അമിത് ഷാ മന്ത്രിസഭയിലില്ല. പാര്‍ട്ടി നയിക്കും

വ്യാഴാഴ്ച വൈകിട്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെ രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച ചിത്രം തെളിയുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അമിത് ഷായെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. അദ്ദേഹം ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് വിവരം. അതേസമയം നിർമല സീതാരാമൻ, പ്രകാശ് ജാവേദ്‌ക്കർ, സ്മൃതി ഇറാനി, രവിശങ്കർ പ്രസാദ്, നരേന്ദ്രസിങ് തോമർ, ധർമേന്ദ്ര പ്രധാൻ, അർജുൻ റാം മേഘ്‌വാൾ എന്നിവർ കേന്ദ്രമന്ത്രിമാരാകും. ഇവർ ആദ്യ മോദി മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും. 

സഖ്യകക്ഷിയായ അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ തുടരും. നിതീഷ് കുമാറിന്‍റെ ജെഡിയുവിനും അകാലിദളിനും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകും. ഇത്തവണ ബിജെപി മികച്ച മുന്നേറ്റം സൃഷ്ടിച്ച പശ്ചിമ ബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം. മന്ത്രിമാരായി നിശ്ചയിക്കുന്നവരെ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മന്ത്രിസഭ രൂപീകരണം സംബന്ധിച്ച തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ തുടരുന്നു. രാജ്നാഥ് സിങ് നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാവായ അരുൺ ജയ്റ്റ്‌ലിയുടെ വസതിയിലെത്തി ചർച്ച നടത്തി. ജയ്‌റ്റ്ലി വകുപ്പില്ലാ മന്ത്രിയായി തുടരണമെന്ന് മോദി ആവശ്യപ്പെട്ടതായാണ് സൂചന. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒന്നാം മോദി സർക്കാരിലെ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി ഇത്തവണ പിന്‍മാറിയത്.

രാഷ്ട്രപതി ഭവനില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. എട്ട് രാഷ്ട്രത്തലവന്മാരാണ് സത്യപ്രതിജ്ഞയ്ക്ക് എത്തുക. വന്‍ ആഘോഷ പരിപാടിയായതിനാല്‍ ദര്‍ബാര്‍ ഹാളിന് പകരം രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാകും ചടങ്ങ്. ഏകദേശം എണ്ണായിരം അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും. ബംഗാൾ‌ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar