എം ഐ ഷാനവാസ്ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

ചെന്നൈ: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം ഐ ഷാനവാസ് (67) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു രണ്ടാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഷാനവാസ് ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണു മരണപ്പെട്ടത്. കഴിഞ്ഞമാസം 31നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ. റേല മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും
മൂന്നുദിവസത്തിനു ശേഷം അണുബാധയുണ്ടായി ആരോഗ്യനില വഷളായി. തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം വി ഇബ്രാഹീംകുട്ടി-നൂര്‍ജഹാന്‍ ബീഗം ദമ്പതികളുടെ മകനാണ്.
1951 സെപ്തംബര്‍ 22ന് കോട്ടയത്താണ് ജനനം. കെഎസ്‌യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് പിന്നീട് കോണ്‍ഗ്രസിന്റെ സുപ്രധാന നേതൃപദവികളിലെല്ലാമെത്തി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദവും നേടി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. 1972 ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983 ല്‍ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹത്തെ ഇത്തവണത്തെ ഭാരവാഹി തിരഞ്ഞെടുപ്പിലാണ് കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി നിയോഗിച്ചത്.
അഞ്ചു തവണ പരാജയപ്പെട്ട ശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് ഷാനവാസ് ലോക്‌സഭയിലെത്തിയത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു ലഭിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം തന്നെ രോഗബാധിതനായി കുറച്ചുനാളത്തേക്ക് സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കേണ്ടി വന്നു. 2014ല്‍ വീണ്ടും സജീവമായതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചാണ് വീണ്ടും എംപിയായത്. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍, എംപിലാഡ്‌സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാര്യ: ജുബൈരിയത്ത്. മക്കള്‍: അമീന, ഹസീബ്. മരുമക്കള്‍: എ പി എം മുഹമ്മദ് ഹനീഷ്(എംഡി, കെഎംആര്‍എല്‍), തെസ്‌ന. മയ്യിത്ത് ഇന്ന് ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10നു എറണാകുളം തോട്ടത്തുംപടി പള്ളി ഖബര്‍സ്ഥാനില്‍.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളഘടകത്തിനു എം ഐ ഷാനവാസിലൂടെ നഷ്ടമായത് വെറുമൊരു നേതാവിനെയല്ല, മറിച്ച് പാര്‍ട്ടിയിലെ കൊള്ളരുതായ്മകള്‍ക്കെതിരേ ചെറുത്തുനില്‍പുമായി വന്ന തിരുത്തല്‍ വാദിയെ കൂടിയായിരുന്നു. കോണ്‍ഗ്രസുകാര്‍ ആദരവും സ്‌നേഹവും കൊണ്ട് ലീഡര്‍ എന്നു വിളിക്കുന്ന കെ കരുണാകരന്റെ അപ്രമാദിത്തകാലത്താണ് അദ്ദേഹത്തിനെതിരേ തിരുത്തല്‍വാദവുമായി ഷാനവാസ് ചെറുത്തുനിന്നത് എന്ന് ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് അല്‍ഭുതമായിരിക്കും. ലീഡറുടെ കൈ പിടിച്ച് 1983ല്‍ കെപിസിസി സെക്രട്ടറിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ വരവറിയിച്ച ഷാനവാസ് തന്നെയാണ് പിന്നീട് അതേ ലീഡര്‍ക്കെതിരേ കൊട്ടാരവിപ്ലവത്തിനു നേതൃത്വം നല്‍കിയത്. ലീഡറുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ഷാനവാസ് കെ മുരളീധരന്റെ വരവോടെയാണ് കരുണാകരനുമായി അക്‌നനുതുടങ്ങിയത്. അരുമശിഷ്യന്‍മാരെയൊക്കെ തഴഞ്ഞ് ലീഡര്‍ തന്റെ മകനെ പിന്‍ഗാമിയാക്കുമെന്ന് ഉറപ്പായതോടെ ഷാനവാസ് തിരുത്തല്‍വാദികളുടെ നേതാവായി മാറി. രമേശ് ചെന്നിത്തലയ്ക്കും അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനുമൊപ്പം ഐ ഗ്രൂപ്പിലെ യുവ ത്രിമൂര്‍ത്തികളായി കരുണാകരധാര്‍ഷ്ട്യത്തെ ചോദ്യംചെയ്തു. മകന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കു തയ്യാറാവാതിരന്ന കരുണാകരന്‍ എ ഗ്രൂപ്പ് കുടുംബകാര്യമാക്കി മാറ്റിയതോടെ മുന്നാം ഗ്രൂപ്പിന്റെ നാവും കരുത്തുമായി ഷാനവാസ് തിളങ്ങി. ചെന്നിത്തലയും കൂട്ടരും ലീഡര്‍ക്കൊപ്പം തിരിച്ചുപോയെങ്കിലും ഷാനവാസ് എ കെ ആന്റണിക്കൊപ്പം എ ഗ്രൂപ്പിലേക്ക് ചേക്കേറി. പിന്നീട് ഒരു പതിറ്റാണ്ട് കാലം ശക്തരായ കരുണാകരനും മുരളീധരനുമെതിരേ നിലകൊണ്ടത് ഷാനവാസായിരുന്നു. എ ഗ്രുപ്പ് ഉമ്മന്‍ചാണ്ടിയുടെ കൈയിലെത്തിയതോടെ വീണ്ടും തിരിച്ചെത്തി രമേശ് ചെന്നിത്തലയോടൊപ്പമായി തന്ത്രങ്ങള്‍ മെനയല്‍. പാര്‍ലിമെന്ററി ജീവിതത്തോട് താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഷാനവാസിന് ഈസി വാക്കോവറായി വയനാട് നല്‍കി രമേശ് ചെന്നിത്തലയും എ കെ ആന്റണിയും തങ്ങളുടെ അടുപ്പം തെളിയിച്ചത്. മതനേതാക്കളുമായി അത്ര വലിയ ബന്ധമില്ലാത്ത എം എം ഹസനും ആര്യാടന്‍ മുഹമ്മദും നേടാത്ത ന്യൂനപക്ഷ മുഖം ഷാനവാസിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. മുസ്്‌ലിംസംഘടനകളുമായുള്ള ബന്ധം ഷാനവാസിനെ പിന്തുണച്ചു. എന്നും എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ വരെ ഷാനവാസ് സ്വന്തമാക്കിയിരുന്നു. ആരോഗ്യം വഷളായപ്പോള്‍ പലരും എഴുതിത്തള്ളിയ ഷാനവാസ് പക്ഷേ, ഇടവേളയ്ക്കു ശേഷം എംപിയായും ഈ വര്‍ഷം കെപിസിസി വര്‍ക്കിങ് പ്രസിഡന്റായും തിരിച്ചെത്തിയതോടെ കോണ്‍ഗ്രസിലെ തന്നെ നേതാക്കളാണു ഞെട്ടിത്തരിച്ചത്. പക്ഷേ, കടുത്ത കരള്‍ രോഗവും ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയും ഷാനവാസെന്ന മനുഷ്യസ്‌നേഹിയായ രാഷ്ട്രീയക്കാരന്റെ ജീവിതത്തിനു തിരശ്ശീലയിടുകയായിരുന്നു.
0 Comments