്ടെ.ചില മരണങ്ങള്‍ അറിയുമ്പോള്‍ , അവന്‍ മരണത്തിന്റെ അടുത്തേക്ക് എത്തിച്ചേര്‍ന്നതാണെന്ന് ബോധ്യമാവും.
ചില മരണങ്ങള്‍ കാണുമ്പോള്‍,കേള്‍ക്കുമ്പോള്‍ മരണം വ്യക്തിയുടെ അടുത്തേക്ക് വന്നതാണെന്ന് തോന്നും.കണ്ടു മുട്ടേണ്ട സ്ഥലം മുന്‍കൂട്ടി തീരുമാനിച്ച് മരണവും വ്യക്തിയും ഒരേ സ്ഥലത്ത് കൃത്യ സമയത്ത് എത്തിച്ചേര്‍ന്നത് പോലെയും.
ഞാനും പുറപ്പെട്ടു, ഇത് വായിക്കുന്ന നീയും പുറപ്പെട്ടു ,എന്റ മരണവും പുറപ്പെട്ടു, നിന്റെ മരണവും പുറപ്പെട്ടു, ഏത് സ്ഥലത്താണ് ഏത് സമയത്താണ്, അത് മത്രം അറിയില്ല.
ചിലപ്പോള്‍ വിസിറ്റ് വിസയിലും മരണം കാത്തു നില്‍ക്കുന്നിടത്തേക്ക് പോകേണ്ടി വരും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar