All for Joomla The Word of Web Design

ഹജ്ജ് സബ്‌സിഡി:വിവാദം അനാവശ്യം

അമ്മാര്‍ കിഴുപറമ്പ്‌:………………………………………………….

കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതുമായി നടക്കുന്ന വിവാദങ്ങളില്‍ സത്യത്തില്‍ വല്ല കഴമ്പുമുണ്ടോ. മുസ്ലിം സമൂഹത്തിലെ വലിയൊരു വിഭാഗം വര്‍ഷങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും ഈ സബ്‌സിഡിയെ എതിര്‍ക്കുന്നുണ്ട്. ഗവമെന്റിനു നികുതി ഇനത്തിലും മറ്റു പലിശ ഇനത്തിലും ലഭിക്കുന്ന സംഖ്യയാണ് ഹാജിമാര്‍ക്ക് സബ്‌സിഡിയായി നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗത്തിലൂടെ വരുന്ന പണം ഉപയോഗിച്ച് നിര്‍വ്വഹിക്കേണ്ടതാണോ ഹജ്ജ് എന്ന സംശയം പലര്‍ക്കുമുണ്ട്. വ്യക്തി ജീവിതത്തില്‍ തന്നെ (കടബാധ്യതകള്‍ എല്ലാം തീര്‍ത്ത ശേഷം സമ്പത്തും ആരോഗ്യവും ഉണ്ടെങ്കില്‍ മാത്രം നിര്‍ബന്ധമാകുന്ന ആരാധനയാണ് ഹജ്ജ്‌) എല്ലാ ബാധ്യതകളും ഇസ്ലാമിക വിധി പ്രകാരം പൂര്‍ത്തിയാക്കി സമ്പത്ത് അവകാശികള്‍ക്ക് വീതിച്ചു നല്‍കുകയോ, പറഞ്ഞു വെക്കുകയോ ചെയ്ത ശേഷമാണ് ഈ പുണ്യ കര്‍മ്മത്തിന് പോവേണ്ടത്. മാത്രവുമല്ല,സാമ്പത്തിക ഭദ്രത ഇല്ലാത്തവര്‍ക്ക് ഹജ്ജ് നിര്‍ബന്ധവുമില്ല. പിന്നെ എന്തിനാണ് സര്‍ക്കാര്‍ ഖജനാവിലെ നികുതിപ്പണം ഈ ആവശ്യത്തിന് വിനിയോഗിക്കുന്നത് എന്ന ചിന്ത പലര്‍ക്കുമുണ്ട്. ഇതൊരു തീര്‍ത്ഥാടനം ആല്ലെന്നാണ് വിശ്വാസികളുടെ മനസ്സ്. സമ്പത്തും ആരോഗ്യവും ഉണ്ടെങ്കില്‍ മാത്രം മുസ്ലിം വിശ്വാസിക്കു നിര്‍ബന്ധമാകുന്ന ഒരു ആരാധനയാണ് ഹജ്ജ്. ആ പരിശുദ്ധ കര്‍മ്മം ഒരു രാജ്യത്തിന്റെ നികുതിപ്പണം കൊണ്ട് നിര്‍വ്വഹിക്കപ്പെടുക എന്നത് നല്ലതല്ല എന്നാണ് ഭൂരിപക്ഷ മതം. മാത്രവുമല്ല, വലിയൊരു സമൂഹത്തിന് തൃപ്തി ഇല്ലാത്ത സമ്പത്ത് ഈ മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കപ്പെടുന്നത് പുണ്യ യാത്രയെ കളങ്കപ്പെടുത്തുമെന്ന വിശ്വാസവും പലര്‍ക്കുമുണ്ട്. 7000 കോടി രൂപയുടെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി പകരം ഈ പണം ന്യൂനപക്ഷ വിദ്യാര്‍ഥിനികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രഖ്യാപിച്ചത്. സത്യത്തില്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് മുസ്ലിം പണ്ഡിതരും രാഷ്ട്രീയ മത സംഘടനകളും ചെയ്യേണ്ടിയിരുന്നത്. ഈ പണം ന്യൂനപക്ഷ വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുമെന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രഖ്യാപനത്തെ മുഖവിലക്കെടുക്കുമ്പോള്‍ ഇതൊരു മുസ്ലിം വിരുദ്ധ നടപടിയായും വിലയിരുത്തേണ്ടതില്ല. അങ്ങിനെ വ്യാഖ്യാനിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി മുസ്ലിം മനസ്സിന്റെ ശുദ്ധത ഇതര മതവിഭാഗത്തെ ബോദ്ധ്യപ്പെടുത്താനുള്ള അവസരമായി വിനിയോഗിക്കാനും പണ്ഡിത നേതൃത്വത്തിന് കഴിയണം.

സബ്‌സിഡി പിന്‍വലിച്ചുവെങ്കിലും 1.75 ലക്ഷം പേര്‍ ഈ വര്‍ഷവും ഹജ്ജ് നിര്‍വഹിക്കാന്‍ ഇന്ത്യയില്‍നിന്നും പോവുന്നുണ്ട്.ഹജ്ജ് തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനം വലിയതോതിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതല്ലെങ്കിലും ഇതര മതവിഭാഗങ്ങളുടെ മതപരമായ ചടങ്ങുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അതേപടി നിലനില്‍ക്കെ ഹജ്ജിനോട് മാത്രമായി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് മുസ്‌ലിംകളോടുള്ള വിവേചനമായി മാത്രമേ കാണാന്‍ കഴിയൂ എന്ന ചില മുസ്ലിം സംഘടനകളുടെ ചോദ്യം. ഇതൊരു മുസ്ലിം വിരുദ്ധ തീരുമാനമായി കാണാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്  ആ ചോദ്യം, ഇന്ത്യ ഒരു ജനാധിപത്യ മതനിരപേക്ഷ ഭരണകൂടം നിലനില്‍ക്കുന്ന രാജ്യമാണ്. ജനങ്ങളുടെ മറ്റെല്ലാ ജീവിതാവശ്യങ്ങളുമെന്നപോലെ അവരുടെ വിശ്വാസപരവും ആചാരപരവുമായ ആവശ്യങ്ങളെയും പരിഗണിക്കുന്നതും അതിനു സഹായകമായ നടപടികള്‍ സ്വീകരിക്കുന്നതും തെറ്റാണെന്നു പറയാന്‍ കഴിയില്ല എന്നാണ് ഇക്കൂട്ടരുടെ വാദം.ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാതെ നോക്കുമ്പോള്‍ ഈ വാദം ശരയല്ലെ എന്ന് തോന്നും.എന്നാല്‍ ഹജ്ജിന്റെ വിഷയത്തില്‍ നേരത്തെ പറഞ്ഞ കാരണങ്ങളാല്‍ ഈ നടപടി സബ്‌സിഡി സ്വീകരിക്കുന്നത് ശരിയല്ല എന്ന് പറയേണ്ടിവരും.കാരണം ഹജ്ജ് ഇങ്ങനെ ഒരു രാജ്യത്തിന്റെ സാമ്പത്തിക സഹായത്തില്‍ ചെയ്യേണ്ട ഒരു ആരാധനയല്ല എന്നതു തന്നെ.

ഹൈന്ദവ വിശ്വാസികളുടെ കുംഭമേളകള്‍ക്കും അമര്‍നാഥ്, മാനസ സരോവര്‍ യാത്രകള്‍ക്കും, ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനുമൊക്കെയായി സര്‍ക്കാരുകള്‍ പൊതുഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിക്കുന്നില്ലേ അതുപോലെതന്നെയല്ലേ ഹജ്ജിനു നല്‍കിവരുന്ന നാമമാത്ര സഹായത്തെയും കാണേണ്ടത് എന്നാണ് ഇക്കൂട്ടരുടെ വാദം.ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ കാഴ്ചപ്പാടും സമീപനങ്ങളും മതനിരപേക്ഷതയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതാവുക എന്നത് ഏറെ പ്രധാനമാണ്. അതിനു പകരം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സഹായം മാത്രം അരുതെന്നു തോന്നുന്നുവെങ്കില്‍ ആ നിലപാടിനെ സംശയദൃഷ്ടിയോടെ മാത്രമേ ആര്‍ക്കും കാണാന്‍ കഴിയൂ എന്ന ചില മുസ്ലിം സംഘടനകളുടെ നിലപാടുകള്‍ ഹജ്ജ് സബ്‌സിഡി എടുത്തുകളഞ്ഞ കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യുന്നതാണ്. സത്യത്തില്‍ ഹാജിമാര്‍ക്കുവേണ്ടത് സബ്‌സിഡിയല്ല ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ള  അവസാനിപ്പിക്കുക എന്നതാണ്. നൂറും ഇരുനൂറും ഇരട്ടിയാണ് എയര്‍ഇന്ത്യ ഹജ്ജ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്.അതിനു പറയുന്ന ന്യായീകരണമാവട്ടെ ഹാജിമാരെ ക്കി തിരിച്ചുവരുന്നത് കാലിയായിട്ടാണെന്നാണ്. ഇതേ വിമാനക്കമ്പനി തന്നെ ഇരുഭാഗത്തേക്കും യാത്രക്കാരുള്ള ഗള്‍ഫ് റൂട്ടിലേക്ക് സ്‌കൂള്‍ അവധി സമയത്തും വന്‍തുകയാണ് ഈടാക്കുന്നത്. വിമാനക്കമ്പനികളുടെ അമിത ചാര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്കുള്ള വിമാനയാത്രാ ചെലവില്‍ 1954 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്ന ഇളവാണ് ഹജ്ജ് സബ്‌സിഡി. ഹജ്ജ് സബ്‌സിഡി റദ്ദാക്കുകയും അതേസമയം കുംഭമേളയ്ക്ക് സബ്‌സിഡി നല്‍കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ പക്ഷപാതിത്വമാണ് തെളിയിക്കുന്നതെന്ന അസദുദ്ദീന്‍ ഉവൈസിയുടെ അഭിപ്രായം രാഷ്ട്രീയ അപക്വത നിറഞ്ഞതാണ്. ഹജ്ജ് സബ്‌സിഡി ഒഴിവാക്കണമെന്നു താന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.
നിര്‍ത്തലാക്കിയ ഹജ്ജ് സബ്‌സിഡി തുക മുസ്‌ലിം പെകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കണമെന്ന് താന്‍ 2006 മുതല്‍ ആവശ്യപ്പെടുന്നതാണെും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളുടെ നികുതിപ്പണം ഉപയോഗിച്ച് മുസ്‌ലിംകള്‍ക്കു മാത്രം സഹായം നല്‍കുന്നു എന്ന പ്രചാരണമാണ് പലപ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ഉയര്‍ത്താറുള്ളത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പല തീര്‍ത്ഥയാത്രകള്‍ക്കും ധനസഹായം നല്‍കുന്നുണ്ട് എന്നിദ്യാദി വാദങ്ങളും ഇതോട് ചേര്‍ത്തുകെട്ടി പ്രചരിപ്പിക്കാനും ധ്രൂവീകരണം ഉണ്ടാക്കാനും നടത്തുന്ന ശ്രമങ്ങള്‍ നല്ലതല്ല. കേന്ദ്ര സര്‍ക്കാര്‍ എന്തായാലും മുസ്ലിം അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഒരൊറ്റ ഇന്ത്യന്‍ മുസ്ലിമും കരുതുന്നില്ല. കിട്ടാവുന്ന എല്ലാ ആനുകൂല്ല്യങ്ങളും സൗകര്യങ്ങളും അവസരങ്ങളും അവര്‍ നിഷേധിക്കുന്നു എന്നത് പകല്‍ സത്യമാണ്. എന്നാല്‍ 2020 വരെ കോടതി അനുവദിച്ച സൗകര്യം പോലുംഅവഗണിച്ചുകൊണ്ട് ഈ വിഷയത്തില്‍ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണ്.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് പ്രചാരണപരമായ സാധ്യത ഒരുക്കിക്കൊടുത്തു എന്നതിലുപരി മറ്റൊന്നും ഹജ്ജ് സബ്‌സിഡിയില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഹജ്ജ്കാലത്ത് ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന ഇന്ത്യന്‍ വിമാനങ്ങളുടെ ടിക്കറ്റ്‌നിരക്കിലെ അധികസംഖ്യയാണ് സബ്‌സിഡിയായി ഗവണ്‍മെന്റ് നല്‍കിയിരുന്നത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത നിമിത്തം നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ഇന്ത്യന്‍ വിമാനക്കമ്പനികളെ ഹാജിമാരുടെ പേരില്‍ രക്ഷപ്പെടുത്താന്‍ ആവിഷ്‌കരിച്ച ഒരു നാടകം മാത്രമാണിത്. ഈ യാഥാര്‍ഥ്യം മറച്ചു വെച്ചുകൊണ്ട് മുസ്‌ലിംകള്‍ അനര്‍ഹമായി അനുഭവിച്ചുകൊണ്ടിരുന്ന ഒരു ആനുകൂല്യത്തെ നിര്‍ത്തല്‍ ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനും അതിനെ ആ വിധം ആഘോഷിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്.അതുകൊണ്ടു തന്നെ മുസ്ലിം ഹാജിമാരെ കൊള്ളയടിച്ച് മറ്റു മതസ്ഥരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി കടലാസില്‍ ഒതുങ്ങുന്ന കണക്കിലെ കളി അവസാനിപ്പിക്കുന്നത് തന്നേയാണ് ഉചിതം. മറ്റു മതസ്ഥരില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് സമുദായത്തിന്റെ തീര്‍ത്തും പവിത്രമായ ആരാധനയെപ്പോലും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആയുധമാക്കുന്നതില്‍ നിന്നും രക്ഷിക്കാനെങ്കിലും ഈ നടപടി അവസരം ഒരുക്കുമെന്നതിനാല്‍ നമുക്ക് സ്വാഗതം ചെയ്യാം ഈ നടപടിയെ.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar