ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി

ഡൽഹി: ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി നാളെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. യുവതി പ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ നിലപാടാണ് ശബരിമല തന്ത്രി സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഗീനാകുമാരി, എ.വി. വര്‍ഷ എന്നിവര്‍ നേരത്തെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജിയാണ് വ്യാഴാഴ്ച രാവിലെ ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക.
ശബരിമല ദർശനത്തിന് യുവതികളെത്തിയ ശേഷം നടയടച്ചതിൽ തന്ത്രി കോടതിയിൽ മറുപടി പറയട്ടേ എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം മാനുവൽ നട അടയ്ക്കാനുള്ള അനുമതി ഏകപക്ഷീയമായി നൽകുന്നില്ല.
അത് ആക്ഷേപമായി ഉന്നയിക്കേണ്ട ആവശ്യമില്ല. ഏത് പ്രായക്കാർക്കും പോകാമെന്ന സുപ്രീംകോടതി വിധി ഉള്ളപ്പോൾ സ്ത്രീകൾക്ക് അതിനുള്ള അധികാരമുണ്ട്. അവർ സംരക്ഷണം ആവശ്യപ്പെടുമ്പോൾ പൊലീസിനും ജനാധിപത്യ രാജ്യത്തെ സർക്കാരിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വമുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ചെ രണ്ടു യുവതികൾ ദർശനം നടത്തിയതിനു പിന്നാലെ ശബരിമല തന്ത്രിയുടെ നേതൃത്വത്തിൽ ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമാണെന്നും ഹർജിക്കാരുടെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കും. ഗുരുതര കോടതിയലക്ഷ്യമാണ് ഉണ്ടായതെന്ന് നാളെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ഹര്‍ജിക്കാരും വ്യക്തമാക്കി.

ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ളവരുമായി ബന്ധപ്പെട്ട് മാത്രമേ നടപടി എടുക്കാനാകു. ശബരിമലയുടെ ഉടമസ്ഥാവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. തന്ത്രിയുമായി ബോർഡ് ആലോചിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. എവിടെയും ക്ഷേത്രാരാധനയ്ക്കും മറ്റ് കാര്യങ്ങൾക്കും എത്തുന്ന ഭക്തർക്കും മറ്റ് ജനങ്ങൾക്കും സംരക്ഷണം നൽകാനാണ് പൊലീസ്  സംവിധാനം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar