നോര്‍ക്ക റൂട്ട്‌സ് ബാങ്ക് ഓഫ് ബറോഡയുമായി ധാരണാപത്രം ഒപ്പുവച്ചു.

തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (NDPREM) വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് ബാങ്ക് ഓഫ് ബറോഡയുമായി ധാരണാപത്രം ഒപ്പുവച്ചു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരിയും ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ ഗായത്രിയും തമ്മില്‍ ധാരണാപത്രം കൈമാറി. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി ജഗദീശ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്‍ വി മത്തായി, പ്രോജക്ട് മാനേജരുടെ ചുമതല വഹിക്കുന്ന ഹോം ആതന്റിക്കേഷന്‍ ഓഫിസര്‍ വി എസ് ഗീതാകുമാരി, ബാങ്ക് ഓഫ് ബറോഡ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ എ എസ് ബിജു, സീനിയര്‍ മാനേജര്‍ എം സൂരജ്, ജോയിന്റ് മാനേജര്‍ എം എസ് ധനേഷ് എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് 14 രാജ്യങ്ങളില്‍ സജീവസാന്നിധ്യമുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് യുഎഇയില്‍ 15 ഉം, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഒരു ശാഖയും, കേരളത്തില്‍ 110 ശാഖകളുമുണ്ട്. ധാരണാപത്രം ഒപ്പുവച്ചതിലൂടെ പ്രവാസി മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ബാങ്ക് ഓഫ് ബറോഡ ശാഖകളിലൂടെയും ലഭിക്കും. നിലവില്‍ നോര്‍ക്ക റൂട്ട്‌സ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, പട്ടികജാതി- വര്‍ഗ വികസന കോര്‍പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് (KSCARDB) എന്നിവ മുഖാന്തരം വായ്പ അനുവദിക്കുന്നുണ്ട്. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ക്ക് വിദഗ്ധപരിശീലനവും നല്‍കും. 30 ലക്ഷം രൂപ വരെ മൂലധനച്ചെലവുളള സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡി, പരമാവധി മൂന്നുലക്ഷം രൂപ വരെ പദ്ധതിയിന്‍ കീഴില്‍ ലഭിക്കും. ഗഡുക്കള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലുവര്‍ഷം മുന്നുശതമാനം പലിശ സബ്‌സിഡി ബാങ്ക് വായ്പയില്‍ ക്രമീകരിച്ച് നല്‍കും. ഈ സാമ്പത്തിക വര്‍ഷം 15 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. ഇതുവരെ 687 ഗുണഭോക്താക്കള്‍ക്ക് വിവിധ ധനകാര്യസ്ഥാപനങ്ങള്‍ മുഖേന 7.93 കോടി രൂപ സബ്‌സിഡി നല്‍കിയിട്ടുണ്ട്.

https://www.thejasnews.com/news/kerala/gulf-returneesnorka-roots-signed-the-mou-with-bank-of-baroda-100276

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar