All for Joomla The Word of Web Design

ഷാഹുല്‍ ഹമീദ് : ഗള്‍ഫ് ചരിത്രത്തിലേക്ക് നടന്നുകയറിയ സഞ്ചാരം

 

യു.എ.ഇ യുടെ നാല്‍പത്തി അഞ്ചുവര്‍ഷത്തെ ചരിത്രമെന്നത് മിഴിയടച്ച് തുറക്കും വേഗത്തിലുള്ളതാണ്. മരുഭൂമിയെന്ന കാന്‍വാസില്‍ ധീഷണാശലിയായ ഒരുപറ്റം കലാകാരന്മാര്‍ ഒന്നിച്ചു വരച്ച ചിത്രം പോലെ മ നോഹരമാണ് യു.എ.ഇയുടെ ഇന്നത്തെ ദൃശ്യങ്ങള്‍. ഭരണാധിപന്മാരും സ്വദേശികളും വിദേശികളും ഒരു മനസ്സോടെ മുന്നിട്ടിറങ്ങിയതോടെയാണ് മരുഭൂമി മലര്‍വാടിയായി മാറിയത്. ലോകരാജ്യങ്ങളുമായി തുലനം ചെയ്യു മ്പോള്‍ ഇത്ര ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഇത്രമേല്‍ അഭിവൃദ്ധി പ്രാപിച്ച മറ്റൊരു ദേശവും കാണാന്‍ കഴിയില്ല. ഈ ദേശത്തിന്റെ നാല്‍പത്തിഅഞ്ചു വര്‍ഷത്തെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഷാഹുല്‍ ഹമീദ് എന്ന മലയാളിയുടെ ജീവിതകഥകള്‍ പക്ഷെ, കാറ്റും കോളും നിറഞ്ഞതാണ്. മണലാരണ്യത്തിന്റെ ചൂടും ചൂരും അനുഭവിച്ചറിഞ്ഞ് വളര്‍ന്ന ഹമീദിന്റെ ഓര്‍മ്മയില്‍ കേരളത്തില്‍ ആകെ പതിനാല് കൊല്ലമാണ് ജീവിച്ചത്. വിദ്യാര്‍ത്ഥിയായി മാതാപിതാക്കളുടെയും ഗുരുനാഥന്മാരുടെയും സംരക്ഷണത്തില്‍ കഴിയേണ്ട പ്രായത്തില്‍ വീട് വിട്ടിറങ്ങുമ്പോള്‍ മുന്നില്‍ ശൂന്യതയും മനസ്സില്‍ ഭയവുമാണ് കൂട്ടിനുണ്ടായിരുന്നത്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ സ്‌കൂളില്‍ രണ്ടാംക്ലാസ് വരെയാണ് പഠിച്ചത്. അത് തന്നെ നാട്ടുകാരനായ അബ്ദു മാസ്റ്ററോടുള്ള പേടി കാരണം. സ്‌കൂളില്‍ നിന്ന് കിട്ടുന്ന ഉച്ചഭക്ഷണം മാത്രമായിരുന്നു വിശപ്പടക്കാനുള്ള ഏകമാര്‍ഗ്ഗം. ഞായറാഴ്ചകളെ വെറു ത്തതുപോലും ആ ഭക്ഷണം അന്ന് ലഭിക്കില്ല എന്നതുകൊണ്ടായിരുന്നു.
എട്ടാമത്തെ വയസ്സില്‍ പഠനം മതിയാക്കി സരസ്വതി കേന്ദ്രത്തിന്റെ പടിയിറങ്ങുമ്പോള്‍ പട്ടിണി മാറ്റാന്‍ വഴിയന്വേഷിക്കുകയായിരുന്നു മനസ്സ്. നാട്ടിലെ കര്‍ഷകര്‍ക്കൊപ്പം പാടത്തും പറമ്പിലും സഹായിയായി. മത്സ്യ വില്‍പ്പനക്കാര്‍ക്ക് തേക്കില ശേഖരിച്ച് വിറ്റു. വയലേലകളില്‍ കന്നുപൂട്ടുകാരനായി. ചേറിലും ചെളിയിലും ചെറുപ്രായത്തില്‍ തന്നെ അദ്ധ്വാനിക്കേണ്ടി വന്നെങ്കിലും ദാരിദ്യമെന്ന വില്ലന്‍ ജീവിതത്തെ വരിഞ്ഞ് മുറുക്കി ക്കൊണ്ടിരുന്നു. ഇനിയെന്ത് അന്വേഷണം, നാടുവിട്ട് പോവുക എന്ന ഏക ചിന്തയിലേക്ക് മനസ്സിനെ നയിച്ചു. മുപ്പത്തഞ്ച് കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് നഗരമായിരുന്നു മുന്നില്‍ തെളിഞ്ഞത്. കാല്‍നടയായി അത്രയും ദൂരം പിന്നിട്ടു. രാത്രിയോടെ ടൗണിലെത്തി. ക്ഷീണവും വിശപ്പും അസഹ്യമായപ്പോള്‍ ചെറിയൊരു കടയുടെ വരാന്തയില്‍ കയറി കിടന്നു. ഒരാള്‍വന്ന് തട്ടിവിളിച്ചപ്പോഴാണ് നേരം പുലര്‍ന്നത് അറിഞ്ഞത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ ഭക്ഷണം വാങ്ങിത്തന്നു. വിശപ്പകന്നപ്പോള്‍ അയാള്‍ പറഞ്ഞപ്രകാരം വീണ്ടും നടന്നു ബേപ്പൂരിലേക്ക്. മത്സ്യബന്ധനവും ഉരുനിര്‍മ്മാണവുമെല്ലാമായി തൊഴില്‍ സാധ്യത അന്ന് ബേപ്പൂരിനുണ്ടാ യിരുന്നു. വൈകുന്നേരത്തോടെയാണ് ബേപ്പൂരിലെത്തിയത്. കടല്‍ക്കരയിലെ കൂറ്റന്‍ ഉരു കാണാന്‍ വേണ്ടി യാണ് ആശാരിമാരുടെ പണിശാലയിലേക്ക് കയറച്ചെന്നത്. ക്ഷീണിച്ച് തളര്‍ന്ന ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ ചായയും ഭക്ഷണവും തന്നു. കറുപ്പന്‍ എന്ന മുതിര്‍ന്ന ആശാരി മക്കളോട് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊ ണ്ടുപോയി. അന്നുമുതല്‍ മക്കളിലൊരാളായി അദ്ദേഹം കൂടെ കൂട്ടി. മത്സ്യം പിടിച്ചും ഭക്ഷണമുണ്ടാക്കിയും സഹായിയായി.
രുചികരമായ ഭക്ഷണമുണ്ടാക്കാന്‍ പഠിച്ചതോടെ സ്ഥലത്തെ പ്രധാന പാചകക്കാരനായി. പരിപ്പും മത്സ്യ വും കറിവെക്കുക, ചോറ് ഉണ്ടാക്കുക എന്നതാണ് പ്രധാന ജോലി. ഏകദേശം ഒരു കൊല്ലം പിന്നിട്ടപ്പോഴേക്കും പാചകവും അല്‍പ്പം ആശാരിപ്പണിയും വശത്തായി. അന്ന് കറുപ്പന്‍ ആശാരിയും മക്കളും നിര്‍മ്മിക്കുന്ന കൂറ്റന്‍ ഉരു ഹാജി മസ്താന് വേണ്ടിയുള്ളതാണ്. ഉരുവിന്റെ അവസാന മിനുക്ക് പണികള്‍ കാണാന്‍ ഒരിക്കല്‍ ഹാജി മസ്താന്‍ ബേപ്പൂരിലെത്തി. അവിടെ തങ്ങിയ മൂന്ന് ദിവസവും ഹാജിക്കുള്ള ഭക്ഷണമൊരുക്കിയത് ഹമീദാ യിരുന്നു.                                                      ചെറുപ്രായത്തിലുള്ള പാചകക്കാരനെ ഹാജിക്ക് പെരുത്ത് ഇഷ്ടമായി. ഉരുവില്‍ ബോംബെക്ക്   വരു ന്നോ എന്നായി ഹാജിയുടെ ചോദ്യം. മറിച്ചൊന്നും ചിന്തിക്കാതെ അതെ, എന്ന് ഉത്തരം കൊടുത്തു. നൂറു രൂപ തന്ന് പാന്റും ഷര്‍ട്ടും വാങ്ങി ഒരുങ്ങിക്കൊള്ളാന്‍ പറഞ്ഞു. 1969 ലെ നൂറ് രൂപയെന്നാല്‍ ഇന്നത്തെ ലക്ഷ ങ്ങളുടെ വിലയുണ്ട്. കറുപ്പനാശാരിയുടെ കൂടെ കോഴിക്കോട് പോയി പാന്റും ഷര്‍ട്ടും ബാഗും ആവശ്യമായ മറ്റ് സാധനങ്ങളും വാങ്ങി. രണ്ട് മാസത്തിന് ശേഷം ഉരുവില്‍ പാചകക്കാരനായി ബോംബെയിലെത്തി. ഇതിന് മുമ്പ് ബേപ്പൂരില്‍ നിന്നും കൊണ്ടുപോയ റോഷ്‌നി എന്ന ഹാജി മസ്താന്റെ മറ്റൊരു ഉരു ദുബായിക്ക് പോകാനായി തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ പാചകക്കാരനായി കയറാന്‍ പറഞ്ഞപ്പോള്‍ യാത്ര പുനരാ രംഭിച്ചു. കാറ്റൂം കോളും നിറഞ്ഞ് കടല്‍ ക്ഷുഭിതമായിരുന്നു. പലപ്പോഴും മരണം അരികിലെത്തി മടങ്ങിപ്പോയി. പത്ത് ദിവസത്തിനകം കരയിലെത്തേണ്ട ഉരു നാല്‍പ്പത്തിയെട്ട് ദിവസം കൊണ്ടാണ് ഷാര്‍ജയിലെത്തിയത്. ജീവിതത്തിനും മരണത്തിനുമിടയിലെ നാല്‍പ്പത്തിയെട്ട് രാപ്പകലുകള്‍ സമ്മാനിച്ച ദുരിതം ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സും ശരീരവും ഒരു നിമിഷം നിശബ്ദമാകും. ഷാര്‍ജയില്‍ തീരമടുക്കുമ്പോള്‍ രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായ സന്തോഷത്തിലായിരുന്നു. രേഖകള്‍ ശരിയാക്കേണ്ട ഓഫീസുകളെല്ലാം അടഞ്ഞുകിട ക്കുന്നു. ഒമ്പത് ദിവസം ഉരുവില്‍, കരയില്‍ കാല്‍കുത്താനാവാതെ തള്ളിനീക്കി. കൂടെയുള്ള പന്ത്രണ്ടുപേര്‍ പ ലപ്പോഴായി പാത്തും പതുങ്ങിയും ഉരുവില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഭാഷയറിയില്ല, ഉരു എന്താണ് ചെയ്യേണ്ട ത് എന്നറിയില്ല. മനസ്സില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ഒരു ദിവസം ധൈര്യം സംഭരിച്ച് ഉരുവില്‍ നിന്നും രക്ഷപ്പെട്ട് കരയിലെത്തി. അലച്ചിലിനൊടുവില്‍ ചായ വിതരണം ചെയ്യുന്ന മലയാളിയായ മൂസക്ക എന്ന ആളെ കണ്ടുമുട്ടി. കാര്യങ്ങള്‍ ഉണര്‍ത്തിയപ്പോള്‍ അയാള്‍ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭക്ഷണവും വിശ്രമി ക്കാന്‍ സ്ഥലവും തന്നു. വല്ല ജോലിയും കിട്ടുമോ എന്ന അന്വേഷണമാണ് മൂസക്കായുടെ പരിചയത്തിലുള്ള അറബിവീട്ടിലെത്തിച്ചത്. ഷാര്‍ജയിലെ ഇന്നത്തെ മത്സ്യ മാര്‍ക്കറ്റിനടുത്തുള്ള ബോട്ട്‌ജെട്ടിയിലാണ് അന്ന് ഇറ ങ്ങിയത്. അതിനടുത്തുള്ള ഇന്നത്തെ അല്‍ഹംറ സിനിമാശാലക്കടുത്തുള്ള ചെറിയൊരു വീട്ടിലാണ് ജോലി കിട്ടിയത്. പാചകക്കാരനായും വീട് വൃത്തിയാക്കിയും വസ്ത്രങ്ങളലക്കിയും അറബിവീട്ടിലെ വിശ്വസ്തനായി.
ഷാര്‍ജ മുന്‍ വിദ്യാഭ്യാസ മന്ത്രിയായ സാലം അല്‍ ഖമ്മായിയുടെ ബന്ധുവാണ് അറബി. അബിദുല്ല മുഹമ്മദ് ഖഫ്ത്തി എന്ന അദ്ദേഹത്തിന് കുവൈത്തിലാണ് ജോലി. എപ്പോഴെങ്കിലുമാണ് വീട്ടില്‍ വരിക. വീടിന ടുത്തുള്ള ബദാംമരച്ചുവട്ടില്‍ പ്ലാസ്റ്റിക് കൊണ്ട് മെടഞ്ഞ കട്ടിലിലാണ് അന്തിയുറക്കം. പകല്‍ പണിയെല്ലാം വീട്ടിനകത്തും. സൗകര്യങ്ങള്‍ തീരെ കുറഞ്ഞ, മണ്‍കട്ടയും ഈന്തപ്പനയോലയും കൊണ്ട് പണിതതാണ് വീട്. ആ വീട്ടില്‍ കുടുംബാംഗങ്ങള്‍ തന്നെ പ്രയാസപ്പെട്ടാണ് താമസിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ശമ്പളം കിട്ടിയത്. അത് തന്നെ ഇന്ത്യയുടെ മുന്നൂറ് രൂപ. എല്ലാ മാസവും അറബി തന്നെ ശമ്പളം നേരിട്ട് തന്നു. സ്വരു ക്കൂട്ടി വെക്കുകയല്ലാതെ നാട്ടിലേക്കയക്കാനൊന്നും മാര്‍ഗ്ഗമില്ലായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും ആര്‍ക്കുമറിയില്ല. കത്തെഴുത്തോ, ഫോണ്‍വിളിയോ ഇല്ലെന്നു മാത്രമല്ല, അറബിവീട്ടില്‍ നിന്നും മറ്റൊരി ടത്തേക്കും പോവാറുമില്ല. മലയാളികളെ കാണാതെ, നാട്ടു വിശേഷം കേള്‍ക്കാതെ വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മനസ്സില്‍ ജന്മനാട് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. നാട്ടില്‍ പോകണമെങ്കില്‍ പാസ്‌പോര്‍ട്ട് വേണമെന്ന കാര്യമറിഞ്ഞത് അപ്പോഴാണ്. ഇനിയെന്ത് എന്ന ചിന്തക്ക് ഉത്തരം തന്നത് മനുഷ്യസ്‌നേഹിയായ ഗൃഹനാഥന്‍ അബ്ദുല്ല മുഹമ്മദ് ഖഫ്ത്തിയാണ്. ഷാര്‍ജയിലെ ഗള്‍ഫ് സ്റ്റുഡിയോയില്‍ കൊണ്ടുപോയി ഫോട്ടോ എടുക്കാന്‍. പാസ്‌പോര്‍ട്ടിനുള്ളതാണ് എന്നു പറഞ്ഞപ്പോള്‍ ഫോട്ടോഗ്രാഫര്‍ കരിക്കട്ടകൊണ്ട് മീശ കറുപ്പിച്ചു തന്നു. ആ ചിത്രത്തിന്റെ നെഗറ്റീവ് നാട്ടിലേക്ക് അയച്ചാണ് പിന്നീട് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.
1976 ലാണ് കുറ്റ്യാടിക്കാരനായ മുഹമ്മദിനെ പരിചയപ്പെടുന്നത്. എഴുതാനും വായിക്കാനുമൊന്നും അറിയാത്തതിനാല്‍ മുഹമ്മദിന്റെ സാമിപ്യം ഏറെ ആശ്വാസം പകര്‍ന്നു. നാട്ടിലെ പൊതു വിശേഷങ്ങള്‍ ഇയാള്‍ വഴി അറിഞ്ഞു. പാസ്‌പോര്‍ട്ട് കിട്ടിയ വിവരം കത്തിലൂടെയാണ് അറിഞ്ഞത്. എങ്ങിനെ ഇവിടെ എത്തിക്കുമെന്ന് അറബിയോട് അന്വേഷച്ചപ്പോഴാണ് ഏതാനും മാസത്തിന് ശേഷം കേരളത്തില്‍ പോകുന്നുണ്ടെന്ന് അറബി പ റഞ്ഞത്. അപ്പോഴേക്കും ഷാര്‍ജയിലെ ബ്രിട്ടീഷ് ബാങ്ക് വഴി ശമ്പളം നാട്ടിലേക്ക് അയക്കാന്‍ തുടങ്ങിയിരുന്നു. അന്ന് അറുപത് പൈസക്ക് നാട്ടില്‍ റേഷന്‍ ലഭിക്കുമായിരുന്നു. അറബി ബോംബെയിലേക്ക് വിമാനത്തിനും അവിടെനിന്ന് ട്രെയിനില്‍ കോഴിക്കോടുമെത്തി. മഹാറാണി ഹോട്ടലിലാണ് താമസിച്ചത്. കോഴിക്കോട്ടുള്ള അ റബിയുടെ സുഹൃത്തുക്കളെ കൂട്ടി കൊടിയത്തൂരിലെ വീട്ടില്‍ പോയി മാതാപിതാക്കളെ കണ്ടു. കൊടുത്തയച്ച സാധനങ്ങളുടെ പെട്ടി കണ്ട തോണിക്കാരന്‍ ഷാഹുല്‍ ഹമീദ് മരിച്ചെന്നും അവന്റെ സാധനങ്ങളുമായിട്ടാണ് അറബി വന്നതെന്നും വാര്‍ത്ത പരത്തി. കടത്തുകാരന്‍ ഉണ്യാക്കയുടെ സംസാരം നാട്ടില്‍ പ്രചരിച്ചതോടെ അ യല്‍ പ്രദേശത്തുള്ള ബന്ധുക്കള്‍ പോലും മരണാനന്തര പ്രാര്‍ത്ഥനകള്‍ നടത്തി. വീട്ടിലുള്ള പാസ്‌പോര്‍ട്ടുമായി അറബി തിരിച്ചെത്തിയതോടെയാണ് വിസ അടിച്ചത്. 1975-76 കാലഘട്ടത്തിലാണ് അതുവരെ നിലവിലുള്ള കുവൈത്തി ദിനാറും ഇന്ത്യന്‍ രൂപയും മാറി വിപണിയില്‍ ദിര്‍ഹം നിലവില്‍ വന്നത്.


പതിനേഴ് കൊല്ലത്തിന് ശേഷമാണ് അറബിവീട്ടില്‍ നിന്നും മറ്റൊരു തൊഴിലിലേക്ക് മാറിയത്. മത്സ്യവി ല്‍പ്പന, ചായക്കടക്കാരന്‍, ഡ്രൈവര്‍ എന്നിങ്ങനെ വിവിധ തൊഴില്‍ മേഖലകളിലേക്ക് പ്രവേശിച്ചെങ്കിലും ഒന്നും വേണ്ടത്ര പുരോഗതി പ്രാപിച്ചില്ല. ഷാര്‍ജ പോലീസ് ആസ്ഥാനത്തെ പാചകക്കാരനായി തൊഴിലെടുത്തതോ ടെയാണ് ഉന്നതരുമായി അടുപ്പം കിട്ടിയത്. അറബിയും ഹിന്ദിയും ഇംഗ്ലീഷും എഴുതാനറിയില്ലെങ്കിലും സ്വദേ ശികളെപ്പോലെ സംസാരിക്കാന്‍ പഠിച്ചത് ഉയരങ്ങള്‍ കീഴടക്കാനുള്ള കരുത്ത് പകര്‍ന്നു.
1985 ല്‍ ഗവണ്‍മെന്റ് തസ്തികകളും ശമ്പളവും വെട്ടിക്കുറച്ചു തീരുമാനമെടുത്തതോടെ പോലീസ് കേന്ദ്രത്തിലെ ജോലി ഉപേക്ഷിച്ചു. വീണ്ടും മറ്റൊരു അറബിവീട്ടില്‍ നിന്നു. ഇവിടെ നിന്നാണ് ഷാര്‍ജ ഇലക്ട്രി സിറ്റി ഓഫീസില്‍ ജോലിക്ക് പ്രവേശിക്കുന്നത്. അറബിവീട്ടിലെ പണി മറ്റൊരാള്‍ക്ക് നല്‍കി. അന്ന് ഷാര്‍ജയില്‍ റോള ഏരിയയില്‍ മാത്രമാണ് വ്യാപാര സ്ഥാപനങ്ങളും മറ്റുമുള്ളത്. കൂറ്റന്‍ ആല്‍മരത്തിന്റെ ചുവട്ടിലാണ് വ്യാപാരങ്ങളില്‍ പലതുമുള്ളത്. അവധി ദിവസങ്ങളില്‍ റോള മൈതാനത്ത് തെരുവ് വ്യാപാരികള്‍ നിറയും. 1990കളിലാണ് ഷാര്‍ജ അഭിവൃദ്ധിക്ക് തുടക്കം കുറിച്ചത്. ദുബായില്‍ ട്രേഡ് സെന്ററും ഹയാത്തുമാണ് അത്ഭു തപ്പെടുത്തുന്ന കെട്ടിടങ്ങള്‍. പലപ്പോഴും ഇവ കാണാന്‍ പോകുമായിരുന്നു.
1982 ലാണ് ആദ്യമായി നാട്ടില്‍ പോയത്. അരീക്കോട് താഴത്തങ്ങാടി സ്വദേശി അബുവിന്റെ മകള്‍ സാജിതയെ വിവാഹം ചെയ്ത് അഞ്ച് മാസത്തോളം നാട്ടില്‍ നിന്നു. വീണ്ടും വിസിറ്റംഗ് വിസയില്‍ ദുബായി ലെത്തി. പ്രമുഖ സ്വദേശി കുടുംബമായ അല്‍ മുല്ലയുടെ വീട്ടില്‍ പണിക്കാരനായി. അക്കാലത്തും പത്രങ്ങളും റേഡിയോവും ടെലിവുഷനും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നാട്ടുവിശേഷങ്ങളറിയാന്‍ മാസങ്ങളെ ടുത്തു. കത്ത് തന്നെയായിരുന്നു മരണവും ജനനവുമറിയാനുള്ള മാര്‍ഗ്ഗം. റാസല്‍ഖൈമ മലയാളം സ്റ്റേഷന്‍ വന്നതോടെയാണ് അല്‍പ്പമെങ്കിലും ആശ്വാസമായത്. ഉച്ചയ്ക്ക് ഒരുമണിക്ക് തുടങ്ങുന്ന പരിപാടികള്‍ കേള്‍ ക്കാനായി ചെറിയൊരു റേഡിയോ സംഘടിപ്പിച്ചു.
1976 കാലഘട്ടത്തിലാണ് അബ്ര തീരങ്ങള്‍ കെട്ടി ആഴം കൂട്ടിയത്. അതിന്റെ പണികാണാന്‍ പലപ്പോഴും അറബിക്കൊപ്പം പോകുമായിരുന്നു. സത്‌വയിലെ ഖാദര്‍ ഹോട്ടലും പരിസരവുമാണ് മലയാളികളുടെ ദുബായി ലെ സംഗമസ്ഥലം. നാട്ടില്‍ നിന്ന് വരുന്നവരൊക്കെ അവിടെയാണ് തമ്പടിക്കുക. ജോലികിട്ടുന്നതുവരെ ഭക്ഷണം ഖാദര്‍ ഹോട്ടലില്‍ നിന്ന് ലഭിക്കും. മനുഷ്യസ്‌നേഹിയായ ഹോട്ടല്‍ ഉടമ പലപ്പോഴും സൗജന്യമായി കഞ്ഞിവെച്ച് കൊടുക്കുമായിരുന്നു. നാട്ടില്‍ നിന്നും മറ്റും വരുന്നവരുടെ ചുറ്റും കൂടിയിരുന്നാണ് നാട്ടിലെ വാര്‍ത്തകള്‍ അ റിയുക. ദീനവും, മരണവും, ജനനവും, വിവാഹവും, പ്രയാസങ്ങളും കേട്ടിരിക്കുമ്പോള്‍ സങ്കടപ്പെടാനും സ ഹതപിക്കാനുമല്ലാതെ മറ്റൊന്നിനും മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ഇവിടെ ഫോണ്‍ സൗകര്യം വിരളമായെങ്കിലുമു ണ്ടായിരുന്നു. നാട്ടില്‍ പൗരപ്രമുഖരുടെ ഒന്നോ രണ്ടോ വാട്ടീല്‍ മാത്രമാണ് ഫോണുള്ളത്. മണിക്കൂറുകള്‍ കാത്തിരുന്ന് ബുക്ക്‌ചെയ്താലെ അവ തന്നെ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ.
മൂവ്വായിരത്തോളം പേരെയാണ് കഴിഞ്ഞ നാല്‍പത്തിമൂന്ന് വര്‍ഷത്തിനിടക്ക് ഷാഹുല്‍ ഹമീദ് ഗള്‍ഫിലെ ത്തിച്ചത്. പലരും ഇന്ന് ഉന്നതങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. ഒരാളോടും ഒരു പൈസയും പ്രതിഫലമായി വാ ങ്ങിയിട്ടില്ലെന്ന ചാരിതാര്‍ത്ഥ്യം മാത്രമാണ് ബാക്കി. ജീവിതത്തിന്റെ നല്ലൊരു ഭാഗം യു.എ.ഇയുടെ മണ്ണില്‍ ജീ വിച്ചു തീര്‍ത്ത ഷാഹുല്‍ ഹമീദിന് തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം ഈ ദേശത്ത് കാല്‍ കുത്തിയ അന്ന് മുതല്‍ വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല എന്നതാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar