വാട്‌സ്ആപ്പ് ഹര്‍ത്താല്‍ ആഹ്വാനം: അഞ്ച് മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് പിടിയില്‍

മഞ്ചേരി;വ്യാജ ഹര്‍ത്താലിനു പിന്നില്‍ സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകരെന്ന സംശയത്തിന് ബലമേകി പോലീസ് അന്വേഷണം.കഠ്‌വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന്നിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ അഞ്ച്‌പേരേയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കൊല്ലം,വിഴിഞ്ഞം,പൂജപ്പുര,തിരുവനന്തപുരം സ്വദേശികളായ അഖില്‍,ഗോഖുല്‍ ശേഖര്‍,നിഖില്‍,അമര്‍നാഥ്,സുധീഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.വോയ്‌സ് ഓഫ് ട്രൂത്ത്,ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് തുടങ്ങിയ വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അറസ്റ്റിലായവര്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും നിലവില്‍ ഇവര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധമൊന്നുമില്ലെന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അമര്‍നാഥ് ഇപ്പോള്‍ ശിവസേനയുടെ സജീവ പ്രവര്‍ത്തകനാണ്. കഠ്‌വ സംഭവത്തിന് പിന്നാലെ വോയ്‌സ് ഓഫ് ട്രൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ് എന്നീ പേരുകളില്‍ രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി. വിവിധ ജില്ലകളില്‍ നിന്നുള്ള 11 അഡ്മിന്‍മാരാണ് ഗ്രൂപ്പിനുള്ളത്. പിന്നീട് ഗ്രൂപ്പ് അഡ്മിന്‍മാരുടെ ഒരു പ്രത്യേക വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. ആ ഗ്രൂപ്പ് വഴിയാണ് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്യാനുള്ള തീരുമാനമെടുത്തത്. ഹര്‍ത്താല്‍ ആഹ്വാനത്തിന് കൂടുതല്‍ പ്രതികരണങ്ങള്‍ വന്നത് മലബാര്‍ മേഖലയില്‍ നിന്നായിരുന്നു. ഗ്രൂപ്പുകള്‍ വഴി ഹര്‍ത്താല്‍ ആഹ്വാനം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വര്‍ഗീയ കലാപമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായവരെ വൈകിട്ട് മഞ്ചേരിയിലെ കോടതിയില്‍ ഹാജരാക്കും.
ഹര്‍ത്താലിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.വര്‍ഗീയ സംഘര്‍ഷവും കലാപവുമായിരുന്നു ഹര്‍ത്താലിന്റെ ലക്ഷ്യവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എതിര്‍വിഭാഗം ഹര്‍ത്താല്‍ ഏറ്റെടുക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരമൊരു ആഹ്വാനം നല്‍കിയത്. മലബാറില്‍ കലാപമുണ്ടാക്കാനും വര്‍ഗീയ വികാരം ആളിക്കത്തിക്കാനുമായിരുന്നു ഇവരുടെ ശ്രമമെന്നും ഇന്റലിജന്‍സ് പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു.ലോക്നാഥ് ബെഹ്റ 

കശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു കണ്ടെത്തല്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാര്‍ട്ടിയും സംഘടനയും പിന്തുണക്കാതെ ഹര്‍ത്താല്‍ നടന്നത്. ഇതിന് ആഹ്വാനം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങളും വളരെ നിര്‍ഭാഗ്യകരമാണ്. ഹര്‍ത്താലില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ ആരായാലും വെറുതെ വിടില്ല. ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പിടികൂടും. ഹര്‍ത്താല്‍ ദിവസം അറസ്റ്റ് ചെയ്തവരില്‍ നിന്ന്, ഹര്‍ത്താലിന് അനുകൂലമായി നിരത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ വിദഗ്ധ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. കഴിവതും വേഗം അന്വേഷണം പൂര്‍ത്തീകരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

അതേസമയം വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവരില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ എറണാകുളം സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡി വഴിയാണ് ഇയാള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇവരെ കണ്ടെത്തുന്നതിന് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫേസ്ബുക്ക് ഐ.ഡികള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. വ്യാജ ഐ.ഡി ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്കിലെ വ്യാജ ഐ.ഡികളും പൊലീസ് നിരീക്ഷണത്തിലാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar