120 സീറ്റിലേറെ കിട്ടും; വേണമെങ്കില്‍ എഴുതിത്തരാമെന്ന് യെദിയൂരപ്പ

ബംഗളൂരു: കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അവകാശ വാദങ്ങള്‍ തുടരുന്നു. ബിജെപി 120ലേറെ സീറ്റ് നേടുമെന്ന കാര്യം വേണമെങ്കില്‍ എഴുതിത്തരാമെന്നാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പയുടെ ഇന്നത്തെ വാഗ്ദാനം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തിയ്യതി പ്രഖ്യാപിച്ച് യെദ്യൂരപ്പ കൗതുകം പകര്‍ന്നിരുന്നു. തൂക്ക സഭ വരുമെന്ന എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് എന്റെ കണക്കാണ്. ഇതുവരെ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടില്ല-യെദ്യൂരപ്പ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞാന്‍ കര്‍ണാടകയിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇക്കാര്യം എഴുതിത്തരാം. ഫലം വന്ന ശേഷം ഞാന്‍ പറഞ്ഞ കാര്യം താരതമ്യപ്പെടുത്തി നോക്കാം- 75കാരനായ യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഷെഡ്യൂള്‍ ക്രമം അനുസരിച്ച് ഈ മാസം 17ന് താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. അതു വെറും സ്വപ്‌നമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ തള്ളിക്കളയുകയും ചെയ്തു.
യെദ്യൂരപ്പയുടെ മാനസിക നില തകരാറിലായെന്നും സിദ്ദരാമയ്യ പറഞ്ഞിരുന്നു. സിദ്ദരാമയ്യയെക്കുറിച്ച് താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു അതേക്കുറിച്ച് ഇന്ന് യെദ്യൂരപ്പയുടെ പ്രതികരണം. അദ്ദേഹത്തിന്റെ സമയം കഴിഞ്ഞു. തീര്‍ച്ചയായും അദ്ദേഹം തോല്‍ക്കാന്‍ പോവുകയാണ്-യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
0 Comments