ഫാറൂഖ് കോളേജ് : ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മപ്പെടുത്തല്‍

ഈ അടുത്ത കാലം വരെ കാശ് വാങ്ങാതെ നിയമനം നടത്തുന്ന രണ്ടേ രണ്ട് സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഫാറൂഖ് കോളജ് . മറ്റൊന്ന് തിരുരങ്ങാടി പി എസ് എം ഒ കോളേജാണ് . ഇത്രയും സൽപേരുണ്ടായിരുന്ന സ്ഥാപനത്തെ അപകർത്തിപ്പെടുത്താൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടാവണം.
: അഹമ്മദ് ശെരീഫ്. പി :
ഫ്ലാഷ് മോബിനും മാണിക്യ മലരിനും ശേഷം വത്തക്കയാണിപ്പോൾ കേരളത്തിന്റെ ചർച്ചാവിഷയം. മൂസ എരഞ്ഞോളിയുടെ മാപ്പിളപ്പാട്ടിൽ മൽഗോവയെന്ന മാമ്പഴമാണ് ഇത് .
തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ , അനേകായിരം ചെറുപ്പക്കാരെ ഉന്നതങ്ങളിലെത്തിച്ച ഫാറൂഖ് കോളേജാണ് സമീപകാലത്തായി നിരന്തരം നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വിവാദ ചുഴികളിൽ അകപ്പെടുന്നത് . ഹോളിക്കാലത്തല്ലാത്ത ഹോളി ആഘോഷങ്ങളും മറ്റും ഫാറൂഖാബാദിനെ വേട്ടയാടുമ്പോൾ ഒരു പുർവിദ്യാർത്ഥി എന്ന നിലക്ക് വേദനയുണ്ട് . അതിനേക്കാളേറെ ഭൗതിക വിദ്യാഭ്യാസ രംഗത്ത് സീറൊ ആയിരുന്ന മുസ്ലിം സമുദായത്തെ കൈ പിടിച്ചുയർത്തിയ ഫാറൂഖിന്റെ ആദിപിതാവ് അബുസ്സബാഹ് മൗലവി അകാലത്തിലിരുന്ന് ദുഖിക്കുന്നുണ്ടാവണം. ഈ അടുത്ത കാലം വരെ കാശ് വാങ്ങാതെ നിയമനം നടത്തുന്ന രണ്ടേ രണ്ട് സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഫാറൂഖ് കോളജ് . മറ്റൊന്ന് തിരുരങ്ങാടി പി എസ് എം ഒ കോളേജാണ് . ഇത്രയും സൽപേരുണ്ടായിരുന്ന സ്ഥാപനത്തെ അപകർത്തിപ്പെടുത്താൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ടാവണം. ടിപ്പു സുൽത്താൻ ക്യാമ്പ് ചെയ്ത സ്ഥാലമായതിനാലാണ് ഫാറൂഖ് എന്ന പേര് വീഴുന്നത് .
ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് രാഷ്ട്രീയ പോരാട്ടങ്ങൾക്കോ പ്രേമങ്ങൾക്കോ ഒരു നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല . അവയൊന്നും ഉയർന്ന അവബോധമുള്ള ഫാറൂഖിൽ നിയന്ത്രിക്കുക സുസാധ്യവുമല്ല . എം ഐ ഷാനവാസ് തൊട്ട് സമദാനി വരെയുള്ളവരടക്കം വിവിധ ജാതിമതങ്ങളിൽ പെട്ട പരശ്ശതം നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഹൈ പ്രൊഫഷനലുകൾക്കും ജന്മം നൽകിയ ഫാറൂഖിന്റെ കവാടങ്ങളിൽ എല്ലാമുണ്ട് . കെ ഇ എൻ പോലുള്ള യുക്തിവാദികൾക്കും കമ്യുണിസ്റ്റുകൾക്കും മാത്രമല്ല , എ പി പി നമ്പുതിരിയെപ്പോലുള്ള സ്വതന്ത്ര ചിന്തകർക്കും ഹിന്ദുത്വ ചിന്താഗതിക്കാരായ അദ്ധ്യാപകർക്കും വരെ ഇടം ലഭിച്ച ഫാറൂഖിന് എന്നും ധാർമ്മികവും മതപരവുമായ പരിവേഷവുമുണ്ടായിരുന്നു . കാരണം കാമ്പസിൽ ബഹുഭൂരിപക്ഷവും മലബാറിന്റെ മുസ്ലിം പാരമ്പര്യമുള്ളവരാണ് . കാമ്പസിനുള്ളിൽ റൗദത്തുൽ ഉലൂം അറബിക് കോളേജുമുണ്ട് . ബി എഡ് കോളേജ് , ഹൈസ്‌കൂൾ എന്നിവയും കൂറ്റൻ ലൈബ്രേറിയുമുണ്ട് . വിശാലമായ ഹോസ്റ്റൽ സൗകര്യം ഉള്ള അപൂർവം ആർട്സ് കോളജ് കൂടിയായതിനാൽ സഭവബഹുലവും പ്രശ്ന സങ്കിർണവുമാണ് എന്നുമിവിടെ . ആ കൂട്ടത്തിലേക്ക് അത്യുത്സാഹികളായ മതപ്രഭാഷകർ കൂടി ചേരുന്നത് സാധാരണ നിലക്ക് കുഴപ്പമൊന്നും ഉണ്ടാക്കേണ്ടതില്ല .
എന്തൊക്കെ ന്യായികരണങ്ങൾ നിരത്തിയാലും ഫാറൂഖ് ബി എഡ് കോളജിലെ അധ്യാപകന്റെ വിവാദ പ്രസംഗത്തിലെ പ്രയോഗങ്ങൾ ആഭാസകരമാണ് . ഓഡിയോ കേട്ടാലും വിഡിയോ കണ്ടാലും അത് ബോധ്യപ്പെടും . വത്തക്ക പോലൊരു വിശേഷണം പാടെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു . സ്വകാര്യ പരിപാടി ആയാലും മത ക്‌ളാസ് ആയാലും . പണ്ടൊക്കെ എന്തും പറയാമായിരുന്നു .ആളുകൾ അത് കേട്ട് മറന്നു കൊള്ളും . ഇന്ന് ഓരോ വാക്കും നിമിഷങ്ങൾക്കകം ലോകം ചുറ്റിക്കറങ്ങി വരും . പല മത പ്രഭാഷകർക്കുമുള്ള അറിവിന്റെയും വിവേകത്തിന്റെയും ആധികാരികതയുടെയും പരിമിതികൾ അവിടെ ചോദ്യം ചെയ്യപ്പെടും . മത ക്‌ളാസ് റിക്കാർഡ് ചെയ്തത് പുറത്തെത്തി എന്നത് സ്വന്തം അണികൾക്ക് തന്നെ പ്രസ്തുത പ്രസംഗം ദഹിച്ചില്ല എന്നതിന് തെളിവാണ് . അത് മാത്രമല്ല വരുന്ന വഴിക്ക് ബസ് കാത്തു നിൽക്കുന്ന സ്‌കൂൾ കുട്ടികളെ കണ്ട കാര്യവും അദ്ദേഹം പറയുന്നു . അവർ ലെഗിൻസ് ധരിച്ചാണ് നിൽക്കുന്നത് . അപ്പോൾ സ്ത്രീകൾ എന്തൊക്കെ ധരിക്കുന്നു എന്ന് നോക്കി നടക്കലാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത എന്നൊരു സന്ദേശം ആളുകൾ വായിച്ചെടുത്താൽ കുറ്റം പറയാനാകില്ല .
തന്റെ കോളജിലെ കുട്ടികളുടെ വേഷം കണ്ട് സഹിക്കാനാവുന്നില്ല എന്ന അധ്യാപകന്റെ അപമാനിക്കൽ അവർക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്.
ചില മത പ്രഭാഷണങ്ങൾ ഇത്തരം പർവെർട്ടഡ് അവസ്ഥയിലേക്ക് വരുന്നത് പലപ്പോഴും കാണാം . പുതിയ ലോകം ഇവരുടെ എല്ലാ ഗണിതങ്ങൾക്കും അപ്പുറത്താണെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
ഒരു പെൺകുട്ടിയെ ഇത്തവണ ചെയർ പേഴ്സൺ സ്ഥാനത്തിരുത്താൻ മാത്രം വിശാല മനസ്കത കാണിച്ചവരാണ് ഇവിടുത്തെ കുട്ടികളെന്ന കാര്യം മറക്കരുത് . സ്ഥിരമായി ഇന്റർ സോൺ കലോത്സവത്തിൽ ഫാറുഖ് കിരീടം ചുടുന്നത് ആടിയും പാടിയും തന്നെയാണ് .
എന്നാൽ എം എ റഹ്മാനെപ്പൊലുള്ളവർ ബഷീർ ദ മാൻ എന്ന സിനിമയെടുക്കാൻ പോയതിന്റെ പേരിൽ ജോലി വിടേണ്ടി വന്നതും പഴങ്കഥയല്ല. ഫാറൂഖ് കോളജിൽ അധികൃതർ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും .
0 Comments