രജനീകാന്തിന്‍റെ തമിഴ്‌ചിത്രം കാല ഇന്‍റർനെറ്റിൽ

രാഷ്ട്രീയ വിവാദത്തിലൂടെ ശ്രദ്ധേയമായ രജനീകാന്തിന്‍റെ തമിഴ്‌ചിത്രം കാല ഇന്‍റർനെറ്റിൽ.രജനി ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം തിയെറ്ററുകളിലെത്തിയെങ്കിലും റിലീസ് ദിവസം വെളുപ്പിന് തന്നെ ചിത്രം ഇന്‍റർനെറ്റിൽ ചോർന്നു.
തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്‍റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. റെഡ് ഐ എന്ന അഡ്മിനാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്.പുതിയ ചിത്രങ്ങൾ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് തമിഴ്റോക്കേഴ്‌സ്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം. എന്നാൽ ഇതു തെറ്റാണെന്നാണു കാലാ ഇന്‍റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് രജനിയുടെ കാലാ.
അതേസമയം സിംഗപൂരിൽ വച്ച് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇന്നാണ് റിലീസ് ചെയ്‌തത്. എന്നാൽ സിംഗപൂരിലും ദുബായിലും ഇന്നലെയാണ് റിലീസ് ചെയ്‌തത്.
കാവേരി പ്രശ്നത്തിൽ രജനീകാന്ത് തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രതിഷേധിച്ച് ചിത്രത്തിന്‍റെ റിലീസിങ് അനുവദിക്കില്ലെന്നാണ് കർണാടകയുടെ നിലപാട്. ചിത്രത്തിന്‍റെ റിലീസിങ് തടയനാകില്ലെന്ന് സുപ്രീംകോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. രജനീകാന്ത് മാപ്പു പറഞ്ഞാലും ചിത്രം പ്രദർശിപ്പിക്കില്ലെന്ന് സർക്കാരും പറയുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. പതിവ് ബോഡി സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായാണ് രജനിയുടെ വരവ്.
0 Comments