സുഷമാ സ്വരാജ് ദ്വിദിന സന്ദര്‍ശനാര്‍ഥം നാളെ (ശനിയാഴ്ച) ബഹ്‌റൈനിലെത്തും.

മനാമ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ദ്വിദിന സന്ദര്‍ശനാര്‍ഥം നാളെ (ശനിയാഴ്ച) ബഹ്‌റൈനിലെത്തും. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി കെട്ടിടോദ്ഘാടനം, രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള മുഖ്യ പരിപാടികള്‍.

ബഹ്‌റൈനിലെ സീഫില്‍ പുതുതായി നിര്‍മിച്ച ഇന്ത്യന്‍ എംബസിയുടെ കെട്ടിടം ശനിയാഴ്ച വൈകീട്ട് നാലു മണിക്കാണ് സുഷമാ സ്വരാജ് ഉദ്ഘാടനം ചെയ്യുക. ശേഷം ബഹ്‌റൈന്‍ വിദേശ കാര്യമന്ത്രി ശൈഖ് ഖാലിദ് ബ്‌നു അഹ്മദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ അവര്‍ പങ്കെടുക്കും. നേരത്തെ 2015ല്‍ തന്റെ പ്രഥമ സന്ദര്‍ശനത്തിലും പ്രഥമ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ അവര്‍ പങ്കെടുത്തിരുന്നു.

കൂടാതെ, ബഹ്‌റൈന്‍ രാജാവ് കിംഗ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ, കിരീടാവകാശി ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ എന്നിവരുമായും അവര്‍ കൂടിക്കാഴ്ച നടത്താനിടയുണ്ടെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള വ്യാപാര നിക്ഷേപ മേഖലകളിലുള്ള സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രവാസികളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാനായി തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് ചില പ്രവാസി സംഘടനാ പ്രതിനിധികള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. ബഹ്‌റൈനില്‍ ഈയിടെയായി പ്രവാസികള്‍ക്ക് മാത്രമായി വൈദ്യുത നിരക്കില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ടായിട്ടുണ്ട്. കൂടാതെ സീസണിലെ വിമാന നിരക്ക് വര്‍ധന അടക്കമുള്ള വിവിധ വിഷയങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ശ്രമങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലും പുരോഗമിക്കുന്നുണ്ട്. ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരുള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar