നിപ്പാ വൈറസ് പനി മരണം തുടരുന്നു.ചികിത്സയിലുള്ള രണ്ടുപേര്‍ കൂടി മരണപ്പെട്ടു

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേർ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി രാജന്‍, നാദാപുരം ചെട്ടിയാർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. അശോകൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ രക്തസാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടില്ല.

നിപ്പ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയ രാജനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ നിപ്പ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം 11 ആയി. ആറു  മരണങ്ങളില്‍ നിപ്പ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്ര മൂസയുടെ കുടുംബത്തിലെ മൂന്ന് പേരും ജാനകി എന്നവരുമാണ് നിപ്പ ബാധിച്ച് മരിച്ചത്. എന്നാൽ രാജന്‍റെ മരണവും ചെമ്പനോട പുതുശ്ശേരി വീട്ടിൽ ലിനി എന്ന നഴ്സിന്‍റെ മരണവും നിപ്പ വൈറസ് ബാധിച്ചാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിപ്പയുടെ ലക്ഷണങ്ങളുമായി ഒമ്പത് പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 60 പേരുടെ രക്തസാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധനയ്ക്ക് അയച്ചത്.

ഇന്നലെ കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം ഇന്നും സന്ദര്‍ശനം തുടരും. വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിൽ എയിംസ് സംഘവും ഇന്ന് പരിശോധനയ്ക്ക് എത്തും. കേന്ദ്ര മൃഗപരിപാലന വകുപ്പില്‍ നിന്നുള്ള സംഘവും ഇന്ന് കോഴിക്കോട്ടെത്തുന്നുണ്ട്. അതേസമയം, നിപ്പ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര ആരോഗ്യ സംഘം അറിയിച്ചു. വൈറസ് ബാധ നേരത്തെ കണ്ടെത്താനായാല്‍ രോഗം ഭേദമാക്കാമെന്നും കേന്ദ്രസംഘം പറഞ്ഞു.

ഒരുമീറ്റര്‍ ദൂരപരിധിയില്‍ വൈറസ് പടര്‍ന്നേക്കാം. ദീര്‍ഘദൂരം വൈറസിന് സഞ്ചരിക്കാനാവില്ല. വവ്വാലുകളിൽ നിന്നാണ് രോഗം പരന്നതെന്ന സംശയം ഇന്നലെ കേന്ദ്രസംഘം പങ്കുവച്ചിരുന്നു. കൂടുതൽ പ്രദേശങ്ങളിലേക്ക് നിപ്പ വ്യാപിക്കാതിരിക്കാനുള്ള നടപടികളെടുക്കുമെന്നും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു.

ജനങ്ങളെ ആശങ്കയിൽ നിറുത്തുന്ന നാലുപേരുടെ മരണത്തിന് കാരണമാവുകയും ചെയ്‌ത പകർച്ചപ്പനി നിപ്പയ്ക്ക് പിന്നിൽ വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയകളിൽ സജീവമാകുന്നത്. എന്നാൽ ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുതെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.  പകർച്ചവ്യാധി മറ്റ് മൃഗങ്ങളിലേക്ക് പകരുന്നത് കണ്ടെത്തിയിട്ടില്ലെന്നും അവർ അറിയിച്ചു.  നിപ്പ വൈറസ് പ്രധാനമായും വവ്വാലുകളിലൂടെയാണ് പകരുന്നതെന്നാണ് രോഗത്തിന്‍റെ മുൻകാല ചരിത്രം പറയുന്നു. അതുകൊണ്ടാണ് കോഴിക്കോട്ടെ പനിക്ക് കാരണമായ നിപ്പ വൈറസിനു പിന്നിൽ വവ്വാലാണെന്നാണ് പ്രാഥമിക നിഗമനം. രോഗം ബാധിച്ച് മരിച്ച സഹോദരങ്ങളുടെ പേരാമ്പ്രയിലെ വീട്ടിലെ കിണറിൽ നിന്ന് കഴിഞ്ഞ ദിവസം വവ്വാലുകളെയും കണ്ടെത്തിയിരുന്നു. തുടർന്നാണ് വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ ശക്തമായത്. ഇതിനെതിരേയാണിപ്പോൾ മൃഗസംരക്ഷണവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar