ഐക്യരാഷ്ട്ര സഭയുടെ സമ്മർദ്ദം ഫലം കണ്ടു, യുണൈറ്റഡ് പി ആർ ഒ അസോസിയേഷന് അഭിനന്ദന പ്രവാഹം

ദുബൈ :വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികളെ ഭാഗികമായെങ്കിലും നാട്ടിലെത്തിക്കാൻ കേന്ദ്രം പച്ചക്കൊടി കാണിച്ച നടപടിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി സംഘടനക്ക് അഭിനന്ദന പ്രവാഹം. പ്രവാസി വിഷയം ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ സമിതിക്ക് മുന്നിലെത്തിച്ച യുണൈറ്റഡ് പി ആർ ഒ അസോസിയേഷനും റിയാസ് കിൽട്ടനും ഗൾഫ് സംഘടനകളും വ്യക്തികളും നന്ദിപറയുകയാണ്. അന്താരാഷ്ട്ര തലത്തിൽ പ്രവാസി വിഷയം ചർച്ചക്ക് വന്നത് ഐക്യ രാഷ്ട്ര സഭ ഇന്ത്യയോട് ഈ വിഷയത്തിൽ വിശദീകരണം ചോദിച്ചതോടെയാണ്. പരാതി പിൻവലിക്കാൻ വിവിധ ഇന്ത്യൻ സ്ഥാപനങ്ങൾ റിയാസിന് മേൽ ഡൽഹിയിൽ നിന്നും നയതന്ത്ര തലത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും വിഷയത്തിൽ നിന്നും പിന്മാറാതെ ഉറച്ചു നിന്നതിനാലാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാർക്ക്​ നീതി ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്​ ദുബൈയിലെ യുണൈറ്റഡ് പി.ആർ.ഒ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിക്ക് പരാതി സമർപ്പിച്ചത്. യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പൗരൻമാരുടെ മൗലികാവകാശങ്ങൾ മാനിക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാവാത്തതിനാൽ ദുരിതപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ പേരിൽ സംഘടനക്കു വേണ്ടി വൈസ് പ്രസിഡന്റ് റിയാസ് കിൽട്ടൻ ആണ് പരാതി സമർപ്പിച്ചത്. ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുന്ന നിഷേധാത്​മക നിലപാട്​ വ്യക്തമായ മനുഷ്യാവകാശ ലംഘനവും അന്താരാഷ്ട്ര കൺവെൻഷനുകളുടെ തീരുമാനത്തിനു വിരുദ്ധവുമാണെന്ന്​ പരാതിയിൽ പറഞ്ഞിരുന്നു. പ്രവാസികൾ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള യാത്രക്ലേശവും പരിഹരിക്കണമെന്നുമാണ് നിവേദനം മുഖ്യമായും ആവശ്യപ്പെട്ടത്. ലോക്ക്ഡൗൺ സമയത്ത്, ജർമ്മനി, ഫ്രാൻസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട വിദേശ പൗരന്മാരെ ചാർട്ടേഡ് വിമാനങ്ങളിൽ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാനും ഇന്ത്യൻ സർക്കാർ മുൻകൈയെടുത്തു. ചില മൃതദേഹങ്ങൾ ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ വിദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പ്രവാസികളെ നാട്ടിലേക്ക് തിരികെ കൊണ്ടു വരുവാനാവില്ല എന്ന നിലപാടാണ്​ സർക്കാറിന്​. ഈ വിഷയത്തിൽ എത്രയും വേഗം ഇടപെടാനും നിർണായക നടപടിയെടുക്കാൻ ഇന്ത്യൻ ഉന്നത അധികാരികളുമായി ചർച്ച നടത്താനും അസോസിയേഷൻ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയോട് അഭ്യർത്ഥിച്ചു.ഈ അഭ്യർത്ഥന മാനിച്ചാണ് ഐക്യരാഷ്ട്ര സഭ ഇന്ത്യയോട് വിശദീകരണം ആരാഞ്ഞത്. ഇത് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ മാനക്കേട് ഉണ്ടാക്കുമെന്ന് ബോധ്യമായപ്പോളാണ് സർക്കാർ മുഖം രക്ഷിക്കാൻ ഭാഗിക നടപടികളുമായി മുന്നിട്ടിറങ്ങിയത്. രെജിസ്റ്റർ ചെയ്തു യാത്രക്ക് കാത്തിരിക്കുന്ന അഞ്ചു ശതമാനത്തിനു പോലും പ്രയോജനപ്പെടാത്ത തീരുമാനങ്ങളാണ് കേന്ദ്രം ഇപ്പോൾ എടുത്തിരിക്കുന്നത്. കൊറന്റൈനിൽ നിൽക്കുന്നതെന്നും കൊറോണ ടെസ്റ്റിനും പ്രവാസികളിൽ നിന്നും പണം ഈടാക്കാനുമുള്ള തീരുമാനം കടുത്ത പൗരത്വ വിവേചനം ആണെന്നും ഈ തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും പ്രസിഡൻറ്​ സലീം ഇട്ടമ്മൽ അറിയിച്ചു. വിവിധ സംഘടനകൾ ഈ വിഷയം ഉന്നയിച്ചു ഹൈ കോടതിയിലും സുപ്രീം കോടതിയിലും വരെ കേസ് നൽകിയിരുന്നു. എന്നാൽ ഇതാദ്യമായാണ് ഒരു പ്രവാസി സംഘടന ഐക്യ രാഷ്ട്ര സഭയിൽ പരാതിയുമായി എത്തുന്നത് ഇതാണ് യഥാർത്ഥത്തിൽ വഴിത്തിരിവ് ആയതു. ലീഗൽ ഡോക്യൂമെൻഡേഷൻ പ്രൊഫഷണലുകളുടെ റെജിസ്ട്രേഡ്‌ സംഘടനയായ യുണൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ദുബൈ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായുണ്ട്​. ഹെൽപ്​വിങ്​ ലീദേഴ്‌സ് നൗഷാദ് ഹുസൈൻ, ഫസൽ റഹ്മാൻ ഉത്താങ്ങാനകം, അസ്‌ലം എന്നിവർ ​ഡി.എച്ച്​.എ, ദുബൈ പൊലീസ്, ഇന്ത്യൻ കോൺസുലേറ്റ്​​ എന്നിവയുടെ മാർഗനി​ർദേശാനുസരണം ദുബൈയിലെ പ്രവാസികളുടെ​ കോവിഡ്​ പരിശോധനക്കും പുനരധിവാസത്തിനും കൗൺസലിങിനുമെല്ലാം നേതൃത്വം നൽകി വരുന്നു. ജനറൽ സെക്രട്ടറി അജിത് ഇബ്രാഹിം, സെക്രട്ടറി മുജീബ് മപ്പാട്ടുകര തുടങ്ങിയവരുടെ നേതൃത്വത്തിൽ ദുബൈ അൽ വർസാനിലെ കൊറോണ ഐസൊലേഷൻ വാർഡി​​ന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു. നായിഫ് ഉൾപ്പെടെ ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ഫുഡ് കിറ്റ് വിതരണത്തിനും നിയമോപദേശത്തിനും ട്രഷറർ മുഹ്‌സിൻ കാലിക്കറ്റ്, ഗഫൂർ പൂക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു. വിമാന ടിക്കറ്റിനു പ്രയാസപ്പെടുന്നവർക്ക് ആ സൗകര്യം ഒരുക്കാനും സംഘടന മുന്നിലുണ്ട്.നിരവധി പ്രവാസികൾക്ക് ജീവൻ രക്ഷാ ഔഷധങ്ങൾ എത്തിക്കാനും സംഘടന പ്രാമുഖ്യം നൽകിയിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar