ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ഊര്‍ജ്ജം ; ഉഷാ ഉതുപ്പ്

ഷാര്‍ജ: സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ സുന്ദരമാക്കി മാറ്റണം. പ്രതികൂല ചിന്തകളെ മാറ്റിവെച്ച് നിത്യജീവിതത്തില്‍ പോസിറ്റീവായി ചിന്തകളെ ഉണര്‍ത്തമെന്നും ഉഷാഉതുപ്പ് പറഞ്ഞു.
41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ തന്റെ സംഗീത ജീവിതത്തെക്കുറിച്ച് പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു. ജീവിതം എല്ലായ്‌പ്പോഴും സുഖകരമായിരിക്കണമെന്നില്ല. എന്നാല്‍ ഓരോ പുഞ്ചിരിയും നമ്മുടെ ഉള്ളില്‍ നന്മയുടെ പ്രകാശമായി മാറണം. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ നല്‍കുന്ന ഓരോ ചിരിയും ഊര്‍ജ്ജമാക്കി മാറ്റുന്നു. ഓരോ നിമിഷങ്ങളെയും ആസ്വാദ്യമാക്കണം. അതാണ് തന്റെ ജീവിതവിജയമെന്നും അവര്‍ പറഞ്ഞു. തൊഴില്‍പരവും വ്യക്തിപരവുമായ ജീവിതത്തെ വേര്‍തിരിച്ചു കാണാന്‍ കഴിയണം. രണ്ടിനും അതിന്റേതായ തലങ്ങളും വ്യത്യസ്തമായ ആത്മാവുമുണ്ട്. കുടുംബ ജീവിതത്തില്‍ സംഗീതം കലര്‍ത്താറില്ല. ആര്‍ത്തിരമ്പുന്ന കാണികള്‍ക്കിടയില്‍ നിന്നും കുടുംബത്തിലെത്തുമ്പോള്‍ വീട്ടമ്മയായി മാറുന്നു. വീട്ടിലെ ജോലികള്‍ ചെയ്ത് കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക. പുതിയ തലമുറയിലെ സ്ത്രീസമൂഹത്തോട് പറയാനുള്ളത് ജോലിയും കുടുംബവും കൂട്ടികലര്‍ത്താതെ ആനന്ദകരമായ ജീവിതം കെട്ടിപ്പടുക്കാന്‍ പരിശീലിക്കണമെന്നാണ്. ചെയ്യുന്ന ജോലി എന്തുതന്നെയായാലും പരമാവധി സത്യസന്ധത പാലിക്കണം. വീട്ടിലായാലും ജോലി സ്ഥലത്തായാലും അത് നിലനിര്‍ത്താന്‍ ശ്രമിക്കണം. വീട്ടുജോലികള്‍ താന്‍ തന്നെയാണ് ചെയ്യാറുള്ളതെന്നും ഉഷാ ഉതുപ്പ് പറഞ്ഞു.
വിവിധ ചിന്തകളെ കൂട്ടിയിണക്കുന്ന ഷാര്‍ജ പുസ്തമേള വിസ്മയം പകരുന്നതാണ്. പുസ്തകങ്ങളെ പോലെ സംഗീതവും വൈവിധ്യങ്ങളെ യോജിപ്പിക്കുന്നു. സംഗീതത്തിനും ഭാഷകള്‍ക്കും അതിര്‍വരമ്പുകളില്ല. കൂടുതല്‍ ഭാഷകളില്‍ പാടാനുള്ള കാരണം പ്രാദേശിക ഭാഷകളില്‍ പാടുമ്പോള്‍ ആസ്വാദകര്‍ക്ക് കൂടുതല്‍ ആനന്ദം പകരാന്‍ കഴിയുന്നു. കൂടുതല്‍ ഭാഷകള്‍ പഠിക്കുന്നതിലും അതിലൂടെ പാടുന്നതിലും കൂടുതല്‍ സന്തോഷം കണ്ടെത്തുന്നു. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറമാണ് തന്റെ ജീവിതമെന്ന് ചോദ്യത്തിന് മറുപടിയായി ഉഷാ ഉതുപ്പ് പറഞ്ഞു. എല്ലാ മതങ്ങളുടെ ആഘോഷങ്ങളിലും പങ്കാളിയാവാറുണ്ട്. മതങ്ങളുടെ പേരില്‍ ലോകത്ത് നടക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നതായും ഉഷാ ഉതുപ്പ് പറഞ്ഞു. പറഞ്ഞും ചിരിപ്പിച്ചും പ്രേക്ഷകരെ രസിപ്പിച്ച ഉഷാഉതുപ്പ് നാല് പാട്ടുകള്‍ ആലപിച്ച്് സദസ്സിനെ ഇളക്കിമറിച്ചു. ഉഷാഉതുപ്പിന്റെ ആത്മകഥയായ ‘ദി ക്യൂന്‍ ഓഫ് ഇന്ത്യന്‍ പോപ്പ്’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് രചിച്ച മാധ്യമ പ്രവര്‍ത്തക സൃഷ്ടിഝാ പരിപാടിയില്‍ അവതാരകയായി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar