ഇന്ദ്രന്‍സ് എന്ന പച്ചയായ മനുഷ്യന്‍.
ഇന്ദ്രന്‍സ്. വേദനകള്‍ തിരിച്ചറിഞ്ഞു അവര്‍ക്കൊപ്പം നിഴലായി കൂടെ നില്‍ക്കുന്ന, മണ്ണിലും മനസ്സിലും ശോഭ പരത്തുന്ന താര നക്ഷത്രം.
: അമ്മാര്‍ കിഴുപറമ്പ് :
നല്ല സുഹൃത്തിനു നന്മകള്‍ വന്നുചേരുമ്പോള്‍ സന്തോഷത്തിനു അതിരുണ്ടാവില്ല.സിനിമാ അവാര്‍ഡിനു ശ്രദ്ധകൊടുക്കുമ്പോള്‍ സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ അടക്കം പറഞ്ഞിരുന്നു അത്ഭുതങ്ങള്‍ ഇത്തവണയും ഉണ്ടാവുമെന്ന്.ചില പത്രങ്ങള്‍ ഇക്കാര്യം നേരത്തെ സൂചിപ്പിക്കുകയും ചെയ്തിരുന്നു.വിനായകന്റെ വാര്‍ത്തപോലെ ഉള്ളില്‍ ആഹ്ലാദം സൃഷ്ടിക്കുന്ന ഒരു വാര്‍ത്ത അതെന്തായിരിക്കുമെന്നു ആലോചിക്കാതെയിരുന്നില്ല.മന്ത്രി മികച്ച നടന്റെ പേര് പറഞ്ഞപ്പോള്‍ ഉള്ളില്‍ സന്തോഷത്തിന്റെ കടലിരമ്പം. സ്‌നേഹ സാമീപ്യംകൊണ്ട് സൗഹൃദം അടയാളപ്പെടുത്തിയ കലാകാരനാണ് ഇന്ദ്രന്‍സ്. ഇക്കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ചാണ് ഇന്ദ്രന്‍സ് എന്ന മലയാളത്തിന്റെ ചാര്‍ളി ചാപ്‌ളിന്‍ സൗഹൃദക്കൂട്ടത്തിലേക്ക് കണ്ണിചേര്‍ന്നത്. സി.പി അലിബാവ ഹാജിയുടെ ദേശം ദേശാടനം എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് ഇന്ദ്രന്‍സ് വന്നത്. സൗമ്യമായ പെരുമാറ്റം കൊണ്ട് ഹൃദയങ്ങളില്‍ നനുത്ത സ്പര്‍ശം സമ്മാനിക്കുന്ന ഇന്ദ്രന്‍സിനൊപ്പം സംസാരിച്ചിരിക്കുമ്പോള്‍ നാം അറിയാതെ ഓര്‍ത്തുപോകും വെള്ളിത്തിരയിലെ നിരവധി കഥാപാത്രങ്ങളെ. തൊണ്ണൂറുകളില്‍ ഇന്ദ്രന്‍സ് മലയാളിയുടെ സ്വീകരണമുറിയിലേയും വെള്ളിത്തിരയിലേയും ഹാസ്യ കഥാപാത്രമായിരുന്നു. ഉള്ളില്‍ കനലെരിയുമ്പോഴും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ചു കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേക്ക് അയാള്‍ വേഷപ്പകര്‍ച്ച നടത്തി.
അമ്മാവന്റെ കൈകളില്‍ നിന്നും ഏറ്റുവാങ്ങിയ സൂചിയും നൂലും ജീവിതം തുന്നിപ്പിടിപ്പിക്കാന്‍ അദ്ദേഹത്തിന് ആവശ്യമായിരുന്നു. ദാരിദ്ര്യത്തിന്റെ ഉള്ളുരുക്കങ്ങള്‍ക്കിടയിലും തന്റെ ഉള്ളിലെ കഥാപാത്രങ്ങള്‍ അവസരത്തിനായി കലപിലകൂട്ടുന്നത് ഇന്ദ്രന്‍സ് കേട്ടിട്ടും കേള്‍ക്കാതിരുന്നു. സിനിമയില്‍ വസ്ത്രാലാങ്കരമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തയ്യല്‍പ്പണി ജീവിതത്തില്‍കൊണ്ടുവന്ന സൗഭാഗ്യങ്ങള്‍ കുറച്ചെുമല്ല.അമ്മാവന്‍ പഠിപ്പിച്ചു തന്ന കൈത്തൊഴില്‍ സത്യത്തില്‍ ഉള്ളില്‍ ജന്മനാ ഉറഞ്ഞുകിട അഭിനയത്തിന്റെ പാഠശാലയാവുകയായിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ദ്രന്‍സ് എഴുതിയ കുറിപ്പുകളും ലേഖനങ്ങളുമാണ് ആ നടന്റെ ജീവിത വീക്ഷണവും അഭിനയ ആഴവും ബോദ്ധ്യപ്പെടുത്തി തന്നത്. ആത്മകഥാ പരമായ കുറിപ്പുകളില്‍ പ്രകടമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇന്ദ്രന്‍സ് എന്ന നടന്റെ അക്ഷരസ്‌നേഹം മറനീക്കിപ്പുറത്തു കൊണ്ടുവരുന്നതായിരുന്നു. ജീവിതെത്ത കുറിച്ചുള്ള കരുത്തു നിറഞ്ഞ നിഗമനങ്ങള്‍ സ്വന്തം അനൂഭവത്തിന്റെ തീചൂളയില്‍ നിന്നും പാകപ്പെട്ടതാണെു ബോധ്യമായത് അടുത്തു ഇടപഴകാന്‍ കഴിഞ്ഞപ്പോഴാണ്. നാലാം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളു എന്നും നിരന്തര വായനയാണ് രണ്ടക്ഷരം തെറ്റുകൂടാതെ പറയാനും എഴുതാനും പ്രാപ്തമാക്കിയതെന്നും ഒട്ടും സങ്കോചമില്ലാതെ പറയാന്‍ കാണിക്കുന്ന സത്യസന്ധതയാണ് ആ ജീവിതം. ആദ്യകാല സിനിമയില്‍ നിന്നും ഇന്ദ്രന്‍സിന് എന്ത് മാറ്റം ഉണ്ടായോ അതൊക്കെ സമ്മാനിച്ചത് പരന്ന വായനയാണെന്ന് അയാള്‍ ഉറക്കെ പറയുന്നു.
ഷാര്‍ജ ബുക്ക് ഫെയറിലെ കടയിലിരുന്ന് ചായകുടിക്കുമ്പോള്‍ ആളെ തിരിച്ചറിഞ്ഞു ആരാധകര്‍ ചുറ്റും കൂടി. എല്ലാവര്‍ക്കും സെല്‍ഫി എടുക്കണം. ഓരോരുത്തര്‍ക്കും വേണ്ടപോലെ ചാഞ്ഞും ചരിഞ്ഞും തോളത്തു കൈ ഇട്ടും ഇഷ്ടം തുറന്നു കാട്ടി സഹകരിച്ചു. ചായകുടി നടന്നില്ല എന്നതാണ് ക്ലൈമാക്‌സ്. ഇന്നും ട്രൈനില്‍ ജനറല്‍ കംമ്പാര്‍ട്ടുമെന്റില്‍ തനിച്ചു യാത്രചെയ്യുന്ന ഒരു നടന്‍ ഉണ്ടെങ്കില്‍ അത് ഇന്ദ്രന്‍സ് മാത്രമായിരിക്കും. ആഴ്ച്ചപ്പതിപ്പും വായിച്ച് ,വഴിയോര കാഴ്ചകള്‍ കണ്ട്, സഹ യാത്രക്കാരോട് ചങ്ങാത്തം പറഞ്ഞു സാധാരണ മനുഷ്യനായി ആഡംബരങ്ങളില്‍ നിന്നകന്നു ജീവിക്കുന്ന പ്രതിഭ. ഏത് വേഷവും തന്റെ ശരീരത്തിനു വഴങ്ങുമെന്നു മലയാളത്തിലെ മഹാ സംവ്വിധായകരെ ബോദ്ധ്യപ്പെടുത്തിയ ഇന്ദ്രന്‍സിനെത്തേടി ഈ അവാര്‍ഡ് വരുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം വിലമതിക്കപ്പെടുത്. വിനായകനും ഇന്ദ്രന്‍സിനും ലഭിക്കുമ്പോഴാണ് അവാര്‍ഡിന്റെ മുന്‍കാല കളങ്കങ്ങള്‍ മായ്ക്കപ്പെടുന്നത്.
സി.പി.ബാവഹാജിയുടെ ആത്മകഥ വായിച്ചു കരഞ്ഞു എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. ഉള്ളില്‍ കാരുണ്യമുള്ളവര്‍ക്കേ അക്ഷര യാത്രയില്‍ കണ്ണീര്‍ പൊഴിക്കാന്‍ കഴിയുകയുള്ളു. പുസ്തകം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ പ്രവാസത്തിന്റെ പൊള്ളുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ദ്രന്‍സ് സഞ്ചരിച്ചത്. കൂടെ ഉണ്ടായിരുന്ന ദിവസമത്രയും അയാള്‍ക്ക് കേള്‍ക്കേണ്ടിയിരുന്നത് മരുഭുമിയുടെ ഉള്ളുരുക്കങ്ങള്‍ നിറഞ്ഞ കഥകളായിരുന്നു. എഴുതാത്ത ആരും പറയാത്ത മണല്‍ ചിത്രങ്ങള്‍ കോറിയിട്ടപ്പോള്‍ ഇന്ദ്രന്‍സ് ഇടക്കിടെ ആലോചനയില്‍ ഊളിയിടുന്നുണ്ടായിരുന്നു. ചില കഥകള്‍ കേട്ട് അദ്ദേഹം ചോദിച്ചു ഇതൊക്കെയല്ലേ എഴുതേണ്ടത്. പ്രവാസത്തിന്റെ കെട്ടുകാഴ്ച്ചകള്‍ക്കിടയില്‍ യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ പകര്‍ത്തണം, സിനിമയാക്കണം എന്നൊക്കെ പറഞ്ഞു. താങ്കളുടെ പ്രോത്സാഹന വാക്കുകളുടെ പ്രചോദനത്തില്‍ നിഴല്‍ തീരുന്നിടം എന്ന പുസ്തക എഴുതുമ്പോള്‍ തന്നെ താങ്കള്‍ക്ക് പുരസ്‌കാരം കിട്ടുന്നു എന്ന വാര്‍ത്ത സന്തോഷം ഇരട്ടിയാക്കുന്നു. കഥകള്‍ അനുഭവങ്ങള്‍ കേട്ടുകൊണ്ടിരിക്കെ പ്രവാസ ജീവിതത്തിലെ ആര്‍ഭാടങ്ങള്‍ക്കിടയിലെ കണ്ണുനീരിന്റെ ഉപ്പുരസം അയാളും അനുഭവിച്ചു കൊണ്ടിരുന്നു. ഇന്ദ്രന്‍സ് ചങ്ങാത്തത്തിനു വലിയ വിലകൊടുക്കുന്ന വ്യക്തിത്വമാണ്. സാഹിത്യകാരന്‍ പി സുരേന്ദ്രനാണ് ഷാര്‍ജ ചടങ്ങിലേക്ക് ഇന്ദ്രന്‍സിനെ ക്ഷണിച്ചു കൊണ്ടുവന്നത്. നല്ല ഒരു ആത്മമിത്രത്തെ സമ്മാനിച്ച അതിന്നവസരം ഒരുക്കിയ ബാവഹാജിക്കും പി.സുരേന്ദ്രനും നന്ദി. ഷാര്‍ജയില്‍ നിന്നു പിരിയുമ്പോള്‍ നമ്പര്‍ പരസ്പരം കൈമാറിയിരുന്നെങ്കിലും ഇന്നാണ് വിളിച്ചത്. സ്‌നേഹത്തോടെ അഭിനന്ദനങ്ങള്‍ പറഞ്ഞപ്പോള്‍ ചിരപരിചിത സ്‌നേഹിതനെ പോലെ ഇന്ദ്രന്‍സ് അഭിനന്ദനത്തിനു നന്ദി പറഞ്ഞു. ഔപചാരികമായ വിദ്യാഭ്യാസമൊന്നും കിട്ടിയില്ലെങ്കിലും ജീവിതപാഠപുസ്തകത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും ഫുള്‍ എ പ്ലസ് വാങ്ങി ജീവിക്കുന്ന സാധാരണക്കാരനായ അസാധാരണ പ്രതിഭയാണ് ഇന്ദ്രന്‍സ്. വേദനകള്‍ തിരിച്ചറിഞ്ഞു അവര്‍ക്കൊപ്പം നിഴലായി കൂടെ നില്‍ക്കുന്ന, മണ്ണിലും മനസ്സിലും ശോഭ പരത്തുന്ന താര നക്ഷത്രത്തിന് ഇനിയും അവസരങ്ങള്‍ ലഭിക്കട്ടെ.ഇന്ദ്രന്‍സ് പറഞ്ഞപോലെ ഇത് വരെ തമാശപോലെ മുഖത്തു ചായം തേച്ച് അഭിനയിക്കുകയായിരുന്നു. ഇനി സിനിമയെ അഭിനയത്തെ ഗൗരവത്തോടെ കാണാന്‍ പ്രചോദനമാവട്ടെ അംഗീകാരം.
0 Comments