ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു.

കാസര്‍ഗോഡ്: മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു. കാസര്‍ഗോഡ് ചെര്‍ക്കളയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് വെളളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കുറച്ചുനാളുകളായി മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു.
2001 ലെ ആന്റണി മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ള മുസ്ലീം ലീഗിന്റെ കാസര്‍ഗോട്ടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് നാല് തവണ അദ്ദേഹം എംഎല്‍എയായി. 2010ല്‍ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ രൂപീകരിച്ചപ്പോള്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലീം ലീഗ് നിയമസഭ പാര്‍ട്ടി സെക്രട്ടറി, ജില്ല ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യു സബ്ജക്റ്റ് കമ്മിറ്റി അംഗം എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു. മുസ്ലീം യൂത്ത് ലീഗില്‍ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം 1987ലാണ് ആദ്യമായി മഞ്ചേശ്വരത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്‌കാരം എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല.
കഴിവുറ്റ സംഘാടകന്‍.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ .
മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററും മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതരംഗങ്ങളില്‍ പുരുഷായുസ്സ് മുഴുവന്‍ ജ്വലിച്ച് നിന്ന മാതൃകാ വ്യക്തിത്വമായിരുന്നു. മികച്ച ഭരണാധികാരിയും കഴിവുറ്റ സംഘാടകനുമായിരുന്നു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്തും ധൈര്യവും അദ്ദേഹത്തിന്റെ കൈ മുതലായിരുന്നു. മതമൈത്രിക്കായി ചെര്‍ക്കളം കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചു.
മുസ്‌ലിംലീഗിനെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിളക്കമുറ്റിയതാണ്. പാര്‍ട്ടിയുടെ ഏത് കാര്യത്തിലും അദ്ദേഹം അതീവ തല്‍പ്പരനായിരുന്നു. മുസ്‌ലിംലീഗ് യോഗങ്ങളില്‍ ഒരിക്കല്‍ പോലും അവധി പറഞ്ഞിരുന്നില്ല.
കിടപ്പിലാകുന്നത് വരെ വളരെ സജീവമായി ഓടി നടന്നു. ദീര്‍ഘകാലം നിയമസഭാ സാമാജികനായി ചെര്‍ക്കളം കാഴ്ച്ചവെച്ച കര്‍മമണ്ഡലം ശ്രദ്ധേയമാണ്. സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും കുരുത്തുറ്റ പോരാളിയായിരുന്ന അദ്ദേഹം ആര്‍ക്കു മുന്നിലും ആദര്‍ശം പണയം വെച്ചിരുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു.
0 Comments