ഗെയില്‍ സമരം തളര്‍ന്നു, ഇരകള്‍ ഒറ്റപ്പെട്ടു. പ്രവൃത്തി തടസ്സമില്ലാതെ മുന്നേറുന്നു

കിഴുപറമ്പ് പഞ്ചായത്തിലെ വാദിനൂര്‍ പ്രവേശന ഭാഗത്ത് അളവെടുക്കുന്നു…….

പ്രത്യേക ലേഖകന്‍ ………………………

അരീക്കോട്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി നടന്ന ഗെയില്‍ വിരുദ്ധ ജനകീയ സമരങ്ങള്‍ ശക്തികുറഞ്ഞതോടെ ജോലി സുഗമമാക്കി ഗെയില്‍ നിര്‍മ്മാണ പ്രവൃത്തി മുന്നേറുന്നു.കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നടന്ന ശക്തമായ സമരത്തിന്റെ ശ്രദ്ധാകേന്ദ്രം കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവ് ആയിരുന്നു. ഇരകള്‍ സംഘടിച്ചെത്തി നിര്‍മ്മാണം തടസ്സപ്പെടുത്തിയതോടെ ഗെയില്‍ സായുധ സേനാ സഹായം ആവശ്യപ്പെട്ടു. ഇതോടെ സമരക്കാരും പോലീസും നിരവധി തവണ തെരുവില്‍ ഏറ്റുമുട്ടി. പോലീസ് സമരക്കാരുടെയും നിരപരാധികളുടേയും വീട് കയറി യുവാക്കളെ അറസ്റ്റു ചെയ്യുകയും വലിയ കുറ്റങ്ങള്‍ ചാര്‍ത്തി കേസ് എടുക്കുകയും ചെയ്തതോടെ സമരം കൂടുതല്‍ ശക്തമായി. ഗെയില്‍ കമ്പനി കൊടിയത്തൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തി വെച്ചതോടെയാണ് മാസങ്ങള്‍ നീണ്ടുനിന്ന സമരം അല്‍പ്പം ശമിച്ചത്. കേരളത്തിലേയും ഇന്ത്യയിലേയും പ്രമുഖ ആക്ടിവിസ്റ്റുകളും പ്രകൃതി സ്‌നേഹികളും സമര പന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെ സമരരംഗത്തേക്ക് സ്ത്രീകളും കുട്ടികളും വരെ എത്തിത്തുടങ്ങി. സമരം തെരുവില്‍ അക്രമാസക്തമായതോടെ പിണറായി സര്‍ക്കാര്‍ സമരത്തിനു പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്നും അവരുടെ ഒരു നീക്കവും വിലപ്പോവില്ലെന്നും പ്രഖ്യാപിച്ചേതോടെ മലപ്പുറം
ജില്ലയിലെ ഒരു എം എല്‍ എയും കോഴിക്കോട് ജില്ലയിലെ ഒരു എം പിയും സമര രംഗത്തിനു പരിപൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തി. ഗെയില്‍ പദ്ധതി ജനവാസ മേഖലയില്‍ നിന്നും മാറ്റാതെ ഈ വഴി ഒരു പ്രവര്‍ത്തിയും നടക്കില്ലെന്നും ഏറനാടിന്റെ സമര പാരമ്പര്യത്തിനു മുന്നില്‍ ഗെയില്‍ മുട്ടുമടക്കേണ്ടി വരുമെന്നും  ഇരകള്‍ക്കു നല്‍കിയ ആവേശം വെറും
വാക്കായി മാറിയ സ്ഥിതിയാണ് ഇപ്പോള്‍ ഗെയില്‍ ഇരകള്‍ കാണുന്നത്.  നേതാക്കള്‍ ഇല്ലെന്നുമാത്രമല്ല, സമരരംഗത്ത് അടിയുറച്ചു നിന്ന പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വരെ ഗെയില്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന കിഴുപറമ്പ് ,അരീക്കോട് ,കാവനൂര്‍ പഞ്ചായത്തുകളില്‍ കാണുന്നത്. നിലവിലുള്ള അലൈമെന്റ് പ്രകാരം മുന്നോട്ടു പോവാന്‍ അനുവദിക്കില്ലെന്നും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട്ട ലൈന്‍ മാറ്റണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. പദ്ധതി കടന്നുപോവുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ സമരത്തില്‍ സര്‍വ്വം സഹിച്ച് അണിനിരന്നതും ഈ ഒരൊറ്റ ലക്ഷ്യത്തിന്നായിരുന്നു. എന്നാല്‍ ഒരിടത്തും നേരത്തെയുള്ള അലൈന്‍മെന്റ് ഇതുവരെ മാറ്റിയിട്ടില്ല എന്നതാണ് സത്യം.
സമരരംഗത്ത് ഏറെ സജീവമായ ഇടപെടല്‍ നടന്നത് കിഴുപറമ്പ് കൊടിയത്തൂര്‍ കാവനൂര്‍ പഞ്ഛായത്തുകളിലാണ്. ഇതില്‍ കൊടിയത്തൂരിലും കാവനൂരിലും പൈപ്പിടല്‍ തൊണ്ണൂറ് ശതമാനവും കഴിഞ്ഞു. ഇപ്പോള്‍ സര്‍വ്വേ നടക്കുന്നത് മലപ്പുറം ജില്ലയുടെ പ്രവേശന കവാടമായ കിഴുപറമ്പ് പഞ്ചായത്തിലാണ്. ഗെയില്‍ അധികൃതരും പോലീസും വളരെ ഭയത്തോടെയാണ് ഇവിടെ അളന്നു കുറ്റിയടിക്കാന്‍ എത്തിയത്. കനത്ത പോലീസ് സംരക്ഷണം ഉറപ്പുവരുത്തിയത് തന്നെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പു മുന്‍നിര്‍ത്തിയാണ്. ഗെയില്‍ സമര മുഖത്ത് കൊടിയത്തൂരിലേയും കിഴുപറമ്പിലേയും പ്രാദേശിക നേതാക്കന്മാരആണ് ഉണ്ടായിരുന്നത് എന്നത് കൊണ്ടാണ് ഇവിടെ അളവു തടസ്സപ്പെടുമെന്ന് അധികൃതര്‍ കണക്കു കൂട്ടിയത്. എന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ചായയും വെള്ളവും വിശ്രമിക്കാനുള്ള സ്ഥലവും ഒരുക്കി ക്കൊടുക്കുന്ന കാഴ്ച്ചയാണ് ഉള്ളത്. സായുധ പോലീസ് സേനയാവട്ടെ പൂര്‍ണ്ണ വിശ്രമത്തിലുമാണ്.
ഇരകള്‍ക്ക നേരത്തെ സര്‍ക്കാര്‍ പറഞ്ഞതില്‍ അധികമായി ഒന്നും തന്നെ സമരം കൊണ്ട് വകവെച്ചു കിട്ടിയിട്ടില്ല. ചിലയിടങ്ങളില്‍ ഇരുപതും പതിനേഴും പതിനഞ്ചും മീറ്റര്‍ ആക്കി ചുരുക്കി തൊട്ടടുത്തുള്ള വീടുകള്‍ക്ക് ചെറിയ സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്തുകൊടുക്കുന്നുണ്ട്. കിഴുപറമ്പ് പഞ്ചായത്തിലെ പകുതി ഭാഗവും അളന്നു കഴിഞ്ഞു. ഇനി എടുക്കാനുള്ള സ്ഥലങ്ങളിലാണ് വീടുകള്‍ ഉള്‍പ്പെടുന്നത്. ഇവിടെ മറ്റൊരു ഭാഗത്തുകൂടെ വീടില്ലാതെ പദ്ധതി കൊണ്ടുപോവാന്‍ കഴിയുമെന്നു ഭൂവുടമകള്‍ കലക്ടറെ അറിയിച്ചിട്ടുണ്ട്.പക്ഷെ അനുകൂല നിലപാടുകള്‍ വന്നിട്ടില്ല. ഇന്നുമുതല്‍ കിഴുപറമ്പിലെ അളവു നിര്‍ത്തി വെച്ചെന്നാണ് ഗെയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ രണ്ടാഴ്ച്ച കഴിഞ്ഞാല്‍ റം സാന്‍ തുടങ്ങുമ്പോള്‍ പ്രവൃത്തി ആരംഭിക്കാമെന്നും ആ സമയത്ത് ജനം സമരരംഗത്ത് വരികയോ പ്രതിഷേധം നടത്തുകയോ ഇല്ലെന്നുമാണ് ഗെയില്‍ അധികൃതര്‍ കരുതുന്നത്. അലൈന്‍മെന്റ് മാറ്റാന്‍ വേണ്ടിയാണ് അളവു നിര്‍ത്തിവെച്ചതെന്ന ധാരണ സൃഷ്ടിച്ച് പണി ആരംഭിക്കാനാണ് പദ്ധതി.
കിഴുപറമ്പില്‍ പോലും സമര നേതാക്കള്‍ ഇടപെടാതെ ഇരകളെ ഒറ്റപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ജനങ്ങള്‍ക്കുണ്ട്. ഏതായാലും പദ്ധതി വരുമെന്നും അളന്നു പോവുന്ന പറമ്പുകളില്‍ ഫലവൃക്ഷങ്ങള്‍ ധാരാളമുണ്ടായിരുന്നു എന്നു ഉദ്യോഗസ്ഥരെ കൊണ്ട് എവുതിച്ച് നഷ്ടപരിഹാരം കൂടുതല്‍ വാങ്ങിച്ചുതരാമെന്നുമാണ് ഇരകള്‍ക്കു ലഭിക്കുന്ന വാഗ്ദാനം. വലിയ കേസുകളില്‍ അകപ്പെട്ട പ്രാദേശിക നേതാക്കന്മാര്‍ക്ക് കേസുകള്‍ വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.ഇനിയും സമരരംഗത്തിറങ്ങിയാല്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത കേസുകളില്‍ അകപ്പെടേണ്ടി വരുമെന്ന ഭീഷണിയാണ് സമരരംഗത്തെ തളര്‍ത്തിയത് എന്നാണ് ജന സംസാരം. ഇടതു പക്ഷം ആദ്യമേസമരരംഗത്തു നിന്നു മാറിനിന്നതോടെ മുസ്ലിം ലീഗ്,കോണ്‍ഗ്രസ്, വെല്‍ഫെയര്‍പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവരായിരുന്നു സമരമുഖത്ത് ഇരകള്‍ക്കൊപ്പം ഉണ്ടായിരുന്നത്. എല്ലാപാര്‍ട്ടികളും ഒരേ സമയം സമര രംഗത്തു നിന്നു പിന്‍മാറിയതും ഇരകളെ ഒറ്റപ്പെടുത്തിയതും വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. പോലീസ് ശക്തമായ സാന്നിദ്ധ്യം ഉറപ്പു വരുത്തിയതും സമര രംഗത്തുള്ളവരെ വ്യക്തിപരമായി കണ്ട് താക്കീത് നല്‍കിയതുമാണ് സമരം കാറ്റൊഴിഞ്ഞ ബലൂണ്‍പോലെ പെട്ടന്നു ഊര്‍ദ്ദന്‍ വലിക്കാന്‍ മറ്റൊരു കാരണം.
സമരരംഗം ശക്തമായതോടെ രാപകല്‍ പോലീസ് സാന്നിദ്ധ്യത്തിലാണ് ഗെയില്‍ കുഴി എടുത്തതും പൈപ്പിടല്‍ പൂര്‍ത്തിയാക്കിയതും. നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ടി നടത്തുന്ന ധൃതിപിടിച്ച പ്രവൃത്തികള്‍ കനത്ത സുരക്ഷാ വീഴ്ച്ചക്കു വഴിവെക്കുമെന്നാണ് ജനം ഇപ്പോള്‍ ഭയക്കുന്നത്. വെല്‍ഡിംഗ് അനുബന്ധ വര്‍ക്കുകളൊന്നും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല എന്നാണ് ചില ജീവനക്കാരുടെ തന്നെ അഭിപ്രായം. സമരം സൃഷ്ടിച്ച പ്രയാസങ്ങള്‍ ഇനിയും ശക്തി പ്രാപിക്കുമെന്ന കണക്കുകൂട്ടലിലാണ് പല സ്ഥലത്തും പ്രവര്‍ത്തി രാത്രികാലങ്ങളില്‍പോലും നടന്നത്.ഭൂമി നഷ്ട്ടപ്പെട്ടവര്‍ മാത്രമല്ല പദ്ധതി കടന്നുപോവുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഒന്നടങ്കം ആശങ്കയിലാണ് ഗെയില്‍ പ്രവൃത്തി നേരില്‍ കാണുമ്പോള്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar