All for Joomla The Word of Web Design

വേണം ഒരു മുസ്ലിം സമ്മേളനം

ഹസ്സന്‍ തിക്കോടി

——————————————————————————————————————————

ഏറെക്കാലം ഗള്‍ഫില്‍ ആയിരുന്ന എനിക്ക് അവിടുത്തെ മുസ്ലിംകളുടെ അനൈക്യം ഏറെ പരിചിതമാണ്. കൊച്ചു കൊച്ചു അതിര്‍ത്തി തര്‍ക്കങ്ങളും,
ചില കച്ചവടക്കരാരുടെ വിട്ടുവീഴ്ചയില്ലായ്മയും രണ്ടു മുസ്ലിം രാജ്യങ്ങളെ യുദ്ധത്തില്‍ കൊണ്ടു ചെന്നവസാനിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട് .ഒന്‍പതു വര്‍ഷം നീണ്ടുനിന്ന ഇറാന്‍ ഇറാഖ് യുദ്ധവും, പിന്നീടുണ്ടായ ഇറാഖ് കുവൈറ്റ് യുദ്ധവും ആ പരമ്പരയിലെ ആധുനിക ചരിത്രമാണ്. ഏറ്റവും ഒടുവിലായി നമ്മുടെ മുമ്പില്‍ ഖത്തര്‍ ജി.സി.സി. സ്വരച്ചേര്‍ച്ചയില്ലായ്മയും ഈ വര്‍ഷം കണ്ടു. പക്ഷെ, അതൊന്നും മതത്തിന്റെ ഏതെങ്കിലും വിഭാഗങ്ങളുടെ ശക്തി തെളിയിക്കുന്ന യുദ്ധങ്ങളോ,തര്‍ക്കങ്ങളോ ആയിരുന്നില്ല. അവിടെയൊന്നും ഒരു വിഭാഗത്തിന്റെ ശക്തി തെളിയിക്കുന്ന സമ്മേളനങ്ങള്‍ എനിക്ക് കാണാനോ കേള്‍ക്കാനോ കഴിഞ്ഞിട്ടില്ല. പറഞ്ഞു വരുന്നത്, കഴിഞ്ഞ മാസം മലപ്പുറം ജില്ലയിലെ കൂരിയോട്ടെ പാലത്തിലൂടെ കടന്നു പോയപ്പോഴും കുന്ദമംഗലം വഴി കോഴിക്കോട്ടേക്ക് സഞ്ചരിച്ചപ്പോഴും ഞാന്‍ ഉള്‍കൊള്ളുന്ന മുസ്ലിം സാമുദായത്തിന്റെ മറ്റൊരു മുഖം വീക്ഷിക്കാനിടയായത് കൊണ്ടാണ്.

മുമ്പ് പലപ്പോഴും മുസ്ലിം മത വിഭാഗങ്ങള്‍ സമ്മേളനങ്ങള്‍ പലയിടത്തായി നടത്തിയിട്ടുണ്ട്, കോടികള്‍ പൊടിപൊടിച്ചിട്ടുണ്ട് . അതില്‍ നിന്നൊക്കെ പാഠം ഉള്‍കൊള്ളാന്‍ കെല്‍പുള്ള മനസ്സ് നമുക്ക് വന്നുചേര്‍ന്നു എന്ന് ചിലരെങ്കിലും ധരിച്ചെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റി എന്നാണ് എനിക്ക് തോന്നുന്നത്. മാറിവരുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം സമ്മേളനങ്ങളുടെ പ്രസക്തി എന്താണെന്നു നാം രണ്ടു തവണയല്ല ഒരായിരം തവണ ചിന്തിക്കണം.

ഭയത്തിന്റെ നാളുകളിലൂടെയാണ് മുസ്ലിം സമുദായം ഇന്ന് കടന്നു പോവുന്നത്, കഴിഞ്ഞദിവസം നാം കണ്ടത് ലോകസഭയിലെ മൃഗീയ ഭൂരിപക്ഷം എന്ന ഒറ്റക്കാരണത്താല്‍ മുത്തലാക് നിയമം ഒറ്റയിരുപ്പില്‍ പാസ്സാക്കിയതാണ്. മുസ്ലിം വിവാഹത്തെയും അവരുടെ കുടുംബ ജീവിതത്തെയും ഹനിക്കും വിധം ഒരു ബില്‍ ചര്‍ച്ച പോലും ചെയ്യാതെ അവതരിപ്പിക്കുകയും പാസ്സാകുകയും ചെയ്ത സാഹചര്യത്തില്‍ നമ്മുടെ ഒറ്റ തിരിഞ്ഞ സമ്മേളനങ്ങള്‍കൊണ്ട് എന്താണ് നേടാന്‍ കഴിയുക. ഒരു പാലത്തിന്റെ അപ്പുറത്തും ഇപ്പുറത്തും കെട്ടിപ്പൊക്കിയ പന്തലിന്റെ വിസ്തൃതിയും പൊടിപൊടിച്ച പണത്തിന്റെയും പങ്കെടുത്ത ജനലക്ഷങ്ങളുടെയും കണക്കുകള്‍ നമ്മുടെ പ്രശനങ്ങള്‍ക്ക് പരിഹാരമാവുമോ? എല്ലാ രക്ഷ്ട്രീയക്കാരെയും തിരഞ്ഞുപിടിച്ച്, എല്ലാ ജാതിക്കരെകൊണ്ടും പ്രസംഗിപ്പിച്ചത്‌കൊണ്ട് നമുക്ക് നേടാന്‍ എന്തുണ്ട്. അവരുടെ സുഖിപ്പിക്കുന്ന വാക്കുകള്‍ നനുത്ത ആകാശത്തില്‍ ലയിച്ചില്ലാതാവുന്നതോടെ അതിന്റെ പ്രസക്തിയും നഷ്ടമാവുന്നു. പ്രശംസയുടെയും അഭിനന്ദനത്തിന്റെയും വാക്കുകള്‍ അന്തരീക്ഷത്തില്‍ മുഴങ്ങികേള്‍ക്കുമ്പോള്‍ സംഘാടകര്‍ സായൂജ്യത്തിന്റെ വിഹായുസ്സില്‍ ഉയര്‍ന്നു പൊങ്ങുന്നു. ഇതോടെ അവസാനിച്ചു എല്ലാം, പൊടിതട്ടി, പന്തല്‍ പൊളിച്ചുമാറ്റി പൂര്‍വവ്വ സ്ഥിതിയില്‍ എത്തുന്നതോടെ എല്ലാവരും ക്ഷീണിതരാവും. എല്ലാം പതിവുപോലെ….മറ്റൊരു മഹാ സമ്മേളനത്തിന്റെ നാളുകള്‍ക്കായി ജനം കാതോര്‍ത്തിരിക്കും. അതിനപ്പുറം ഇവിടെ മുസ്ലിം സമുദായത്തില്‍ എന്ത് മാറ്റം സംഭവിച്ചു. നാളെ മറ്റൊരു വിഭാഗം മത്സര മനസ്സോടെ ഇതിലും കേമമായി വേറൊരു സമ്മേളനം നടത്തും. പണം പൊടിപൊടിക്കും. വര്‍ണാഭമായ പന്തലുകള്‍ ഉയരും. മേല്‍പറഞ്ഞ നേതാക്കന്മാരും രക്ഷ്ട്രീയക്കാരും അത്യുച്ചത്തില്‍ അവരുടെ പ്രസംഗം ആവര്‍ത്തിക്കും .സഹിഷ്ണുത, സാഹോദര്യം, നവോത്ഥാനം, സഹവര്‍ത്തിത്വം എന്നീ കാര്യങ്ങള്‍ മാറാതെ ആവര്‍ത്തിക്കും. അതിനപ്പുറം നമുക്ക് പ്രതീക്ഷക്കു വകനല്‍കുന്ന എന്തെങ്കിലും ഇവരില്‍നിന്നു കിട്ടുമോ? ഒടുവില്‍ നേട്ടം കൊയ്യുന്നത് നേതാക്കന്മാരും അവരുടെ പ്രസ്ഥാനങ്ങളും മാത്രം.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേരളം കാണുന്ന കാഴ്ച്ചയാണിത്. സാധാരണക്കാരില്‍ സാധാരനക്കാരായ ഞങ്ങള്‍ നടന്നു പോവുന്നു. വീടില്ലാത്ത, ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്ത, പണിയില്ലാത്ത, വിവാഹപ്രായം കഴിഞ്ഞിട്ടും കെട്ടികൊണ്ടുപോവാന്‍ ആരോരുമില്ലതവരുടെ ദീന രോദനം കേള്‍ക്കാന്‍, അവര്‍ക്കൊരു കൈതങ്ങാവാന്‍ ഈ പൊടി പൊടിച്ച കൊടികളില്‍നിന്നു എന്തെങ്കിലും കിട്ടിയെങ്കില്‍ എന്നാശിക്കുകയാണ്. ഇത്തരം ധൂര്‍ത്തും, സമ്മേളന മത്സരവും ഇസ്ലാമികമാണോ എന്നും നാം ചിന്തിക്കണം. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് വിജയ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനദ് ദാന സമ്മേളനങ്ങളും പൊടിപൊടിക്കാറുണ്ട്. ഒരോ സ്ഥാപനവും നടത്തുന്നവരുടെ ആദര്‍ശ സമ്മേളനമാണ് അവിടെ നടക്കാറ്. കടുത്ത മത്സരം തന്നേയാണ് സനദ് ദാന സമ്മേളനങ്ങളുടെ പേരിലും നടക്കുന്നത്. ലോകത്തുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒരു യൂണിവേഴ്‌സിറ്റിയും ഇങ്ങനെ കോടികള്‍ മുടക്കി ചടങ്ങ് സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ല. പ്രവാചാകന്മാരുടെ കാലത്ത് ഇത്തരം മത്സര സമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഇസ്ലാമിന്റെ ആവിര്‍ഭവ സ്ഥലമായ അറേബ്യയില്‍ ഇത്തരം മത്സര സമ്മേളനങ്ങള്‍ നടന്നതായി എന്റെ പരിമിതമായ അറിവില്‍ ഇല്ല, അതും ഒരു വിഭാഗത്തെ വിമര്‍ശിക്കാനും മറു വിഭാഗത്തെ പരുക്കേല്‍പ്പിക്കാനുമായി. പ്രവാചക ചര്യകള്‍ പിന്തുടരുന്ന നമ്മള്‍ അവര്‍ ചെയ്യാത്തത് ചെയ്യുന്നത് ശരിയാണോ? ഓതിത്തരേണ്ടത് ഇവിടുത്തെ പണ്ഡിതന്മാരാണ്, ദയവായി പറഞ്ഞു തരൂ .ഞങ്ങള്‍ക്ക് ഇനിയും ഒരുപാടു പഠിക്കാനുണ്ട്.

വേണം, നമുക്കൊരു ‘മഹാ സമ്മേളനം’, മുസ്ലും സമുദായത്തിന്റെ സമഗ്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്ന, അവരുടെ വിദ്യാഭ്യാസ, സാംസ്‌കാരിക ഉന്നമനം ഉള്‍കൊള്ളുന്ന ഒരു സമ്മേളനം. നാം ഒന്നാവണം, ആത്യന്തികമായി നാം മുസ്ലിംമാണെന്ന ചിന്ത നമ്മള്‍ നേടിയെടുക്കണം. വിഭാഗീയതയും, രാക്ഷ്ട്രീയവും മറക്കണം. നാം ജനിച്ചു , കളിച്ചു, പഠിച്ചു വളര്‍ന്ന ഇന്ത്യയില്‍ ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം നാം നേടിയെടുക്കണം. നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഫാഷിഷം വലിച്ചെറിയാനുള്ള കറുത്ത് നാം നേടിയെടുക്കണം. അല്ലാത്തപക്ഷം മറ്റൊരു ‘ഗ്യാസ് ചൈബെര്‍’ ഇവിടെ വളര്‍ന്നു വലുതാവും. ആ തീ ചൂളയില്‍ സകല മുസ്ലിംകളും ച്ചുട്ടുകരിയും.പശുവിനെ വാനില്‍ കയറ്റി കൊണ്ടുപോയതിനു അടിച്ചുകൊന്ന ഈ നാട്ടില്‍ ഭയലേശമന്യേ നമുക്ക് ജീവിക്കനവുമോ. ഈ കൊലകള്‍ ഒരു തുടക്കം മാത്രമാനെന്ന വിചാരം നമ്മില്‍ തിരിച്ചറിവ് പകരുന്നതാണോ? ഹിറ്റ്‌ലര്‍ ഭരിച്ച ജര്‍മ്മനിയിലൂടെ ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അവിടെ ജൂതരെ കൊന്നൊടുക്കിയ, ചുട്ടുകരിച്ച തീ ചൂളകള്‍ എന്നെ കരയിച്ചിട്ടുണ്ട്. എന്തിനായിരുന്നു ഹിറ്റ്‌ലര്‍ അത് ചെയ്തത് എന്ന് എത്ര ആലോചിചിട്ടും പിടുത്തം കിട്ടിയില്ല. എന്റെ അറിവുകള്‍ക്കപ്പുരതയിരുന്നു അതെല്ലമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട്, പ്രിയപ്പെട്ട മുസ്ലിം നേതാക്കന്മാരെ നിങ്ങള്‍ സമ്മേളനങ്ങള്‍ നടത്താനായി മത്സരിക്കാതെ വര്‍ത്തമാന ഇന്ത്യയിലെ സാഹചര്യങ്ങളെ വിലയിരുത്തി ഒന്നാവാന്‍ ശ്രമിക്കുക്കുക. രണ്ടായ നിങ്ങള്‍ ഒന്നായപ്പോള്‍ കരുത്തേകിയപോലെ ഇന്ത്യയിലെ പ്രത്യകിച്ചു കേരളത്തിലെ മുസ്ലിം സമുദായങ്ങള്‍ ഒന്നിപ്പിക്കാനും,വിഭാഗീയത മറന്നു, അധികാരംക്കസേരകള്‍ വലിച്ചെറിഞ്ഞു ഒരു കുടക്കീഴില്‍ അണിനിരക്കാനും ഇസ്ലാമിന്റെ പേരില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അള്ളാഹു നിങ്ങള്‍ക്ക് നന്മകള്‍ ചൊരിയട്ടെ. മൂര്‍ത്ത സ്‌നേഹത്താല്‍ സ്വസമുദായത്തെയും, സഹോദരങ്ങളെയും സ്‌നേഹിക്കാന്‍ നിങ്ങള്‍ക്കാവട്ടെ

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar