സംഘ പരിവാറുകാർ, പ്രകോപിതരായത് അമ്പലമെന്നു കണ്ടതുകൊണ്ടാണ്.ശാരദക്കുട്ടി

എസ് ഹരീഷിന്റെ മീശ എന്ന നോവലിന്നെതിരെ സംഘ് പരിവാരം ഉയര്‍ത്തുന്ന ഭീഷണി നോവല്‍ വായിക്കാത്തതിന്റെ പേരിലാണോ.? അല്ലെന്നും, ചില അജണ്ടകളുടെ സൃഷ്ടിയാണെന്നും  സാമാന്യ ബോധമുള്ളവര്‍ പ്രതികരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ കടുത്ത വെല്ലുവിളിയുമായാണ് മുന്നോട്ടുപോവുന്നത്. സൈബര്‍ അക്രമത്തില്‍ പ്രതഷേധിച്ച് എസ് ഹരീഷ് ഫെയ്‌സ് ബുക്ക് പൂട്ടി. സംഘ് പരിവാരം മാതൃഭൂമിക്കെതിരെയും പടയൊരുക്കം ആരംഭിച്ച പശ്ചാത്തലത്തില്‍ എഴുത്തുകാരി ശാരദക്കുട്ടിയും പത്രപ്രവര്‍ത്തകന്‍ ഇ.ആര്‍ ഉണ്ണിയും പ്രതികരിക്കുന്നു

:….ശാരദക്കുട്ടി…..:
S. ഹരീഷിന്റെ നോവലിന്റെ പേര് മീശ എന്നാണ്. യഥാർഥമീശയുടെ അടയാളമെന്തെന്ന് പെണ്ണുങ്ങൾക്കെല്ലാമറിയാം. മീശ മുളയ്ക്കുന്നതിനു മുന്നേ ഇവിടെ ആണുങ്ങൾ പറഞ്ഞു പഠിക്കുന്നതും പാടി നടക്കുന്നതും എന്തെന്നും പെണ്ണുങ്ങൾക്കറിയാം. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാ മീശക്കാരും സോദരത്വേന ചൊല്ലുന്ന മാതൃകാ ഗാനമെന്തെന്നും അവർക്കറിയാം.

രണ്ടു പുരുഷന്മാരുടെ സംഭാഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് എഴുത്തുകാരൻ.വർഗ്ഗീയതയുടെ വർത്തമാനകാലത്ത്, സത്രീപക്ഷ വായനയുടെ കാലത്ത് ,ചിന്തിക്കുന്ന ഒരെഴുത്തുകാരൻ തന്റെ നോവലിന് മീശ എന്ന് പേരിട്ടെങ്കിൽ അതിന്റെ അർഥവ്യാപ്തി ഉൾക്കൊള്ളാനുള്ള ശേഷി പുസ്തകം വായിക്കുന്ന, ചിന്തിക്കുന്ന മനുഷ്യർക്കെല്ലാം ഉണ്ടാകും. മീശക്ക് വർഗ്ഗീയതയുടെ കാലത്തെ മാനങ്ങൾ വലുതാണ്.

അതു കൊണ്ട് സംഘ പരിവാറുകാർ പ്രത്യേകിച്ചു പുസ്തകം വായിക്കാത്ത സംഘ പരിവാറുകാർ, പ്രകോപിതരായത് ആ അധിക്ഷേപത്തിൽ സ്ത്രീ എന്നു കണ്ടതുകൊണ്ടല്ല. അമ്പലമെന്നു കണ്ടതുകൊണ്ടാണ്. പള്ളിയെക്കുറിച്ചു പറയാൻ ധൈര്യമുണ്ടോ എന്നു ചോദിക്കുന്നത് കേട്ടില്ലേ? പെണ്ണിനെക്കുറിച്ചു പറയാൻ ധൈര്യമുണ്ടോ എന്നല്ല.

പെണ്ണിനെ അധിക്ഷേപിക്കുന്നതിനെതിരെ ഒരു മത സംഘടനയും കൊമ്പു കുലുക്കണ്ട. എല്ലാ മതത്തിനും പുറത്താണ് ഞങ്ങളുടെ സ്ഥാനം. മതാധികാരത്തിന്റെ പുല്ലിംഗങ്ങളെല്ലാം ഒരേ പോലെ നീണ്ടു വരുന്നത് ഞങ്ങളുടെ നേർക്കു തന്നെയാണല്ലോ. വെളിച്ചപ്പാടേതു വന്നാലും പുരോഹിതനാരു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് ഞങ്ങൾക്കാണല്ലോ.നിങ്ങളുടെ പൊട്ടിച്ചിരികളുടെയും അട്ടഹാസങ്ങളുടെയും ചൂണ്ടുവിരലുകളുടെയും അറ്റം എന്നും നീളുന്നത് ഞങ്ങളിലേക്കായിരുന്നുവല്ലോ.അതൊരെഴുത്തുകാരൻ ചൂണ്ടിക്കാണിക്കുമ്പോൾ ഞങ്ങൾക്കു മനസ്സിലാകും. അയാളുടെ യുദ്ധം നിങ്ങളോടാണ്. നിങ്ങളോടു മാത്രമാണ്…………………….

മാതൃഭൂമി  പൂർവസൂരികള മറക്കുന്നതും അവരുടെ മതത്തെ അവഹേളിക്കുകയും ചെയ്യുന്ന പ്രവൃത്തി  നിറുത്തണം –

:…..ഇ.ആര്‍ ഉണ്ണി:…….

മാതൃഭുമി ഹിന്ദുക്കളെ വാഴ്ത്തണമെന്നും മുസ്ലിംങ്ങളെ നിന്ദിക്കണമെന്നും പറയുന്നില്ല. പക്ഷെ, ഇതൊരു ദേശീയപത്രമാണ് ‘ദേശീയ സമരത്തിന്റെ തീജ്വാല ഏറ്റെടുത്ത പത്രം. എല്ലാ മതങ്ങളെയും തിരിച്ചറിഞ്ഞു പ്രവർത്തിച്ച പത്രം. എൻ വി മുതൽ എം ടി വരെ, പത്രാധിപരായ പ്രസ്ഥാനം. സുഭാഷ് ചന്ദ്രനെപ്പോലുള്ളവർ ഇപ്പോൾ നിലനിൽക്കുന്ന പത്രം’ ‘എന്നാൽഅതിനുളളിൽ ചിലർ വർഗ്ഗീയം , ജാതീയത എന്നിവ കളിക്കുന്നു. ശ്രീരാമനെയും നബിയെയും വിമർശിച്ച് മറ്റാർക്കോ ഗുണങ്ങളും നേട്ടങ്ങളും നേടിക്കൊടുക്കാൻ കമ്പനിയെ ഉപയോഗിക്കുന്നു.  ശ്രീരാമ – നബി വിമര ശനങ്ങൾ നഷ്ടപ്പെടുത്തിയ കോപ്പികൾ രണ്ടു മുസ്ലിം പത്രങ്ങൾ തരപ്പെടുത്തി. ഇതൊക്കെ Pre – Planned അജണ്ടയാണ്. ഇത്തരം അജണ്ടകൾക്ക് കൂട്ടുപിടിക്കുന്നവർ മാതൃഭുമിക്കുള്ളിലുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ജൈനമതക്കാരനായ സോഷ്യലിസ്റ്റും കോഴിക്കോട്ടെ  ഈഴവ തമ്പുരാക്കൻമാരും ഭരിക്കുന്ന മാതൃഭൂമി bacicaly ഒരു ഹിന്ദു പത്രമെങ്കിലും മതേതര പാരമ്പര്യം ഉയർത്തി പിടിക്കുന്ന പത്രമാണ്. കെ പി .കേശവമേനോനും കുറൂർ ഉണ്ണി നമ്പൂതിരിയും നാലപ്പാട് തറവാടും പടുത്തുയർത്തിയ മാതൃഭൂമി ഈ പൂർവസൂരികള മറക്കുന്നതും അവരുടെ മതത്തെ അവഹേളിക്കുകയും ചെയ്യുന്നപ്രവൃത്തി ‘ ഹരീഷിന്റെ കഥയിലൂടെ നടത്തുന്നത് നിറുത്തണം -ഹരീഷ് കഥയിൽ ജാതീയത കലർത്തി നിൽക്കുന്ന ആളാണ്. മാതൃഭുമി ക്ക് വേണ്ടതും ഇത്തരക്കാരെയാണ് – ഹിന്ദുക്കൾ സന്തോഷിക്കുന്നില്ല, മാതൃഭൂമി തകരുന്നതിൽ .പക്ഷെ, ഒരു മതത്തെയും ജാതിയെയും താഴത്തിക്കെട്ടുന്നത് ശരിയായ മതേതരത്വമല്ലെന്ന് കാലഹരണപ്പെട്ട നക്സലൈറ്റുകളും തിയ്യത്തമ്പുരാക്കൻമാരും മനസ്സിലാക്കണം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar