മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് നീനു.

കോട്ടയം: പ്രണയ വിവാഹിതനായ കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തന്‍റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് വധു നീനു. കെവിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തികമായിരുന്നു തന്‍റെ കുടുംബത്തിന് ഞങ്ങളുടെ ബന്ധത്തോടുള്ള എതിർപ്പിനു കാരണം. അമ്മയുടെ ചേട്ടന്‍റെ മകൻ നിയാസ് തന്നെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കെവിനെയും ഭീഷണിപ്പെടുത്തിയിരുന്നു. തന്‍റെ അച്ഛനും അമ്മയും അറിയാതെ ഇങ്ങനെ ഒന്ന് സംഭവിക്കില്ലെന്നും നീന പറഞ്ഞു.
അതേസമയം, കെവിൻ ചേട്ടന്‍റെ ഭാര്യയായി തന്നെ തുടർന്നും ജീവിക്കുമെന്ന് നീനു കണ്ണീരോടെ പറഞ്ഞു. എന്‍റെ അച്ഛനെയും അമ്മയെയും നോക്കുന്നത് പോലെ ഈ കുടുംബത്തിൽ മോളായിട്ട് ജീവിക്കും. എന്നെ ആർക്കും വിട്ടുകൊടുക്കരുതേയെന്നും കെവിന്‍റെ പിതാവിന്‍റെ നെഞ്ചോടു ചേർന്ന് നീനു അഭ്യർഥിച്ചു. പ്രണയം വീട്ടിൽ അറിയിച്ചതിനു ശേഷമാണ് താൻ വീട്ടിൽ നിന്നും ഇറങ്ങിവന്നത്. ഇനി അച്ഛനും അമ്മയും വന്നുവിളിച്ചാലും കെവിന്‍റെ വീടു വിട്ടുപോകില്ലെന്ന് നീനു പറഞ്ഞു.
അതിനിടെ, കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ കെവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താനുള്ള നടപടികൾ ആരംഭിച്ചു. കെവിന്‍റെ ബന്ധുക്കളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊലീസും അടക്കം വൻ ജനക്കൂട്ടം മോർച്ചറിക്ക് മുന്നിൽ തടിച്ചു കൂടിയിട്ടുണ്ട്. നേരത്തെ ഇവിടെ നേരിയ സംഘർഷം ഉണ്ടായിരുന്നു. പതിനൊന്നരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നട്ടാശേരി എസ്.എച്ച്. മൗണ്ട് പ്ലാത്തറ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെ കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിലായിരിക്കും സംസ്കാരം.
മുഖ്യപ്രതി ഷാനു തമിഴ്‌നാട്ടിലെന്ന് സൂചന, നീനുവിന്‍റെ മാതാപിതാക്കളേയും പ്രതിചേർത്തു
തിരുവനന്തപുരം: സഹോദരിയെ പ്രണയിച്ചു വിവാഹം ചെയ്തതിനു കോട്ടയം സ്വദേശിയായ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കെവിന്‍റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്കു വന്ന ഷാനു, പേരൂര്‍ക്കടയിലുള്ള ഭാര്യയുടെ വീട്ടിലെത്തിയതായും വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാൾ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.
നെടുമങ്ങാട്, പേരൂർക്കട പൊലീസ് വാഴവിളയിലുള്ള ഷാനുവിന്‍റെ ഭാര്യ വീട്ടിലെത്തി പരിശോധന നടത്തി. ഷാനു ഇപ്പോൾ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പൊലീസിന് ലഭിച്ചിക്കുന്ന വിവരം. അതിനിടെ, ഷാനു വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവൈഎസ്‌പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്.
നീനുവിന്‍റെ അച്ഛൻ ഷാനു ഭവനിൽ ചാക്കോ, മാതാവ് രഹ്‌ന എന്നിവരെയും കേസിൽ പ്രതിചേർത്തു.
നീനുവിന്‍റെ അച്ഛൻ കൊല്ലം തെന്മല ഒറ്റക്കൽ ഷാനു ഭവനിൽ ചാക്കോ, മാതാവ് രഹ്‌ന എന്നിവരെയും കേസിൽ പ്രതിചേർത്തു. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ ആസൂത്രണത്തിൽ ചാക്കോയുടെയും രഹ്‌നയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്. ഇവർക്കായി തെന്മല പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം പതിനഞ്ചായി ഉയർന്നു. ഇതിനോടകം കെവിന്‍റെ ഭാര്യയായ നീനുവിന്‍റെ അമ്മയുടെ ബന്ധുവായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിട്ടുണ്ട്.
നവവരൻ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെ ആസൂത്രണത്തിന്‍റേയും കൃത്യത്തിൽ വധു നീനയുടെ മാതാപിതാക്കളുടെ പങ്കിനെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ പുറത്ത്. കെവിനെ തട്ടിക്കൊണ്ടു പോകാൻ വാടക വണ്ടി ഏർപ്പാടാക്കണമെന്നു നീനുവിന്‍റെ അച്ഛൻ ചാക്കോയും ഉമ്മ രഹ്‌നയും കേസിലെ പ്രതിയായ നിയാസിനോടു നേരിട്ട് ആവശ്യപ്പെട്ടതായി നിയാസിന്‍റെ ഉമ്മയായ ലൈല ബീവി വെളിപ്പെടുത്തി. ഇവരുടെ ആവശ്യം നിയാസ് ആദ്യം നിഷേധിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ നീനുവിന്‍റെ സഹോദരൻ ഷാനുവെത്തി നിയാസിനെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നും നിയാസിനെ കേസിൽ കുടുക്കിയതാണെന്നും നീനുവിന്‍റെ അമ്മയുടെ ബന്ധുകൂടിയായ ലൈലാ ബീവി വെളിപ്പെടുത്തി.
അതേസമയം, കെവിൻ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരൻ കെവിന്‍റെ ഭാര്യാ സഹോദരനായ ഷാനുവാണെന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയവർ മൊഴി നൽകി. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്‍റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു എന്നും നീനുവിന്‍റെ അമ്മയുടെ ബന്ധുക്കൾ കൂടിയായ ഇവർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം കെവിന്‍റെ കൊലപാതകം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കൾ ഒളിവിൽ പോയെന്നാണ് വിവരം.
അതിനിടെ കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതികൾ വിദേശത്തേക്കു കടക്കുന്നതു തടയുകയാണു ലക്ഷ്യം. നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ 10 പേരെയാണ് നിലവിൽ പ്രതി ചേർത്തിട്ടുള്ളത്. ഇതിനോടകം കേസിൽ മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കെവിന്‍റേത് ദുരഭിമാനക്കൊലയായി വിലയിരുത്തിയ ദേശീയ ന്യൂനപക്ഷ കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയോട് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments