ആഘോഷങ്ങളിലെ മത-സാമൂഹ്യ പരിസരം

:….അമ്മാര്‍ കിഴുപറമ്പ്…..:
ആഘോഷങ്ങളുടെ ആനന്ദത്തിലാണ് മുസ്ലിംലോകം ഇന്ന്. വ്രത ശുദ്ധിയുടേയും ധ്യാനത്തിന്റെയും മുപ്പത് രാപകലുകള്‍ വിട പറയുന്ന ദിവസം. എല്ലാ മതങ്ങള്‍ക്കും എല്ലാ ജനതക്കും അവരവരുടേതായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള ആഘോഷങ്ങളുണ്ട്. ആഘോഷങ്ങള്‍ക്ക് പരിധി നിശ്ചയിക്കപ്പെടുന്നു എന്നതാണ് ആത്മീയതയുടെ ഭാഗമായ ആഘോഷങ്ങളുടെ സവിശേഷത. എന്നാലിന്ന് ആ പരിധിക്കുപുറത്താണ് എല്ലാ ആഘോഷങ്ങളും എന്ന ജീര്‍ണ്ണതയാണ് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജീവിതം ക്ഷണികമാണെന്നും അതിനാല്‍ തന്നെ ജീവിതം ആനന്ദിക്കാനുള്ളതാണെന്നും ഭൗതിക വാദികള്‍ പ്രഖ്യാപിക്കുമ്പോള്‍ ജീവിതം സൃഷ്ടാവിന് സമര്‍പ്പിച്ച് അവന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കാനുള്ളതാണെന്ന് മതാനുയായികളും വാദിക്കുന്നു. ഈ രണ്ടു വാദത്തിന്റെയും മധ്യത്തിലൂടെ പോവുന്നതാണ് സുരക്ഷിതമെന്ന മറ്റൊരു വാദവും ലോകത്ത് രൂപപ്പെട്ട് ശക്തിപ്രാപിച്ചുകഴിഞ്ഞു. മതത്തിലും ഭൗതികതയിലും വന്ന ജീര്‍ണ്ണതകളാണ് ഈ മിതവാദത്തെ വേരോടാന്‍ സഹായിക്കുന്നത് എന്നതാണ് സത്യം. മനുഷ്യ ജീവിതത്തിനു നന്മയുടെ അതിരു നിശ്ചയിച്ചു എന്നതാണ് മതത്തിന്റെ സവിശേഷത. എന്നാല്‍ ജീവിതത്തില്‍ നിന്നും എല്ലാ അതിര്‍ത്തി വേലികളും പിഴുതെറിഞ്ഞു എന്നതാണ് ഭൗതികത പിന്‍പറ്റുന്നവരുടെ പ്രശ്‌നം. എന്തുകൊണ്ടാണ് മൂന്നാമതൊരു വിഭാഗം രൂപപ്പെടുന്നത് എന്ന അന്വേഷണത്തില്‍ നിന്നാണ് രണ്ടിന്റെയും മൂല്ല്യശോഷണം നമുക്ക് ബോധ്യമാവുക. മതം പൗരോഹിത്യത്തിന്റെ കൈകളില്‍ കിടന്നാണ് നശിക്കുന്നത്. ആത്മീയത വലിയ വില്‍പ്പന ചരക്കാണെന്നു ബോധ്യപ്പെട്ട മത പുരോഹിതന്മാര്‍ ഭൗതിക നേട്ടത്തിനുവേണ്ടി എല്ലാ നൈ തിക മൂല്ല്യങ്ങളേയും കാറ്റില്‍പ്പറത്തി ജീവിച്ചു. സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന മഹത് വചനങ്ങളുടെ സ്വാധീനമൊന്നും അവരുടെ കൊള്ളക്കൊടുക്കലുകളില്‍ പ്രകടമാവുന്നില്ല. മാതൃകയെന്നു ചൂണ്ടിക്കാണിക്കാന്‍ കൊള്ളാവുന്ന ഒരു ജീവിതവും പ്രവാചക,അവതാരക കാല ശേഷം എടുത്തു പറയാനുണ്ടായില്ല. പറയുന്നതൊന്നും ജീവിത്തില്‍ ഞാന്‍ പകര്‍ത്തേണ്ടതല്ലെന്ന പുരോഹിത ചിന്തക്കാണ് വേരോട്ടം ലഭിച്ചത്. ആത്മീയത തൊഴിലായി പരിണമിക്കുകയും മത പുരോഹിതന്മാര്‍ അതിന്റെ പ്രചാരകരും കൂലിപ്പണിക്കാരുമെന്ന അവസ്ഥ നിലവില്‍ വരികയും ചെയ്തതോടെയാണ് മത മൂല്ല്യ ങ്ങളുടെ പവിത്രതക്ക് കളങ്കം ഏറ്റത്.
പണ്ടത്തേക്കാള്‍ വിശ്വാസികള്‍ അധികരിച്ചു എന്നാണ് പൊതുവില്‍ നാം വിലയിരുത്താറ്. അമ്പലത്തിലും പള്ളിയിലും ചര്‍ച്ചിലും ജനം വേണ്ടത്രയുണ്ടെന്ന് മത നേതൃത്വം ആശ്വാസം കണ്ടെത്താറുണ്ട്. ശരിയാണ,് ജനം മറ്റുള്ള ദൈനംദിന ഏര്‍പ്പാടായി മത വിശ്വാസത്തേയും കാണാന്‍ തുടങ്ങിയിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളുടെ കാര്‍മ്മികത്വം വഹിക്കുന്നവരുടെ പ്രവൃത്തിയില്‍ മൂല്ല്യ ശോഷണം എത്രമാത്രം സംഭവിച്ചോ അതിന്റെ ഇരട്ടിയാണ് വിശ്വാസികളിലും സംഭവിച്ചത്. എന്നും എന്തൊക്കയോ ചെയ്തു കൂട്ടുന്നു എന്നല്ലാതെ മത മൂല്ല്യങ്ങളൊന്നും ജീവിതത്തെയോ,മനുഷ്യ മനസ്സിനെയോ സ്വാധീനിക്കുന്നില്ല. അതുകൊണ്ടു തന്നെ കാപട്യങ്ങളുടെ പ്രദര്‍ശനമായി മത ചടങ്ങുക ളും വ്യക്തിയുടെ കര്‍മ്മങ്ങളും മാറിയിരിക്കുന്നു. എന്നാല്‍ ഭൗതികതയെ പുല്‍കിയവരുടെ ജീവിതമാവട്ടെ അതും പരിതാപകരമാണ്. ആവതുള്ളകാലം ആഹ്ലാദിച്ചു വേലിക്കെട്ടുകളില്ലാതെ ജീവിച്ചവര്‍ വാര്‍ദ്ധക്യത്തില്‍ നിസ്സഹായരായി, പോയ്‌പ്പോയ ജീവിതത്തെകുറിച്ച് വ്യസനിച്ച് കഴിയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടും പ്രയോജനകരമല്ലെന്നു ചുരുക്കം. എന്നാല്‍ മതത്തിനായിയിരുന്നു മനുഷ്യ മനസ്സിനെ സംഘര്‍ഷങ്ങളില്‍ നി ന്നും ആധിയില്‍ നിന്നും മോചിതനാക്കാന്‍ കഴിയേണ്ടിയിരുന്നത്. പക്ഷെ,എന്തുകൊണ്ട് അതുണ്ടായില്ല എന്ന അന്വേഷണമാണ് മൂന്നാമത്തെ അരികുപറ്റി ജീവിക്കുവരുടെ കൂട്ടത്തിലേക്ക് മനുഷ്യനെ കൊണ്ടുചെന്നാക്കുന്നത്. മതത്തിന്റെ നല്ല വശങ്ങളെ ജീവിത വിശുദ്ധിയുടെ ചാലക ശക്തിയാക്കുന്നതോടൊപ്പം തന്നെ പരിധി വിടാത്ത ആഘോഷങ്ങളും സന്തോഷങ്ങളുമായി അവര്‍ മുന്നോട്ടുപോവുന്നു. മനസ്സിന്റെ സന്തോഷത്തി നും ജീവിത വിജയത്തിനുമാണ് മതത്തിന്റെ പിന്‍ബലം തേടുന്നത്. എന്നാല്‍ ഒരേ മഹത് വചനത്തിന്റെ വാഹകരായി നിരവധി പേര്‍ രംഗത്തെത്തുകയും അവര്‍ പരസ്പരം മറ്റുള്ളവയെ കളവാക്കുകയും നിഷേധിക്കുകയും ചെയ്യുമ്പോള്‍ അവരുടെ കൈയ്യിലെ വിശുദ്ധ അധ്യാപനങ്ങളെ തന്നെയാണ് തള്ളിക്കളയുന്നതെന്നു മനസ്സിലാക്കാതെ പോവുന്നു. ഒരേ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി കടന്നുവരുന്ന ആഘോഷത്തില്‍പ്പോലും ഈ വിയോചിപ്പ് പ്രകടമാണെന്നുള്ളതാണ് വേദനാജനകം.
മതങ്ങളിലെ അഭിപ്രായ വൈരുദ്ധ്യങ്ങളുടെ വാഹകര്‍ സംഘടിതമായതോടെയാണ് മതം പള്ളികളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും ചര്‍ച്ചുകളില്‍ നിന്നും പടിയിറങ്ങി തെരുവില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയത്. ഏത് അധികാര ഗോപുരങ്ങളിലേക്കും കാത്തുനില്‍ക്കാതെ, അനുവാദം ചോദിക്കാതെ കടന്നുചെല്ലാന്‍ മതത്തിനു കഴിയുമെന്ന പണ്ഡിതന്മാരുടെ തിരിച്ചറിവില്‍ നിന്നാണ് കപട ആത്മീയ വ്യാപാരം തഴച്ചു വളര്‍ന്നത്. ഒരു നിസ്സാര ജീവിയെപ്പോലും അന്യായമായി കൊലചെയ്യരുതെന്നാണ് സകല മതങ്ങളും പഠിപ്പിക്കുന്നത്. ആ മതങ്ങളെല്ലാം തന്നെ നിസ്സഹായരായ മനുഷ്യന്റെ കബന്ധങ്ങള്‍ക്കുമേല്‍ കൊടിനാട്ടിയാണ് അധികാര ഗേഹങ്ങളിലേക്ക് നടന്നു കയറുന്നത്. ഇന്ത്യന്‍ ജീവിതാവസ്ഥകളുടെ മേല്‍ ഭയവും ഭീതിയും വിതയ്ക്കുന്നത് മത പ്രത്യേയ ശാസ്ത്രങ്ങളാണ്. സഹോദരനെ, കൂടപ്പിറപ്പിനെ അരുകൊല ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്, അതിനുള്ള ആയുധം മൂര്‍ച്ചകൂട്ടുന്നത് മതങ്ങളുടെ പേരില്‍ സംഘടിച്ച ആള്‍കൂട്ടങ്ങളാണ്. ഇവര്‍ യഥാര്‍ത്ഥ മതത്തിന്റെ വക്താക്കളല്ലെന്നു പറഞ്ഞ് നമുക്ക് തല്‍ക്കാലം ആശ്വസിക്കാം. അപ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട് യഥാര്‍ത്ഥ മതത്തിന്റെ വക്താക്കള്‍ എവിടെയെന്ന്. ആ അന്വേഷണമാണ് മതത്തിനും ഭൗതികതക്കും ഇടയിലുള്ള ന്യൂനപക്ഷ മനുഷ്യ-ജീവ സ്‌നേഹികള്‍ അന്വേഷിക്കുന്നത്. ആ മതത്തെ നല്‍കാന്‍ പൗരോഹിത്യത്തിനു കഴിയുമോ എന്നതാണ് ചോദ്യം.
ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ട് എല്ലാ അനീതികളേയും ഉഛ്വാടനം ചെയ്ത് സത്യത്തിന്റെ, സഹിഷ്ണുതയുടെ, മാനവ സ്‌നേഹത്തിന്റെ പതാക വാനില്‍ കെട്ടിയ പ്രവാചക ശ്രേഷ്ഠന്‍ ഇതെങ്ങിനെ സാധ്യമായി എന്നതിനു ഒറ്റ ഉത്തരം മാത്രം മതി. ജീവിച്ചു കാണിക്കുകയായിരുന്നു മഹാന്‍. എന്നോടെന്ന പോലെ നിങ്ങളോടും എന്ന ഉപദേശ വാചകം നമുക്കും സുപരിചിതമാണ്. ഇതില്‍ എന്നോടെന്നതിന് വലിയ പ്രാധാന്യം നല്‍കി മഹാരഥന്മാര്‍. ഞങ്ങളാണ് മാതൃക എന്നവര്‍ പറയുകയല്ല,പ്രവര്‍ത്തിച്ചു കാണിച്ചു കൊടുത്തു ജീവിതത്തില്‍. അത്തരം ജീവിതങ്ങളാവാന്‍ നമുക്ക് കഴിയാതെ പോവുന്നത് കൊണ്ടാണ് മതം ഭീകരവും മത വിശ്വാസി ഭീകരവാദിയും ഒക്കെ ആവുന്നത്. പൂജാരിയും പള്ളീലച്ചനും ഖാദിയും ആവണം ഒന്നാമത്തെ മാതൃക. ആ മാതൃകയാവണം വിശ്വാസിയുടെ ചൈതന്യം. ആ ചൈതന്യം നല്‍കാന്‍ കഴിയാത്ത ഒരു മത അദ്ധ്യക്ഷ നും വിശ്വാസിയുടെ കര്‍മ്മത്തില്‍ മേല്‍നോട്ടക്കാരനാവരുത്.
പേടിപ്പിച്ചു നിര്‍ത്തുകയാണ് നാം ഇന്നു ചെയ്യുന്നത്. സകല നിയന്താവായ ദൈവത്തെ പേടിക്കാനല്ല, സ്‌നേഹിക്കാനാണ് പഠിപ്പിക്കേണ്ടത്. സ്‌നേഹവും പേടിയും രണ്ടാണ്. നാം പറഞ്ഞു വന്നത് ആഘോഷത്തെക്കുറിച്ചാണ്. അതിലേക്ക് മടങ്ങാം.
എന്നും ആനന്ദമുള്ളവര്‍ക്ക് ആഘോഷങ്ങളില്‍ വലിയ താല്‍പ്പര്യം ഉണ്ടാവില്ല. ദുഃഖവും സന്തോഷവും മാറിമാറി വരുമ്പോള്‍ മാത്രമാണ് സന്തോഷത്തില്‍ ആഹ്ലാദിക്കാന്‍ കഴിയുക. നാമിന്ന് മതിമറന്ന് ആഹ്ലാദിക്കാന്‍ പറ്റാത്ത സമയത്തിലൂടെയും സാഹചര്യത്തിലൂടെയു മാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ജീവിതാവസ്ഥകളും ചിന്തകളും സ്വപ്‌നങ്ങളുമെ ല്ലാം ആശങ്കകളും ആകുലതകളും മാത്രമാണ് സമ്മാനിക്കുന്നത്.
സുരക്ഷിതത്വം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് യുദ്ധവും ദാരിദ്ര്യവും രോഗവും കൂടുതല്‍ ഭീതി വിതയ്ക്കുന്നു. പ്രകൃതിപോലും അസ്വസ്തമാണിന്ന്. കടലും കരയും ആകാശവും പരസ്പരം കലഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇവയെല്ലാം നിയന്ത്രിക്കുന്ന സൂപ്പര്‍ പവര്‍ ഉണ്ടെന്ന് ശാസ്ത്രംപോലും പരോക്ഷമായി സമ്മതിക്കുമ്പോള്‍ ആ ശക്തിയില്‍ ഭരമേല്‍പ്പിച്ചു സുരക്ഷിതനാവാനാണ് ആധുനിക മനുഷ്യന്‍ കൊതിക്കുന്നത്. അതാണ് മാനവകുലത്തിന്റെ മതചിന്ത. ആപത്ത് വരുമ്പോള്‍ അറിയാതെ വിളിക്കുന്ന ദൈവമേ എന്ന ചിന്ത. പക്ഷെ, ആ സുരക്ഷിതത്വത്തിന്റെ, ചിന്തയുടെ വാതില്‍ കൊട്ടിയടച്ച്, എല്ലാം കൈപ്പിടിയില്‍ ഒതുക്കി അതിന് കാവല്‍ ഇരിക്കാന്‍ വഴിതേടുകയാണ് മതപണ്ഡിത നേതൃത്വം. ഈ നേതൃത്വത്തിന്നെതിരേയുള്ള പോരാട്ടമാണ് ഇനി ലോകം കാണാന്‍ പോവുന്ന വിപ്ലവം. കപട മതനേതൃത്വത്തിന്നെതിരെയുള്ള വിശ്വാസികളുടെ പോരാട്ടം. രാജ്യവും അധികാരവും സംശുദ്ധമാവാനുള്ള ഏക ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള പരിഹാരം. മനുഷ്യ മനസ്സിന്റെ ആകുലതകള്‍ക്കുള്ള മരുന്നാണ് സര്‍വ്വം അജയ്യനായ,സര്‍വ്വ സംരക്ഷകനായ ഏകനില്‍ സമര്‍പ്പിക്കുക എന്നത്. കണ്ഡനാളത്തെപോലെ മനു ഷ്യനോട് ഒട്ടിനില്‍ക്കുന്ന സ്‌നേഹവും ശക്തിയുമാണ് ദൈവ സാന്നിദ്ധ്യം. ആ സാന്നിധ്യത്തെ ചങ്ങാതിയായി ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ ഏതിരുട്ടിലും അവന്‍ പ്രകാശമാവും. ഏത് പേമാരിയിലും അവന്‍ താങ്ങാവും. ജീവിതത്തിന്റെ കാറ്റിലും കോളിലും അഭയത്തുരുത്താവും. ഹൃദയത്തില്‍ സൂക്ഷിച്ച അത്തരമൊരു വെളിച്ചമാവണം ഓരോ വിശ്വാസിയുടെയും ദൈവം. കാരുണ്യവാനായ ദൈവം കൂടെയുള്ള മനുഷ്യന്‍ എത്ര ഉല്‍കൃഷ്ടനായിരിക്കും. ആ ഔന്നത്യത്തിലേക്ക് ഉയരാനുള്ള പ്രചോദനവും പരിശീലനവും ആവട്ടെ വ്രതാനുഷ്ഠാനങ്ങളും സകല ആരാധനാ കര്‍മ്മങ്ങളും.
0 Comments