യു.എ.ഇ പൊതുമാപ്പ് ഡിസംബര്‍ 31 വരെ വീണ്ടും നീട്ടി
യു.എ.ഇയില്‍ നടപ്പാക്കിയ പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയും മറ്റു ശിക്ഷകളും കൂടാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരം നല്‍കിയാണ് ആഗസ്റ്റ് ഒന്നു മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നത്. ഒക്‌ടോബര്‍ 31 വരെ മൂന്നു മാസത്തേക്കാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഒരു മാസം കൂടുതല്‍ നല്‍കി നവംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരുമാസം കൂടി പൊതുമാപ്പ് കാലാവധി നീട്ടിയതെന്ന് റസിഡന്‍സ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറലും ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ് ഡയറക്ടറുമായ ബ്രിഗേഡിയര്‍ സഈദ് റകന്‍ അല്‍റാഷിദി പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനകം ആയിരക്കണക്കിനു പേരാണ് പിഴയും ശിക്ഷയും കൂടാതെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. നിയമ വിരുദ്ധമായി കഴിയുന്നവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. നാലു മാസമായി വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒമ്പത് പൊതുമാപ്പ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ഡംസബര്‍ 31 വരെ തുടരുന്നതാണ്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നിരവധി ആനുകൂല്യങ്ങളോടെയാണ് ഇത്തവണ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നത്. യാതൊരുവിധ രേഖകളുമില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്കും പിഴയും ശിക്ഷയും കൂടാതെ രാജ്യം വിട്ടു പോകാമെന്നതിനു പുറമെ, രേഖകള്‍ ശരിയാക്കി ഇവിടെത്തന്നെ തുടരാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, ആറു മാസത്തെ തൊഴിലന്വേഷക വിസയും നല്‍കിയിട്ടുണ്ട്. ഇനിയും പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരുണ്ടെങ്കില്‍ ഉടനെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
1996ലാണ് ആദ്യമായി യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2003, 2007, 2013 വര്‍ഷങ്ങളിലും പൊതുമാപ്പ് പ്രഖ്യാപിച്ച് ആയിരങ്ങള്‍ക്ക് തുണയായി. എന്നാല്‍, ആദ്യ പൊതുമാപ്പ് കാലത്താണ് ഏറ്റവും കൂടുതല്‍ അനധികൃത താമസക്കാരുണ്ടായിരുന്നത്. ഒന്നര ലക്ഷത്തിലേറെ പേരാണ് അന്ന് രാജ്യം വിട്ടത്. 2003ല്‍ ഒരു ലക്ഷം പേരും 2013ല്‍ 62,000 പേരും അവസരം പ്രയോജനപ്പെടുത്തി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി. പ്രഥമ പൊതുമാപ്പിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുണ്ടായിരുന്നത്. എന്നാല്‍, തുടര്‍ന്നു വന്ന അവസരങ്ങളില്‍ ഇന്ത്യക്കാരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. വിവിധ കാരണങ്ങളാല്‍ ഇനിയും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഒരുമാസം കൂടി കാലാവധി നീട്ടി നല്‍കിയത് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
0 Comments